എന്താണ് ചോക്കിങ്?

ആകസ്മികമായി തൊണ്ടയിൽ ആഹാരമോ മറ്റെന്തെങ്കിലും വസ്തുക്കളോ കുടുങ്ങിയാൽ പൊതുവെ സംസാരിക്കാനോ ശ്വസിക്കാനോ സാധിക്കാതെ വരും. ഈ വസ്തുക്കൾ നമ്മുടെ ശ്വസോച്ഛാസത്തിനു തടസ്സം സൃഷ്ടിക്കുന്നു. ഈ അവസ്ഥയാണ് ചോക്കിങ് എന്ന് പറയുന്നു. ഭക്ഷ്യയോഗ്യവും ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളും മനുഷ്യരുടെ തൊണ്ടയിൽ കുടുങ്ങുവാൻ സാധ്യതയുണ്ട്. ചോക്കിങ് കാരണം ശ്വാസോച്ഛാസം നടക്കാതെ വരുകയും അത് ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിനും കാരണമാവുന്നു. അങ്ങനെ സംഭവിക്കുന്നത് നമ്മുടെ തലച്ചോറിനും, മറ്റ് അവയവങ്ങൾക്കും ദോഷകരമായി ബാധിക്കും. ഇത് നമ്മെ പതിയെ മരണത്തിലേക്ക് നയിക്കും.

ലോകത്തിന്റെ പല ഭാഗത്തു നിന്നും നിരവധി ചോക്കിങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്, പ്രത്യേകിച്ച് കുട്ടികൾക്ക് സംഭവിക്കുന്നത്. തൊണ്ടയിൽ ആഹാരമോ, മറ്റു വസ്തുക്കളോ കുടുങ്ങുമ്പോൾ പെട്ടെന്ന് തന്നെ അത് മനസ്സിലാക്കി അടിയന്തിര ചികിത്സ നൽകുകയും പിന്നീട് ഉടനടി ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്നത് വഴി നമുക്ക് ഒരു ജീവൻ രക്ഷിക്കുവാൻ സാധിക്കും.

ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

 • കൂട്ടികൾ, വയോധികർ
 • പാർക്കിൻസൺ രോഗമുള്ളവർ
 • പക്ഷാഘാതം സംഭവിച്ചവർ
 • Cerebral palsy ബാധിച്ചവർ
 • മാനസിക വൈകല്യമുള്ളവർ

ഈ വിഭാഗത്തിൽപ്പെട്ട ആരെങ്കിലും വീടുകളിലുണ്ടെങ്കിൽ, കൂടെയുള്ളവർ തീർച്ചയായും ഭക്ഷണമോ മറ്റു വസ്തുക്കളോ ഇവരുടെ തൊണ്ടയിൽ കുടുങ്ങുവാനുള്ള സാധ്യത മുൻകൂട്ടി കാണുകയും അതിനുവേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.

 

ചോക്കിങിന്റെ ലക്ഷണങ്ങൾ

ചോക്കിങ് പ്രധാനമായും രണ്ട് രീതിയിലാണ് നമ്മുടെ ശ്വസനത്തെ ബാധിക്കുന്നത്.

ഭാഗികമായി ബാധിക്കുമ്പോൾ

 • ശ്വസിക്കുമ്പോൾ ചെറിയ തോതിലുള്ള ശബ്‌ദം കേൾക്കുക.
 • വായിൽ കൂടെ ശ്വസിക്കുമ്പോൾ കുറച്ചു മാത്രം വായു പുറത്തേക്ക് പോകുന്നത്.
 • പെട്ടെന്ന് ഉണ്ടാകുന്ന ചുമ.
 • ഉത്കണO വർധിക്കുന്നു.
 • മരണത്തെ മുൻപിൽ കാണുന്ന ഭയം.

പൂർണ്ണമായി ബാധിക്കുമ്പോൾ

 • ചുമയ്ക്കുവാനോ, ശ്വസിക്കാനോ, സംസാരിക്കാനോ സാധിക്കാതെ വരുന്നത്.
 • രണ്ട് കൈകളും കഴുത്തിൽ കൂട്ടിപ്പിടിച്ചു അസ്വാസ്ഥ്യം കാണിക്കുന്നു.
 • വായിൽ കൂടെ ശ്വാസം അകത്തേക്കോ പുറത്തേക്കോ ശ്വാസോച്ഛാസം ചെയ്യാൻ പറ്റാത്ത അവസ്ഥ.
 • രോഗി ശ്വാസം എടുക്കുവാൻ ശ്രമിക്കുന്നെണ്ടെങ്കിലും അതിനു സാധിക്കാത്ത അവസ്ഥ.           

                                                            Universal sign of Choking

ചികിത്സാരീതികൾ

 • ഏറ്റവും അടുത്തുള്ള ഒരു ആശുപത്രിയുടെ ഫോൺ നമ്പർ എപ്പോഴും കയ്യിൽ സൂക്ഷിക്കുക, അത്യാവശ്യ സാഹചര്യത്തിൽ സഹായത്തിനായി അതിൽ ബന്ധപ്പെടുക.
 • ഏറ്റവും അടുത്തുള്ള വ്യക്തിയോട് സഹായം തേടുക.
 • അടുത്തുള്ള ആംബുലൻസ് സേവനം തേടുക.
 • ഇത് മൂന്നും ചെയ്യുവാൻ കഴിഞ്ഞില്ലെങ്കിൽ എത്രയും വേഗം രോഗിയെ ആശുപത്രിയിൽ എത്തിക്കുക.

ഭാഗികമായുള്ള തടസ്സങ്ങൾക്കുള്ള ചികിത്സാരീതികൾ

 • കൂടെയുള്ളവർ ഭയപ്പെടാതെ രോഗിയുടെ കൂടെ നിൽക്കുക.
 • രോഗി മുൻപോട്ട് ചാഞ്ഞ് ഇരിക്കുകയാണെന്ന് ഉറപ്പ് വരുത്തുക.
 • രോഗിയോട് ചുമയ്ക്കുവാൻ പറയുക.
 • ഏറ്റവും വേഗത്തിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുക.

പൂർണ്ണമായുള്ള തടസ്സങ്ങൾക്കുള്ള ചികിത്സാരീതികൾ

 • നേരത്തെ പറഞ്ഞ രീതികളിൽ സഹായം അഭ്യർത്ഥിക്കുക.
 • രോഗി മുൻപോട്ട് ചാഞ്ഞ് ഇരിക്കുകയാണെന്ന് ഉറപ്പ് വരുത്തുക.
 • കൈ കൊണ്ട് പുറത്തു 5 പ്രാവിശ്യം ശ്കതമായി തട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ കുടുങ്ങിയ വസ്തു പുറത്തു വരുന്നുണ്ടോയെന്നു നോക്കുക.
 • എന്നിട്ടും തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തു വന്നില്ലെങ്കിൽ

ചിത്രത്തിൽ കാണുന്നത് പോലെ ചെയ്യുക. (Heimlich Manoeuvre)

 • ഇങ്ങനെ 5 തവണ ചെയ്തതിനു ശേഷം തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തു വന്നോയെന്നു നോക്കുക. ആശുപത്രിയിൽ എത്തുന്നത് വരെ ഈ പ്രക്രിയ തുടരുക.

ഇതിനിടയിൽ രോഗി ബോധരഹിതനായാൽ ഉടനടി CPR തുടങ്ങുക. അതിനു ശേഷം എത്രയും പെട്ടെന്നു രോഗിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുവാൻ ശ്രമിക്കുക.

കുട്ടികൾക്കോ ശിശുക്കൾക്കോ ചോക്കിങ് സംഭവിച്ചാൽ

            കുട്ടിയെ കൈത്തണ്ടയിൽ കിടത്തി ചിത്രത്തിൽ കാണുന്നത് പോലെ 5 തവണ ചെയ്യുക.

ഇങ്ങനെ 5 തവണ ചെയ്തതിനു ശേഷം തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തു വന്നോയെന്നു നോക്കുക. ആശുപത്രിയിൽ എത്തുന്നത് വരെ ഈ പ്രക്രിയ തുടരുക. ഇതിനിടയിൽ കുട്ടി ബോധരഹിതനായാൽ ഉടനടി CPR തുടങ്ങുക. അതിനു ശേഷം എത്രയും പെട്ടെന്നു കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുവാൻ ശ്രമിക്കുക.

മുൻകരുതലുകൾ

കുട്ടികൾക്കും വയോധികർക്കുമുള്ള മുൻകരുതലുകൾ

 • ശരിയായ രീതിയിൽ ഇരുന്നു ഭക്ഷണം കഴിക്കുക.
 • ഭക്ഷണം മുഴുവനായി വായിൽ നിന്ന് ഇറക്കിയതിനു ശേഷം മാത്രം അടുത്ത ഭക്ഷണം കൊടുക്കുക/കഴിക്കുക.
 • വായ ശുചിയായി സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക.
 • ഭക്ഷണം നൽകുമ്പോൾ കുട്ടികൾക്കും വയോധികർക്കും പൂർണ്ണമായ ബോധം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
 • കുട്ടികളും വയോധികരും ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ ശുശ്രൂഷകൻ കൂടെ നിൽക്കുക.

ശിശുക്കൾക്കുള്ള മുൻകരുതലുകൾ

 • ചെറിയ വലിപ്പത്തിലുള്ള വസ്തുക്കൾ കുട്ടികൾക്ക് കളിക്കുവാനായി നൽകരുത്.
 • ഭക്ഷണങ്ങൾ പൊടി രൂപത്തിൽ കുതിർത്തു നൽകുവാൻ എപ്പോഴും ശ്രദ്ധിക്കുക.
 • ശിശുക്കൾ കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അവർക്ക് ഒരു മേൽനോട്ടം ഉറപ്പ് വരുത്തുക.
 • കുട്ടികളുടെ തൊണ്ടയിൽ പെട്ടെന്ന് കുരുങ്ങുന്ന രീതിയിലുള്ള ഭക്ഷണ വസ്തുക്കൾ അവർക്ക് നൽകാതിരിക്കുക. ആവശ്യമെങ്കിൽ അത് മുറിച്ചു / പൊടിച്ചു നൽകുക.

                                 ഒരു ചെറിയ തെറ്റ് അല്ലെങ്കിൽ ഒരു നിമിഷത്തെ അശ്രദ്ധ ഒരു ജീവന് തന്നെ ഭീഷണിയായി മാറിയേക്കാം. അതിനാൽ മുൻകരുതലാണ് എപ്പോഴും നല്ലത്.

Dr. Vishnu Manohar
MBBS, MD (Emergency Medicine)
Consultant – Emergency Medicine
Mar Sleeva Medicity Palai