ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പ്രായമായവരിൽ മാത്രം കാണുന്ന ഒരു അസുഖമാണെന്നാണ് പരക്കെയുള്ള ധാരണ. യഥാർത്ഥത്തിൽ 2 മുതൽ 80 വയസ്സുവരെ പ്രായമുള്ള ഏതൊരാളെയും ബാധിക്കാവുന്ന അസുഖമാണ് ഇത്. സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ജനസംഖ്യയുടെ ഏകദേശം 1% ആളുകളിൽ ഈ രോഗം കണ്ടു വരുന്നു. അതായത് കേരളത്തിൽ ഏകദേശം 3 ലക്ഷം ആളുകളിലും ഇന്ത്യയിൽ ഏകദേശം 1.25 കോടി ജനങ്ങളിലും ഈ അസുഖം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

രോഗ കാരണങ്ങൾ

ഓട്ടോ ഇമ്മ്യൂൺ വിഭാഗത്തിൽപ്പെട്ട (autoimmune disease) ഒരു അസുഖമാണിത്. അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ശരീരത്തിനെതിരെ പ്രവർത്തിക്കുന്ന അവസ്ഥ. ജനിതകപരമായ കാരണങ്ങൾക്ക് പുറമെ പുകവലി, അന്തരീക്ഷ മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ മുതലായവ ഈ അസുഖത്തിന് കാരണമാക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങൾ

സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ടും വേദനയുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ശരീരത്തിലെ ഏത് സന്ധികളെ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കൈകാലുകളിലെ സന്ധികൾ, കൈമുട്ട്, കാൽമുട്ട്, തോൾ സന്ധി തുടങ്ങിയ എല്ലാ സന്ധികളും ഈ പട്ടികയിൽ ഉൾപ്പെടുന്നു. കൈകളിലെ സന്ധികളിലെ ബാധിച്ചാൽ, രാവിലെ എഴുന്നേൽക്കുമ്പോൾ കൈ മടക്കുവാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും (early morning stiffness). വാതിൽ തുറക്കുന്നതിനോ ചപ്പാത്തി കുഴക്കുന്നതിനോ വളരെ ബുദ്ധിമുട്ടായിരിക്കും. കുറച്ചു നേരം മൊബിലൈസ് (mobilize) ചെയ്താൽ ഈ ബുദ്ധിമുട്ട് ചെറുതായി കുറയുകയും എന്നാൽ പൂർണ്ണമായി മാറാതിരിക്കുകയും ചെയ്യും. ഈ അവസ്ഥയിൽ രോഗം കണ്ടുപിടിച്ചാൽ വളരെ ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കും. സാധാരണ സംഭവിക്കുന്നത് ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി വേദനസംഹാരി വാങ്ങിക്കഴിക്കും. അപ്പോൾ വേദന കുറയും പക്ഷെ നീർക്കെട്ട് പോകില്ല. അത് ക്രമേണ സന്ധികളിലെ കാർട്ടിലേജിനെ കാർന്നുതിന്ന് സന്ധികളെ നശിപ്പിക്കുന്നു. അതിനു ശേഷം അത് മറ്റ് അവയവങ്ങളായ കണ്ണ്, ശ്വാസകോശം, ഹൃദയം, ധമനികൾ എന്നിവയെ ബാധിച്ച് മാരകമായിത്തീരുന്നു.

ചികിത്സ

ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ല എന്ന തെറ്റായ ധാരണ നിലവിലുണ്ട്. അത് ശരിയല്ല. ഈ രോഗം കണ്ടുപിടിക്കുന്നതിനുള്ള കാലതാമസ്സമാണ്‌ ചികിത്സയിൽ നേരിടുന്ന മുഖ്യ പ്രശ്നം. ഒരു റൂമറ്റോളജിസ്റ്റിന്റെ സഹായത്തോടെ നേരത്തെ കണ്ടുപിടിച്ചാൽ വളരെ ഫലവത്തായ ഡിസീസ് മോഡിഫയിങ് ആന്റി റുമാറ്റിക് ഡ്രഗ്സ് (disease modifying anti-rheumatic drugs) ഉപയോഗിച്ചു രോഗം നിയന്ത്രിക്കാനും അതുവഴി ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനും സാധിക്കും.

Dr. Basil Paul Kunnathu
MBBS, MD (General Medicine), DM (Rheumatology)
Consultant- Dept. of Rheumatology & Clinical Immunology
Mar Sleeva Medicity Palai