എന്താണ് പഠനവൈകല്യം?

പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നോക്കാവസ്ഥയിലാകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവെലപ്‌മെന്റൽ ഡിസോഡർ സ്ഥിതിയാണ് പഠനവൈകല്യം. സാമാന്യമോ അതിലധികമോ ബുദ്ധിയുള്ള കുട്ടികളിൽ, എഴുതുന്നതിനോ വായിക്കുന്നതിനോ കണക്കു കൂട്ടലുകൾ നടത്തുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെടും വിധം തലച്ചോറിന്റെ പ്രവർത്തനത്തിലോ ഘടനയിലോ നാഡീ വ്യവസ്ഥയിലോ വ്യത്യാസങ്ങൾ കാണപ്പെടുന്നതാണ് ഇതിന്റെ കാരണം.

പഠനവൈകല്യം എപ്പോൾ തിരിച്ചറിയാം?
പ്രീ സ്കൂൾ കാലഘട്ടത്തിലോ സ്‌കൂൾ ജീവിതത്തിന്റെ ആദ്യ പടിയിലോ അക്ഷരങ്ങളോടും അക്കങ്ങളോടും കുട്ടികൾ കാണിക്കുന്ന പ്രത്യേക സമീപനം, കൃത്യമായി എഴുതാൻ സാധിക്കാതെ അക്ഷരങ്ങൾ തിരിച്ചെഴുതുക, അക്ഷരങ്ങൾ വിട്ടു പോകുക, പലതവണ പഠിച്ച അക്ഷരങ്ങളോ വാക്കുകളോ വായിക്കാൻ സാധിക്കാതെ വരിക എന്നിവ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ശ്രദ്ധയിൽപ്പെട്ടേക്കാം. എന്നാൽ പഠനത്തിൽ അനുഭവപ്പെടുന്ന ഈ ബുദ്ധിമുട്ട് പഠനവൈകല്യം ആണെന്നു നിർണ്ണയിക്കാൻ കുട്ടികളിലെ ബുദ്ധിശക്‌തി വ്യക്തമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 6 വയസ്സ് മുതൽ 9 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ഇത് നിര്ണയിക്കേണ്ടത്.

പഠനത്തിലെ പിന്നോക്കാവസ്ഥകളെല്ലാം ലേണിങ് ഡിസെബിലിറ്റി അല്ലെങ്കിൽ പഠനവൈകല്യം ആണോ?

അല്ല. കുട്ടികൾ പഠനത്തിൽ പിന്നോട്ട് പോകാനും വിജയം കൈവരിക്കാൻ സാധിക്കാത്തതിനും പല കാരണങ്ങൾ ഉണ്ട്.
ഇതിൽത്തന്നെ ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോഡർ പോലുള്ള എ ഡി എച്ച് ഡി (ADHD), ഓട്ടിസം, മറ്റു പെരുമാറ്റ വൈകല്യങ്ങൾ, ഭാഷാവൈകല്യം, കുട്ടികളിൽ കാണുന്ന OCD, ഉത്കണ്ഠ, വിഷാദ രോഗം, ഭാഷയെ പ്രകടിപ്പിക്കുവാനോ മനസ്സിലാക്കുവാനോ ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിൽ തലച്ചോറിന്റെ ഘടനയിലോ പ്രവർത്തനത്തിന്റെ ഉള്ള വ്യതിയാനങ്ങൾ എന്നിവയെല്ലാം പഠനത്തിലെ പിന്നോക്കാവസ്ഥക്ക് കാരണമായേക്കാം. കാഴ്ചക്കുറവ്, കേൾവിക്കുറവ്, മോട്ടോർ ഡിസെബിലിറ്റി എന്നിങ്ങനെയുള്ള ശാരീരിക ന്യുനതകളും മറ്റു സാമൂഹിക കാരണങ്ങളും പഠനത്തെ പിന്നോട്ട് കൊണ്ടുപോയേക്കാം.

പഠനവൈകല്യം എങ്ങനെ തിരിച്ചറിയാം?

ആദ്യം തന്നെ ഒരു ശിശുരോഗവിദഗ്ദ്ധനുമായി കൺസൾട്ട് ചെയ്ത് കുട്ടിയുടെ ശാരീരിക ആരോഗ്യ നിലവാരം വിലയിരുത്തണം. പിന്നീട് മാനസികാരോഗ്യ നിലവാര പരിശോധനയും തുടർന്ന് ബുദ്ധിനിലവാരവും വിശദമായ പരിശോധനയിലൂടെ നടത്തുവാൻ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടണം. അവർ തന്നെ കുട്ടിയുടെ പഠനവൈകല്യത്തിന്റെ പ്രത്യേകതകളും കൃത്യമായ അവസ്ഥയും വിശദമായ മനഃശാസ്ത്ര വിശകലനങ്ങളും പരിശോധനയും (ടെസ്റ്റിംഗും അസ്സസ്മെന്റും) നടത്തി നിര്ണയിക്കുന്നതാണ്.

നമ്മുടെ നാട്ടിൽ സംഭവിക്കുന്നതെന്ത്?

ചെറുപ്രായത്തിൽ തന്നെ പഠനവൈകല്യം തിരിച്ചറിയാൻ മാതാപിതാക്കൾക്കോ അധ്യാപകർക്കോ സാധിക്കാത്തതിനാൽ വിദഗ്ദ്ധമായ പരിശോധനയും വിലയിരുത്തലുകളും നടക്കുന്നില്ല. പത്താം ക്ലാസ്സിലോ പ്ലസ് ടു അവസാന പരീക്ഷക്കോ മുൻപ് പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകി ആരുടെയെങ്കിലും സഹായത്തോടെ പരീക്ഷ എഴുതിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലെ ഒരു വര്ഷം കേരളത്തിൽ 20000 – 25000 കുട്ടികളാണ് ഇത്തരത്തിൽ പരീക്ഷ എഴുതുന്നത്. 14 -15 വയസ്സിൽ ഇത്തരം അവസ്ഥ മനസ്സിലാക്കിയാൽ തന്നെ വിദഗ്ദ്ധമായ സമീപനം നൽകി ഉന്നത പഠനത്തിന് ഈ കുഞ്ഞുങ്ങളെ ഒരുക്കാൻ സാധിക്കുകയില്ല. മാത്രമല്ല, പെട്ടന്ന് കുറഞ്ഞ സമയത്തിനുള്ളിൽ നടത്തുന്ന പരിശോധനകൾ പലപ്പോഴും കുട്ടിയുടെ മറ്റു പ്രത്യേക അവസ്ഥകളും, എന്തുതരം ലേണിങ് ഡിസെബിലിറ്റി ആണെന്നും മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരുകയില്ല.

പഠനവൈകല്യം എങ്ങനെ പരിഹരിക്കാം?
 
പഠനവൈകല്യവും അതിന്റെ പ്രത്യേകതരവും അവസ്ഥയും മനസ്സിലാക്കിയാൽ ഉടൻ തന്നെ, അതായത് 6 വയസ്സാകുമ്പോൾ തന്നെ പരിഹാരമാർഗങ്ങൾ സ്വീകരിക്കാൻ തുടങ്ങുന്നതാണ് ഉചിതം. ഓരോ കുട്ടിയുടെയും ഇന്റെർവെൻഷൻ പ്രോഗ്രാം പ്രത്യേകമാണ്. പൊതുവായ ചില മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ പോലും ഇത് ചിട്ടയായി ക്രമീകരിക്കാൻ, പരിശോധന നടത്തുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതാണ് നല്ലത്. തുടർന്ന് വൈകാരികമായോ പെരുമാറ്റപരമായോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുവെങ്കിൽ അവ പരിഹരിക്കണം. വ്യക്തിപരമായി രൂപകൽപന ചെയ്ത (Individual education programme) പരിശീലനം നടത്താൻ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററിന്റെ സഹായം തേടാം. പരിഹാര അധ്യാപനം (Remedial teaching), ബ്രിഡ്ജ് ലേണിങ് പ്രോഗ്രാം, സോഷ്യൽ സ്കിൽ ഡെവലപ്മെന്റ് ഇവയോടൊപ്പം മാതാപിതാക്കൾക്കുള്ള കൗൺസിലിങ്ങും നൽകേണ്ടതാണ്. മാതാപിതാക്കളിൽ ഒരാൾ എങ്കിലും വിദഗ്ദ്ധരുടെ ടീമിനൊപ്പം കുട്ടിയുടെ പഠനകാര്യങ്ങളിലും വളർച്ചാഘട്ടത്തിലും കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്.

അന്തർ ദേശീയ തലത്തിൽ റെസ്പോൺസ് റ്റു ഇന്റെർവെൻഷൻ എന്ന പ്രത്യേക പരിശീലനപദ്ധതിയാണ് ഈ കുട്ടികൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഠനത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഓരോ കുട്ടിക്കും വേണ്ടി തയ്യാറാക്കിയ ത്രീ ടയർ അല്ലെങ്കിൽ മൾട്ടി ടയർ പദ്ധതി വഴി സ്‌കൂളും മാതാപിതാക്കളും ഇന്റെർവെൻഷൻ ടീമും ഇതിൽ പങ്കു ചേരുന്നു. ഓരോ വർഷവും കൃത്യമായ കാലാവധിയിൽ പുരോഗതികൾ വിലയിരുത്തി കുട്ടികളുടെ പ്രത്യേകസിദ്ധികളും അഭിരുചികളും മനസ്സിലാക്കി, വളർച്ചയുടെ വിവിധഘട്ടങ്ങളിൽ അവരെ  ഉയർത്തിക്കൊണ്ടുവരുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന വിധത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഭാഗമാകുന്ന കുട്ടികൾക്ക് ആവശ്യമെങ്കിൽ പരീക്ഷാസമയത്ത് സഹായം തേടാം. എങ്കിലും അവരുടെ ആത്മാഭിമാനം, ആശയവിനിമയ ശേഷി, സാഹചര്യങ്ങളെ നേരിടുന്ന വിധം, ജീവിതനൈപുണ്യം തുടങ്ങിയവയെല്ലാം മികവ് പുലർത്തുന്നതായിരിക്കും.

പഠനവൈകല്യമുള്ള കുട്ടികൾ സാധാരണകുട്ടികളെപ്പോലെയോ ചിലപ്പോൾ അതിലധികമോ ബുദ്ധിനിലവാരം പുലർത്തുന്നതിനാൽ യഥാവിധി ഇവർക്ക് പരിശീലനം നൽകിയാൽ ജീവിതവിജയം കൈവരിക്കുക തന്നെ ചെയ്യും എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.

Sr. Julie Elizebath
M.Sc (Clinical Psychology), M. Phil (Clinical Psychology)
Clinical Psychologist
Mar Sleeva Medicity Palai.