സ്ത്രീകളിൽ ഗർഭാശയത്തിൽ ഏറ്റവും സാധാരണയായി കാണുന്ന മുഴകളാണ് ഫൈബ്രോയ്ഡ്സ്. അഞ്ചിൽ ഒരു സ്ത്രീയ്ക്ക് ഗർഭപാത്രത്തിൽ മുഴകൾ ഉണ്ടാകാം. ഇത് മാസമുറ നിൽക്കുന്നത് വരെ ഉണ്ടാകാനും വളരാനുമുള്ള സാധ്യതയുണ്ട്.

കാരണങ്ങൾ എന്തെല്ലാം?

ഭൂരിഭാഗം സ്ത്രീകളിലും ഇതിന് പ്രതേൃകിച്ച് ഒരു കാരണം ചൂണ്ടികാണിക്കാനാവില്ല. ശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ്. ചില പ്രതേൃക വിഭാഗം സ്ത്രീകളിൽ, അതായത് അമിതവണ്ണം ഉള്ളവർ, വളരെ നേരത്തെ ആർത്തവം തുടങ്ങിയവർ, വളരെ വൈകിയ പ്രായത്തിൽ ആർത്തവം, പൂർണ്ണമായി നിന്നവർ, അമിതമായി മാംസാഹാരം കഴിക്കുന്നവർ എന്നിവരിൽ ഗർഭാശയമുഴകൾ കൂടുതലായി കാണുന്നു. പാരമ്പര്യം – അതായത് അമ്മയ്ക്കോ, സഹോദരങ്ങൾക്കോ മുഴകൾ ഉണ്ടെങ്കിൽ, വരാനുള്ള സാധ്യത കൂടുന്നു.

രോഗലക്ഷണങ്ങൾ എന്തെല്ലാം?

മിക്കവാറും സ്ത്രീകളിൽ വേറെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്ക് സ്കാൻ ചെയ്യുമ്പോഴാണ് ഗർഭാശയത്തിലെ മുഴകൾ കണ്ടുപിടിക്കപ്പെടാറുള്ളത്‌. മിക്കവാറും ഇത് ചെറുതുമായിരിക്കും. ഏറ്റവും പ്രധാന ലക്ഷണം ആർത്തവസമയത്തെ അമിത രക്തസ്രാവം ആണ്. കൂടുതൽ ദിവസം രക്തസ്രാവം ഉണ്ടാകുകയോ, രക്തം കട്ടയായിപോകുന്നതോ ഇതിൽപ്പെടാം. ആർത്തവസമയത്തെ അമിതമായ വയറുവേദന, നടുവുവേദന, വന്ധ്യത, മുഴകൾ മൂത്രസഞ്ചിയെയോ കുടലിനെയോ അമർത്തുന്നതുമൂലമുള്ള മൂത്രതടസ്സം, മലബന്ധം എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

എല്ലാ ഗർഭാശയമുഴകളും ക്യാൻസർ ആണോ?

അല്ല. ഒരു ശതമാനത്തിലും താഴെ സ്ത്രീകളിൽ മാത്രമേ ഗർഭാശയമുഴകൾ ക്യാൻസർ ആയി രൂപാന്തരപ്പെടാറുള്ളു. ഇത് മിക്കവാറും കാണുന്നത് മുഴകൾ പെട്ടെന്ന് വലുതാകുകയോ, മാസമുറ പൂർണ്ണമായി നിന്നതിനു ശേഷം ഗർഭപാത്രമുഴ ഉണ്ടാകുകയോ ചെയ്യുമ്പോഴാണ്.

രോഗനിർണ്ണയം എങ്ങനെ?

അൾട്രാസൗണ്ട് സ്കാൻ ആണ് ഏറ്റവും പ്രധാന പരിശോധന. ഒരുപാട് മുഴകൾ ഉണ്ടെങ്കിലോ, അല്ലെങ്കിൽ മൂത്രസഞ്ചിയെയോ കുടലിനെയോ അമർത്തുന്ന രീതിയിലുള്ള മുഴയാണെങ്കിലോ ചില ചുരുക്കം സാഹചര്യങ്ങളിൽ MRI സ്കാനിന്റെ ആവശ്യം വരാറുണ്ട്.

എല്ലാ മുഴകൾക്കും ഓപ്പറേഷൻ വേണോ?

  • നിങ്ങളുടെ പ്രായം, മുഴയുടെ വലുപ്പം, അവയുടെ എണ്ണം, സ്ഥാനം, അവയുണ്ടാക്കുന്ന രോഗലക്ഷണങ്ങൾ എന്നിവ അനുസരിച്ചാണ് ചികിത്സ.
  • രോഗലക്ഷണങ്ങൾ ഇല്ലാത്ത, വളരെ ചെറിയ മുഴകൾക്ക് ചികിത്സ വേണ്ട. എന്നാൽ വർഷത്തിലൊരിക്കലോ, 6 മാസത്തിലൊരിക്കലോ സ്കാൻ ചെയ്ത് മുഴകൾക്ക് വലുപ്പം കൂടുന്നുണ്ടോ എന്ന് പരിശോധിക്കണം.
  • എന്നാൽ ഇവ വന്ധ്യതയ്ക്ക് കാരണമാകുകയോ, മൂത്രതടസ്സമോ മലബന്ധമോ ഉണ്ടാകുക, അമിതരക്തസ്രാവം കാരണം വിളർച്ച ഉണ്ടാകുക, പെട്ടെന്ന് മുഴയുടെ വലുപ്പം കൂടുക, മാസമുറ നിന്നതിനുശേഷം മുഴകൾ ഉണ്ടാകുക, ഈ സാഹചര്യങ്ങളിൽ ഓപ്പറേഷൻ ചെയ്യുന്നതാണ് ഉത്തമം. മുഴയുടെ സ്ഥാനം, വലുപ്പം എന്നിവ അനുസരിച്ച് താക്കോൽദ്വാര ശസ്ത്രക്രിയയോ വയറു തുറന്നുള്ള ശസ്ത്രക്രിയയോ ചെയ്യാം.
  • ഇനിയും ഒരു ഗർഭധാരണം കൂടി പ്ലാൻ ചെയ്യുന്ന രോഗികളിൽ മുഴ മാത്രമായി നീക്കം ചെയ്യാവുന്നതാണ്. എന്നാൽ രണ്ടോ മൂന്നോ വർഷത്തിന് ശേഷം വീണ്ടും മുഴകൾ വരാനുള്ള സാധ്യത ഇവരിൽ ചിലരിൽ കാണാറുണ്ട്.
  • ഒന്നിലധികം വലിയ മുഴകൾ ഉണ്ട്, മാസമുറ നിൽക്കാറായി, അമിത രക്തസ്രാവമുണ്ട്, ഇനിയൊരു ഗർഭധാരണം പ്ലാൻ ചെയ്യുന്നില്ല, ഇവരിൽ ഗർഭപാത്രം മുഴുവനായും എടുത്ത് മാറ്റുന്നതായിരിക്കും നല്ലത്.

മരുന്ന് കൊണ്ടുള്ള ചികിത്സ

ബ്ലീഡിങ്ങ് കുറയ്ക്കാനോ, വേദന കുറയ്ക്കാനോ ഉള്ള മരുന്നുകളും, മുഴയുടെ വലുപ്പം കുറയ്ക്കാനുമുള്ള മരുന്നുകൾ ലഭ്യമാണ്. എന്നാൽ ഗുളിക നിർത്തിയാൽ മുഴകൾ വീണ്ടും വളരാനുള്ള സാധ്യതയുണ്ട് എന്നത് ഇതിന്റെ ഒരു ന്യൂനതയാണ്.

ഗർഭാശയമുഴ തനിയെ ഇല്ലാതാവുമോ?

മാസമുറ പൂർണ്ണമായി നിന്നതിനുശേഷം ശരീരത്തിൽ ഈസ്ട്രജന്റെ അളവ് വളരെ അധികം കുറയുന്നതിനാൽ മുഴയുടെ വലുപ്പം കുറയുന്നതായും, ചെറിയ മുഴകൾ ഒന്ന് രണ്ടു  വർഷം കൊണ്ട് പൂർണ്ണമായി ഇല്ലാതാകുകയും ചെയ്യുന്നത് കാണാറുണ്ട്. അല്ലാത്തപക്ഷം സ്ത്രീകളിൽ ഒന്നുകിൽ ഇത് അതേ വലുപ്പത്തിൽ കുറെക്കാലം നിൽക്കുകയോ, ചുരുക്കം ചിലരിൽ വലുപ്പം കൂടി രോഗലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യാം.

Dr. Nishu Sugunan – MBBS, MS (OBG)
Consultant – Obstetrics & Gynaecology
Mar Sleeva Medicity Palai.