കുട്ടികളുടെ അമിതവണ്ണം ഒരു ആഗോളപ്രശ്നമായി മാറുകയാണ്. ലോകത്താകമാനം 5 നും 17 നും ഇടയിലുള്ള കുട്ടികളിൽ 10 ശതമാനം അമിതവണ്ണക്കാരാണ്. പ്രായപൂർത്തിയായവരെ അപേക്ഷിച്ച് കുട്ടികളിൽ പൊണ്ണത്തടി മൂലം ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ കുറവാണെങ്കിലും ഭാവിയിൽ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. കൂടാതെ അമിതവണ്ണം കുട്ടികളിൽ മാനസിക സമ്മർദ്ദം, ആത്മവിശ്വാസക്കുറവ്, വിഷാദം എന്നിവയും ഉണ്ടാക്കും. കുട്ടികളിലെ അമിതവണ്ണത്തിന് പലവിധ കാരണങ്ങൾ ഉണ്ട്. വ്യായാമക്കുറവ്, ആഹാരരീതികൾ എന്നിവയാണ് പ്രധാനം. അപൂർവ്വമായി പാരമ്പര്യ തകരാറുകൾ കൊണ്ടും ഹോർമോൺ തകരാറു കൊണ്ടും അമിതവണ്ണം ഉണ്ടാകാം. കുട്ടികളുടെ വണ്ണക്കൂടുതൽ പരിഹരിക്കാൻ ഭക്ഷണത്തിൽ കഠിന നിയന്ത്രണങ്ങൾ വരുത്തുന്നതിനേക്കാൾ കായിക അധ്വാനം കൂട്ടുന്നതാണ് പ്രധാനം. ശരിയായ സമയത്ത് ശരിയായ അളവിൽ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുകയും വേണം.

കുട്ടികൾക്ക് അമിതവണ്ണം എന്തുകൊണ്ട്?

കൊഴുപ്പു കൂടുതലുള്ള ഭക്ഷണം കൂടുതൽ കഴിക്കുന്നത് കുട്ടികൾക്ക് അമിതവണ്ണം ഉണ്ടാക്കും. ബേക്കറി പലഹാരങ്ങളിൽ ചേർക്കുന്ന കൃത്രിമ മധുരം സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമടങ്ങിയതാണ്. ജ്യൂസും പ്രോസെസ്സഡ് ഫുഡുമാണ് അമിത മധുരവും കൊഴുപ്പും ശരീരത്തിലെത്തിക്കുന്നത്. ട്രാൻസ്‌ഫാറ്റ് അടങ്ങിയ ഭക്ഷണം അധികം കഴിക്കുന്നത് ഡിപ്രഷൻ ഉണ്ടാക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷകരമാകും. കൃത്യമായ വ്യായാമവും ഭക്ഷണനിയന്ത്രണവും കൊണ്ടേ അമിതവണ്ണം പരിഹരിക്കാനാവൂ.

കുട്ടികൾ ഡയറ്റിങ് ചെയ്യണോ?

ആവശ്യമുള്ള മറ്റു ഉർജ്ജഘടകങ്ങൾ ഭക്ഷണത്തിലൂടെ നൽകുകയും അധികമായി സംഭരിക്കുന്ന കാർബോഹൈഡ്രേറ്റിനെ വിഘടിപ്പിച്ച് ദുർമേദസ്സ് ഇല്ലാതാക്കുകയുമാണ് ഡയറ്റിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇഷ്ടപ്പെട്ട കുറച്ച് വിഭവങ്ങൾ കഴിച്ചും ഇഷ്ടമില്ലാത്തവ ഒഴിവാക്കിയുമാണ് മിക്കപ്പോഴും കുട്ടികളുടെ ഡയറ്റിങ്. ഇത് അശാസ്ത്രീയമാണ്. വളരുന്ന പ്രായത്തിൽ വേണ്ട എല്ലാ പോഷകങ്ങളും ശരിയായ അളവിൽ തന്നെ കുട്ടികളുടെ ശരീരത്തിലെത്തണം. ഇത് ആരോഗ്യ ജീവിതത്തിന്റെ അടിത്തറയാണ്. തടി കൂടുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ ഭക്ഷണം കുറക്കാതെ വ്യായാമം കൂട്ടുക. ഭക്ഷണം കുറക്കുമ്പോൾ വേണ്ടത്ര പോഷകങ്ങൾ ശരീരത്തിലെത്താതെ വരുന്നത് പഠനത്തെയും ആരോഗ്യത്തത്തെയുമെക്കെ ബാധിക്കും.

വ്യായാമത്തിന്റെ പ്രാധാന്യം

ഉത്സാഹവും പ്രസരിപ്പും ചുറുചുറുക്കുമുണ്ടാക്കാൻ വ്യായാമം അത്യാവശ്യമാണ്. ശരീരത്തിലെത്തുന്ന കാലറി പുറത്തേക്കു പോകുന്നുണ്ടോ എന്നതാണ് പ്രധാനം. എന്ത് കഴിച്ചാലും അത് എരിച്ചു കളയാനുള്ള ജോലികളും ചെയ്യണം. ഈ ബാലൻസാണ് വെയിറ്റ് സ്ഥിരമാക്കുന്നത്. യോഗ, വേഗതയോടു കൂടിയ നടത്തം, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങളോടൊപ്പം കോണിപ്പടി കയറിയിറങ്ങുന്നതും ഗുണകരമാണ്. വളരുന്ന പ്രായമായതിനാൽ കഠിനമായ വ്യായാമങ്ങൾ വേണ്ട.

എത്ര കിലോ വരെ ശരീരഭാരം കുറക്കാം?

വൈദ്യശാസ്ത്രപരമായുള്ള ഭാരം കുറക്കൽ (മെഡിക്കലി മാനേജ്‌ഡ്‌ വെയിറ്റ് ലോസ് പ്രോഗ്രാം) പ്രകാരം ഒരു ദിവസം 500 കാലറിയുടെ കുറവ് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുകയാണ് വേണ്ടത്. ഒരാഴ്ച കൊണ്ട് 3500 കാലറി (500 x 7). അപ്പോൾ ആഴ്ചയിൽ അര കിലോയും മാസത്തിൽ രണ്ടുകിലോയും (500 x 4) അഞ്ചുമാസം കൊണ്ട് പത്തുകിലോയും കുറക്കാം.

ജങ്ക് ഫുഡും മെറ്റബോളിക് ഡിസോഡറുകളും

മധുരവും ഉപ്പും ഏറെയുള്ള, വൈറ്റമിനുകളും പ്രോട്ടീനും മിനറലും ഫൈബറും ശുഷ്കമായ, ഉയർന്ന കാലറി മൂല്യമുള്ള കൊഴുപ്പ് നിറഞ്ഞ ഭക്ഷണമാണ് ജങ്ക് ഫുഡ്. പോഷകഗുണം തുച്ഛം, ദോഷം ഏറെയുണ്ട് താനും.

മിക്ക ജങ്ക് ഫുഡിലും പൂരിത കൊഴുപ്പും കൃത്രിമ മധുരവും ഉണ്ടാകും. ഇവ ചീത്ത കൊളസ്‌ട്രോൾ അഥവാ LDL കൂട്ടും. നല്ല കൊളസ്‌ട്രോൾ ആയ HDL കുറയ്ക്കും. ഇത് അമിതവണ്ണത്തിന് മാത്രമല്ല ടൈപ്പ് 2 ഡയബറ്റിസിനും ഹൃദ്രോഗത്തിനും കാരണമാകും. ശരീരഭാരം കൂടുമ്പോൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും. നടക്കുമ്പോൾ കിതപ്പ്, നട കയറുമ്പോൾ ശ്വാസം മുട്ടൽ പോലുള്ള പ്രയാസങ്ങളും കൂടാം. പല്ലിനു വരുന്ന കേടുകളും ജങ്ക് ഫുഡ് കൊണ്ടാകാം. അമിതമായി പഞ്ചസാരയും കാർബോഹൈഡ്രേറ്റുകളും ഉള്ളിലെത്തുമ്പോൾ ഇവ ദഹിപ്പിക്കാനുള്ള ദഹനരസങ്ങൾ കൂടുതലായി പുറപ്പെടുവിക്കും. ഇത് പല്ലിന്റെ ഇനാമലിനെ ബാധിക്കുകയും കേടും പോടും വരുത്തുകയും ചെയ്യുന്നു. വളരേണ്ട പ്രായത്തിൽ ശരിയായ പോഷണം ലഭിച്ചില്ലെങ്കിൽ വളർച്ചാപ്രശ്നങ്ങൾ ഉണ്ടാകുകയും പ്രതിരോധശേഷി കുറയുകയും ചെയ്യാം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കൂടുതൽ കഴിക്കുന്ന പെൺകുട്ടികൾക്ക് അമിതവണ്ണവും അതിന്റെ ഫലമായി PCOD യുമൊക്കെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. തൈറോയ്ഡ് ഹോർമോൺ കുറക്കുന്ന ഹൈപ്പോതൈറോയിഡിസവും വണ്ണം കൂട്ടുന്ന രോഗാവസ്ഥയാണ്.

അമിതവണ്ണം തടയാൻ ഉള്ള വഴികൾ

കുട്ടികളുടെ ഭക്ഷണത്തിൽ അമിതമായി ഉപ്പ്, മധുരം, പൂരിത കൊഴുപ്പ് എന്നിവ വേണ്ട. ചെറുപ്പം മുതൽ ഈ ശ്രദ്ധ വേണം. എണ്ണയിൽ മുക്കിപ്പൊരിക്കുന്ന പാചകരീതി നല്ലതല്ല. അധികം എണ്ണയില്ലാതെ വറുത്തെടുക്കുന്നതും ബേക്ക് ചെയ്യുന്നതുമാണ് നല്ലത്. ആവിയിൽ വേവിക്കുന്നതും പുഴുങ്ങിയെടുക്കുന്നതും എണ്ണ ഒട്ടും ഉപയോഗിക്കാതെ ഗ്രിൽ ചെയ്യുന്നതും നല്ലതാണ്. ഗോൾഡൻ ബ്രൗൺ നിറമാകും വരെയേ ഗ്രിൽ ചെയ്യാവൂ. കരിഞ്ഞു പോകുന്നത് ആരോഗ്യത്തിനു ദോഷമാണ്. പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും ഒഴിവാക്കി ആരോഗ്യത്തിനുതുകുന്നവ ശീലമാക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ അണ്ടിപ്പരിപ്പ് വർഗ്ഗങ്ങൾ, മത്തി പോലുള്ള ചെറുമൽസ്യങ്ങൾ എന്നിവ മിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പൂരിത കൊഴുപ്പ് കൂടുതലായി അടങ്ങിയ ഇറച്ചികൾ, കൊഴുപ്പു കൂടിയ പാൽ ഉൽപ്പന്നങ്ങൾ, ബേക്കറി പലഹാരങ്ങൾ, ജങ്ക് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കുക. ഭാരം കുറക്കുന്ന സമയത്തും കുറഞ്ഞ ശേഷവും അൽപാൽപമായി ആഹാരം കഴിക്കുന്ന ശീലം കൊണ്ടുവരികയാണ് നല്ലത്. അതിനു ഫ്രീക്വന്റ് സ്‌മോൾ ഫീഡ്സ് എന്ന് പറയുന്നു.

ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാൻ ശ്രദ്ധിക്കണം. അതിന് ദിവസേന 9 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പക്ഷെ ശരീരത്തിന് ദോഷം ചെയ്യുന്ന സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ളവ ഒഴിവാക്കിയിരിക്കണം. പകരം കരിക്കിൻ വെള്ളം, നാരങ്ങാ വെള്ളം, മോരും വെള്ളം തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഫൈബർ ധാരാളം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ഇലവർഗ്ഗങ്ങൾ തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുവാനും ശ്രദ്ധിക്കണം.

Roshni Mary Abraham
M.Sc, FSMD, CDE
Diabetic Educator- Dept. of Endocrinology
Mar Sleeva Medicity Palai