മൂത്രാശയവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് കല്ല് രോഗങ്ങൾ. കല്ലുകളുടെ സ്ഥാനം അനുസരിച്ച് അവയെ വൃക്കയിലെ കല്ലുകൾ, മൂത്രവാഹിനിയിലെ കല്ലുകൾ, മൂത്രസഞ്ചിയിലെ കല്ലുകൾ എന്നിങ്ങനെ തരംതിരിക്കാം. കല്ല് രോഗങ്ങൾ വളരെ സാധാരണമാണ്, സമയോചിതമായി കണ്ടെത്തിയാൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഇവ ചികിൽസിച്ചു ഭേദമാക്കാം.  

വിവിധതരം മൂത്രാശയ കല്ലുകൾ

മനുഷ്യ ശരീരത്തിൽ പ്രധാനമായും നാല് തരം കല്ലുകൾ കാണപ്പെടുന്നു – കാൽസ്യം, യൂറിക് ആസിഡ്, സ്ട്രൂവൈറ്റ്, സിസ്റ്റൈൻ. വൃക്കയിലെ കല്ലുകളും യൂറിറ്ററിലെ (കിഡ്‌നിയിൽ നിന്നും മൂത്രസഞ്ചിയിലേക്ക് മൂത്രം വഹിച്ചുകൊണ്ട് പോകുന്ന മൂത്രവാഹിനി) കല്ലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അവ കാണപ്പെടുന്ന സ്ഥാനമാണ്. വൃക്കയിലെ കല്ലുകൾ മൂത്രനാളത്തിലേക്ക് കടന്നാൽ കടുത്ത വേദന ഉണ്ടാക്കും.

വൃക്ക, യൂറിറ്റർ എന്നിവയിൽ   കല്ലുകൾ ഉണ്ടെങ്കിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ

വൃക്കയിലെ കല്ലുകൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാവാം, പക്ഷേ അവ മൂത്രാശയത്തിലേക്ക് നീങ്ങുന്നില്ലെങ്കിൽ തടസ്സങ്ങളും ശക്തമായ വേദനയും ഉണ്ടാകണമെന്നില്ല. വൃക്കയിലെ കല്ലുകൾക്ക് നേരിയ വേദനയുണ്ടാകും. അതേ സമയം യൂറിറ്ററൽ കല്ലുകൾ, വളരെ ചെറിയവക്ക് പോലും കുത്തിവച്ചുള്ള വേദനസംഹാരികൾ ആവശ്യമുള്ളപോലുള്ള കഠിനമായ വേദനയ്ക്ക് കാരണമാകും.

കല്ലുകളുടെ ഉണ്ടെങ്കിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ

 • കൊളുത്തിപിടിക്കുന്ന രീതിയിൽ വയറിന്റെ വശങ്ങളിലായുള്ള വേദന.
 • പല ആവർത്തി മൂത്രമൊഴിക്കണമെന്ന തോന്നലും മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദനയും.
 • മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം.
 • ഓക്കാനം, ഛർദ്ദി
 • പനിയും വിറയലും

വിവിധ രോഗനിർണയ രീതികൾ

വൃക്കയിലെയും യൂറിറ്ററിലെയും കല്ലുകളുടെ രോഗനിർണ്ണയോപാധികൾ താഴെപ്പറയുന്നവയാണ്.

 • റേഡിയോളജി ഇമേജിംഗ് ടെസ്റ്റുകൾ – കല്ലുകളുടെ സാന്നിധ്യം കണ്ടെത്താൻ അൾട്രാസൗണ്ട് സ്കാൻ, എക്സ്-റേ, സിടി സ്കാൻ എന്നിവ ഉപയോഗിക്കുന്നു. എല്ലാത്തരം കല്ലുകളുടെയും എല്ലാ വലുപ്പത്തിലുള്ള കല്ലുകളുടെയും സാന്നിധ്യം കണ്ടുപിടിക്കാൻ അനുയോജ്യമായ സ്കാനാണ് സിടി.
 • മൂത്ര പരിശോധന – മൂത്രത്തിൽ കല്ല് രൂപപ്പെടുന്ന കണങ്ങളുടെ സാന്നിധ്യം കണ്ടെത്താനും അങ്ങനെ മൂത്രാശയത്തിൽ കല്ലുകൾ ഉണ്ടോ എന്ന് മനസ്സിലാക്കാനും സഹായിക്കുന്നു.
 • രക്തപരിശോധന – രക്തത്തിൽ കാൽസ്യം, യൂറിക് ആസിഡ് എന്നിവയുടെ അളവ് കാണിക്കാനും, വൃക്കകളുടെ പൊതുവായ പ്രവർത്തനം നിരീക്ഷിക്കാനും ഇത് സഹായിക്കുന്നു.

വൃക്ക / യൂറിറ്ററൽ കല്ലുകളുടെ ചികിത്സ

കല്ലുകളുടെ ചികിത്സ അവയുടെ വലുപ്പത്തെയും സ്ഥാനത്തെയും ആശ്രയിച്ചിരിക്കുന്നു. ചെറിയ കല്ലുകൾക്ക്, പ്രതിദിനം 2-3 ലിറ്റർ വെള്ളം കുടിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു, അതുവഴി മൂത്രത്തിലൂടെ കല്ല് പുറന്തള്ളപ്പെടും. കല്ല് പുറത്തേക്ക് പോകാനും വേദന കുറയ്ക്കാനും സഹായിക്കുന്ന മരുന്നുകളും ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം.

കല്ലുകൾ വലുതും സങ്കീർണതകൾ നിറഞ്ഞതുമാണെങ്കിൽ, യൂറോളജിസ്റ്റ് ഇനിപ്പറയുന്ന ചികിത്സാ രീതികൾ അവലംബിക്കും.

 • RIRS- റിട്രോഗ്രേഡ് ഇൻട്രാറീനൽ സർജറി – ഇത് വൃക്കയ്ക്കു മുകളിലെ യൂറിറ്ററിക് കല്ലിനുമുള്ള ചികിത്സയുടെ ഏറ്റവും നൂതനമായ ശസ്ത്രക്രിയാ രീതിയാണ് RIRS. കല്ല് പൊടിക്കാൻ മൂത്രാശയത്തിലൂടെ സ്കോപ്പും ലേസറും കടത്തിവിട്ട് കല്ല് പൊടിക്കുന്ന രീതിയാണിത്. വൃക്കയിലെ വലിയ കല്ലുകൾ പോലും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊടിച്ചു നീക്കം ചെയ്യാനാകും. അധികം വേദനയോ, വൃക്കയ്ക്ക് മറ്റൊരു രീതിയിലുള്ള കേടുപാടുകളോ ഇല്ലാതെ രോഗി വേഗത്തിൽ സുഖം പ്രാപിക്കുന്നു. മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ഈ നൂതന ചികിത്സാരീതിക്ക്‌ സൗകര്യമുണ്ടെന്നത് ശ്രദ്ധേയമാണ്.
 • ഷോക്ക് വേവ് ലിത്തോട്രിപ്സി (ESWL) – ഈ പ്രൊസീജിയറിൽ, ലിത്തോട്രിപ്റ്റർ എന്ന യന്ത്രം ഉപയോഗിക്കുന്നു, ഇത് ചർമ്മത്തിലൂടെ അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് കല്ലിനെ ചെറിയ ഘടകങ്ങളായി വിഭജിക്കുന്നു. പൊടിച്ച കഷ്ണങ്ങൾ പിന്നീട് മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകുന്നു.
 • പെർക്കുറ്റേനിയസ് നെഫ്രോലിത്തോടോമി (PCNL) – RIRS അല്ലെങ്കിൽ ESWL വഴി നീക്കം ചെയ്യാൻ സാധിക്കാത്ത വളരെ വലിയ കല്ലുകൾ നീക്കംചെയ്യാൻ ഉപയോഗിക്കുന്ന ഒരു എൻ‌ഡോസ്കോപ്പിക് രീതിയാണിത്. ഈ ശസ്ത്രക്രിയ ജനറൽ അനസ്തേഷ്യയുടെ സഹായത്തോടെയാണ് നടത്തുക.
 • യൂറിറ്റെറോസ്കോപ്പി (URS) – കല്ല് കണ്ടെത്തുന്നതിനായി ഒരു യൂറിറ്റെറോസ്കോപ്പ് മൂത്രനാളിയിലൂടെ കടത്തി വിടുകയും പിന്നീട് മറ്റൊരു ഉപകരണം ഉപയോഗിച്ച് കല്ലുകളെ പൊടിച്ച് നീക്കം ചെയ്യുകയും ചെയ്യുന്ന ചികിത്സാരീതിയാണിത്.

വൃക്കയിലും മൂത്രാശയത്തിലും കല്ലുകൾ രൂപപ്പെടുന്നത് തടയാൻ

ശരീരത്തിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നതിന് ചില ജീവിതശൈലി മാറ്റങ്ങൾ ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കുക, ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെയും, മാംസത്തിന്റെയും ഉപയോഗം കുറയ്ക്കുക, ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക, അതോടൊപ്പം കല്ല് കണ്ടെത്തിയാൽ ഉടനടി വൈദ്യസഹായം സ്വീകരിക്കുക.

Dr. Vijay Radhakrishnan 
MBBS, MS, M.Ch, FMAS, DNB (Urology)
Senior Consultant – Dept. of Urology
Mar Sleeva Medicity Palai