ഒരു വ്യക്തിയുടെ കുടുംബ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്നത് ആരോഗ്യമുള്ള കുട്ടികൾ ജനിക്കുക എന്നതാണ്. ആ പ്രവർത്തനത്തിന് മുൻ‌തൂക്കം നൽകിയാണ് പ്രകൃതി മനുഷ്യശരീരം നിർമ്മിച്ചിരിക്കുന്നതും. ശരീരഘടന, വളർച്ച, അണ്ഡ, ബീജ ഉല്പാദന പ്രക്രിയകൾ, സ്ത്രീ പുരുഷ ബന്ധത്തിലെ ശാരീരികവും മാനസികവുമായ ആകർഷണം, പരസ്പര വിധേയത്വം, പരമാണു തലത്തിൽ സ്ത്രീശരീരത്തിൽ സംഭവിക്കുന്ന അണ്ഡ ബീജ സംയോജന പ്രക്രിയ ഇവയെല്ലാം ആരോഗ്യമുള്ള സന്താന ലബ്ധിയെ ലക്ഷ്യമാക്കിയുള്ള അതിസൂക്ഷ്മതയോടെ സംവിധാനം ചെയ്തിരിക്കുന്ന പ്രോട്ടോകോൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

ഒരു തരത്തിലുള്ള രോഗബാധയും നമ്മുടെ കുട്ടികൾക്കുണ്ടാവാതെ സംരക്ഷിക്കുന്ന പ്ലാസന്റായും പൊക്കിൾക്കൊടിയും, സ്റ്റംസെൽ സംവിധാനവുമെല്ലാം വ്യക്തിയുടെ രോഗ പ്രതിരോധ ശേഷിയെ നിലനിർത്തുന്നതിനുള്ള ജന്മനാ ഉള്ള ഉപാധികളാണ്. ബാഹ്യ പ്രചോദനങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ. മാനസിക സമ്മർദ്ദങ്ങൾ ഇവയെല്ലാം കുട്ടിയുടെ മാനസികവും ശാരീരികവുമായ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നവയാണ്.  ഈ സമ്മർദ്ദങ്ങളെ നേരിടുവാൻ നമ്മുടെ കുട്ടികളെ പര്യാപ്തമാക്കുക എന്നതാണ് നമ്മൾ മാതാപിതാക്കളുടെ ശരിയായ ധർമ്മം. ഒരു സ്ത്രീ ഗർഭിണിയായിരിക്കുമ്പോൾ നേരിടേണ്ടി വരുന്ന മാനസിക സഘർഷം, അനാവശ്യ ചികിത്സകൾ, അപര്യാപ്തമായ പ്രസവ ശുശ്രൂഷകൾ, കുട്ടിക്ക് അമിതമായി നൽകുന്ന ചികിത്സ, ജനിതകമായ അസുഖങ്ങളും രോഗവാസനകളും ഇവയെല്ലാം കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിദത്തമായ ആരോഗ്യ സംരക്ഷണ സംവിധാനത്തെ പരിപോഷിപ്പിക്കുക എന്നതാണ് ഹോമിയോപ്പതി ചികിത്സയുടെ പ്രത്യേകതകൾ. വളർന്നു വരുന്ന കുട്ടികളിൽ കണ്ടുവരുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ചെറുപ്രായത്തിൽ തന്നെ പരിഹരിക്കുവാൻ സാധിച്ചാൽ അനാസ്ഥ മൂലം സംഭവിച്ചേക്കാവുന്ന ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ പരിഹരിച്ച് ആരോഗ്യമുള്ള കുട്ടിയെ വളർത്തിയെടുക്കാൻ നമ്മുക്ക് സാധ്യമാവുന്നതാണ്.

കുട്ടികളിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങൾ എന്താണ് എന്ന് നമുക്ക് പരിശോധിക്കാം. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ശരിയായ മാർഗ്ഗനിർദ്ദേശം ലഭിക്കാത്തതിനാലോ, മാനസികവും ശാരീരികവുമായ സംരക്ഷണം ലഭിക്കാത്തതിനാലോ വികലമായ വ്യക്തിത്വം രൂപവത്കരിക്കപ്പെടുവാനും അക്രമവാസന, പഠനവൈകല്യം, കുറ്റവാസന, വിഷാദം എന്നീ പ്രവണതകൾ ഉടലെടുക്കുവാനും പഠനം നഷ്ടപ്പെട്ട് ചികിത്സ നേരിടേണ്ട അവസ്ഥയിൽ എത്തിപ്പെടുവാനും കാരണമാകും.

തലച്ചോറിന്റെ വളർച്ചയും ബുദ്ധി വികാസവുമായി ബന്ധപ്പെട്ട ബുദ്ധിമാന്ദ്യം, ഓട്ടിസം, പഠന വൈകല്യം, ADHD എന്ന് വിളിക്കപ്പെടുന്ന പഠനത്തിൽ ശ്രെദ്ധിക്കാൻ സാധിക്കാതെ വരുന്ന അനിയന്ത്രിതമായ അടക്കമില്ലായ്മ ഇവയെല്ലാം ശരിയായ സമയത്ത്, കുട്ടിയുടെ രോഗലക്ഷണങ്ങളെയും ശാരീരികവും മാനസികവുമായ ലക്ഷണങ്ങളെയും സൂക്ഷ്മമായി പഠിച്ചു അതിനനുസൃതമായ ഹോമിയോപ്പതി മരുന്നുകൾ നൽകിയാൽ മാനസിക വൈകല്യങ്ങളെ ഭേദമാക്കി കഴിവുറ്റ വ്യക്തിയായി വളർത്തിയെടുക്കുവാൻ സാധിക്കുന്നതാണ്. ശരിയായ സമയത്തു തന്നെ വൈകല്യങ്ങളെ മനസിലാക്കുകയെന്നതും രക്ഷിതാക്കളിൽ നിന്നും സാഹചര്യങ്ങളിൽ  നിന്നും ലഭിക്കുന്ന സംരക്ഷണം, വാത്സല്യം എന്നിവയും കുട്ടിയുടെ മാനസിക അവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വീട്, സ്കൂൾ, സമൂഹം, എന്നിവിടങ്ങളിൽ കുട്ടിയുടെ പെരുമാറ്റവും അതിലെ പ്രത്യേകതകളും വിശദമായി പഠിക്കുക എന്നത് ശരിയായ ഔഷധ നിർണ്ണയത്തിനു അത്യന്താപേക്ഷിതമാണ്.

ജനനശേഷം ആദ്യത്തെ മൂന്ന് വർഷങ്ങൾക്കുള്ളിൽ കുട്ടിയുടെ മനോവ്യാപാരങ്ങളെ ബാധിക്കുന്ന ഒരു അസുഖമാണ് ഓട്ടിസം. ഈ അസുഖത്തിന് വ്യക്തമായ കാരണങ്ങൾ ഇത് വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല . എന്നാൽ കുട്ടിയുടെ വളർച്ചയിൽ സംഭവിക്കാവുന്ന ചില ജനിതക മാറ്റങ്ങളെപ്പറ്റി പഠനങ്ങൾ നടന്നു വരുന്നു. ഒറ്റയ്ക്കിരിക്കുവാനുള്ള പ്രവണത, സംസാരം തീരെ കുറവ്, മറ്റു കുട്ടികളിൽ നിന്നും അകന്നിരിക്കുക, വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിവില്ലായ്മ, വിവിധതരം ചേഷ്ടകൾ കാണിക്കുക, നഖം കടിക്കുക, അകാരണമായ ഭീതി ഇവയെല്ലാം ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്. ഈ വിഭാഗത്തിൽ പെടുന്ന നല്ല ശതമാനം കുട്ടികളും ബുദ്ധി മാന്ദ്യം ഉള്ളവരാണ്. ഓരോ കുട്ടിയും പ്രകടിപ്പിക്കുന്ന വ്യക്തിഗതമായ ലക്ഷണങ്ങളും, അസുഖത്തിന്റെ പ്രത്യേകതകളും സമഗ്രമായി പഠിച്ചു അതിനനുസൃതമായ ഹോമിയോപ്പതി ഔഷധങ്ങൾ ശരിയായ അളവിൽ തുടർച്ചയായി നൽകുന്നത് ഓട്ടിസം ബാധിച്ച കുട്ടികളിൽ സമഗ്രമായ മാറ്റം വരുത്തുന്നതായി അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾ ധാരാളമായി ഹോമിയോപ്പതി ചികിത്സയെ ആശ്രയിച്ചു വരുന്നു.

വളർന്നു വരുന്ന കുട്ടികളുടെ പ്രവർത്തന ശേഷിയെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു പ്രധാന അസുഖമാണ് പഠന വൈകല്യം. സാഹചര്യങ്ങളോടൊപ്പം ജനിതകമായ പ്രത്യേകതകളും പടനാ വൈകല്യത്തിന് കാരണമാണ്. ഒരു വാക്കിൽ പറയാമെങ്കിലും വിവിധ രീതിയിലുള്ള പഠന വൈകല്യങ്ങളാണ് കുട്ടികളെ ബാധിക്കുന്നത്. ഇത് ബുദ്ധി മാന്ദ്യം മൂലമോ പഠിക്കുവാൻ താല്പര്യം ഇല്ലാത്തതു മൂലമോ ഉണ്ടാവുന്ന ഒരു അസുഖമല്ല. ഈ കുട്ടികൾ എങ്ങനെ പുതിയ അറിവുകളെ ഉൾകൊള്ളുന്നു, അവയെ എങ്ങനെ അപഗ്രഥിക്കുന്നു എന്നും എങ്ങനെ പ്രതികരിക്കുന്നു എന്നതുമാണ് വിഷയം. പഠന വൈകല്യം കുട്ടിയുടെ ശ്രദ്ധിക്കുവാനും എഴുതുവാനും സംസാരിക്കുവാനും കണക്കു ചെയ്യുവാനുമുള്ള എല്ലാ കഴിവുകളെയും ബാധിക്കാറുണ്ട്. ശരിയായ ഉച്ചാരണം ഇല്ലാതിരിക്കുക, വാക്കുകളെ ശരിയായ സ്ഥലത്തു ഉപയോഗിക്കാതിരിക്കൽ, അക്ഷരങ്ങൾ, അക്കങ്ങൾ, നിറങ്ങൾ, ദിവസങ്ങൾ ഇവയെ തെറ്റായി ഉപയോഗിക്കുക, പ്രായത്തിനു അനുസരിച്ചുള്ള ജോലികൾ ചെയ്യുവാൻ സാധിക്കാതെ വരുക ഇവയെല്ലാം പഠന വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്. കേൾക്കുമ്പോൾ സാരമില്ല എന്ന് തോന്നിയാലും വളരെ സങ്കീർണ്ണമായ ഈ മാനസികാവസ്ഥ കുട്ടിയുടെ സർവ്വതോമുഖമായ വളർച്ചയെ സാരമായി ബാധിക്കുന്നു. ഈ കുട്ടികളുടെ വ്യക്തിഗതമായ പ്രത്യേകതകളെ അതിസൂക്ഷ്മമായി പഠിച്ചു അനുയുക്തമായ ഹോമിയോപ്പതി മരുന്നുകൾ നൽകിയാൽ പഠന വൈകല്യത്തെ പൂർണ്ണമായി മാറ്റുവാനും ആ കുട്ടിയുടെ ബുദ്ധി വികാസത്തിനനുസരിച്ചുള്ള ശരിയായ വിദ്യാഭ്യാസ തലത്തിലേക്ക് എത്തിക്കുവാൻ സാധിക്കുന്നതുമാണ്. യാതൊരുതരത്തിലുമുള്ള പാർശ്വ ഫലങ്ങളില്ലാത്തതും സ്വന്തം മനോ വ്യായാമങ്ങളെ ശരിയായ രീതിയിൽ തനതായി ക്രമീകരിക്കുവാനും സാധ്യമാവുന്ന  ഹോമിയോപ്പതി ഔഷധങ്ങൾ മാർ സ്ലീവാ മെഡിസിറ്റിയിലെ ഹോമിയോപ്പതി OPD മുഖേനയും സ്കൂൾ ഹെൽത്ത് പ്രോഗ്രാം മുഖേനയും നൽകി വരുന്നു.

കുട്ടികളുടെ മാനസികാരോഗ്യരംഗത്തെ ഒരു വെല്ലുവിളി എന്ന് വിശേഷിപ്പിക്കാവുന്നതും ഹോമിയോപ്പതി ഔഷധങ്ങൾ മൂലം സമ്പൂർണ്ണമായും ഭേദപ്പെടുത്താവുന്നതുമായ ഒരു അസുഖമാണ് ADHD എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന മനോനിയന്ത്രണം നഷ്ട്ടപെട്ടു ശ്രദ്ധിക്കുവാൻ സാധിക്കാത്ത അവസ്ഥ നേരിടുന്ന കുട്ടികൾ.  ഈ കുട്ടികളുടെ സ്വഭാവത്തിൽ അനിയന്ത്രിതമായ അടക്കമില്ലായ്മ കാണാവുന്നതാണ്. എല്ലാ പ്രവർത്തികളിലും തുടരെ പിഴവുകളുണ്ടാവുക, ഏകാഗ്രതയുടെ കുറവ്, മറ്റു കുട്ടികളെ ഉപദ്രവിക്കാനുള്ള പ്രവണത, നശീകരണ സ്വഭാവം ഇവയെല്ലാം ഈ അസുഖത്തിന്റെ പ്രത്യേകതയാണ്.

വിവിധ തരത്തിലുള്ള സ്വഭാവ വൈകല്യങ്ങൾ, അക്രമ വാസന എന്നിവയും കാണാവുന്നതാണ്. ഏകാഗ്രതയുടെ കുറവുമൂലം ഏൽപ്പിക്കുന്ന എല്ലാ ജോലികളിലും അപൂർണ്ണത പ്രകടമായിരിക്കും. ശാരീരികമോ മാനസികമോ ആയ എല്ലാ പ്രവർത്തികളിൽ നിന്നും ഒഴിവാക്കുവാനുള്ള പ്രവണത, സ്വന്തം വസ്തുക്കൾ സൂക്ഷിക്കാതിരിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുക. ഇവയെല്ലാം ADHD ബാധിച്ച കുട്ടികളുടെ തനതായ ലക്ഷണങ്ങളാണ്.

ഈ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ മാനസികനിലയും ജീവിത പശ്ചാത്തലവും വിശദമായി പഠിക്കേണ്ടതായുണ്ട്. ഈ കുട്ടികൾ പ്രകടിപ്പിക്കുന്ന വിപുലമായ രോഗലക്ഷണങ്ങളും സ്വഭാവത്തിലെ വൈരുധ്യങ്ങളും പഠിച്ചു അനുയോജ്യമായ ഹോമിയോപ്പതി ഔഷധങ്ങൾ തുടരെയായി നൽകേണ്ടതായുണ്ട്. പല കുട്ടികളിലും ഇതോടൊപ്പം തന്നെ കൗൺസിലിങ്, രക്ഷിതാക്കൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ എന്നിവ നൽകേണ്ടതായുണ്ട്. മാർ സ്ലീവാ മെഡിസിറ്റി പാലായിൽ കുട്ടികളുടെ സമഗ്ര ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി വിദഗ്ധ ഹോമിയോപ്പതി ചികിത്സയും സൈക്കോളജിക്കൽ കൗൺസിലിങ്ങും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

Dr. K R Janardanan Nair
BHMS, MD (Hom), MHA
Senior Consultant – Homoeopathy
Mar Sleeva Medicity Palai