പ്ലാസ്റ്റിക് സർജറി രംഗത്ത് വളരെയധികം മുന്നേറ്റമുണ്ടായിട്ടും പൊതുജനങ്ങൾക്കിടയിൽ ഈ വിഭാഗത്തെക്കുറിച്ച പരിമിതമായ ധാരണയാണുള്ളത്. സൗന്ദര്യവർധക ശസ്ത്രക്രിയകളും പുനർനിർമാണ ശസ്ത്രക്രിയകളും ഉൾപ്പെടുന്നതാണ് പ്ലാസ്റ്റിക് സർജറി വിഭാഗം. പരിക്ക്, അർബുദരോഗം, പൊള്ളൽ, ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ എന്നീ അവസ്ഥകളിൽ രോഗിയുടെ ശരീരഭാഗങ്ങൾ പുനർനിർമ്മിക്കുന്ന ശാസ്ത്രക്രിയകളാണ് പുനർനിർമാണ ശസ്ത്രക്രിയകൾ അഥവാ റീകൺസ്ട്രക്റ്റീവ് സർജറികൾ. സൗന്ദര്യവും ശാരീരികരൂപവും വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് സൗന്ദര്യവർധക ശസ്ത്രക്രിയ അല്ലെങ്കിൽ കോസ്‌മെറ്റിസ്‌ സർജറികൾക്കുള്ളത്.

ഏറ്റവും കൂടുതൽ നടക്കുന്ന ചില കോസ്മെറ്റിക് സർജറികൾ ഏതൊക്കെയാണെന്ന് നോക്കാം.

  1. ലൈപോസക്ഷൻ (Liposuction)

ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടുക എന്നത്. വ്യായാമവും ഭക്ഷണ ക്രമീകരണവും വഴി കുറയാത്ത അനാവശ്യ കൊഴുപ്പിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന രീതിയാണ് ലൈപ്പോസക്ഷൻ. സാധാരണ കൊഴുപ്പ് കൂടുതലായി കാണപ്പെടുന്ന വയർ, അരക്കെട്ട്, തുടകൾ, ബട്ടക്സ്, കൈകൾ, കഴുത്ത് എന്നിവിടങ്ങളിലെ കൊഴുപ്പ് നീക്കം ചെയ്ത് ആ ഭാഗം നമ്മൾ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് എത്തിക്കുവാൻ ലൈപോസക്ഷൻ കൊണ്ട് കഴിയുന്നു. ശരീരത്തിൽ വലിയ മുറിപ്പാടുകൾ ഒന്നും ഉണ്ടാക്കാതെ ചെറിയ മെറ്റൽ ട്യൂബുകൾ ഉപയോഗിച്ച് പുറത്തു കാണാത്ത ഭാഗങ്ങളിലൂടെ കൊഴുപ്പ് വലിച്ചെടുക്കുക ആണ് ഇതിൽ ചെയ്യുന്നത്. ശരീരത്തിൽ ഒരുപാട് അനാവശ്യ കൊഴുപ്പ് ഉള്ള, ഒരു ഹെൽത്തി ബാലൻസ്ഡ് ശരീര ഭാരം നിലനിർത്തുന്ന ഏതൊരാൾക്കും ലൈപോസക്ഷൻ ചെയ്യാവുന്നതാണ്.

  • ടമ്മി ടക്ക് / അബ്ഡോ മിനോപ്ലാസ്റ്റി (Tummy Tuck / Abdominoplasty)

വയറിന്റെ അടിഭാഗത്തുള്ള അമിത കൊഴുപ്പ്, തൂങ്ങിയ ചർമ്മം, സ്ട്രെച്ച് മാർക്സ് എന്നിവ നീക്കം ചെയ്ത് വയറിനെ കൂടുതൽ ഷേപ്പ് ഉള്ള,ഭംഗിയുള്ള രൂപത്തിലേക്ക് മാറ്റുന്ന ഒരു സർജിക്കൽ പ്രോസീജർ ആണ് ഇത്. ഈ പ്രോസീജറിൽ വയറിന്റെ അടിയിലെ തൂങ്ങിയ ചർമ്മം നീക്കം ചെയ്ത്, ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ട മസിലുകൾ ടൈറ്റ് ആക്കി, ലൈപ്പോസ്ക്ഷൻ വഴി അധികമുള്ള കൊഴുപ്പ് വലിച്ചെടുത്തു ഒതുങ്ങിയ അപ്പിയറൻസ് കൊടുക്കുകയാണ് ചെയ്യുന്നത്. പൊക്കിളിനു ചുറ്റും, താഴെയും അമിത കൊഴുപ്പോ, ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ട് തൂങ്ങിയ ചർമ്മമോ ഉള്ള ഏതൊരാൾക്കും ടമ്മി ടക്ക് പരിഗണിക്കാവുന്നതാണ്. നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഒരു അളവ് വരെ ഇതു സഹായിക്കും.

  • റൈനൊപ്ലാസ്റ്റി (Rhinoplasty)

 മുഖ സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകം ആണ് നമ്മുടെ മൂക്ക്. മൂക്കിന്റെ ആകൃതിയിൽ വ്യത്യാസങ്ങൾ വരുത്തി മനോഹരമാക്കുന്നതിനും ശ്വാസ തടസത്തിനുള്ള പരിഹാരമായും ഉള്ള കോസ്മെറ്റിക് സർജിക്കൽ പ്രോസീജർ ആണ് റൈനൊപ്ലാസ്സ്റ്റി. മൂക്കിന്റെ ഘടനയിൽ ഏറ്റവും പുറംഭാഗത്തു അസ്ഥികളും, അതിന്റെ താഴെ തരുണാസ്ഥിയും (cartilage) ആണ് ഉള്ളത്. റൈനൊപ്ലാസ്റ്റി വഴി മൂക്കിലെ അസ്ഥികളുടെയും തരുണാസ്ഥിയുടെയും അവിടെയുള്ള ചർമ്മത്തിന്റെയും ഘടനയിലും ആകൃതിയിലും മാറ്റം വരുത്താവുന്നതാണ്. ഒരു കോസ്മെറ്റിക് സർജനുമായി കൺസൾട് ചെയ്ത് റൈനൊപ്ലാസ്സ്റ്റി വഴി നിങ്ങൾക്ക് അഭികാമ്യമായ ഫലം ലഭിക്കുന്നത് സാധ്യമാണോ എന്ന് ആദ്യം മനസിലാക്കുക. അദ്ദേഹം ശസ്ത്രക്രിയക്കു മുൻപേ തന്നെ നിങ്ങളുടെ മുഖത്തിന്‍റെ ആകൃതി, ഘടന, നിങ്ങളുടെ മൂക്കിലുള്ള ചർമ്മം, എന്ത് മാറ്റമാണ് ഈ സർജറി കൊണ്ട് നിങ്ങള്ക്ക് വേണ്ടത് എന്നിവയെല്ലാം മനസ്സിലാക്കി നിങ്ങൾക്ക് ചേരുന്ന ഒരു പ്ലാൻ തയ്യാറാക്കി തരുന്നതായിരിക്കും.

  • ആം ലിഫ്റ്റ് / ബ്രക്കിയോപ്ലാസ്റ്റി (Arm lift / Brachioplasty)

കൈകളുടെ അടിഭാഗത്തു അടിഞ്ഞ് കൂടിയിരിക്കുന്ന അമിതമായ കൊഴുപ്പിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള വണ്ണത്തിലേക്ക് കൈകളെ രൂപമാറ്റം ചെയ്യുകയാണ് ഈ കോസ്മെറ്റിക് പ്രൊസീജറിൽ ചെയ്യുന്നത്. കൈമുട്ടുകളുടെയും കക്ഷത്തിന്റെയും ഇടയിൽ ഉള്ള അമിത കൊഴുപ്പും തൂങ്ങിയ ചർമ്മവും നീക്കം ചെയ്ത് കൈകൾക്ക് ഒതുങ്ങിയ രൂപം കൊടുത്തു നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുവാൻ ഇത് സഹായിക്കുന്നു.

  • ഗൈനക്കോമാസ്റ്റിയ (Gynecomastia)

പുരുഷന്മാരിലുണ്ടാകുന്ന സ്തനവളർച്ചയാണ് ഗൈനെക്കോമാസ്റ്റിയ. സ്തനപ്രദേശത്തെ കൊഴുപ്പാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ചുറ്റും ഉള്ള ഈ കൊഴുപ്പ് ലൈപ്പോസക്ഷൻ ചെയ്തു എടുക്കുക എന്നതാണ് ആദ്യ പടി. തീരെ ചെറിയ ദ്വാരങ്ങളിലൂടെ ഇത് ചെയ്യാവുന്നതേ ഉള്ളു. നിപ്പിളിന്റെ ചുറ്റും ഉള്ള ബ്രൗൺ ഏരിയോളയും സാധാരണ തൊലിയും തമ്മിലുള്ള വരയിലൂടെ ചെറിയ മുറിവുണ്ടാക്കി കൊഴുപ്പ് എടുക്കാം. ഇവ ഷർട്ട് ഊരിയാലും മുറിവിന്റെ പാടുകൾ കാണാത്ത രീതിയിൽ തീരെ ചെറുതായിരിക്കും. ഇത്തരം പ്രശ്നം നേരിടുന്ന പുരുഷന്മാരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായകരമായ ഒരു ചികിത്സാരീതിയാണിത്.