കോവിഡ് 19 എന്ന മഹാവ്യാധി ഉണ്ടാക്കുന്ന കൊറോണ വൈറസിന്റെ കൂടെ അതിജീവനത്തിന്റെ പാതയിലാണല്ലോ നമ്മളെല്ലാവരും. ഈ വൈറസിനെതിരെ സമ്പൂർണ്ണ ഫലപ്രാപ്തിയുള്ള ഒരു മരുന്ന് കണ്ടുപിടിക്കാൻ ഇതുവരെ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. എന്നിരുന്നാലും ഈ അസുഖത്തിന്റെ തീവ്രതയും മരണനിരക്കും ഗണ്യമായി കുറയ്ക്കാൻ ഇപ്പോൾ ഇതിനായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് സാധിക്കുന്നുണ്ട് എന്നുള്ളത് വളരെ ആശ്വാസദായകമായ  വസ്തുതയാണ്.

ഈ വൈറസിനെതിരെയുള്ള മാനവരാശിയുടെ പ്രധാനപ്പെട്ട ആയുധം, അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ (Transmission) എടുക്കുന്ന പ്രതിരോധ മാർഗ്ഗങ്ങളാണ്. ഇതിലെ പ്രധാനപ്പെട്ട കാര്യങ്ങൾ നമ്മൾ ആദ്യം മുതലേ പറഞ്ഞു കേൾക്കുന്ന ആ മൂന്ന് മാർഗ്ഗങ്ങൾ തന്നെയാണ്.

 • സാമൂഹിക അകലം പാലിക്കൽ അഥവാ Social Distancing
 • അടിക്കടി കൈകൾ ശുചിയാക്കൽ അഥവാ Hand Hygine
 • മുഖാവരണം അഥവാ Face mask / Face shield ധരിക്കുക

സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത ഒരു വിഭാഗം, ആരോഗ്യ പ്രവർത്തകരും പിന്നെ മറ്റുള്ള Frontline പ്രവർത്തകരും (പോലീസുകാർ, community volunteers) ആണ്. രോഗികളുമായി അടുത്തിടപഴകേണ്ടവരാണിവർ. പക്ഷെ രോഗം തങ്ങളിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട എല്ലാ പ്രതിരോധ മാർഗ്ഗങ്ങളിലും പരിശീലനം ലഭിച്ചവരാണിവർ. കോവിഡിനെക്കാൾ തീവ്രതയുള്ള രോഗങ്ങൾ ഉള്ളവരും നമ്മുടെ ഇടയിലുണ്ട്. അവരുടെ ചികിത്സക്കായി ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.ഉദാഹരണത്തിന് ഹൃദ്രോഗം, വൃക്ക രോഗം, ക്യാൻസർ എന്നീ അസുഖങ്ങളുള്ളവർ നിശ്ചിത കാലയളവിൽ അവരുടെ ഡോക്ടർമാരെ കാണേണ്ടവരാണ്. അസുഖം stable ആയിട്ടുള്ളവരോട് ആശുപത്രികളിൽ വരാതെ telemedicine വഴി ഡോക്ടർമാരെ ബന്ധപ്പെടാൻ ഉള്ള സൗകര്യം മിക്ക ആശുപത്രികളും IMA യൂണിറ്റുകളും ഇപ്പോൾ ചെയ്തു കൊടുക്കുന്നുണ്ട്.

ആഴ്ചയിൽ രണ്ടും മൂന്നും ദിവസങ്ങളിൽ ആശുപത്രികളിൽ വരേണ്ടി വരുന്ന ഒരു വിഭാഗമാണ് ഡയാലിസിസ് രോഗികൾ. രണ്ടു വൃക്കകളും ഏതാണ്ട് പൂർണ്ണമായി പ്രവർത്തനരഹിതമാകുമ്പോൾ കൃതിമമായ രക്ത ശുദ്ധീകരണം  (Hemodialysis ) വഴി ജീവൻ നിലനിർത്തുന്നവരാണിവർ. ഒരു കാരണവശാലും ഡയാലിസിസ് മുടങ്ങാൻ പാടില്ലാത്തവരാണിവർ. കേരളത്തിലെ ഓരോ ജില്ലയിലും ധാരാളം ഡയാലിസിസ് കേന്ദ്രങ്ങളുണ്ട്. പലതും വൃക്കരോഗ വിദഗ്ദ്ധരുടെ സേവനമില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റി ഡയാലിസിസ് കേന്ദ്രങ്ങളും ആണ്. 11 മുതൽ 20 രോഗികളെ വരെ ഒരേ സമയം ഡയാലിസിസ് ചെയ്യുന്ന കേന്ദ്രങ്ങളാണ് മിക്കതും. രോഗികളുടെയും മെഷീനുകളുടെയും എണ്ണം വർദ്ധിക്കുന്നതു കൊണ്ട്, രണ്ടു ഡയാലിസിസ് മെഷീനുകളുടെ ഇടയ്ക്ക് കഷ്ടിച്ചു ഒരു മീറ്റർ അകലം തന്നെ പല യൂണിറ്റുകളിലുമില്ല. ഡയാലിസിസ് രോഗികളുടെ സുരക്ഷയ്ക്ക് വേണ്ടി ഡോക്ടർസും നഴ്‌സുമാരും പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് Nephrology Association of Kerala ഉൾപ്പടെയുള്ള പല nephrology അസോസിയേഷനുകളും കോവിഡിന്റെ ആരംഭത്തിൽ തന്നെ guidelines ഇറക്കിയിരുന്നു.

ഇപ്പോൾ കേരളത്തിലും കോവിഡ് സമൂഹവ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ അവരവരുടെ സുരക്ഷയെ കുറിച്ച് ഡയാലിസിസ് രോഗികളെ ബോധവാന്മാരാക്കേണ്ടതുണ്ട്. അത് എന്തെല്ലാം എന്ന നമ്മൾക്ക് നോക്കാം

വീട്ടിൽ നിന്ന് ആശുപത്രിവരെയുള്ള  വരവ്

 1. ചൂടുവെള്ളത്തിൽ കുളിച്ച് അലക്കിത്തേച്ച വസ്ത്രം ധരിക്കുക. Hand sanitizer കൂടെ കരുതുക. Mask ധരിക്കാൻ മറക്കാതിരിക്കുക. N95 & Surgical mask ധരിക്കുന്നതാണ് നല്ലത്.
 2. Public Transport ഒഴിവാക്കുക. Private വാഹനങ്ങളിൽ കഴിവതും വരുക.
 3. Driver കഴിവതും വീട്ടിൽ നിന്നുള്ളവരാകുന്നതാണ് നല്ലത്. പുറത്തു നിന്നുള്ള driver ആണെങ്കിൽ അദ്ദേഹം mask നിർബന്ധമായും ധരിക്കണം. യാത്രക്കിടയിൽ സംവാദം ഒഴിവാക്കുക.
 4. യാത്രക്കിടെ mask ഊരിമാറ്റരുത്.കാറിൽ കേറുമ്പോഴും ഇറങ്ങുമ്പോഴും hand sanitizer ഉപയോഗിക്കുക.
 5. ആശുപത്രിയുടെ പ്രവേശനകവാടത്തിൽ പരിശോധനയ്ക്ക് വിധേയമാവുക. പനിയുണ്ടെന്നു കണ്ടാൽ നിങ്ങളെ fever clinic ലോട്ട് മാറ്റി നിങ്ങളുടെ ഡോക്ടർ പറയുന്നത് പ്രകാരം മാത്രമായിരിക്കും ഡയാലിസിസിനു വിധേയമാക്കുക. ഡോക്ടറുടെ നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കുക.
 6. Waiting area യിൽ മറ്റുള്ള രോഗികളുമായി നിശ്ചിത അകലം പാലിച്ചു തന്നെ ഇരിക്കുക.
 7. ഡയാലിസിസ് മുറിയിലോട്ട് കേറുമ്പോൾ hand sanitizer ഉപയോഗിക്കുക.
 8. ഡയാലിസിസ് സമയത്ത് mask ഊരി മാറ്റരുത്.കഴിവതും ലഘുഭക്ഷണം  ഒഴിവാക്കുക. ഗ്ലുക്കോസ് താഴെ പോവുന്നവരാണെങ്കിൽ ഇടയ്ക്ക് മിഠായി കഴിക്കാം, അല്ലെങ്കിൽ ഗ്ലുക്കോസ് കുത്തിവയ്ക്കാൻ Nurse നോട് ആവശ്യപ്പെടാം. 
 9. ഡയാലിസിസിനു കൂട്ടുവരുന്ന കുടുംബക്കാരോട് Reception ലോ Lobby യിലോ കാത്തിരിക്കാൻ പറയുക.

ഡയാലിസിസ് കഴിഞ്ഞ് തിരിച്ച് വീട്ടിലോട്ട് പോവുമ്പോൾ

 • ഡയാലിസിസ് മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ hand sanitizer ഉപയോഗിക്കുക.
 • വീട്ടിൽ ചെന്നാൽ ഉടൻ തന്നെ വസ്ത്രങ്ങൾ ഒരു separate bucket ൽ നനയ്ക്കാൻ ഇടുക. ചൂടുവെള്ളത്തിൽ കുളിക്കുക.

    

വീട്ടിൽ വച്ച് ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ

 • അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുക. വിവാഹം, മരണം പോലുള്ള ചടങ്ങുകൾ പോലും ഒഴിവാക്കുക.
 • പുറത്തു പോകുന്ന വീട്ടുകാർ ഉണ്ടെങ്കിൽ അവരുമായുള്ള അടുത്തിടപഴകിയുള്ള സമ്പർക്കം ഒഴിവാക്കുക. നിങ്ങൾക്ക് പ്രതിരോധശേഷി കുറവാണെന്ന് അവരും ഓർമിക്കുക.
 • നിങ്ങൾക്കോ വീട്ടുകാർക്കോ പനിയോ ചുമയോ ഉണ്ടെങ്കിലോ, വീട്ടിൽ ആരെങ്കിലും Quarantine ൽ ഉണ്ടെങ്കിലോ നിങ്ങളുടെ ഡോക്ടറിനെ അറിയിക്കുക.
 • പഴവർഗങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുമെങ്കിലും നിങ്ങൾ അത് ഒഴിവാക്കേണ്ടതാണ് എന്ന് ഓർമ്മിക്കുക. പകരം നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം വിറ്റാമിൻ C,വിറ്റാമിൻ D , Zinc അടങ്ങിയ tablets നിങ്ങൾക്ക് കഴിക്കാം. മൃാംസൃം അടങ്ങിയ ആഹാരം (ഉദാഹരണമായി ചെറുപയർ, മുട്ടയുടെ വെള്ള) ധാരാളമായി കഴിക്കുക.

കോവിഡിനെ ഭയക്കാതിരിക്കുക. ശരിയായ പ്രതിരോധ മാർഗ്ഗങ്ങൾ വഴി നിങ്ങൾക്കും ഇതിനെ പൂർണ്ണമായി ചെറുത്തു തോൽപ്പിക്കാവുന്നതാണ്.

Dr. Manjula Ramachandran
MBBS, MD (Gen Med), MRCP (UK), DM (Nephrology)
Senior Consultant – Nephrology
Mar Sleeva Medicity Palai