മുലയൂട്ടൽ ഒരു കുട്ടിയെ സംബന്ധിച്ച് മറ്റെല്ലാ ആഹാരത്തെക്കാൾ പ്രാധാന്യമേറിയതാണ്. ലോകമാകമാനമുള്ള നവജാത ശിശുക്കളിൽ 1/3 ഭാഗവും ആദ്യത്തെ 6 മാസം മുലകുടിക്കുന്നവരാണ്. ഒരു നല്ല ശതമാനം അമ്മമാരും ഇതിന് പ്രാധാന്യം നൽകുകയോ മുലയൂട്ടൽ ശീലിക്കുകയോ ചെയ്യാത്തവരാണ്. ഇന്ത്യയിലെ അവസ്ഥ പരിശോധിക്കുമ്പോൾഓരോ വർഷവും ജനിക്കുന്ന 26 മില്യൺ കുട്ടികളിൽ 5 മില്യൺ കുട്ടികൾക്ക് മാത്രമാണ് ജനിച്ച് 1 മണിക്കൂറിനകം മുലപ്പാൽ ലഭിക്കുന്നത്. ഇത് ലോകമുലയൂട്ടൽ നിലവാരത്തിന് 31/51 ൽ മാത്രമാണ്.

മുലയൂട്ടൽ സംബന്ധിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിലും നവജാത ശിശുക്കളുടെ വൈകല്യം, മരണ നിരക്ക് എന്നിവ ഇപ്പോൾ ഇന്ത്യയിൽ കൂടുതലാണ്. മുലപ്പാലിനോടൊപ്പം തന്നെ മറ്റാഹാരവും നൽകുന്നുണ്ടെങ്കിലും 5 വയസിൽ താഴെയുള്ള ശിശുക്കളിൽ ഓരോ വർഷവും 1.4 മില്യൺ മരണവും 10% അസുഖങ്ങളും കണ്ടു വരുന്നു. ചെറു പ്രായത്തിൽ തന്നെ മറ്റാഹാരങ്ങൾ നൽകുവാനുള്ള പ്രവണത പലപ്പോഴും മുലപ്പാലിന്റെ ഉപയോഗവും ഉത്പ്പാദനവും കുറയുവാൻ കാരണമാവുന്നത് സാധാരണ കണ്ടുവരുന്ന ഒരു അവസ്ഥയാണ്. കുട്ടിക്ക് സമാന്തരമായി നൽകുന്ന ആഹാരം മുലപ്പാലിന്റെ അപേക്ഷിച്ച് പോഷകക്കുറവുള്ളതോ അപര്യാപ്തമോ ആയിരിക്കാം. മുലപ്പാലിൽ കുട്ടികളുടെ രോഗപ്രതിരോധശേഷി വർദ്ധിക്കുവാനുള്ള ആന്റി ബോഡികൾ നിലനിൽക്കുന്നതായി WHO യുടെ പഠനങ്ങൾ ചൂണ്ടി കാണിക്കുന്നുണ്ട്.

120 ലോകരാഷ്ട്രങ്ങൾ 1992 മുതൽ WHO യുടെയും UNICEF ന്റെയും ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം ആഘോഷിച്ച് വരുന്നുണ്ട്. മുലയൂട്ടുന്ന എല്ലാ ജീവജാലങ്ങൾക്കും ഒരു കുട്ടിയുടെ ആദ്യാഹാരം എന്ന നിലയിൽ മുലപ്പാലിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് സമീകൃതവും കുട്ടിയുടെ വളർച്ചയ്ക്കും വേണ്ടി സ്ഥിരമായി ഉപയോഗിച്ചു വരേണ്ടതുമാകുന്നു.

കുട്ടിയുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക്, അവന്റെ പ്രതിരോധശേഷിക്ക്, ബുദ്ധി വികാസത്തിന് എല്ലാം തന്നെ നവജാത ശിശുവിൽ അത്യന്താപേക്ഷിതമായ അമൃതിന് സമാനമായ ആഹാരമാണ് മുലപ്പാൽ. അതുകൊണ്ട് നിർബന്ധമായും പ്രസവം മുതൽ 6 മാസം വരെ മുലപ്പാൽ കൊടുക്കേണ്ടത് അനിവാര്യമാണ്. മറ്റു പോഷകാഹാരങ്ങൾ കഴിക്കുവാൻ ശീലിച്ചാൽ പോലും 2 വയസു വരെയോ അതിലധികമോ മുലപ്പാൽ നൽകുന്നത് അഭികാമ്യമാണ്‌. മുലപ്പാൽ ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുക മാത്രമല്ല ശരീരത്തെ രോഗാണുക്കളിൽ നിന്നും സംരക്ഷിച്ച് ആരോഗ്യമുള്ള ശരീരത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതിനാൽ ആയുർവ്വേദത്തിൽ മുലപ്പാലിനെ മനുഷ്യ ശരീരത്തിലെ ഓജസായാണ് പരിഗണിക്കുന്നത്.

മുലപ്പാൽ ഉത്പാദിപ്പിക്കപ്പെടുന്നതും, ശരിയായ രീതിയിൽ മുലയൂട്ടുന്നതും, തനതായ ശരീരഘടന അനുസരിച്ചും, ആവശ്യകതയെ ഉൾക്കൊള്ളുന്നതുമനുസരിച്ചും പലരിലും വ്യത്യസ്ഥമായാണ് കണ്ടുവരുന്നത്. മുലപ്പാലിന്റെ കുറവോ ആവശ്യമുള്ള മുലപ്പാൽ നല്കാൻ സാധിക്കാതെ വരികയോ ചെയ്യുന്നത് പുറത്തു പറയുവാൻ പലരും മടി കാണിക്കുന്നു.

മുലപ്പാലിന്റെ ഉത്പാദനത്തെയും ശരിയായ രീതിയിൽ മുലയൂട്ടുന്നതിനും പ്രതികൂലമായ അനേകം ഘടകങ്ങളുണ്ട്. ഇതിൽ അമ്മമാർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ:- മുലയൂട്ടലിനെപ്പറ്റി ശരിയായ അവബോധം ഇല്ലാതിരിക്കുക, ആദ്യത്തെ കുട്ടിയായതിനാൽ മുൻ പരിചയമില്ലായ്മ, മുല ഞെട്ടുകൾ ഉൾവലിഞ്ഞതോ വികാസം പ്രാപിക്കാതിരിക്കുകയോ, കുട്ടി പാൽ കുടിക്കുമ്പോഴുള്ള അകാരണമായ വേദന, പാൽ കെട്ടി നിൽക്കുക, വീക്കവും വേദനയും മുൻപ് നടത്തിയിട്ടുള്ള ഓപ്പറേഷൻസ്‌ ഇവയെല്ലാം മുലപ്പാൽ ഊട്ടുന്നതിന്‌ തടസമായി നിൽക്കുന്ന ഘടകങ്ങളാണ്.

കുട്ടികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ:- 37 ആഴ്ചയിൽ താഴെ പ്രായമുള്ള കുട്ടികൾ പ്രസവ സമയത്തുള്ള മരുന്നുകൾ, ജന്മനാ ഉള്ള വൈകല്യങ്ങൾ, കുട്ടികളുടെ ഞരമ്പു സംബന്ധമായ പ്രശ്നങ്ങൾ ഇവയെല്ലാം മുലയൂട്ടലിനെ പ്രതികൂലമായി ബാധിക്കുന്നവയാണ്.  WHO യുടെ കണക്കുകൾ പ്രകാരം മുലയൂട്ടുന്ന അമ്മമാർ പ്രധാനമായും നേരിടുന്ന പോഷകാഹാരക്കുറവ് അമ്മമാരുടെ മുലപ്പാൽ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതിൽ മറ്റു ഘടകങ്ങൾ, എല്ലാ മേഖലകളിലും സ്ത്രീകൾ വ്യാപൃതരാവുന്നതും പാലിന്റെയും പാലുല്പന്നങ്ങളുടെയും വ്യാവസായികമായ ഉത്പ്പാദനവും വിതരണവും ആണെന്ന് ശാസ്ത്രീയമായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. വ്യാവസായികമായി ഉത്പ്പാദിപ്പിക്കുന്ന പാലുല്പന്നങ്ങൾ ഉപയോഗിക്കുന്ന കുട്ടികളെ അപേക്ഷിച്ച് മുലപ്പാൽ ഉപയോഗിക്കുന്ന കുട്ടികളിൽ അമിതവണ്ണം ഉണ്ടാകുവാൻ ഉള്ള സാധ്യത കുറവായി കാണുന്നു. പൂർണമായും മുലപ്പാലിനെ ആശ്രയിക്കുന്ന കുട്ടികളെ അപേക്ഷിച്ച് ഭാഗികമായി മാത്രം മുലപ്പാലിനെ ആശ്രയിക്കുന്ന കുട്ടികളിൽ വയറിളക്കത്തിനുള്ള സാധ്യത 4.2 ഇരട്ടിയായി കാണപ്പെടുന്നു. മുലപ്പാൽ കുടിക്കാത്ത കുട്ടികളിൽ വയറിളക്കം മൂലമുള്ള മരണനിരക്ക് 14.2 ഇരട്ടി അധികമാണ്.

മുലപ്പാൽ ഊട്ടൽ എന്നു പറയുന്നത് ‘അമ്മ, നവജാത ശിശു, മുലപ്പാൽ’ എന്നീ ഘടകങ്ങൾ ചേർന്നുള്ള ഒരു പ്രവർത്തനമാണ്.  ആയുർവ്വേദത്തിൽ മുലപ്പാലിന്റെ അളവിന്റെയും മേന്മയുടെയും ആവശ്യം പ്രതേൃകം എടുത്തു പറയുന്നുണ്ട്. മുലപ്പാലിന്റെ മേന്മയോ അളവോ ഏതെങ്കിലും ഒന്നോ ഇത് രണ്ടുമോ കുറയുന്നതിനനുസരിച്ച് പല രോഗങ്ങളും ശാരീരിക വ്യതിയാനങ്ങളും കുട്ടികളിൽ കണ്ടുവരുന്നു. ഗുണനിലവാരത്തിലോ, രുചിയിലോ, എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ കുട്ടി സാധാരണമായി പാൽ കുടിക്കാതെയിരിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ലഭ്യമാകാത്ത അവസ്ഥയിൽ ആവശ്യമായ അന്നജം, മാത്സ്യം, കൊഴുപ്പ് മറ്റു പോഷകമൂല്യങ്ങൾ ഉള്ളവ ലഭിക്കാതാവുകയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കുട്ടി ആവശ്യമുള്ളത്രയും മുലപ്പാൽ കുടിക്കാതിരിക്കുകയോ പോഷകമൂല്യങ്ങൾ ഇല്ലാതെ വരികയോ ചെയ്താൽ മലമൂത്ര വിസർജനത്തിലെ പോരായ്‌മകൾ, നേത്ര രോഗങ്ങൾ, വിവിധതരം ത്വക്ക് രോഗങ്ങൾ, ഉദരസംബന്ധവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങൾ, വളർച്ചക്കുറവ്, അമിതമായ വിയർപ്പ്, ഛർദ്ദി, ദാഹം, വായയിൽ നിന്നും വെള്ളം വരിക, ശരീരത്തിൽ നീർക്കെട്ട്, ഹൃദയ സംബന്ധമായ രോഗങ്ങൾ മുതലായവ വരുവാനുള്ള സാധ്യത കൂടുതലാണ്. ഈ അവസരത്തിൽ പ്രതേൃകം എടുത്തു പറയുന്നത് ആരോഗ്യ പ്രവർത്തകർ നിർണ്ണായക പ്രാധാന്യം നൽകി പ്രോത്സാഹിപ്പിക്കേണ്ട പ്രധാന വിഷയമാണ് ഗർഭ സംരക്ഷണവും പ്രസവ സുരക്ഷയും അമ്മമാരുടെ ശരിയായ രീതിയിലുള്ള മുലയൂട്ടലും.

ആയുർവ്വേദത്തിന്റെ ഗർഭസംരക്ഷണവും പ്രസവ സംരക്ഷണരീതിയും കാലങ്ങളായി എല്ലാ വീടുകളിലും തുടർന്ന് വന്നിരുന്നു. ആയുർവ്വേദം ശാസ്ത്രീയമായി നിഷ്കർഷിക്കുന്നതും കേന്ദ്ര ആയുഷ് മന്ത്രാലയം നിർദ്ദേശിക്കുന്നതും അനുസരിച്ചുള്ള സമഗ്രമായ ഗർഭിണിക്കും ഗർഭസ്ഥ ശിശുവിനുമുള്ള പദ്ധതിയാണ് മാർ സ്ലീവാ മെഡിസിറ്റി പാലാ ഒരുക്കിയിരിക്കുന്നത്. ഗർഭകാലത്ത്‌ ശീലിക്കേണ്ട ആഹാരരീതി, വ്യായാമം, മാനസിക സംഘർഷം ഒഴിവാക്കുന്നതിനുള്ള ചികിത്സാരീതികൾ, ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ എന്നിവ ഇവിടെ നിന്നും നൽകിവരുന്നു. അതോടൊപ്പം പ്രസവസുരക്ഷ സംബന്ധിച്ച് മുലപ്പാലിന്റെ മാഹാത്മ്യത്തെപ്പറ്റി മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ആയുർവ്വേദ വിഭാഗം നവജാത ശിശുക്കളുടെ അമ്മമാർക്കും, ഉത്കണ്ഡാകുലരായവർക്കും നല്ലവണ്ണം ബോധവത്‌കരണവും നടത്തുന്നുണ്ട്. മുലപ്പാൽ ഉത്പ്പാദനത്തോടൊപ്പം തന്നെ പ്രസവശേഷമുള്ള ശരീര സംരക്ഷണം മുലപ്പാലിന്റെ മേന്മ നിലനിർത്തി ഉത്പ്പാദനത്തെയും കുട്ടിയുടെ സമൂലമായ വളർച്ചയേയും സഹായിക്കുന്നു. അമ്മമാർ കൃത്യമായ കാലയളവിൽ ആശുപത്രിയിൽ എത്തി ആരോഗ്യപരിശോധന നടത്തുന്നത് പാലിന്റെ ഉത്പ്പാദനം കുറയുന്നത് മനസിലാക്കുന്നതിനും പോരായ്മകളെ പരിഹരിക്കുവാനും സഹായിക്കുന്നു. കാലാകാലങ്ങളായി ആയുർവ്വേദ വിധിപ്രകാരമുള്ള ഔഷധങ്ങൾ മുലപ്പാൽ വർദ്ധനക്കായും കുട്ടിയുടെ സമ്പൂർണ്ണ വളർച്ചക്കായും ഉപയോഗിച്ചു വരുന്നു.

അമ്മയ്ക്ക് നൽകുന്ന ആയുർവ്വേദ ചികിത്സ ലക്ഷ്യമിടുന്നത് അമ്മമാരുടെ ശരീരത്തെ ആരോഗ്യപൂർണ്ണമാക്കി ഗർഭകാലത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നതാണ്. മുലപ്പാൽ നൽകാത്ത വ്യക്തികളിൽ ഓവറിയിലും മാർവിടങ്ങളിലും ക്യാൻസർ ബാധിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുലപ്പാൽ നൽകുക എന്നത് അമ്മയുടെ പ്രാഥമിക ധർമ്മവും മുലപ്പാൽ ലഭ്യമാവുക എന്നത് കുട്ടിയുടെ പ്രാഥമിക അവകാശവുമാണ്.

ഇവിടെ ആയുർവ്വേദം അനുശാസിക്കുന്നത് കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ അതീവ പ്രാധാന്യമർഹിക്കുന്നത് മുലപ്പാൽ ആയതിനാൽ അമ്മമാർ മുലപ്പാലിന്റെ മേന്മയും അളവും ലക്ഷ്യമാക്കി സ്വയം ശരീരം സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കുട്ടിയുടെ സമഗ്രമായ ആരോഗ്യത്തിനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യം ഏറിയത് നവജാത ശിശുവിന്റെ ശരിയായ മുലയൂട്ടൽ രീതികൾ ആണ്. ഈ പ്രതേൃക അവസരത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ ഗർഭസംരക്ഷണത്തിനും പ്രസവ സുരക്ഷയ്ക്കും നിങ്ങളുടെ സുരക്ഷ ഉറപ്പു നൽകുന്നു.

Dr. Pooja T Amal – BAMS, MD (Ayu)
Consultant – Ayurveda
Mar Sleeva Medicity Palai