വന്നുവന്ന് ടോയ്‌ലറ്റിൽ വരെ മൊബൈൽഫോൺ ഉപയോഗിക്കുന്നവരായി മാറിയിരിക്കുകയാണ് നമ്മളിൽ പലരും. ടോയ്‌ലറ്റിൽ ഇരുന്ന് ഗെയിം മുതൽ ചാറ്റിങ്ങ് വരെ പലരും ചെയ്യുന്നുണ്ട്. പലർക്കും ടോയ്‌ലറ്റ് ഒരു ബ്രേക്ക് എടുക്കാനോ മറ്റ് ഇടപെടലുകൾ ഇല്ലാതെ സമയം ചെലവിടാനോ ഉള്ള സ്ഥലമാണ്.

നൂറുകണക്കിനു സൂക്ഷ്മ ജീവികൾ, കുമിളകൾ, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്റെ അംശവും ടോയ്‌ലറ്റ് ഫോൺ ഉപയോഗത്തിലൂടെ നമ്മൾ അറിയാതെ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ടോയ്‌ലറ്റ് വാതിൽ, ലോക്ക്, ടാപ്, ഫ്ലഷ്, ഹാൻഡ് വാഷ് തുടങ്ങിയവയിലെല്ലാം ബാക്ടീരിയ ഉണ്ട്. സോപ്പിട്ട് കൈ കഴുകിയാലും ചില ബാക്‌ടീരിയകൾ നശിച്ചെന്നു വരില്ല. ടോയ്‌ലറ്റിലെ ഫോൺ ഉപയോഗം അവിടെ കൂടുതൽ സമയം ചെലവിടാൻ പ്രേരിപ്പിക്കും. ഇതുവഴി ചില രോഗങ്ങളും കടന്നുകൂടാം.അവ ഏതൊക്കെയെന്നു നോക്കാം.

അർശസ്‌

30 മിനിറ്റിൽ കൂടുതൽ സമയം ടോയ്‌ലറ്റിൽ ഇരുന്നാൽ അർശസ്, രക്തധമനികൾ, മലദ്വാരം എന്നിവയ്ക്ക് വീക്കം എന്നിവയുണ്ടാകാം. മലാശയത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിനാൽ അർശസ് വഷളാകാനും സാധ്യതയുണ്ട്. ഞരമ്പുകളുടെയും അരകെട്ടിന്റെയും പ്രശ്നങ്ങൾക്കും ഇത് കാരണമാകും.

അർശസുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം പതിവാക്കുക
  • കൃത്യമായ വ്യായാമം ദിവസേന ചെയ്യുക
  • മലദ്വാരം വൃത്തിയായി സൂക്ഷിക്കുക
  • വീക്കം കുറയ്ക്കാൻ ഐസ് പാക്ക് (Ice pack) ഉപയോഗിക്കുക
  • ആവശ്യത്തിനു വെള്ളം കുടിക്കുക (കുറഞ്ഞത് 3 ലിറ്റർ )
  • അനുയോജ്യമായ രീതിയിലിരുന്ന് മലവിസർജനം നടത്തുക
  • പരുപരുത്ത ടോയ്‌ലറ്റ് പേപ്പർ ഉപയോഗിക്കാതിരിക്കുക
  • മലദ്വാരത്തിൽ മാന്തുകയും ചൊറിയുകയും ചെയ്യരുത്
  • ബലം പിടിച്ച് ബുദ്ധിമുട്ടി മലവിസർജനം ചെയ്യരുത്
  • അമിത ഭാരം ഉയർത്തുന്നത് ഒഴിവാക്കുക

ടോയ്‌ലറ്റിൽ ചിലവിടുന്ന സമയം കൂടുതലാണോ എന്നറിയാൻ ഒരു സ്വയം പരിശോധന നടത്താവുന്നതാണ്. ആദ്യദിവസം ഫോണുമായി ടോയ്‌ലറ്റിൽ പോകുക. പിന്നീട് ഫോൺ ഇല്ലാതെയും പോകുക. രണ്ടു സമയവും തമ്മിലുള്ള  വ്യത്യാസം നമ്മൾ വെറുതെ കളയുന്ന സമയമാണ്. അതുകൊണ്ട് 10 മിനിറ്റിൽ അധികം ടോയ്‌ലറ്റിൽ ഇരിക്കാതിരിക്കുന്നതാണ് നല്ലത്.

Dr. Jibin K Thomas
MBBS, MS, FIAGES, FMAS, Dip (MAS), FALS
Consultant – General & Laproscopic Surgery
Mar Sleeva Medicity Palai