പുതുവർഷത്തിന്റെ ആദ്യനിമിഷങ്ങളിൽ ജന്മം കൊള്ളുന്ന കുഞ്ഞിന്റെ ചെറുപുഞ്ചിരി കൂടെ ചേർത്ത് സോഷ്യൽ മീഡിയയിൽ തന്റെ ചിത്രം പതിക്കുന്ന ഗൈനെക്കോളജിസ്റ്റിന്റെ മുഖമായിരുന്നു ആ വര്ഷത്തിന്റെ അവസാന മണിക്കൂറുകളിൽ എന്റെയും മനസ്സിൽ. എത്ര സന്തോഷം പകരുന്ന ചിത്രം, അല്ലെ? പക്ഷെ, അത്യാഹിത വിഭാഗത്തിലെ സ്പെഷ്യലിസ്റ് ആയ എനിക്ക് പല പുതുവർഷപ്പിറവികളും സമ്മാനിക്കാറുള്ളത് ആശുപത്രിക്കുള്ളിലെ സങ്കടകരമായ അനുഭവങ്ങളാണ്. പുതുവർഷത്തെ വരവേൽക്കാൻ മദ്യാസക്തിയിൽ ചീറിപ്പായുന്ന യുവത്വത്തിന്റെ അപകടക്കാഴ്ചകൾ. ചിന്തകൾ കാടുകയറിയപ്പോൾ തന്നെ ആംബുലൻസിന്റെ നിലവിളി ശബ്ദം കാഷ്വാലിറ്റിക്കു മുന്നിൽ എത്തിയിരുന്നു. ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനെ മാരകമായി തലക്ക് ക്ഷതം സംഭവിച്ച് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. വളരെ താഴ്ന്ന ബോധാവസ്ഥയിലുള്ള ആ ചെറുപ്പക്കാരനെ വെന്റിലേറ്ററിലാക്കി; മറ്റു പ്രാഥമിക ചികിത്സകളും നൽകി സ്കാനിങ്ങിനു അയക്കുമ്പോൾ സംഭവത്തിന് ദൃക്‌സാക്ഷികളായവർ പറഞ്ഞ കാര്യം ഓർമ്മ വന്നു. ‘അയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല’ എന്ന്. മറ്റു ശരീരഭാഗങ്ങളിൽ ജീവനെടുക്കുന്ന പരിക്കുകൾ ഒന്നും കണ്ടില്ല എങ്കിലും തലക്കേറ്റ ക്ഷതം ഗുരുതരമായിരുന്നു. ഒന്നുകിൽ മരണം അല്ലെങ്കിൽ ശസ്ത്രക്രിയയും ദീർഘനാളത്തെ ആശുപത്രിവാസവും. അതുമല്ലെങ്കിൽ ചലനമറ്റ് അനേകനാളുകൾ കിടക്കയിൽ. ഒന്നോർക്കണം, ഹെൽമെറ്റ് വച്ചിരുന്നു എങ്കിൽ ഒരുപക്ഷെ ഒഴിവാക്കാനാകുമായിരുന്നു ഇവയിൽ പലതും.

കോവിഡ്- 19 എന്ന പകർച്ചവ്യാധി വരുത്തിവച്ച ആഘാതങ്ങളിൽ ലോകമാകെ പകച്ചു നിന്ന ഒരു വർഷമാണല്ലോ കടന്നു പോയത്. ദിനംപ്രതി മരണസംഖ്യ കുതിച്ചുയർന്നപ്പോൾ ലക്ഷങ്ങളുടെ ജീവനാണ് കൊറോണ വൈറസ് അപഹരിച്ചത്. ലോകാരോഗ്യ സംഘടനയും വിവിധ ലോക രാഷ്ട്രങ്ങളിലെ ഗവണ്മെന്റുകളും മരണം എണ്ണി എണ്ണി പറഞ്ഞപ്പോൾ അവയെല്ലാം ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും കൂടി അറിഞ്ഞ നമ്മൾ എല്ലാവരും കൊറോണ വൈറസിനെയും കോവിഡ് 19 എന്ന പകർച്ചവ്യാധിയെയും വല്ലാതെ ഭയപ്പെട്ടു. നമ്മുടെ റോഡുകളിൽ ദിവസവും മരണപ്പെടുന്ന അല്ലെങ്കിൽ അംഗവൈകല്യം സംഭവിക്കുന്ന മനുഷ്യജീവനുകളുടെ കണക്കുകൾ ഇതേ കോവിഡിനെക്കാൾ വളരെ വലുതാണ് എന്ന വസ്തുത നമ്മൾ തിരിച്ചറിയണം. WHO കണക്കുകൾ പ്രകാരം പ്രതിവർഷം 1.3 മില്യൺ മരണങ്ങളാണ് റോഡപകടങ്ങളിൽ സംഭവിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും വഴിയാത്രക്കാരുമാണ് ഇതിൽ ഭൂരിപക്ഷവും. 5 മുതൽ 29 വയസ്സ് വരെയുള്ള ജനസംഖ്യയിൽ ഏറ്റവും കൂടുതൽ മരണകാരണവും റോഡപകടങ്ങളാണ്. 20 മുതൽ 50 മില്യൺ ആളുകൾക്ക് വിവിധ റോഡപകടങ്ങളിൽ പരിക്കേൽക്കുന്നതായാണ് കണക്ക്. റോഡപകടങ്ങളിൽ വരുത്തി വയ്ക്കുന്ന സാമ്പത്തിക ആഘാതം ഇതിലും വലുതാണ്.

Road Traffic Accidents – പ്രധാന കാരണങ്ങൾ

 1. അമിത വേഗത
 2. മദ്യാസക്തിയിലും മറ്റ് ലഹരിയുടെ ആസക്തിയിലും ഉള്ള ഡ്രൈവിംഗ്.
 3. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, ചൈൽഡ് റീസ്ട്രയിന്റ് എന്നിവ ഉപയോഗിക്കാതെയുള്ള യാത്രകൾ.
 4. അശ്രദ്ധമായ ഡ്രൈവിംഗ് (വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് )
 5. റോഡുകളിലെ കുഴികളും മറ്റ് പോരായ്മകളും.
 6. സുരക്ഷിതമല്ലാത്ത വാഹനങ്ങൾ- സീറ്റ് ബെൽറ്റ്, എയർ ബാഗ് എന്നിവയില്ലാതെ അപകടത്തെ തരണം ചെയ്യാൻ ശേഷിയില്ലാത്ത വാഹനനിർമിതി
 7. അപകടം നടന്നശേഷം ചികിത്സ വൈകുന്നത്.
 8. ട്രാഫിക് നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലെ അപാകത.

നമ്മുക്ക് ചെയ്യാവുന്നത് എന്തെല്ലാം

‘Prevention is better than cure’ എന്നാണല്ലോ പറയുന്നത്. റോഡപകടങ്ങൾക്ക് കാരണമായ കാര്യങ്ങളെ കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുവാൻ പരിശ്രമിക്കുക. അശ്രദ്ധവും അമിതവേഗത്തിലും ഉള്ള ഡ്രൈവിംഗ് ഒഴിവാക്കുക. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വാഹനത്തിൽ പ്രവേശിക്കുക. റോഡുകളുടെ പോരായ്മകൾ പലപ്പോഴും ഒരു കാരണമാണെങ്കിലും നല്ല രീതിയിൽ ഉള്ള റോഡുകളിൽ കൂടി അമിതവേഗത്തിൽ യാത്ര ചെയ്യുന്നത് പല അപകടങ്ങളിലും കൂടുതലായി കാണുന്നു എന്ന് മനസിലാക്കുക. വാഹനങ്ങൾ നല്ല രീതിയിൽ മെയിന്റൈൻ ചെയ്യുക. ഹെൽമെറ്റ് വക്കുന്നതും മദ്യപിച്ച വാഹനം ഓടിക്കാത്തതും നിയമപാലകരിൽ നിന്നും രക്ഷപെടാനുള്ള മാർഗങ്ങളായി കാണാതെ, സ്വന്തം ജീവൻ രക്ഷിക്കാനുള്ള അവസരങ്ങളായി കാണണം. ട്രാഫിക് സിഗ്നലുകളും നിയമബോർഡുകളും അനുസരിക്കുക.

അപകടം നടന്നു കഴിഞ്ഞാൽ

എത്രയും വേഗം രോഗിയെ അടുത്തുള്ള ട്രോമാ സെന്ററിൽ എത്തിക്കുന്നതിനോടൊപ്പം തന്നെ അപകടം നടന്ന സ്ഥലത്ത് ചെയ്യുന്ന പ്രാഥമികചികിത്സയും ആശുപത്രിയിലേക്കുള്ള യാത്രയും പ്രധാനമാണ്.

 1. രോഗിയെ അപകടം നടന്ന സ്ഥലത് നിന്നും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക.
 2. ആംബുലൻസിനും വൈദ്യസഹായത്തിനുമായി ഉടനെ ബന്ധപ്പെടുക.
 3. രോഗിയെ ഉച്ചത്തിൽ തട്ടി വിളിക്കുകയോ പ്രഥമശുശ്രൂഷകന്റെ വാക്കുകൾക്ക് കൃത്യമായി പ്രതികരിക്കുന്നുണ്ടോ എന്നും പരിശോധിക്കുക.
 4. രോഗി പ്രതികരിക്കുന്നു എങ്കിൽ ഉടനടി ആശുപത്രിയിലേക്ക് മാറ്റുക. കൂടെ രോഗിയെ മാനസികമായി സമാധാനിപ്പിക്കുക.
 5. രോഗി പ്രതികരിക്കുന്നില്ല എങ്കിൽ കഴുത്തിലെ രക്തധമനികളിൽ (carotid artery) ഹൃദയമിടിപ്പ് സ്പർശിച്ച് അറിയുവാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. (പരമാവധി 10 സെക്കന്റ്).
 6. മിടിപ്പ് കിട്ടുന്നില്ല എങ്കിൽ കൃത്രിമ ശാസോച്വാസം നൽകുക. (30 തവണ നെഞ്ചിൽ അമർത്തി ഹൃദയത്തിന്റെ മിടിപ്പ് പുനസ്ഥാപിക്കുവാൻ പരിശ്രമിക്കുക. 2 തവണ കൃത്രിമ ശ്വാസം നൽകുക. ഈ പ്രവർത്തി രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതുവരെ നിറുത്താതെ തുടരുക) രോഗിയെ വേഗം ആശുപത്രിയിൽ എത്തിക്കുക.
 7. ട്രാൻസ്പോട് ചെയ്യുമ്പോൾ നട്ടെല്ലുകൾ നിവർന്ന് ഇരിക്കാനും ട്രാൻസ്പോട് ചെയ്യുന്നത് കൊണ്ട് നട്ടെല്ലികൾക്ക് ഉണ്ടായേക്കാവുന്ന ക്ഷതങ്ങൾ ഉണ്ടാകാതെയും സൂക്ഷിക്കുക.
 8. അമിത രക്തസ്രാവം ഉള്ള ഭാഗങ്ങൾ ബലത്തിൽ കെട്ടിവെച്ച് ബ്ലീഡിങ് കുറക്കുക.
 9. കൈകാലുകളിലെ ഒടിവുകൾ ദൃഢമായ വസ്തുക്കൾ കൊണ്ട് കെട്ടി സപ്പോർട്ട് ചെയ്യുക.
 10. ഹെൽമറ്റ് എടുത്ത് മാറ്റുമ്പോൾ കഴുത്തിലെ നട്ടെല്ല് വളയാതെ നിവന്നിരിക്കെ തന്നെ മാറ്റുക.
 11. പ്രഥമശുശ്രൂഷകൻ രോഗിയുടെ രക്തം ഉൾപ്പെടെയുള്ള സ്രവങ്ങളുമായി നേരിട്ട് സ്പർശനം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക.
 12. അപകടങ്ങളിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ മരിച്ചവരെയും സാരമായ പരിക്കുകൾ ഇല്ലാത്തവരെയും ഒഴിവാക്കി വേഗത്തിൽ വൈദ്യസഹായം വേണ്ടവരെ ശ്രദ്‌ധിക്കുക.
 13. വേർപെട്ടു പോയ അവയവഭാഗങ്ങൾ നനഞ്ഞ നേർത്ത തുണി കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിൽ ഇട്ട് അത് ഐസ് ബാഗിലാക്കി ആശുപത്രിയിൽ എത്തിക്കുക (ഐസ് ക്യൂബുകളിൽ നേരിട്ടു തൊടുന്നത് ഒഴിവാക്കുക).

യാത്ര പുറപ്പെടുമ്പോൾ പുഞ്ചിരിച്ചു പറഞ്ഞയച്ചവരുടെ കണ്ണുകൾ ഈറനണിയാതെ നോക്കാനും, ഞാൻ ഉൾപ്പെടെയുള്ള ഓരോ ആശുപത്രി ജീവനക്കാരന്റെയും പുതുവർഷങ്ങൾ പുഞ്ചിരിച്ചുകൊണ്ട് തന്നെ ആരംഭിക്കാനും സാധിക്കും വിധം സുരക്ഷിതമാവണം നമ്മൾ ഓരോരുത്തരുടെയും യാത്രകൾ.

ഓർക്കുക “Prevention is better than cure”

Dr. Sreejith R Nair
MBBS, DNB (Emergency Med.)
Consultant- Dept. of Emergency Medicine 
Mar Sleeva Medicity Palai