അർട്ടിക്കേറിയ
Posted onഎന്താണ് അർട്ടിക്കേറിയ?
ചുവന്നു തടിച്ച് ചൊറിച്ചിലോടുകൂടിയതും അൽപ്പായുസ്സുള്ളതുമായ പാടുകളാണ് അർട്ടിക്കേറിയ. ഏതു പ്രായക്കാരിലും ഉണ്ടാകാവുന്ന ഇത് ചർമ്മത്തിലുണ്ടാകുന്ന ഒരു തരം അലർജിയാണ്.
രോഗലക്ഷണങ്ങൾ
- ചുവന്നു തടിച്ച, ചൊറിച്ചിലോടുകൂടിയ പാടുകൾ
- മിനിറ്റുകൾ മുതൽ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഇവ അപ്രത്യക്ഷമാകും
- അപൂർവ്വമായി ആസ്ത്മ/ ശ്വാസം മുട്ടൽ പോലെ ബുദ്ധിമുട്ടുണ്ടാക്കാവുന്ന അവസ്ഥയും (ആൻജിയോ എഡീമ), ഗുരുതരമായ അനാഫൈലാക്സിസ് എന്ന അവസ്ഥയും അർട്ടിക്കേറിയ മൂലം ഉണ്ടാകാം.
രോഗകാരണം
ഹിസ്റ്റമിൻ പോലെയുള്ള കെമിക്കലുകൾ ശരീരത്തിലും രക്തക്കുഴലുകളിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് അർട്ടിക്കേറിയക്കു കാരണമാകുന്നത്. പല കാരണങ്ങൾ കൊണ്ട് ഈ കെമിക്കലുകൾ നമ്മുടെ ശരീരത്തിൽ കടന്നു കൂടാം.
- ഭക്ഷണപദാർത്ഥങ്ങൾ
- മരുന്നുകൾ
- വിര, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയ ഇന്ഫെക്ഷനുകൾ
- ചെടികൾ, പൂമ്പൊടികൾ
- ഫിസിക്കൽ അർട്ടിക്കേറിയ- തണുപ്പ്, ചൂട്, വെയിൽ, ചർമ്മത്തിൽ ശക്തമായി ഉരക്കുന്നത് (ഡെർമോഗ്രാഫിസം), വ്യായാമം മുതലായവ കൊണ്ട് ഉണ്ടാകുന്ന അർട്ടിക്കേറിയ.
ഇത് കൂടാതെ മറ്റുപല അസുഖങ്ങൾകൊണ്ടും അർട്ടിക്കേറിയ ഉണ്ടാകാം. കൂടുതൽ പേരിലും അർട്ടിക്കേറിയക്ക് ഒരു കാരണവും കണ്ടെത്താനാവാറില്ല (ഇഡിയോപ്പതിക് അർട്ടിക്കേറിയ).
അർട്ടിക്കേറിയയുടെ കാരണം എങ്ങനെ കണ്ടുപിടിക്കാം?
- ദിവസവും കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ, അന്നന്ന് ചെയ്യുന്ന കാര്യങ്ങൾ എന്നിവ ഒരു ഡയറിയിൽ കുറിക്കുക. ഇവ നോക്കി അർട്ടിക്കേറിയ ഉണ്ടാക്കാവുന്ന കാരണങ്ങൾ കണ്ടുപിടിക്കാവുന്നതാണ്.
- അലർജിക്ക് കാരണമായി തോന്നുന്ന വസ്തുക്കൾ/ ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കി നോക്കുക.
ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഒരു ഡോക്ടറെ കാണുക.
- ചുവന്നു തടിച്ച പാടുകൾ മായാതെ നിൽക്കുമ്പോൾ
- ചുണ്ടിലും കൺപോളകളിലും ചൊറിച്ചിൽ അധികം ഇല്ലാതെ, എന്നാൽ ചിലപ്പോൾ വേദനയോടു കൂടിയ തടിപ്പ് കണ്ടാൽ ആൻജിയോഎഡീമ (angioedema) എന്ന അലർജി ആവാം. ഇത് ശ്വാസകോശത്തിലേക്ക് പടരാനും ശ്വാസതടസ്സം ഉണ്ടാകാനും കാരണമാകുന്നു.
- അലർജിയുടെ ഭാഗമായി ശ്വാസംമുട്ടൽ, രക്തസമ്മർദം താഴുക, ചുമ, അബോധാവസ്ഥ എന്നിവ സംഭവിച്ചാൽ അത് അനാഫൈലാക്സിസ് (anaphylaxis) എന്ന അലർജി ആയേക്കാം. ഇത് മരണത്തിനു വരെ കാരണമാകാം.
അർട്ടിക്കേറിയയുടെ ചികിത്സ എന്ത്?
- അർട്ടിക്കേറിയക്കു കാരണമായ വസ്തു ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചില സാഹചര്യങ്ങളിൽ കാരണം കണ്ടുപിടിക്കാനും അർട്ടിക്കേറിയ പോലുള്ള മറ്റു ചർമ്മരോഗങ്ങൾ അല്ല എന്ന് ഉറപ്പുവരുത്താനും പല ടെസ്റ്റുകൾ നടത്തേണ്ടി വരും.
- ആന്റിഹിസ്റ്റമിൻ എന്ന മരുന്നുകൾ ആണ് അർട്ടിക്കേറിയക്കു പ്രധാനമായും നൽകുന്നത്. ചില സാഹചര്യങ്ങളിൽ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകളും കൊടുക്കേണ്ടതാണ് വരാം.
- ആൻജിയോ എഡീമ, അനാഫൈലാക്സിസ് എന്ന അലർജിയുടെ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ആശുപത്രിയിൽ എത്തി ചികിത്സ തേടേണ്ടതാണ്.
Dr. Neethu Mary George
MBBS, MD (Dermatology)
Consultant – Dept. of Dermatology & Cosmetology
Mar Sleeva Medicity Palai