നമ്മുടെ നാട്ടിൽ സ്ഥലകാല ഭേദമന്യേ നേരിടേണ്ടിവരുന്ന ഒരു വിപത്താണ് പാമ്പ് കടി. കാലങ്ങളോളം സാധാരണമായി നമ്മുടെ ചുറ്റും കാണുന്നവ ആയതുകൊണ്ട് പാമ്പുകൾ നമ്മുടെ പഴഞ്ചൊല്ലുകളിൽ പോലും ഇടം പിടിച്ചിട്ടുണ്ട് ഉദാഹരണത്തിന് ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം അളമുട്ടിയാൽ ചേരയും കടിക്കും മുതലായവ നമുക്കുചുറ്റുമുള്ള പാമ്പുകളിൽ ഭൂരിഭാഗവും വിഷമുള്ളവ അല്ല എന്നതുകൊണ്ട്  നമുക്ക് ചുറ്റിലും കാണുന്ന പാമ്പ് കടയിൽ ഭൂരിഭാഗവും വിഷമില്ലാത്ത പാമ്പുകളുടെ കടി കൊണ്ട് ഉണ്ടാക്കുന്നവയാണ് നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന വിഷപ്പാമ്പുകൾ പ്രധാനമായും അണലി മൂർഖൻ രാജവെമ്പാല വെള്ളിക്കെട്ടൻ എന്നിവയാണ് ഇതിൽ തന്നെ രാജവെമ്പാല അപൂർവ്വമായി മാത്രമേ നമ്മുടെ ചുറ്റിലും കാണാറുള്ളൂ ഭൂപ്രദേശം മാറുന്നതനുസരിച്ച് വ്യത്യാസം വരും എങ്കിലും നമ്മൾ കൂടുതലും കാണുന്നതു Russel viper എന്ന അണലിയുടെയും hump nose pit viper എന്ന മറ്റൊരു തരം അണലി മൂലമുള്ള പാമ്പ് കടികളാണ്.  എന്നാലും  മൂർഖൻ പാമ്പുകടിച്ചും  വെള്ളിക്കെട്ടൻ കടിചും ഉണ്ടാവുന്ന വിഷബാധയും നമ്മുടെ നാട്ടിൽ  വിരളമല്ല

എല്ലാ പാമ്പ് കടിയും അപകടകരമാണോ? നേരത്തെ സൂചിപ്പിച്ചതുപോലെ വിഷമില്ലാത്ത പാമ്പുകൾ ആണ് നമ്മുടെ ചുറ്റിലും എണ്ണത്തിൽ കൂടുതൽ. അതുകൊണ്ടുതന്നെ നമ്മൾ കാണുന്ന ഭൂരിഭാഗം പാമ്പു കടികളും അപകടകരം അല്ല.  ഇനി കടിക്കുന്നത് വിഷപ്പാമ്പ് ആണെങ്കിൽ കൂടി എല്ലായ്പ്പോഴും വിഷം ശരീരത്തിൽ പ്രവേശിക്കണം എന്നുമില്ല. കടിക്കുന്ന സമയത്ത് പാമ്പിനെ പല്ലിൽൽ വിഷം കുറവാണെങ്കിലോ അല്ലെങ്കിൽ ധരിക്കുന്ന വസ്ത്രത്തിന്റെയോ ചെരുപ്പിന്റെയോ ഷൂസിന്റെയോ മുകളിലൂടെയാണ് പാമ്പു കടിക്കുന്നത്എങ്കിൽ ശരീരത്തിൽ വിഷം പ്രവേശിക്കണം എന്നില്ല.

പാമ്പ് കടിച്ചാൽ എന്താണ് സംഭവിക്കുന്നതു?

പാമ്പിന്റെ വിഷം ശരീരത്തിൽ പ്രവേശിച്ചാൽ നാഡീവ്യൂഹത്തെയോ രക്തം കട്ടപിടിക്കാനുള്ള കഴിവിനെയോ ആണ് പ്രധാനമായും ബാധിക്കുന്നത്.ഇതിൽ മൂർഖൻ പാമ്പിന്റെയും വെള്ളിക്കെട്ടന്റെയും വിഷം നാഡീവ്യൂഹത്തെ ആണ് ബാധിക്കുന്നത്. ശ്വാസോച്ഛാസത്തിന്റെ പേശികൾ തളർന്നു ശ്വാസംകിട്ടാതെ ആണ് പല മരണങ്ങളും സംഭവിക്കുക. ഇവയുടെ വിഷം വളരെ വേഗത്തിൽ പ്രവർത്തിക്കും എന്നതിനാൽ ഏതാനും നിമിഷങ്ങൾ മുതൽ ഏതാനും  മണിക്കൂറുകൾക്കുള്ളിൽ വരെ മരണം സംഭവിക്കാം. ഇങ്ങനെ ചികിത്സാ തുടങ്ങുന്നതിനു മുൻപ് തന്നെ ശ്വാസോച്ഛ്വാസം നിലച്ച് പോകുന്ന ആളുകൾക്ക് ജീവൻ നിലനിർത്താൻ കുറച്ചുനേരത്തേക്ക് ventilatorഇന്റെ  സഹായം വേണ്ടി വന്നേക്കാം.

എന്നാൽ അണലിയുടെ വിഷത്തിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണ്. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനുള്ള കഴിവിനെ ആണ് ഇത് പ്രധാനമായും ബാധിക്കുന്നത്.കൂടാതെ നമ്മുടെ പേശികൾ, വൃക്കകൾ, ശ്വാസകോശം ഹൃദയം തുടങ്ങിയവയുടെ പ്രവർത്തനത്തെയും ക്രമേണ ഈ വിഷം ബാധിക്കാം. ഇങ്ങനെ അവയവങ്ങളുടെ പ്രവർത്തനത്തിൽ തകരാർ ഉണ്ടാകുവാൻ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കും എന്നതിനാൽ ഇവ മൂലമുള്ള മരണങ്ങൾ കുറെ ദിവസം കഴിഞ്ഞ് ഉണ്ടാകാറുള്ളൂ. പാമ്പുകടിയുടെ ചികിത്സയ്ക്കുള്ള മരുന്നുകൾ കൂടാതെ ചിലപ്പോൾ ഡയാലിസിസ് വെന്റിലേറ്റർ എന്നീ ജീവൻ രക്ഷാഉപാധികളും സപ്പോർട്ട് ചികിത്സാരീതികളും ഇവർക്ക് വേണ്ടി വന്നേക്കാം.

പാമ്പ് കടിച്ചാൽ വിഷം തീണ്ടിയോ എന്ന് എങ്ങനെ അറിയാം?

പാമ്പ് കടിച്ചാൽ കടിയേറ്റ ഭാഗത്ത് നീരും വേദനയും സാധാരണയായി കണ്ടുവരാറുണ്ട്. പാമ്പ് കടിയേറ്റ ഭാഗത്തുള്ള നീരും വേദനയും  വർധിച്ചു വരുന്നതു വിഷം തീണ്ടിയതിന്റെ ലക്ഷണമാണ്. കൂടാതെ പാമ്പു കടിച്ച ഭാഗത്തു നിന്ന് നിലയ്ക്കാത്ത ചോരയും വിഷം തീണ്ടിയതിന്റെ ലക്ഷണമാണ്.

എന്നാൽ വിഷം ശരീരത്തിൽ കയറുന്നതോടൊപ്പം മറ്റു ലക്ഷണങ്ങളായ വയറുവേദന ഛർദി തലകറക്കം കാഴ്ച മങ്ങൽ ഒരു വസ്തുവിനെ തന്നെ ഇരട്ടിച്ചു   കാണുക, ശ്വാസതടസം,  രക്തസ്രാവം, മൂത്രത്തിലൂടെ രക്തം വരിക, മൂത്രത്തിന് അളവ് കുറയുക എന്നിങ്ങനെ മറ്റു ലക്ഷണങ്ങളും കണ്ടുവരാറുണ്ട്

പാമ്പ് കടിയുടെ ചികിത്സ എന്ത്?

പാമ്പ് കടിയുടെ ചികിത്സ പ്രധാനമായും ആൻറി snake venom എന്ന എ സവി ആണ്.

അതായത് പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവെച്ച് കുതിരയുടെ ശരീരത്തിലുണ്ടാകുന്ന പ്രതിവിഷം അഥവാ antibody രക്തത്തിൽ നിന്ന് വേർതിരിച്ച് ശുദ്ധീകരിച്ച നിർമ്മിക്കുന്നതാണ് anti snake venom.  ഇന്ത്യയിൽ സാധാരണയായി കാണുന്ന 4 പ്രധാന വിഷപാമ്പുകൾക്കെതിരായുള്ള പ്രതിവിഷം ഒരുമിച്ചാണ് നൽകുന്നത്.  അതിനാൽ ഇതിനെ polyvalent പാമ്പുവിഷം എന്നാണ് പറയുന്നത്. ഇങ്ങനെ polyvalent പാമ്പ് വിഷം നൽകുന്നത് മൂലം പാമ്പിനെ തിരിച്ചറിഞ്ഞില്ലെങ്കിലും കടിയേറ്റ രോഗിക്ക് ശരിയായ ചികിത്സ ലഭിക്കും എന്നു ഉറപ്പാണ്. Hump nose viper എന്ന ഒരു തരം അണലി മാത്രമാണ് ഇതിനു ഒരു അപവാദം. ഇവയ്ക്കുള്ള പ്രതിവിഷം സാധാരണയായി കിട്ടാറില്ല എന്നതിനാൽ ഇതു മൂലം ഉള്ള ചികിത്സാ കുറച്ചു വ്യത്യാസമാണ്.

 രോഗലക്ഷണങ്ങളും അവയവങ്ങളെ ബാധിച്ചതിന്റെ ലക്ഷണങ്ങളും നോക്കിയാണ് രോഗിക്കു ഡോക്ടർ ചികിത്സ നിശ്ചയിക്കുന്നത്.

ശരീരത്തിൽ കയറിയിട്ടുള്ള  വിഷത്തിന്റെ അളവ് അനുസരിച്ചാണ് ചികിത്സ നൽകേണ്ടത്.  ഇതുമൂലം കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ഡോസ് പോലും പലപ്പോഴും നൽകേണ്ടി വരാറുണ്ട്.

 ശരീരത്തിൽ വിഷം തീണ്ടിയോ എന്ന് ഉറപ്പുവരുത്താനും പ്രതിവിഷം നൽകേണ്ടതുണ്ടോ എന്ന് അറിയുന്നതിനായി ചികിത്സയ്ക്ക് മുൻപ് മുന്നോടിയായി ചില പരിശോധനകൾ doctorമാർ നടത്താറുണ്ട്. ശരീരത്തിൽ നിന്ന് പുറത്തെടുത്ത് രക്തം കട്ടപിടിക്കുന്നുണ്ടോ എന്നുള്ളതാണ് അതിൽ ഏറ്റവും പ്രധാനം. ശരീരത്തിൽ നിന്ന് ഒരു 10 മില്ലി രക്തം ഒരു ഗ്ലാസ് ട്യൂബിൽ അനക്കാതെ വച്ചതിനു ശേഷം കട്ട പിടിക്കാൻ ഉപയോഗിക്കുന്ന സമയമാണ് സാധാരണഗതിയിൽ ഉപയോഗിക്കാകുന്നത്. ഇതിനെ whole blood clothing time (WBCT) എന്ന് പറയുന്നതു. Wbct ഇരുപതു മിനിറ്റിലും നീളുന്നത് പാമ്പു കടി മൂലം രക്തം കട്ടപിടിക്കാനുള്ള ശേഷി നഷ്ടപ്പെടുമ്പോഴാണ്. ഇത് കൂടാതെ മൂത്രത്തിൽ രക്തത്തിൻറെ അംശം വരിക, മൂത്രത്തിന് അളവ് കുറയുക, വൃക്കകളുടെ പ്രവർത്തനത്തെ തകരാറ് സംഭവിക്കുക, രോഗിയുടെ ശ്വാസോച്ഛ്വാസം നിലയ്ക്കുക, ശരീരം കരിനീലിക്കുക എന്നിങ്ങനെ മറ്റു രോഗലക്ഷണങ്ങൾ കണ്ടു വരാറുണ്ട്.  ഇവ കണ്ടു പിടിക്കാൻ doctor 

RFT PT, INR, ABG, എന്നിങ്ങനെ വ്യത്യസ്ത പരിശോധനകൾ ചെയ്യാറുണ്ട്. മൂർഖൻ പാമ്പ് കടിക്കുകയാണെങ്കിൽ കൺപോള അടഞ്ഞു പോകുന്നതു പോലെ കാണാറുണ്ട്.

പാമ്പ് കടിച്ചാൽ ഉടനെ ചെയ്യേണ്ടത് എന്തൊക്കെ?

  സാധാരണയായി പാമ്പ് കടിച്ചാൽ,കടിച്ച പാമ്പിനെ തെരഞ്ഞു പിടിച്ചു അതിനെ കൊന്ന് കൊണ്ടുവരുന്നതായി കാണാറുണ്ട്.  ഇങ്ങനെ കടിച്ച പാമ്പിനെ തിരഞ്ഞു സമയം കളയുന്നത് ശരിയായ ചികിൽസ വൈകിപ്പികുവാനും  രോഗിയുടെ നില വഷളാകാനും ഇടയുണ്ട്.

 മാത്രമല്ല പിടിച്ചു കൊണ്ടു വരുന്ന പാമ്പ് തന്നെയാണ് ആളെ കടിച്ചത് എന്നാകണമെന്നില്ല. പാമ്പുകൾ പലപ്പോഴും പൊതുവായ വാസസ്ഥലങ്ങൾ ഉള്ളവയാണ്. അതിനാൽ ഒന്നിലേറെ പാമ്പുകൾ ആ പ്രദേശതു ഉണ്ടാക്കാം. മാത്രമല്ല ഈ പാമ്പിനെ തിരയുമ്പോൾ ബാക്കിയുള്ളവർക്ക് പാമ്പിൻറെ കടിയേൽക്കാനും  സാധ്യതയുണ്ട്.

പാമ്പ് കടിയേറ്റ് ഉടനെ കടിച്ച പാമ്പിനെ നോട്ടം തെറ്റാതെ പിടി കിട്ടിയാൽ അതിനെ പിടിച്ചു കൊന്നു പിടിച്ചു കൊണ്ടു വരുന്നത് കൊണ്ടു ചികിത്സയിൽ മാറ്റങ്ങൾ സംഭവിക്കാറില്ല. കടിച്ചത് വിഷമില്ലാത്ത പാമ്പ് ആണെങ്കിൽ രോഗിയിൽ രോഗലക്ഷണങ്ങളും ഉണ്ടാകാറില്ല എന്നുള്ളതുകൊണ്ട് തന്നെ പലപ്പോഴും ചികിത്സകൾ നൽകാറില്ല. കടിച്ചത് വിഷമുള്ള പാമ്പ് ആണെങ്കിൽ കൂടി രോഗിക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ചികിത്സ നൽകുകയുള്ളൂ. മാത്രമല്ല, hump nose pit viper ഒഴിചു ബാക്കിയുള്ള നാലു പാമ്പുകൾക്കു മരുന്ന് ഒന്നു തന്നെയാണ് (Polyvalent asv). അതിനാൽ അതിനാൽ കടിച്ച പാമ്പിനെ തിരഞ്ഞ് സമയം കളയേണ്ട ആവശ്യമില്ല

 പാമ്പുകടിയേറ്റാൽ പരിഭ്രമം ഉണ്ടാവുക സ്വാഭാവികമാണ്.എന്നാൽ പരിഭ്രമം മൂലം ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ശരീരത്തിലെ രക്ത ചംക്രമണം വേഗത്തിലാക്കുകയും വിഷം ശരീരത്തിൽ പെട്ടെന്ന് വ്യാപിക്കാൻ ഇടവരികയും ചെയ്യും. അതിനാൽ പാമ്പുകടിയേറ്റവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ ആയി വെക്കാൻ ശ്രദ്ധിക്കുക. വിഷം ശരീരത്തിൽ കലരുന്നത് ഒരു പരിധി വരെ ഇതുവഴി വൈകിപ്പിക്കാൻ സാധിക്കും. മറ്റുള്ളവരോട് സഹായമഭ്യർത്ഥിച്ച് എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തുക

 കടിയേറ്റ ഭാഗം അനക്കാതിരിക്കുന്നതിനു ഒരു പക്ഷെ ജീവൻറെ വിലയുണ്ടാകും എന്ന് മനസ്സിലാക്കുക. പാമ്പ് കടിയേറ്റ ഭാഗം തുണി കൊണ്ട് മുറുക്കി കെട്ടുന്നതും പൊതുവിൽ കാണാറുണ്ട്. എന്നാൽ ധാരാളമായി മുറുക്കിവയ്ക്കുന്നത് മൂലം പാമ്പുകടിയേറ്റ ഭാഗത്തേക്കുള്ള രക്തഓട്ടം തടസ്സപ്പെടുത്താനും അതു മൂലം അവിടെ വൃണം ആകാനും ഉള്ള സാധ്യതയുമുണ്ട്. അതിനാൽ മുറുക്കി കഴിഞ്ഞാലും ഒരു വിരൽ കയറാനുള്ള അകലം ബാക്കി  ഉണ്ടാകണം.

കയ്യിലോ കാലിലോ ആണ് പാമ്പ് കടിക്കുന്നതു എങ്കിൽ അണിഞ്ഞിരിക്കുന്ന വാച്ച് ആഭരണങ്ങൾ എന്നിവ ഊരി മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം അല്ലെങ്കിൽ പിന്നീട് നീരു വയച്ചാൽ ഇവ ഇറുകുകയും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ സാധ്യതയുമുണ്ട്

 പാമ്പുകടിയേറ്റ് വ്യക്തിയെ എത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

പാമ്പുകടിയേറ്റ് വ്യക്തിയെ എത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 ഒരു ഇംഗ്ലീഷ്  വാക്കിൽ കൃത്യമായി ഓർക്കാം.

Right

Reassurance

Immobilisation

Getting help

Proper Treatment 

പാമ്പു കടി ഏറ്റ വ്യക്തികൾ ചെയ്യരുതാത്ത കാര്യങ്ങൾ! അശാസ്ത്രീയമായ ചികിത്സാരീതികൾ ശരിയായ ചികിൽസ വൈകിപ്പിക്കുകയും ഒരു ദുരന്തതിനു തന്നെ കാരണം ആക്കുകയും ചെയ്യും.  രോഗിക്ക് രക്ഷപ്പെടാനുള്ള വിലപ്പെട്ട സമയം ഇതുവഴി നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ പാമ്പ് കടി ഏറ്റാൽ ഉടൻ അശാസ്ത്രീയമായ ചികിത്സാമാർഗങ്ങൾ തേടാതിരിക്കുക. 

പരിഭ്രമം കുറയ്ക്കാൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാതിരിക്കുക

പച്ചമരുന്നുകളോ ഇലകളോ വെച്ച് മുറിവ് കെട്ടുവാൻ പാടില്ല. ചോര വരുന്നുണ്ടെങ്കിൽ വൃത്തിയുള്ള ഒരു തുണി വച്ചു കെട്ടാം.  മുറിവുകളുണ്ടാക്കി വിഷം പുറത്തു കളയാൻ ശ്രമിക്കുക, കടിച്ച പാമ്പിനെ തിരിച്ചു കടിക്കുക, മുറിവിൽ നിന്ന് രക്തം വലിച്ചെടുക്കാൻ നോക്കുക എന്നിവ ശുദ്ധ മണ്ടത്തരമാണ് .

മുറിവിൽ ചൂടോ തണുപ്പോ പിടിക്കേണ്ട കാര്യമില്ല .

ഓർക്കുക- എല്ലാ പാമ്പുകടിയും വിഷമുള്ളതല്ല. വിഷമുള്ള പാമ്പുകടിക്കു ശരിയായ ചികിത്സ മാത്രം നൽകിയാൽ മതി. സമയം വൈകിപ്പിക്കാതെ ശരിയായ ചികിത്സ ശരിയായ സമയത്തു നൽകുക.

Dr. Jacob George P
MBBS, MD (Respiratory Medicine), IDCCM, IFCCM, EDIC, FCCP Dip in Allergy & Asthma, DM (Critical Care Medicine)
Consultant Critical Care Medicine
Mar Sleeva Medicity Palai