മാർച്ച് 24 -1882 ഈ ദിവസമാണ് റോബർട്ട് കോച്ച് എന്ന ശാസ്ത്രജ്ഞൻ, കാലങ്ങളായി ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഒരു സൂക്ഷ്മാണുവിനെ കണ്ടെത്തിയെന്ന് ലോകത്തിനു മുൻപിൽ പ്രഖ്യാപിച്ചത്. മൈക്രോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ആയിരുന്നു ഈ കൊച്ചു ഭീകരൻ. മനുഷ്യൻ ഉത്ഭവകാലം മുതൽ തന്നെ അവനോട് കൂടെയുള്ള ആ രോഗബാധയായിരുന്നു ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ്. ഇന്നും ഏറ്റവും കൂടുതൽ മരണകാരണമാകുന്ന അണുബാധയാണ് ക്ഷയരോഗം. ഓരോ ദിവസവും ഏകദേശം നാലായിരത്തോളം ആളുകൾ ക്ഷയരോഗം മൂലം മരിക്കുന്നു. ഏകദേശം 28,000 ആളുകൾ രോഗബാധിതർ ആവുകയും ചെയ്യുന്നു. 2019-ൽ ഒരു കോടി ആളുകൾക്ക് ലോകത്താകമാനം ക്ഷയരോഗബാധയുണ്ടായി, ഇതിൽ ഒരു പതിനാലുലക്ഷത്തോളം ആളുകൾ മരണപ്പെട്ടു. ലോകതകമാനമുള്ള രോഗബാധിതരിൽ അഞ്ചിലൊന്നും ഇന്ത്യയിലാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ബാക്റ്റീരിയക്കെതിരെയുള്ള പോരാട്ടത്തിൽ നാം എത്രമാത്രം ശക്തരാകേണ്ടതുണ്ട് എന്ന് മനസ്സിലാക്കേണ്ടത്.

2025 -ഓടെ ക്ഷയരോഗം ഇന്ത്യയിൽ നിന്നും നിർമാർജനം ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് NTEP (National TB Elimination Programme) ആവിർഭവിക്കപ്പെട്ടത്. 2019 ലും ഇന്ത്യയിൽ ഏകദേശം 26.9 ലക്ഷം പുതിയ ക്ഷയരോഗബാധിതർ ഉണ്ടായി. ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കാനാണ് മാർച്ച് 24 ക്ഷയരോഗ ബോധവൽക്കരണദിനമായി ആചരിക്കപ്പെടുന്നത്.

‘The clock is ticking’ അഥവാ ‘നമ്മുക്കുള്ള സമയം പരിമിതമാണ്’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് അധികം സമയമില്ല. എത്രയും പെട്ടെന്ന് ഈ സൂക്ഷ്മാണുവിൽ നിന്നും ലോകത്തെ രക്ഷിച്ചു മതിയാകൂ. മാർച്ച് 2020 മുതൽ ഇന്ന് വരെ കോവിഡ്-19 പകർച്ചവ്യാധി, വായുവിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനത്തിലും ചികിത്സയിലും പ്രതിരോധത്തിലും ഒട്ടേറെ കാര്യങ്ങൾ നമ്മെ പഠിപ്പിച്ചു. ക്ഷയരോഗവും കോവിഡ് പോലെ പ്രധാനമായും വായുവിലൂടെയാണ് പകരുന്നത്. സ്വയം സുരക്ഷാമാർഗ്ഗങ്ങളായ മാസ്കിന്റെ ഉപയോഗവും ശാരീരിക അകലം പാലിക്കലുമെല്ലാം ഈ അണുബാധകൾ തടയാൻ സഹായിക്കുന്നു.

രോഗപ്രതിരോധം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് തുടക്കത്തിലെയുള്ള രോഗനിർണ്ണയം. തുടക്കത്തിൽതന്നെ നിർണ്ണയിച്ച് എത്രയും വേഗം ചികിത്സ ആരംഭിക്കുന്നത് വഴി മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ നമുക്ക് സാധിക്കും. ‘കോൺടാക്ട് ട്രേസിങ്’ അഥവാ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കൃത്യമായി മനസ്സിലാക്കുന്നത് വഴി കോവിഡ്-19 പ്രതിരോധിക്കുന്നതുപോലെ തന്നെ ക്ഷയരോഗവും പ്രതിരോധിക്കാം.

രോഗിയുടെ ശ്വാസകോശത്തിൽ നിന്ന് ചുമക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കലരുന്ന ബാക്ടീരിയ ആരോഗ്യമുള്ള മറ്റൊരു വ്യക്തിയുടെ ശ്വാസകോശത്തിലെത്തുകയും രോഗ കാരണമാവുകയും ചെയ്യാം. എന്നാൽ കോവിഡ്- 19 എന്ന വൈറസ് പെട്ടെന്ന് തന്നെ മറ്റൊരാളിൽ രോഗം പകർത്തുന്നുവെങ്കിൽ ക്ഷയരോഗാണു കൂടുതൽ സമയം, ആഴ്ചകളോ മാസങ്ങളോ, ഒരാളുടെ ശ്വാസകോശത്തിൽ തങ്ങിയതിനുശേഷം നമ്മുടെ രോഗപ്രതിരോധവ്യവസ്ഥയ്ക്ക് ഈ ബാക്ടീരിയ നശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ മാത്രമേ രോഗകാരണമാകുകയുള്ളു. ഈ കാലയളവിൽ (ലാറ്റെന്റ് പീരീഡ്) രോഗവാഹകരായിരിക്കുകയും എന്നാൽ രോഗിയല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് ലാറ്റെന്റ് ടിബി ഇൻഫെക്ഷൻ (Latent TB Infection) എന്ന് പറയും. ആധുനിക പരിശോധനകൾ വഴിയായി ഇന്ന് ഈ അവസ്ഥ കണ്ടെത്താവുന്നതും തുടർചികിത്സകൾ ചെയ്യാവുന്നതുമാണ്. ഇതും രോഗനിയന്ത്രണത്തിന് സഹായിക്കും.

തലച്ചോറ് മുതൽ ത്വക്ക് വരെ ശരീരത്തിലെ ഏത് അവയവത്തെയും ബാധിക്കാമെങ്കിലും ക്ഷയരോഗം ഏറ്റവും കൂടുതലായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. രോഗവ്യാപനം ഉണ്ടാകുന്നതും ശ്വാസകോശ രോഗികളിൽ നിന്നാണ്. അതുകൊണ്ടുതന്നെ രണ്ടാഴ്ചയായി നിൽക്കുന്ന ചുമ, പനി, അമിതമായ ക്ഷീണം, ശ്വാസതടസ്സം, കഫത്തിൽ രക്തം കാണുക, തൂക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതും ഏറ്റവും ലളിതമായി പരിശോധനകൾ (കഫ പരിശോധന, എക്സ്- റേ) വഴി തന്നെ രോഗനിർണ്ണയം നടത്തേണ്ടതും ആവശ്യമാണ്.

കോവിഡ് തുടങ്ങിയ മറ്റു ശ്വാസകോശ അണുബാധകളിലും ഈ ലക്ഷണങ്ങൾ കാണാം. കോവിഡ്-19 വ്യാപനം തുടങ്ങിയ 2020 ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ ക്ഷയരോഗനിർണയത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിലേറെ കുറവ് വന്നു. ലോക്ഡോൺ നിയന്ത്രണങ്ങളും കോവിഡ്-19 ന്റെ ഭയവും കാരണം ധാരാളം രോഗികൾ കൃത്യമായി പരിശോധനകൾ നടത്താത്തതാണ് ഇതിൻറെ പ്രധാന കാരണം. ഇത് രോഗവ്യാപനത്തിന് കാരണമായേക്കാം എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. ക്ഷയരോഗനിർമ്മാർജ്ജനത്തിനായുള്ള രാഷ്ട്രത്തിന്റെ ശ്രമങ്ങളെ ഇത് ദുർബലമാക്കാം.

ക്ഷയരോഗത്തെ ഈ ലോകത്തിൽ നിന്ന് പൂർണമായും നിർമാർജനം ചെയ്യാൻ നമുക്ക് മുന്നിൽ വളരെ കുറച്ചു സമയം മാത്രമേ ഉള്ളൂ. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അജ്ഞതയും അവജ്ഞയും മാറ്റിവെച്ച് തുറന്ന് സംസാരിക്കാനും, രോഗലക്ഷണങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ആരംഭിക്കാനും, മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുവാനും ഇതാണ് ശരിയായ സമയം. കോവിഡ്-19 പഠിപ്പിച്ച പാഠങ്ങൾ ഈ പോരാട്ടത്തിൽ നമ്മെ മുന്നോട്ടു നയിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Dr. Jaisy Thomas
MBBS, MD(Pulmonary Medicine), DTCD
Senior Consultant – Dept. of Pulmonary & Critical Care Medicine
Mar Sleeva Medicity Palai