‘ലൂപസ് അഥവാ Systemic Lupus Erythematosus (S.L.E)’ എന്ന രോഗം ഓട്ടോ ഇമ്യൂൺ വിഭാഗത്തിൽ വരുന്ന മാരകമായ രോഗങ്ങളിൽ ഒന്നാണ്. നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഘടകങ്ങൾ നമ്മുടെ ശരീരകോശങ്ങളെ തന്നെ നശിപ്പിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂൺ രോഗം (Auto Immune Disease). മുഖത്ത് ചെന്നായ കടിച്ചതുപോലെയുള്ള ചുവന്ന പാടുകൾ കാണപ്പെടുന്നതിനാലാണ് ഈ രോഗത്തിന് ലൂപസ് എന്ന പേരുണ്ടായത്.

രോഗകാരണം

ജനിതകപരമായ ഘടകങ്ങളും പരിസ്ഥിതി സംബന്ധമായ ഘടകങ്ങളും ഈ രോഗത്തിന് കാരണമാകുന്നുണ്ട്. ലൂപസ് ബാധിക്കുവാൻ സാധ്യതയുള്ള ഇരുപതിലധികം ജീനുകൾ ഇതുവരെ കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ട്. ഈ ജീനുകൾ ഉള്ള വ്യക്തികൾ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ കൂടുതലായി ഏൽക്കേണ്ടിവരുമ്പോൾ ഈ രോഗത്തിന് അടിമപ്പെടുവാൻ സാധ്യതയേറുന്നു.

രോഗലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ പല രോഗികളിലും വ്യത്യാസപ്പെട്ടിരിക്കും. സാധാരണ കാണുന്ന ലക്ഷണങ്ങൾ:- വിട്ടുമാറാത്ത പനി, അമിതമായ ക്ഷീണം, വായിൽ ഉണ്ടാകുന്ന വ്രണങ്ങൾ, സന്ധി വേദന, പേശി വേദന, മുഖത്തും കവിളിലും ഉണ്ടാകുന്ന ചുവന്ന പാടുകൾ ( സൂര്യപ്രകാശം ഏൽക്കുമ്പോൾ ഇത് കൂടുതൽ പ്രകടമാകുന്നു ), അമിതമായ മുടി കൊഴിച്ചിൽ എന്നിവയാണ്. കിഡ്നി, ഹൃദയം, ശ്വാസകോശം, തലച്ചോറ്, കണ്ണ് തുടങ്ങി ശരീരത്തിലെ ഏത് അവയവത്തെയും ഈ രോഗം ബാധിക്കാവുന്നതാണ്. ഏത് ശരീരഭാഗത്തെയാണ് ഈ രോഗം ബാധിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി രോഗലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.

രോഗനിർണ്ണയം

ഒരേ ഒരു പരിശോധന കൊണ്ട് മാത്രം ഈ രോഗം നിര്ണയിക്കുവാൻ ബുദ്ധിമുട്ടാണ്. രോഗിയെ നേരിൽ കണ്ട് പരിശോധിക്കുന്നതിനോടൊപ്പം രക്ത പരിശോധനയിലൂടെയും രോഗലക്ഷണങ്ങൾ വിശദമായി വിശകലനം ചെയ്തുമാണ് രോഗനിർണ്ണയം നടത്തേണ്ടത്. വൈകിയ രോഗനിർണ്ണയവും തെറ്റായ ചികിത്സയും ഒരേ പോലെ അപകടകരമാണ് – മരണം വരെ സംഭവിക്കാം.

ചികിത്സ

ഇപ്പോൾ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ചികിത്സയുടെ പ്രധാന ലക്ഷ്യം രോഗത്തെ നിയന്ത്രിക്കുക, ആന്തരിക അവയവങ്ങളെ ബാധിക്കുന്നത് തടയുക എന്നതാണ്. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്താൽ നിയന്ത്രിച്ചു നിർത്താവുന്ന രോഗമാണിത്.

Dr. Basil Paul Kunnathu
MBBS, MD (General Medicine), DM (Rheumatology)
Consultant – Rheumatology
Mar Sleeva Medicity Palai