നമ്മുടെ പല്ലുകളും അനുബന്ധ ഭാഗങ്ങളും ആരോഗ്യത്തോടെയിരിക്കാൻ ദന്തപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിനായി ദിവസേന രണ്ടുനേരം പല്ലു തേയ്ക്കുന്നതും അതോടൊപ്പം കൃത്യമായ ഇടവേളകളിലുള്ള ദന്തപരിശോധനയും അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും ദന്ത ആരോഗ്യം എന്ന് പറയുന്നത് പോടുള്ള പല്ലുകൾക്കും മോണരോഗത്തിനും അപ്പുറമാണ്. ദന്താരോഗ്യവും അതുപോലെ ശരീരത്തിൻറെ പരിപൂർണ്ണമായ ആരോഗ്യവും പരസ്പരപൂരകങ്ങളായി നിലകൊള്ളുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ശരിയായ ചികിത്സ തക്കസമയത്ത് ഒഴിവാക്കുന്നത്, വേദനക്കും ക്രമേണ പല്ലുകൾ എടുത്തു കളയേണ്ടി വരുന്ന സാഹചര്യത്തിലേക്കും നയിക്കാം. ഇത് നമ്മുടെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചു എന്ന് വരാം. കൃത്യമായ ദന്തസംരക്ഷണത്തിനു അത്യന്താപേക്ഷിതമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

 • ദിവസവും രണ്ടുനേരം ബ്രഷ് ചെയ്യുക. ഇന്ന് നമ്മുടെ മാർക്കറ്റിൽ വിവിധതരം ടൂത്ത് ബ്രഷുകൾ ലഭ്യമാണ്. ഹാർഡ് / മീഡിയം / സോഫ്റ്റ് /അൾട്രാ സോഫ്റ്റ് എന്നിങ്ങനെ പല വിഭാഗത്തിൽ ഉൾപ്പെടുന്ന ബ്രഷുകൾ അതിനുദാഹരണങ്ങളാണ്. ഹാർഡ് ബ്രഷ് ഉപയോഗിച്ച് ശക്തിയായി പല്ലുതേക്കുന്നതു മൂലം ഇനാമലിനു (Enamel) തേയ്മാനം സംഭവിക്കാം. അതിനാൽ സോഫ്റ്റ് അല്ലെങ്കിൽ മീഡിയം ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക. മുകളിലെ നിരയിലെ പല്ലുകൾ മോണയിൽ നിന്ന് താഴ്ഭാഗത്തേക്കും, താഴത്തെ നിലയിലെ പല്ലുകൾ മോണയിൽനിന്ന് മുകളിലേക്കും എന്നവണ്ണം ബ്രഷ് ചെയ്യുക. ബ്രഷ് ചെയ്യുമ്പോൾ പല്ലുകൾ മുന്നോട്ടും പിന്നോട്ടും (Back and forth motion) തേക്കുന്നത് ശീലമാക്കരുത്. ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക ഫിംഗർ ബ്രഷുകളും ഇപ്പോൾ ലഭ്യമാണ്.
 • പല്ലുകളുടെ ഇടയിൽ വൃത്തിയാക്കുന്നതിനായി ഡെന്റൽ ഫ്ളോസ് (Dental Floss), ഇന്റർഡെന്റൽ ബ്രഷ് ((interdental brush) എന്നിവ ഉപയോഗിക്കുക.
 • ബ്രഷ് ചെയ്തതിനുശേഷം മോണ നല്ലവണ്ണം തിരുമ്മുക.
 • ഫ്ലൂറൈഡ് (Fluoride) അടങ്ങിയ ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് എന്നിവ ഉപയോഗിക്കുന്നത് പല്ലിൽ പോടുകൾ വരുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കും.
 • ആഹാരത്തിലുള്ള ക്രമീകരണം. മധുരപലഹാരങ്ങൾ, പാനീയങ്ങൾ എന്നിവയിൽ നിയന്ത്രണം ചെലുത്തുക.
 • പുകവലി നിറുത്തുകയും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.

പോടുള്ള പല്ല്, മോണരോഗം എന്നിവപോലെ തന്നെ ആളുകളെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് വായ്നാറ്റം അഥവാ ഹാലിറ്റോസിസ് (Halitosis). വിവിധങ്ങളായ കാരണങ്ങൾ മൂലം വായനാറ്റം ഉണ്ടാകാം.

 • വായ തുറന്ന് വെച്ച് ഉറങ്ങുന്ന ശീലം ( Mouth breathing )
 • ശരിയായ ദന്തപരിപാലന നടക്കാത്ത അവസ്ഥ
 • പ്ലാക്ക് (Plaque) അടിഞ്ഞുകൂടുന്നത്
 • മോണപഴുപ്പ് (Pyorrhea)
 • പോടുള്ള പല്ല്
 • പകുതി പുറത്തുവന്ന പല്ല് (Impacted wisdom tooth)
 • വായ്പുണ്ണ്
 • ഉണങ്ങി വരണ്ട വായ് (Dry mouth)
 • ശരിയായി വൃത്തിയായി സൂക്ഷിക്കാത്ത കൃത്രിമ ദന്തം
 • ഭക്ഷണരീതി (ഉള്ളി, വെളുത്തുള്ളി എന്നിവയുടെ അമിത ഉപയോഗം)
 • പുകവലിയും മദ്യപാനവും
 • വായിലെ അർബുദം
 • നാവിൽ ഉള്ള പൂപ്പൽബാധ (candidiasis)
 • ചില മരുന്നുകളുടെ ഉപയോഗം
 • ടോൺസിലൈറ്റിസ്, പ്രമേഹം, വൃക്ക, കരൾ ഉദര ശ്വാസകോശ രോഗങ്ങൾ

കൃത്യമായ ദന്തപരിശോധനയും സ്കെയിലിങ് (Scaling) അഥവാ ക്ലീനിങ്, മൗത്ത് വാഷ്, നാവ് വൃത്തിയാക്കൽ (ബ്രഷിന്റെ പുറക് ഭാഗം ഉപയോഗിച്ച്) എന്നിവ ചെയ്യുന്നതിലൂടെ നമ്മുക്ക് ഒരു പരിധി വരെ ഇത് തടയാം. 90% വ്യക്തികളിലും ദന്താരോഗ്യം വീണ്ടെടുത്താൽ വായ്നാറ്റം ഒഴിവാക്കാൻ പറ്റും. ബാക്കിയുള്ള രോഗികൾ വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്.

Dr. Assir P S
BDS
Consultant – Dept. of Dental, Oral & Maxillofacial Surgery
Mar Sleeva Medicity Palai.