ഒരു ശരാശരി മലയാളിയുടെ ഭക്ഷണത്തിലെ പ്രധാനഘടകം കാർബോഹൈഡ്രേറ്റ് അഥവാ അന്നജമാണ്‌. അത് പ്രഭാതഭക്ഷണമോ, ഉച്ചഭക്ഷണമോ, അത്താഴമോ ആയാലും  ഈ അന്നജത്തെ മാറ്റി നിർത്തി വെറും 5% മാത്രം ഉൾപ്പെടുത്തി പ്രധാനമായും കൊഴുപ്പേറിയ ഭക്ഷണങ്ങൾ 75% വും 20% മാംസ്യവും ഉൾപ്പെടുത്തുന്ന ലോ കാർബോഹൈഡ്രേറ്റ് ഹൈഫാറ്റ് ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്.

അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ദഹനപ്രക്രിയ വഴി ഗ്ലൂക്കോസ് ആണ് ശരീരത്തിന് വേണ്ട ഊർജം നൽകുകയും ചെയ്യുന്നത്. എന്നാൽ കീറ്റോ ഡയറ്റിൽ നമ്മുടെ ശരീരത്തിൽ അടിയുന്ന അല്ലെങ്കിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കൊഴുപ്പ് ദഹനപ്രക്രിയ വഴി ഉൽപ്പാദിപ്പിക്കുന്ന കീറ്റോൺസ് ആണ് ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നത്.

പെട്ടെന്നുള്ള ശരീരഭാരം കുറയൽ എന്നതാണ് കീറ്റോ ഡയറ്റ് ഭക്ഷണക്രമത്തിലൂടെ പറയപ്പെടുന്ന പ്രധാന ആകർഷണം. കൊളസ്‌ട്രോൾ നിയന്ത്രണം, ഫാറ്റിലിവർ നിയന്ത്രണം, അൽഷിമേഴ്സ് അസുഖത്തിന്റെ നിയന്ത്രണം എന്നിവയ്ക്കും കീറ്റോ ഡയറ്റ് സഹായകമാകുന്നു.

ശരീരത്തിൽ അന്നജം എത്താത്ത സാഹചര്യത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുകയില്ല. ഇൻസുലിൻ ആണ് ശരീരത്തിൽ ഗ്ലൂക്കോസിന്റേയും കൊഴുപ്പിന്റെയും അളവ് ശരീരത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഇതുകൊണ്ടു തന്നെ പുതിയ സ്റ്റോറുകൾ ശരീരത്തിൽ ഉണ്ടാവാതെ വരുന്നു.

തലച്ചോറിന്റെ പ്രധാന ഊർജം ഗ്ലൂക്കോസ് ആണ്. ഇത് കൊണ്ട് തന്നെ കീറ്റോ ഡയറ്റ് ആരംഭിക്കുന്നവർക്ക് പലവിധ ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്. ആദ്യ ദിവസങ്ങളിൽ തലചുറ്റൽ, തലവേദന, മനം പുരട്ടൽ, ക്ഷീണം ഇവയൊക്കെ ഉണ്ടാവുന്നു. ഈ അവസ്ഥയെ കീറ്റോ ഫ്ലൂ  എന്ന് പറയുന്നു. കീറ്റോ ഡയറ്റ് ആരംഭിച്ച് 3 മുതൽ 4 ആഴ്ചകൾ വരെ ഈ  കീറ്റോ  ഫ്ലൂ പലരിലും കാണപ്പെടുന്നു.കൊഴുപ്പിന്റെ അളവ് എത്ര കൂടിയാലും കുഴപ്പമില്ല എന്ന രീതിയിലുള്ള പല പ്രചാരണങ്ങളും ഇന്ന് നടക്കുന്നു. ഓരോ വ്യക്തിയുടെയും ശരീരം അന്നജത്തിനോടും കൊഴുപ്പിനോടുമൊക്കെ പ്രതികരിക്കുന്നത് വ്യത്യസ്ത രീതികളിലായിരിക്കും. ചിലർ എത്ര മാത്രം കൊഴുപ്പ് കുറച്ച് ഉപയോഗിച്ചാലും എത്ര മാത്രം, വ്യായാമം ചെയ്താലും കൊളസ്‌ട്രോൾ കുറയാറില്ല. ഇങ്ങനെയുള്ളവർ അന്നജം കുറച്ച് കൊഴുപ്പ് കൂടുതലായി ഉപയോഗിച്ചാൽ പെട്ടെന്നുള്ള ഹൃദയസ്തംഭനം, മസ്തിഷ്‌കാഘാതം എന്നിവ ഉണ്ടായേക്കാം.

മാംസ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിനാൽ പ്രോട്ടീൻ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് മൂലം രക്തം, മൂത്രം എന്നിവ അസിഡിക് ആവുകയും യൂറിക് ആസിഡിന്റെ അളവ് കൂടി മൂത്രാശയ കല്ല് ഉണ്ടാവാനുള്ള സാധ്യതകൾ കൂടുകയും ചെയ്യുന്നു.

ചുവന്ന മാംസങ്ങളുടെ ഉപയോഗം കാൻസർ പോലെയുള്ള അസുഖങ്ങൾക്ക് കാരണമാവാം.  

ശരീരത്തിൽ അസിഡിറ്റി കൂടുന്നതിനാൽ ശരീരത്തിൽ നിന്ന് കാൽസ്യം കൂടുതലായി നഷ്ടപ്പെടുകയും ഇത് എല്ലുകളുടെ കട്ടി കുറയ്ക്കുന്ന ഒരു അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. പെട്ടെന്നുള്ള ഒടിവുകൾക്ക് ഇത് കാരണമാവുന്നു.

 കീറ്റോ ഡയറ്റിൽ നാരുകളുടെ ഉപയോഗം വളരെ കുറവായതിനാൽ മലശോധന കൃത്യമായി നടക്കാതെ വരികയും ഇത് കുടൽ കാൻസർ, മലബന്ധം പോലെയുള്ള ദോഷഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ നാരുകൾ തന്നെ കുടലിലെ നല്ല അണുക്കളുടെ വളർച്ചയ്ക്ക് സഹായിക്കുന്നത് എന്നതിനാൽ തന്നെ അവയുടെ അഭാവം ദഹനപ്രക്രിയയെയും പ്രതികൂലമായി ബാധിക്കുന്നു.

ധാതുക്കളുടെയും ലവണങ്ങളുടെയും അഭാവം കൂടുതലായി കാണപ്പെടുകയും അവയുടെ അപര്യാപ്തത രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

കീറ്റോ ഡയറ്റ് ഭക്ഷണക്രമം അപസ്മാരം എന്ന അസുഖത്തിന് നല്ല പരിഹാരം തന്നെയാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സക്കായി ഉപയോഗിക്കണമെങ്കിൽ ശ്രദ്ധിക്കുക. ഒരു ഡോക്ടറുടെ നിർദേശപ്രകാരം പൂർണ്ണമായും രക്തപരിശോധനകൾ നടത്തി നമ്മുടെ ശരീരം കീറ്റോ ഡയറ്റ് പാലിക്കാൻ തയ്യാറാണെന്ന് ഉറപ്പു വരുത്തുക. ഒരു കുടുംബത്തിലെ പോലും ഓരോ വ്യക്തിയിലും കീറ്റോ ഡയറ്റ് പാലിക്കുമ്പോൾ രക്തത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ പലവിധമായിരിക്കും. അതുകൊണ്ട് തന്നെ മറ്റൊരു വ്യക്തിക്ക് കീറ്റോ ഡയറ്റ് ഫലപ്രദമായി എന്നതുകൊണ്ട് എനിക്കും അങ്ങനെ ആവും എന്ന് വിശ്വസിക്കാതിരിക്കുക.

നമ്മുടെ ആഹാരത്തിൽ ആരോഗ്യപരമായ മാറ്റങ്ങൾ വരുത്തുന്നത് വഴി ശരീരഭാരം നിയന്ത്രിക്കുകയും കുറയ്ക്കുകയും ചെയ്യുക. ഇത് തന്നെയാണ് ആരോഗ്യപരമായ രീതി എന്ന് മറക്കാതിരിക്കുക.