എന്താണ് വെരിക്കോസ് വെയ്ൻ?

ഏറെ നേരം നിന്ന് ജോലി ചെയ്യുന്നവരിൽ കൂടുതലായി കണ്ടുവരുന്ന രോഗമാണ് വെരിക്കോസ് വെയ്ൻ.

ചർമ്മത്തിന് തൊട്ടുതാഴെയുള്ള അശുദ്ധരക്തം ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന വെയ്ൻസ് എന്ന രക്തക്കുഴലുകൾ തടിച്ചുവീർത്തും ചുറ്റിപിണഞ്ഞും അശുദ്ധരക്തത്തെ മുകളിലേക്ക് വിടാതെ വരുമ്പോൾ രക്തപ്രവാഹത്തിന്റെ വേഗം കുറയുകയും കെട്ടിനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇങ്ങനെ കെട്ടികിടക്കുന്ന അശുദ്ധരക്തം സമീപകോശങ്ങൾക്ക് നാശവും വീർത്ത് പൊട്ടി വ്രണങ്ങളും അണുബാധയും ഉണ്ടാക്കാൻ സാധ്യതയുണ്ട്.

പ്രസവകാലത്ത് ചില സ്ത്രീകളിൽ വെരിക്കോസ് വെയ്ൻ കാണപ്പെടാറുണ്ട്. ഗർഭകാലത്ത് ശരീരത്തിൽ രക്തത്തിന്റെ അളവ് കൂടാറുണ്ടെങ്കിലും അതനുസരിച്ച് കാലുകളിൽ നിന്ന് ഇടുപ്പിലേക്ക് ഉള്ള രക്തയോട്ടം കൂടാത്തതാണ് ഇതിന് കാരണം.

അതോടൊപ്പം ഗർഭാവസ്ഥയിലെ ഹോർമോൺ മാറ്റങ്ങളും ഇതിലേക്ക് നയിക്കാം. പ്രസവം കഴിഞ്ഞ് ഒരു വർഷം ആകുന്നതോടെ മിക്കവരിലും ഇത് മാറുന്നതായി കാണാം.

പാരമ്പര്യമായും വെരിക്കോസ് വെയ്ൻ കാണപ്പെടാറുണ്ട് കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ മറ്റുള്ളവർക്കും വരാൻ സാധ്യതയേറെയാണ്. അമിതവണ്ണം, വ്യായാമ കുറവ്, തുടർച്ചയായി ഏറെ നേരം നിൽക്കുക എന്നിവയും വെരിക്കോസ് വെയ്ന് കാരണമാകാം.

ലക്ഷണങ്ങൾ

  • രക്തക്കുഴലുകൾ തടിച്ചു ചുരുളുന്നു.
  • കാലുകളിൽ ചിലന്തിവല പോലെ വെയ്‌ൻസ്‌ കാണപ്പെടുന്നു.
  • രക്തക്കുഴലുകൾ നീല പർപ്പിൾ നിറങ്ങളിൽ ആകുന്നു. ആദ്യഘട്ടത്തിൽ നിറവ്യത്യാസം ഉണ്ടാകണമെന്നില്ല. രോഗബാധയുള്ള സ്ഥലത്ത് മുറിവിൽ നിന്നും രക്തസ്രാവം ഉണ്ടാവാം.
  • കണങ്കാലിന്റെ ഭാഗം നീര് വന്ന് വീർക്കുന്നു.
  • കാലുകളിൽ വേദനയും ഭാരക്കൂടുതലും തോന്നുക
  • വെരിക്കോസ് വെയ്ൻ ഉള്ള ഭാഗത്തു കരിവാളിപ്പും പുകച്ചിലും
  • വ്രണങ്ങൾ

പരിശോധനകൾ

രോഗിയെ നേരിട്ട് പരിശോധിക്കുന്നതിലൂടെയും മറ്റ് ടെസ്റ്റുകളിലൂടെയും രോഗം നിർണയിക്കാം. ഡോപ്ലർ വീനസ് അൾട്രാസൗണ്ട്, വീനോഗ്രാം എന്നിവയാണ് സാധാരണ പരിശോധനകൾ.

തടയാൻ ചെയ്യേണ്ടത്

ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ വെരിക്കോസ് വെയ്ൻ ഒരു പരിധി വരെ പ്രതിരോധിക്കും. ഇത് പൂർണ്ണമായി തടയാൻ കഴിയില്ല.

നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കണം. ഇത് വഴി രക്തപ്രവാഹം സുഗമമാവുകയും സിരകളുടെ ആയാസം കുറയുകയും ചെയ്യും.

ശരീരഭാരം ആരോഗ്യകരമായി നിലനിർത്തണം. നാരുകൾ കൂടുതലുള്ളതായ ധാന്യങ്ങൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.

ഉപ്പിന്റെ അളവ് കുറയ്ക്കുക. പരന്ന പ്രതലമുള്ള പാദരക്ഷകൾ ഉപയോഗിക്കുക. ജോലി ചെയ്യുമ്പോൾ ഒരേ പൊസിഷനിൽ ഇരിക്കാതിരിക്കുക. രക്തയോട്ടം വർധിപ്പിക്കുന്ന ലഘുവ്യായാമങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക.

ചികിത്സകൾ

വെരിക്കോസ് വെയ്ൻ രോഗികളിൽ കാലിലെ രക്തയോട്ടം മെച്ചപ്പെടുത്താനും, വേദന കുറയ്ക്കാനും കംപ്രഷൻ സ്റ്റോക്കിങ്സ് ചികിത്സ ഉപയോഗിക്കാറുണ്ട്.

ആധുനിക കംപ്രഷൻ സ്റ്റോക്കിങ്സ് കാലുകളിൽ തുടർച്ചയായി സമ്മർദ്ദം ലഭിക്കത്തക്കവിധം നിർമ്മിക്കപ്പെട്ടതാണ്. കണങ്കാൽ ഭാഗത്തു ഏൽക്കുന്ന സമ്മർദ്ദം സിരകളിലെ രക്തത്തിന്റെ മുകളിലേക്കുള്ള ഒഴുക്കിനെ സഹായിക്കുന്നു.

ശസ്ത്രക്രിയ

ജീവിതശൈലിയിലെ മാറ്റങ്ങളും മറ്റ് മരുന്നുകളും ഫലിക്കാതെ വരുമ്പോഴാണ് ശസ്ത്രക്രിയ നിർദ്ദേശിക്കുന്നത്. ചെറിയ മുറിവുണ്ടാക്കി അസുഖം ബാധിച്ച സിരയെ നീക്കം ചെയ്യുകയാണ് സാധാരണ ചെയ്യുന്നത്.

രോഗബാധയുള്ള സിര മുറിച്ച് പുറത്തേക്ക് വലിച്ചെടുക്കുന്നു. വെയ്ൻ സ്ട്രിപ്പിങ്, ഫ്ലെബക്ടമി എന്നിവയാണ് പ്രധാന ശസ്ത്രക്രിയകൾ.

എൻഡോവെനസ് അബ്ലേഷൻ തെറാപ്പി

റേഡിയോ ഫ്രീക്വൻസി തരംഗങ്ങളോ ലേസറോ ഉപയോഗിച്ചുള്ള ആധുനിക രീതിയാണിത്. അസുഖം ബാധിച്ച ഭാഗത്തു ദ്വാരമുണ്ടാക്കി സിരയിലൂടെ കത്തീറ്റർ കയറ്റി അൾട്രാസൗണ്ട് മെഷീന്റെ സഹായത്തോടെ സിരകൾ കരിച്ചെടുക്കുകയാണ് ഈ പ്രൊസിജ്യരിൽ ചെയ്യുന്നത്.

എൻഡോസ്കോപ്പിക് വെയ്ൻ സർജറി

രോഗം ബാധിച്ച സിരയുടെ സമീപത്തായി ചെറിയ ദ്വാരമുണ്ടാക്കി അതുവഴി എൻഡോസ്കോപ് കടത്തി കൃത്യമായി നിരീക്ഷിച്ചാണ് ഈ സർജറി ചെയ്യുന്നത്.

സ്ക്ളീറോ തെറാപ്പി

സിരകളിലേക്ക് ദ്രാവക രൂപത്തിലുള്ള രാസവസ്തു നേരിട്ട് കുത്തിവെച്ച് അവയെ നിർവീര്യമാക്കുന്ന രീതിയാണിത്. ഗർഭിണികൾ, ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവർ എന്നിവർക്ക് സ്ക്ളീറോ തെറാപ്പി ചെയ്യാറില്ല.

ഇതൊക്കെ ചെയ്താലും മുറിവുകൾ തീരെ ഉണങ്ങുന്നില്ലെങ്കിൽ സ്കിൻ ഗ്രാഫ്റ്റിങ് പോലുള്ള പ്ലാസ്റ്റിക് സർജിക്കൽ ഓപ്പറേഷനുകൾ വേണ്ടി വരാം. എന്നാൽ പോലും പരാജയപ്പെടാനോ പിന്നെയും വ്രണങ്ങൾ വരാനോ ഉള്ള സാധ്യതയുണ്ട്. കംപ്രഷൻ സ്റ്റോക്കിങ്സ് തുടക്കത്തിലേ ഉപയോഗിക്കുന്നത് വഴി സങ്കീർണതകൾ ഒരു പരിധി വരെ തടയാൻ സാധിക്കും.

Dr. Jibin K Thomas 
MBBS, MS (Gen Surgery), FIAGES, FMAS, DIP (MAS), FALS
Consultant – General & Laparoscopic Surgery
Mar Sleeva Medicity Palai