വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും വയറു കുറയ്ക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടവര്‍ക്കുള്ള സര്‍ജറിയിലൂടെയുള്ള പരിഹാരമാര്‍ഗമാണ് അബ്ഡോമിനോപ്ലാസ്റ്റി. അടിവയറ്റില്‍ അടിഞ്ഞുകൂടിയ കൊഴുപ്പും അമിതമായി നിലനില്‍ക്കുന്ന ചര്‍മവും നീക്കം ചെയ്ത് ആകാരവടിവ് വീണ്ടെടുക്കാനുള്ള ചികിത്സാരീതിയാണിത്.  

ഉദരഭാഗത്തെ ചര്‍മ്മാവരണവും അതോടൊപ്പം ദുര്‍ബ്ബലാവസ്ഥയിലുള്ളതോ അല്ലാത്തതോ ആയ ഉദരമാംസപേശിയും അയഞ്ഞുതൂങ്ങുമ്പോഴാണ് അബ്‌ഡോമിനോപ്ലാസ്റ്റിയുടെ ആവശ്യം വേണ്ടിവരിക. ഗര്‍ഭധാരണത്തിന്റേയും പ്രസവത്തിന്റേയും ശേഷമുള്ള ഘട്ടങ്ങളിലാണ് ചര്‍മ്മം ഉദരഭാഗത്ത് അയഞ്ഞുവരുന്നത് സാധാരണഗതിയില്‍ സംഭവിക്കുക. പെട്ടെന്ന് ശരീരഭാരം കുറയുന്നത്, പ്രത്യേകിച്ച് അതിനായി നടത്തുന്ന ശസ്ത്രക്രിയാ ഫലമായും ഇത് സംഭവിക്കാം. ലൈപ്പോസക്ഷന്‍ കൊഴുപ്പിനേയും കൊഴുപ്പുകോശങ്ങളേയും നീക്കം ചെയ്യുക മാത്രമാണ് ചെയ്യുന്നത്.  കൂടുതലായി തൂങ്ങിനില്ക്കുന്ന ചര്‍മ്മം നേരെയാക്കാന്‍ ലൈപ്പോസക്ഷന്‍ മാത്രം കൊണ്ടാകില്ല. അപ്പോഴാണ് അബ്‌ഡോമിനോപ്ലാസ്റ്റി നടത്തേണ്ടിവരുന്നത്.

എപ്പോഴാണ് അബ്ഡോമിനോപ്ലാസ്റ്റി ഒഴിവാക്കേണ്ടത്:

 • ഭാവിയിൽ കൂടുതൽ കുട്ടികളുണ്ടാക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളാണെങ്കിൽ
 • തുടർന്നും ഭാരം കുറയ്ക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ

അബ്ഡോമിനോപ്ലാസ്റ്റി ചെയ്യുന്നതെങ്ങനെ?

 • ജനറൽ അനസ്തേഷ്യ നൽകിയതിന് ശേഷമാണ് അബ്‌ഡോമിനോപ്ലാസ്റ്റി പെർഫോം ചെയ്യുന്നത്.
 • വയറില്‍ ഏതെല്ലാം ഭാഗങ്ങളില്‍ കൊഴുപ്പ് പാളികള്‍ ഉണ്ടെന്ന് വിലയിരുത്തിയ ശേഷമാണ് സര്‍ജറി ചെയ്യുക. അടിവയറ്റിൽ ഒരു വശത്തെ ഹിപ് ബോൺ ൽ നിന്ന് മറ്റേ ഹിപ് ബോൺ വരെ നീണ്ടു നിൽക്കുന്ന മുറിവ് ഉണ്ടാക്കി അതുവഴി കൊഴുപ്പ് പാളികള്‍ നീക്കം ചെയ്യും. കൊഴുപ്പ് പാളികള്‍ നീക്കുന്നതോടെ അമിതമായ തൂങ്ങിനിൽക്കുന്ന ചർമ്മം നീക്കം ചെയ്യുകയും ആവശ്യാനുസരണം പേശികൾ വലിച്ച് ഉറപ്പിച്ച്
  ശക്തമാക്കുകയും ചെയ്യുന്നു. ചര്‍മം വലിച്ച് ഉറപ്പിക്കുമ്പോള്‍ പൊക്കിളിന്റെ സ്ഥാനവും സര്‍ജറിയിലൂടെ മാറ്റിയെടുക്കാറുണ്ട്. ചിലപ്പോൾ ഡ്രെയിനേജ് ട്യൂബുകൾ ചർമ്മത്തിന് കീഴിൽ വയ്ക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവ നീക്കം ചെയ്യുകയും ചെയ്യും. ശസ്ത്രക്രിയയ്ക്കുശേഷം കംപ്രഷൻ ഗാർമെൻറ് ധരിക്കാൻ ശുപാർശ ചെയ്യുന്നു. അതോടൊപ്പം ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഡോക്ടർ തന്നിരിക്കുന്ന നിർദേശങ്ങൾ കര്ശനമായി പാലിക്കേണ്ടതാണ്. സാധാരണയായി നാല് മുതൽ ആറ് ആഴ്ച വരെ ദേഹമനങ്ങി ചെയ്യേണ്ട ജോലികൾ ഒഴിവാക്കേണ്ടതാണ്.
 • അബ്‌ഡോമിനോപ്ലാസ്റ്റി ചെയ്യുന്നതിന് മൂന്നു ആഴ്ച മുൻപ് മുതലെങ്കിലും പുകവലി ഒഴിവാക്കണം.

പാർശ്വഫലങ്ങളും സങ്കീർണതകളും:

 • സർജറി ചെയ്ത ഭാഗത്തു വീക്കവും വേദനയും ഉണ്ടാകുന്നത് സാധാരണയാണ്. വേദനക്കുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശ പ്രകാരം കഴിക്കാം.
 • വേദന, തരിപ്പ്, മുറിവ് എന്നിവ ഏതാനും ആഴ്ചകൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിന്നേക്കാം.

സാധാരണ കാണപ്പെടുന്ന മറ്റു സങ്കീർണ്ണതകൾ:

 • മുറിവിന്റെ പാട്
 • ഹെമറ്റോമ (രക്തസ്രാവം)
 • അണുബാധ
 • സെറോമ (accumulation of fluid)
 • മുറിവ് ഉണക്കുന്നതിൽ കാലതാമസം
 • ചർമ്മത്തിന്റെ നഷ്ടം
 • ചർമ്മത്തിന്റെ നിറത്തിൽ മാറ്റങ്ങൾ
 • ദീർഘനേരം നീണ്ടുനിൽക്കുന്ന വീക്കം
 • ഫാറ്റ് നെക്രോസിസ് (ചർമ്മത്തിൽ ആഴത്തിൽ സ്ഥിതിചെയ്യുന്ന ഫാറ്റി ടിഷ്യു നശിക്കുന്ന അവസ്ഥ)
 • വൂണ്ട് സെപറേഷൻ
 • അസിമെട്രി

ശരിയല്ലാത്ത രക്തചംക്രമണം, പ്രമേഹം, ഹൃദയം/ ശ്വാസകോശം/ കരൾ രോഗങ്ങൾ, പുകവലി എന്നിവയുണ്ടെങ്കിൽ ഇത്തരം സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

അബ്ഡോമിനോപ്ലാസ്റ്റി ചെയ്ത ശേഷം നിലനില്‍ക്കുന്ന മുറിവിന്റെ പാട് അടിവസ്ത്രം ധരിക്കുമ്പോള്‍ തന്നെ മറയ്ക്കപ്പെടുമെന്നതിനാല്‍ അത് സൗന്ദര്യത്തിന് പ്രശ്നമായി മാറാറില്ല. രൂപമാറ്റം ഉണ്ടാകുന്നതുമായി പൊരുത്തപ്പെടാൻ കുറച്ചു സമയം എടുത്തേക്കാം. എന്നാൽ ആത്മവിശ്വാസം നിറക്കുന്ന ഈ മാറ്റങ്ങൾ സാധാരണമാണെന്നു ഓർക്കുക. രൂപം നിലനിർത്തുന്നതിന് ശരിയായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും വളരെ പ്രധാനമാണ് എന്നതും മറക്കരുത്.

Dr. Aashish Sasidharan
Consultant – Plastic Surgery
MBBS, MS (Gen Surgery), M.Ch(Plastic Surgery), DNB (Plastic Surgery), MNAMS
Mar Sleeva Medicity Palai