Loading

" That they may have life and have it abundantly "
(John 10:10)

Asides

19 posts

ശരീരസൗന്ദര്യം വർധിപ്പിക്കാൻ കോസ്മെറ്റിക് സർജറികൾ

Posted on

പ്ലാസ്റ്റിക് സർജറി രംഗത്ത് വളരെയധികം മുന്നേറ്റമുണ്ടായിട്ടും പൊതുജനങ്ങൾക്കിടയിൽ ഈ വിഭാഗത്തെക്കുറിച്ച പരിമിതമായ ധാരണയാണുള്ളത്. സൗന്ദര്യവർധക ശസ്ത്രക്രിയകളും പുനർനിർമാണ ശസ്ത്രക്രിയകളും ഉൾപ്പെടുന്നതാണ് പ്ലാസ്റ്റിക് സർജറി വിഭാഗം. പരിക്ക്, അർബുദരോഗം, പൊള്ളൽ, ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ എന്നീ അവസ്ഥകളിൽ രോഗിയുടെ ശരീരഭാഗങ്ങൾ പുനർനിർമ്മിക്കുന്ന ശാസ്ത്രക്രിയകളാണ് പുനർനിർമാണ ശസ്ത്രക്രിയകൾ അഥവാ റീകൺസ്ട്രക്റ്റീവ് സർജറികൾ. സൗന്ദര്യവും ശാരീരികരൂപവും വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് സൗന്ദര്യവർധക ശസ്ത്രക്രിയ അല്ലെങ്കിൽ കോസ്‌മെറ്റിസ്‌ സർജറികൾക്കുള്ളത്.

ഏറ്റവും കൂടുതൽ നടക്കുന്ന ചില കോസ്മെറ്റിക് സർജറികൾ ഏതൊക്കെയാണെന്ന് നോക്കാം.

 1. ലൈപോസക്ഷൻ (Liposuction)

ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടുക എന്നത്. വ്യായാമവും ഭക്ഷണ ക്രമീകരണവും വഴി കുറയാത്ത അനാവശ്യ കൊഴുപ്പിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന രീതിയാണ് ലൈപ്പോസക്ഷൻ. സാധാരണ കൊഴുപ്പ് കൂടുതലായി കാണപ്പെടുന്ന വയർ, അരക്കെട്ട്, തുടകൾ, ബട്ടക്സ്, കൈകൾ, കഴുത്ത് എന്നിവിടങ്ങളിലെ കൊഴുപ്പ് നീക്കം ചെയ്ത് ആ ഭാഗം നമ്മൾ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് എത്തിക്കുവാൻ ലൈപോസക്ഷൻ കൊണ്ട് കഴിയുന്നു. ശരീരത്തിൽ വലിയ മുറിപ്പാടുകൾ ഒന്നും ഉണ്ടാക്കാതെ ചെറിയ മെറ്റൽ ട്യൂബുകൾ ഉപയോഗിച്ച് പുറത്തു കാണാത്ത ഭാഗങ്ങളിലൂടെ കൊഴുപ്പ് വലിച്ചെടുക്കുക ആണ് ഇതിൽ ചെയ്യുന്നത്. ശരീരത്തിൽ ഒരുപാട് അനാവശ്യ കൊഴുപ്പ് ഉള്ള, ഒരു ഹെൽത്തി ബാലൻസ്ഡ് ശരീര ഭാരം നിലനിർത്തുന്ന ഏതൊരാൾക്കും ലൈപോസക്ഷൻ ചെയ്യാവുന്നതാണ്.

 • ടമ്മി ടക്ക് / അബ്ഡോ മിനോപ്ലാസ്റ്റി (Tummy Tuck / Abdominoplasty)

വയറിന്റെ അടിഭാഗത്തുള്ള അമിത കൊഴുപ്പ്, തൂങ്ങിയ ചർമ്മം, സ്ട്രെച്ച് മാർക്സ് എന്നിവ നീക്കം ചെയ്ത് വയറിനെ കൂടുതൽ ഷേപ്പ് ഉള്ള,ഭംഗിയുള്ള രൂപത്തിലേക്ക് മാറ്റുന്ന ഒരു സർജിക്കൽ പ്രോസീജർ ആണ് ഇത്. ഈ പ്രോസീജറിൽ വയറിന്റെ അടിയിലെ തൂങ്ങിയ ചർമ്മം നീക്കം ചെയ്ത്, ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ട മസിലുകൾ ടൈറ്റ് ആക്കി, ലൈപ്പോസ്ക്ഷൻ വഴി അധികമുള്ള കൊഴുപ്പ് വലിച്ചെടുത്തു ഒതുങ്ങിയ അപ്പിയറൻസ് കൊടുക്കുകയാണ് ചെയ്യുന്നത്. പൊക്കിളിനു ചുറ്റും, താഴെയും അമിത കൊഴുപ്പോ, ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ട് തൂങ്ങിയ ചർമ്മമോ ഉള്ള ഏതൊരാൾക്കും ടമ്മി ടക്ക് പരിഗണിക്കാവുന്നതാണ്. നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഒരു അളവ് വരെ ഇതു സഹായിക്കും.

 • റൈനൊപ്ലാസ്റ്റി (Rhinoplasty)

 മുഖ സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകം ആണ് നമ്മുടെ മൂക്ക്. മൂക്കിന്റെ ആകൃതിയിൽ വ്യത്യാസങ്ങൾ വരുത്തി മനോഹരമാക്കുന്നതിനും ശ്വാസ തടസത്തിനുള്ള പരിഹാരമായും ഉള്ള കോസ്മെറ്റിക് സർജിക്കൽ പ്രോസീജർ ആണ് റൈനൊപ്ലാസ്സ്റ്റി. മൂക്കിന്റെ ഘടനയിൽ ഏറ്റവും പുറംഭാഗത്തു അസ്ഥികളും, അതിന്റെ താഴെ തരുണാസ്ഥിയും (cartilage) ആണ് ഉള്ളത്. റൈനൊപ്ലാസ്റ്റി വഴി മൂക്കിലെ അസ്ഥികളുടെയും തരുണാസ്ഥിയുടെയും അവിടെയുള്ള ചർമ്മത്തിന്റെയും ഘടനയിലും ആകൃതിയിലും മാറ്റം വരുത്താവുന്നതാണ്. ഒരു കോസ്മെറ്റിക് സർജനുമായി കൺസൾട് ചെയ്ത് റൈനൊപ്ലാസ്സ്റ്റി വഴി നിങ്ങൾക്ക് അഭികാമ്യമായ ഫലം ലഭിക്കുന്നത് സാധ്യമാണോ എന്ന് ആദ്യം മനസിലാക്കുക. അദ്ദേഹം ശസ്ത്രക്രിയക്കു മുൻപേ തന്നെ നിങ്ങളുടെ മുഖത്തിന്‍റെ ആകൃതി, ഘടന, നിങ്ങളുടെ മൂക്കിലുള്ള ചർമ്മം, എന്ത് മാറ്റമാണ് ഈ സർജറി കൊണ്ട് നിങ്ങള്ക്ക് വേണ്ടത് എന്നിവയെല്ലാം മനസ്സിലാക്കി നിങ്ങൾക്ക് ചേരുന്ന ഒരു പ്ലാൻ തയ്യാറാക്കി തരുന്നതായിരിക്കും.

 • ആം ലിഫ്റ്റ് / ബ്രക്കിയോപ്ലാസ്റ്റി (Arm lift / Brachioplasty)

കൈകളുടെ അടിഭാഗത്തു അടിഞ്ഞ് കൂടിയിരിക്കുന്ന അമിതമായ കൊഴുപ്പിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള വണ്ണത്തിലേക്ക് കൈകളെ രൂപമാറ്റം ചെയ്യുകയാണ് ഈ കോസ്മെറ്റിക് പ്രൊസീജറിൽ ചെയ്യുന്നത്. കൈമുട്ടുകളുടെയും കക്ഷത്തിന്റെയും ഇടയിൽ ഉള്ള അമിത കൊഴുപ്പും തൂങ്ങിയ ചർമ്മവും നീക്കം ചെയ്ത് കൈകൾക്ക് ഒതുങ്ങിയ രൂപം കൊടുത്തു നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുവാൻ ഇത് സഹായിക്കുന്നു.

 • ഗൈനക്കോമാസ്റ്റിയ (Gynecomastia)

പുരുഷന്മാരിലുണ്ടാകുന്ന സ്തനവളർച്ചയാണ് ഗൈനെക്കോമാസ്റ്റിയ. സ്തനപ്രദേശത്തെ കൊഴുപ്പാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ചുറ്റും ഉള്ള ഈ കൊഴുപ്പ് ലൈപ്പോസക്ഷൻ ചെയ്തു എടുക്കുക എന്നതാണ് ആദ്യ പടി. തീരെ ചെറിയ ദ്വാരങ്ങളിലൂടെ ഇത് ചെയ്യാവുന്നതേ ഉള്ളു. നിപ്പിളിന്റെ ചുറ്റും ഉള്ള ബ്രൗൺ ഏരിയോളയും സാധാരണ തൊലിയും തമ്മിലുള്ള വരയിലൂടെ ചെറിയ മുറിവുണ്ടാക്കി കൊഴുപ്പ് എടുക്കാം. ഇവ ഷർട്ട് ഊരിയാലും മുറിവിന്റെ പാടുകൾ കാണാത്ത രീതിയിൽ തീരെ ചെറുതായിരിക്കും. ഇത്തരം പ്രശ്നം നേരിടുന്ന പുരുഷന്മാരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായകരമായ ഒരു ചികിത്സാരീതിയാണിത്.

ചലന വൈകല്യ പരിഹാര ചികിത്സ ആയുർവേദത്തിൽ

Posted on

നമ്മുടെ ചലങ്ങളിലെ പൂർണ്ണതയും സൗകുമാര്യവുമാണ് ജൈവ വൈവിധ്യങ്ങളിൽ വെച്ച് മനുഷ്യനെ ഉത്തമനാക്കുന്നത്. സ്ത്രീക്കും പുരുഷനും കുട്ടികൾക്കും വ്യത്യസ്തങ്ങളായ ചലന സൗകുമാര്യതയാണുള്ളത്. പുരുഷന്റെ അകാരാഗവുംഭീര്യവും സ്ഥൈര്യവും സ്ത്രീകളിലെ ലാസ്യഭംഗിയാർന്ന ഭാവാത്മക ചലനങ്ങളും കുട്ടികളിലെ കുട്ടിത്തം നിറഞ്ഞ കുസൃതി കലർന്ന ദ്രുത ചലനങ്ങളും നാം അനിവാര്യമായി കരുതാറുണ്ട്. ചലങ്ങളിലെ ഭംഗിയും ദൃഢതയും കുറെയേറെ പാരമ്പര്യമായി ലഭിക്കുമെങ്കിലും അവയിലെ പോരായ്മകൾ വ്യായാമവും പരിശീലനവും പോഷകാഹാരവും മൂലം തിരുത്തിയെടുത്ത് പൂർണ്ണതയിലെത്തിക്കാവുന്നതാണ്.

ശരീരത്തിന്റെ സ്ഥായീഭാവത്തിലെ അപാകത (Posture disorder), ശരീരാവയവ വിന്യാസത്തിലെ അപാകത (Body alignment disorder), ഭാഗീക ചലനക്ഷമത (Partial mobility), ചലനരാഹിത്യം (Immobility), വികലചലനങ്ങൾ (Improper movements) മുതലായവയാണ്‌ പ്രധാനപ്പെട്ട ചലനവൈകല്യങ്ങൾ. ചെറുപ്പം മുതലേ നമ്മെ ബാധിക്കുന്ന വിവിധരോഗങ്ങൾ, വീഴ്ച, അപകടങ്ങൾ മുതലായവ നമ്മുടെ പ്രവൃത്തിയെയും കാര്യക്ഷമതയെയും ചലനങ്ങളെയും ബാധിക്കാം.

കുട്ടിക്കാലത്തു ഉണ്ടാകുന്ന പോളിയോ, മെനിഞ്ചൈറ്റിസ്, നട്ടെല്ലുരോഗങ്ങൾ, ചുമ, പരിക്കുകൾ, ഒടിവ് (Fracture), സന്ധിഭ്രംശം (Joint dislocation), ഉണങ്ങാത്ത വ്രണങ്ങൾ, വൃക്കരോഗം, ത്വക്ക് രോഗങ്ങൾ മുതലായവയ്ക്ക് നാം ചികിത്സ തേടാറുണ്ട്. ചികിത്സക്ക് ശേഷവും മിക്കവർക്കും ചലനങ്ങളിലെ പൂർണ്ണത കൈവരിക്കാനാകാത്തതായും കണ്ടുവരാറുണ്ട്. ശിശുക്കളിലെ കഴുത്ത് സാരിക്ക് ഉറക്കായ്ക, കാലുകളുടെ വളവ്, മാംസശോഷം, നാഡിശോഷം, പ്രവർത്തന വൈകല്യം, കൃശഗാത്രത്വം, ശരീരത്തിനും മനസ്സിനും വേണ്ടവിധം വളർച്ച കൈവരിക്കായ്ക, പോഷകാഹാരക്കുറവ് എന്നിവ മൂലം കാലക്രമേണ ചലനവൈകല്യങ്ങൾ കണ്ടുവരാറുണ്ട്. നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക്, ചെവി, നാക്ക്, ത്വക്ക് എന്നിവയെ ബാധിക്കുന്ന വൈകല്യങ്ങളും അപൂർണ്ണതയും ക്രമേണ നമ്മുടെ ചലനങ്ങളെ ബാധിക്കാം.

കൗമാരക്കാരിൽ അമിതവണ്ണം അവർക്കുതന്നെ അപകർഷതയുണ്ടാക്കുന്ന രീതിയിൽ ചലനവൈകല്യങ്ങൾ സൃഷ്ടിക്കും. ഒപ്പം തന്നെ പിറ്റ്യൂറ്ററി ഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി, ആന്തരികസ്രവങ്ങൾ എന്നിവയിലെ പ്രശ്നങ്ങൾ ചികിത്സമൂലം നിയന്ത്രണവിധേയമാക്കാവുന്നതാണെങ്കിലും അവയെല്ലാം കാലക്രമേണ അവരുടെ ചലനസൗകുമാര്യതയെ ബാധിക്കാം. യുവാക്കളിൽ അവരുടെ അമിതാവേശം കലർന്ന ജീവിതരീതി, വാഹനാപകടങ്ങൾ, കലാപങ്ങളിലെ പരിക്കുകൾ മുതലായവ ചലനവൈകല്യങ്ങൾക്ക് കാരണമാകും. വേറെ ചിലർക്ക് അപകർഷതാബോധം, ഉൾവലിവ് (Depression), മദ്യാസക്തി, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവ അവരുടെ ജീവിതത്തിന്റെ താളവും ചലനവും അപകടത്തിലാക്കും.

താരതമ്യേന മധ്യവയസ്കരിൽ കണ്ടുവരുന്ന പ്രമേഹം, വെരിക്കോസ് വെയ്ൻ, വിവിധങ്ങളായ വാതരോഗങ്ങൾ, സന്ധിവാതം, പക്ഷാഘാതം, മാംസപേശികളെ ശോഷിപ്പിക്കുന്ന രോഗങ്ങൾ, തോൾവേദന, കഴുത്തുവേദന, ഫ്രോസൺ ഷോൾഡർ, നടുവേദന, കാൽമുട്ട് വേദന, ഓസ്റ്റിയോ ആർത്രൈറ്റിസ്, ലംബാർ സ്പോൺഡൈലോസിസ്, നട്ടെല്ല് തകരാറുകൾ, ഡിസ്ക് തകരാറുകൾ എന്നിവ നമ്മുടെ സാധാരണ ചലനങ്ങളെ ബാധിക്കാം. തൃപ്തികരമായ രീതിയിൽ തൊഴിലിൽ ഏർപ്പെടാൻ കഴിയാതെ വരുകയും തന്മൂലം നമ്മുടെ ധാരാളം തൊഴിൽ ദിനങ്ങളെ നഷ്ടപ്പെടുത്തുകയും വരുമാനനഷ്ടം ഉണ്ടാക്കുകയും ചികിത്സയ്ക്കായി അമിത ചെലവ് ഉണ്ടാക്കുകയും ചെയ്യും.

വാർദ്ധക്യാവസ്ഥയിൽ നാഡീഞരമ്പുകൾ, അസ്ഥികൾ, മാംസപേശികൾ മുതലായവയുടെ ബലക്കുറവ് കൊണ്ട് നമുക്ക് നിശ്ചയമായും വൈകല്യങ്ങൾ ഉണ്ടാകാം. മറവിരോഗം, പാർക്കിൻസൺസ് ഡിസീസ് മുതലായവയും ചലനവൈകല്യങ്ങൾ സൃഷ്ടിക്കുന്ന രോഗങ്ങളാണ്. എല്ലാത്തരം രോഗാവസ്ഥകളിലും മതിയായ ചികിത്സ അനിവാര്യമാണ്. അപ്രകാരം ചികിത്സയ്ക്ക് ഒപ്പമോ ശേഷമോ നിലനിൽക്കുന്ന ചലനവൈകല്യങ്ങൾ പരിഹരിക്കാൻ ആയുർവേദശാസ്ത്രത്തിൽ വിവിധങ്ങളായ ചികിത്സ മാർഗങ്ങളുണ്ട്. രോഗി തരണം ചെയ്തു വന്ന വഴി കൃത്യമായി പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ ആയുർവേദ ചികിത്സകൊണ്ട് കഴിയും. അനേകം ഔഷധമൂലികൾ ചേർത്ത് തയ്യാറാക്കിയ വീര്യവത്തായ തൈലങ്ങൾ ഉപയോഗിച്ചുള്ള അഭ്യംഗം, മർമ്മകിഴി, ഇലക്കിഴി, നവരക്കിഴി, ആവിക്കിഴി, മുട്ടക്കിഴി, മാംസക്കിഴി മുതലായവ നമ്മുടെ പ്രവർത്തന ശേഷി കുറഞ്ഞ മാംസപേശികളുടെയും ഞരമ്പുകളെയും ഉത്തേജിപ്പിച്ച് രക്തചംക്രമണം വർദ്ധിപ്പിച്ച് രോഗികൾക്ക് നവോന്മേഷവും നവജീവനും പ്രദാനം ചെയ്യാൻ കഴിയും. സ്നേഹധാര (പിഴിച്ചിൽ), കാഷായ ധാര, നസ്യം, സ്നേഹവസ്തി, കഷായവസ്തി, കടീവസ്തി, ഗ്രീവാവസ്തി, ജാനുവസ്തി മുതലായ ചികിത്സ ക്രിയാക്രമങ്ങൾ ചലനവൈകല്യമുള്ള രോഗികളെ ജീവിതത്തിൻറെ മുഖ്യധാരയിലേക്ക് എത്തിക്കാൻ സഹായിക്കും. ഷാഷ്ഠിക തൈലം, രസതൈലം, ധാന്വന്തരം തൈലം, മുറിവെണ്ണ, മഹാ മാഷതൈലം മുതലായ വീര്യവത്തായ ഔഷധങ്ങളുടെ അതിസൂക്ഷ്മമായ ഉപയോഗം രോഗികൾക്ക് കാര്യമായ ആശ്വാസം പ്രദാനം ചെയ്യും. സേമ്യതൈലങ്ങളായ ഗന്ധതൈലം, മഹാരാജ പ്രസാരണി തൈലം, വിവിധ രസായനങ്ങൾ, ഘൃതങ്ങൾ എന്നിവയുടെ നിഷ്കർഷയോടെയുള്ള ഉപയോഗം രോഗശമനത്തിന് ഉത്തമമാണ്. ആയുർവേദ മർമ്മ ചികിത്സയിൽ പ്രതിപാദിച്ചിരിക്കുന്ന ഇരുപതുതരം ബന്ധനങ്ങളുടെ (Bandages) ആധുനിക രൂപകല്പന ഇന്ന് ലഭ്യമാണ് (Muscular skeletal wraps, bandages and aids).

ചലനശേഷി പൂർണമായി വീണ്ടെടുക്കുക അല്ലെങ്കിൽ രോഗതീവ്രത പരമാവധി കുറയ്ക്കുക, അനുയോജ്യമായ തൊഴിലിൽ വ്യാപൃതരാകാൻ സഹായിക്കുക (Rehabilitation), തൊഴിൽദിന നഷ്ടം പരമാവധി കുറയ്ക്കുക, വൈകല്യത്തിന്റെ തോത് കുറയ്ക്കുക എന്നിവയാണ് ചലനവൈകല്യ ചികിത്സയുടെ പ്രധാന ലക്ഷ്യം. ഒപ്പം നമ്മുടെ ചലനങ്ങൾ സാധ്യമാക്കുന്ന mobility aids, mobility vehicles എന്നിവയുടെ ഉപയോഗത്തിനായി ശരീരത്തെ പ്രാപ്തമാക്കാനും ഉപയോഗിക്കുന്നു. സ്പോർട്സ് താരങ്ങൾക്കുണ്ടാകുന്ന വിവിധ പരിക്കുകൾ, കായിക ശേഷി അപര്യാപ്തത എന്നിവയും ഈ ഗണത്തിൽപ്പെടുത്താവുന്നതാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന പരിചയസമ്പന്നരായ വിദഗ്ധചികിത്സകരും, കർമ്മോന്മുഖരും പരിചയസമ്പന്നരും   ഊർജ്ജസ്വലരുമായ തെറാപ്പിസ്റ്റുകൾ അടങ്ങിയ ഗ്രൂപ്പിന് മാത്രമേ രോഗികൾക്ക് വിദഗ്ധ ആയുർവേദ ചികിത്സാ പരിചരണത്തിലൂടെ ആശ്വാസം പകരാൻ കഴിയൂ.

Dr. S Jayakumar
BAM
Senior Consultant- Dept. of Ayurveda
Mar Sleeva Medicity Palai

ജനിച്ചയുടൻ കുട്ടികൾക്ക് കേൾവി പരിശോധന ആവശ്യമോ?

Posted on

ഒരു കുഞ്ഞിന്റെ ജനനം ഉളവാക്കുന്ന അളവറ്റ സന്തോഷങ്ങൾക്കും വലുതും ചെറുതുമായ ഒരായിരം സംശയങ്ങൾക്കും മദ്ധ്യേ, നിർബന്ധിതമായി ചെയ്യണമെന്ന് പറയപ്പെടുന്ന നവജാതശിശുവിന്റെ കേൾവി പരിശോധന പലരിലും പല ചോദ്യങ്ങളും ഉയർത്തിയേക്കാം. അവനോ അവളോ ശബ്ദങ്ങൾക്ക് പ്രതികരിക്കുന്നുണ്ടല്ലോ, ഞങ്ങളുടെ ചെറുപ്പത്തിൽ ഇങ്ങനെയൊരു പരിശോധന ഉണ്ടായിരുന്നില്ലല്ലോ, കുടുംബത്തിൽ ആർക്കും കേൾവി തകരാറുള്ളതായി പറഞ്ഞു കേട്ടില്ലല്ലോ? കുഞ്ഞിന് സംസാരിക്കേണ്ട പ്രായമായിട്ടും സംസാരിക്കുന്നില്ലെങ്കിൽ, ശബ്ദങ്ങൾക്ക് പ്രതികരിക്കുന്നില്ലെങ്കിൽ മാത്രം കേൾവി പരിശോധനയെ പറ്റി ചിന്തിച്ചാൽ പോരേ? എന്തിനാണ് യൂണിവേഴ്സൽ ഹിയറിങ് സ്ക്രീനിംഗ് നവജാത ശിശുക്കളിൽ നിർബന്ധമാക്കിയിരിക്കുന്നതു? 

കുട്ടിക്കാലം കടന്നുപോകുന്നത് വളരെ ലോലമായ മാനസികമായ ഘട്ടത്തിലൂടെയാണ്. ഈ കാലത്ത് അനുഭവിക്കുന്ന, അല്ലെങ്കിൽ സാക്ഷിയാകേണ്ടി വരുന്ന ചെറിയ ആഘാതങ്ങൾപോലും കുട്ടിക്കാലം കഴിഞ്ഞാലും പിന്തുടരുന്ന സാഹചര്യം പലരും അനുഭവിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ നിന്നും വിടുതൽ നേടുക എന്നത് പലപ്പോഴും വളരെ പ്രയാസകരമാണ്. അതിനാൽ അത്തരം പ്രശ്നങ്ങൾ മൂലം ജീവിതം കൂടുതൽ മോശമാകുന്നതിന് മുൻപ് തന്നെ അത് തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം നൽകാനാകണം. അതിനായി ഇത്തരം പ്രേശ്നങ്ങൾ കണ്ടെത്തി നേരത്തെ തന്നെ ഇടപെടേണ്ട ആവശ്യമുണ്ട്. അങ്ങനെ ഇടപെടാൻ സാധിച്ചാൽ ആ പ്രശ്നം സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കുന്നതിന് സഹായിക്കും.

കേൾവി തകരാറുകൾ പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ്, കുട്ടികളുടെ മാനസികവും ശാരീരീരികവുമായ വളർച്ചയെ വലിയ രീതിയിൽ ബാധിച്ചേക്കാവുന്ന ഒന്ന്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ചു ലോകത്തു മനുഷ്യന് ഏറ്റവും കൂടുതലായി നഷ്ടപെടുന്ന ഇന്ദ്രിയ ശക്തി കേൾവിയാണ്. ലോകജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം കേൾവി നഷ്ടം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെകിലും, ചികിത്സയിൽ ഇതിനു വളരെ താഴ്ന്ന സ്ഥാനമാണ് ലഭിക്കുന്നത്.  മുൻകാലങ്ങളിൽ കേൾവി പരിശോധനയ്ക്കു കുഞ്ഞുങ്ങൾ ശബ്ദങ്ങളോട് പ്രതികരിക്കാറാവുന്നതു വരെ കാത്തിരിക്കേണ്ടി വരുമായിരുന്നെങ്കിൽ, ഇന്ന് ജനിച്ചയുടനെയുള്ള ദിവസങ്ങളിൽ തന്നെ പരിശോധനകൾ സാധ്യമാണ്. നവജാത ശിശുക്കളിൽ നടത്തുന്ന ഈ പരിശോധനകൾ സുരക്ഷിതവും, ലളിതവും, വേദനരഹിതവുമാണ്. കൂടാതെ കേൾവിക്കുറവുള്ള കുട്ടികളിൽ, ഈ പരിശോധനകൾ അവരുടെ ഭാവിയിൽ വളരെ നിർണായകമായ മാറ്റങ്ങൾ സാദ്ധ്യമാക്കുന്നവയാണ്. ഒന്നാം മാസത്തിനുള്ളിൽ പരിശോധന, മൂന്നാം മാസത്തിനുള്ളിൽ പ്രശ്നനിര്ണയം, ആറാം മാസത്തിനുള്ളിൽ ഇടപെടൽ എന്നതാണ് അത്യുത്തമം.

 തക്കസമയത് കണ്ടുപിടിക്കപെടാതെ പോകുന്ന ചെറിയ കേൾവിത്തകരാറുകൾ സംസാരത്തിലെ വ്യക്തതയെയും, അക്ഷരസ്ഫുടതയെയും ബാധിക്കുമ്പോൾ, പൂർണമായുള്ള കേൾവിക്കുറവ് സംസാരിക്കാനുള്ള കഴിവിനെ തന്നെയും ബാധിക്കും. ഈ കുറവുകൾ കൊണ്ട് അവർ മറ്റുള്ള കുട്ടികളിൽ നിന്ന് ഒറ്റപ്പെടുന്നതും അത് പലതരത്തിലുള്ള പെരുമാറ്റ വൈകല്യങ്ങൾക്കു കാരണമാകുന്നതായും കണ്ടുവരുന്നു. ഇതിനെല്ലാം ഒരു പരിഹാരമെന്നോണം ജനിക്കുന്ന എല്ലാ കുട്ടികളിലും ഹിയറിങ് സ്ക്രീനിങ് (OAE) നടത്തുകയും അതിൽ എന്തെങ്കിലും സൂചനകൾ കണ്ടെത്തുന്ന പക്ഷം വിശദമായ കേൾവി പരിശോധനകൾ (BOA, BERA, ASSR) നടത്തി കേൾവിക്കുറവിന്റെ അളവ് കണ്ടെത്തുകയും ചെയ്യും. ജനനത്തിനു ശേഷം ഏത് പ്രായത്തിലും കേൾവിക്കുറവ് (acquired hearing loss /progressive hearing loss) തുടങ്ങാം എന്നതിനാൽ ജനിച്ചയുടനുള്ള കേൾവി പരിശോധനയിൽ പ്രശ്നങ്ങൾ ഇല്ലെങ്കിലും മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ കേൾവി ശക്തിയിൽ മാറ്റങ്ങൾ വന്നേക്കാം എന്ന്‌ അറിഞ്ഞിരിക്കേണ്ടതാണ്. സംശയം തോന്നുന്ന പക്ഷം ഒരു ഓഡിയോളോജിസ്റ്റിന്റെ സഹായം തേടേണ്ടതുമാണ്.

കേൾവിക്കുറവ് പ്രധാനമായും മൂന്നുതരത്തിലുണ്ട്.

 1. ബാഹ്യകർണ്ണത്തെയോ മദ്ധ്യകർണത്തെയോ ബാധിക്കുന്നത് (Conductive Hearing Loss).
 2. ആന്തരകർണ്ണത്തെ ബാധിക്കുന്നത് (Sensory neural Hearing Loss).
 3. മദ്ധ്യകർണത്തിനെയും ആന്തരകർണ്ണത്തെയും ഒന്നിച്ചു ബാധിക്കുന്നത് (Mixed Hearing Loss).

 കേൾവിക്കുറവിന്റെ സ്വഭാവത്തിനും തോതിനും അനുസരിച്ചാണ്   ശ്രവണ സഹായികളോ (Hearing Aids), കോക്ലിയർ ഇംപ്ലാന്റ്റുകളോ (Cochlear Implants) നിർദ്ദേശിക്കുക. ചെറിയൊരു മെഡിക്കൽ ഇലക്‌ട്രോണിക് ഉപകരണമാണ് കോക്ലിയർ ഇംപ്ലാന്റ്. ചെവിക്കുള്ളിലെ കേടായ ഭാഗത്തിനു പകരമായി ഇതു പ്രവർത്തിക്കുന്നു. ശ്രവണ സഹായികൾ ശബ്‌ദങ്ങളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുമ്പോൾ, കോക്ലിയർ ഇംപ്ലാന്റ് ചെവിയുടെ ഉൾവശത്തെ കേടായ സെല്ലുകളെ മറികടന്ന് ശബ്‌ദസൂചികൾ കേൾവി ഞരമ്പുകൾ വഴി തലച്ചോറിലേക്ക് നൽകുകയാണ് ചെയ്യുന്നത്. ഇതു കേൾവി സുഗമമാക്കുന്നു.

ശ്രവണ സഹായി അല്ലെങ്കിൽ കോക്ലിയർ ഇമ്പ്ലാന്റിനൊപ്പം കുട്ടികളുടെ സംസാരശേഷി വികസനത്തിന് ആവശ്യമായ സേവനങ്ങളും (Auditory Verbal Therapy) കുടുംബത്തിന് ലഭ്യമാക്കുന്നു. ഈ സേവനങ്ങൾ കുട്ടികളെ കേൾക്കാനും, സംസാരിക്കാനും, ആശയവിനിമയം നടത്താനും കഴിവുള്ളവരാക്കും. അതുവഴി തന്റെ പ്രായത്തിലുള്ള ഏതൊരു കുട്ടിയെയുംപോലെ കൂട്ടുകൂടാനും കളിക്കാനും പഠിക്കാനും സ്വപ്നം കാണാനും അവർ പ്രാപ്‍തരാവുന്നു.  സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയില്ലാത്ത പ്രായത്തിൽ കുട്ടികള്ക്ക് വേണ്ടി മാതാപിതാക്കൾ തീർച്ചയായും എടുത്തിരിക്കേണ്ട ഒരു കരുതലാണ് ഈ പരിശോധനകൾ.

Ms. Jisma Rose George
Clinical Audiologist and Speech Language Pathologist
Dept. of ENT & Laryngology
Mar Sleeva Medicity Palai

ക്ഷയരോഗം – കോവിഡ് 19 ന്റെ സാഹചര്യത്തിൽ

Posted on

മാർച്ച് 24 -1882 ഈ ദിവസമാണ് റോബർട്ട് കോച്ച് എന്ന ശാസ്ത്രജ്ഞൻ, കാലങ്ങളായി ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഒരു സൂക്ഷ്മാണുവിനെ കണ്ടെത്തിയെന്ന് ലോകത്തിനു മുൻപിൽ പ്രഖ്യാപിച്ചത്. മൈക്രോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ആയിരുന്നു ഈ കൊച്ചു ഭീകരൻ. മനുഷ്യൻ ഉത്ഭവകാലം മുതൽ തന്നെ അവനോട് കൂടെയുള്ള ആ രോഗബാധയായിരുന്നു ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ്. ഇന്നും ഏറ്റവും കൂടുതൽ മരണകാരണമാകുന്ന അണുബാധയാണ് ക്ഷയരോഗം. ഓരോ ദിവസവും ഏകദേശം നാലായിരത്തോളം ആളുകൾ ക്ഷയരോഗം മൂലം മരിക്കുന്നു. ഏകദേശം 28,000 ആളുകൾ രോഗബാധിതർ ആവുകയും ചെയ്യുന്നു. 2019-ൽ ഒരു കോടി ആളുകൾക്ക് ലോകത്താകമാനം ക്ഷയരോഗബാധയുണ്ടായി, ഇതിൽ ഒരു പതിനാലുലക്ഷത്തോളം ആളുകൾ മരണപ്പെട്ടു. ലോകതകമാനമുള്ള രോഗബാധിതരിൽ അഞ്ചിലൊന്നും ഇന്ത്യയിലാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ബാക്റ്റീരിയക്കെതിരെയുള്ള പോരാട്ടത്തിൽ നാം എത്രമാത്രം ശക്തരാകേണ്ടതുണ്ട് എന്ന് മനസ്സിലാക്കേണ്ടത്.

2025 -ഓടെ ക്ഷയരോഗം ഇന്ത്യയിൽ നിന്നും നിർമാർജനം ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് NTEP (National TB Elimination Programme) ആവിർഭവിക്കപ്പെട്ടത്. 2019 ലും ഇന്ത്യയിൽ ഏകദേശം 26.9 ലക്ഷം പുതിയ ക്ഷയരോഗബാധിതർ ഉണ്ടായി. ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കാനാണ് മാർച്ച് 24 ക്ഷയരോഗ ബോധവൽക്കരണദിനമായി ആചരിക്കപ്പെടുന്നത്.

‘The clock is ticking’ അഥവാ ‘നമ്മുക്കുള്ള സമയം പരിമിതമാണ്’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് അധികം സമയമില്ല. എത്രയും പെട്ടെന്ന് ഈ സൂക്ഷ്മാണുവിൽ നിന്നും ലോകത്തെ രക്ഷിച്ചു മതിയാകൂ. മാർച്ച് 2020 മുതൽ ഇന്ന് വരെ കോവിഡ്-19 പകർച്ചവ്യാധി, വായുവിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനത്തിലും ചികിത്സയിലും പ്രതിരോധത്തിലും ഒട്ടേറെ കാര്യങ്ങൾ നമ്മെ പഠിപ്പിച്ചു. ക്ഷയരോഗവും കോവിഡ് പോലെ പ്രധാനമായും വായുവിലൂടെയാണ് പകരുന്നത്. സ്വയം സുരക്ഷാമാർഗ്ഗങ്ങളായ മാസ്കിന്റെ ഉപയോഗവും ശാരീരിക അകലം പാലിക്കലുമെല്ലാം ഈ അണുബാധകൾ തടയാൻ സഹായിക്കുന്നു.

രോഗപ്രതിരോധം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് തുടക്കത്തിലെയുള്ള രോഗനിർണ്ണയം. തുടക്കത്തിൽതന്നെ നിർണ്ണയിച്ച് എത്രയും വേഗം ചികിത്സ ആരംഭിക്കുന്നത് വഴി മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ നമുക്ക് സാധിക്കും. ‘കോൺടാക്ട് ട്രേസിങ്’ അഥവാ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കൃത്യമായി മനസ്സിലാക്കുന്നത് വഴി കോവിഡ്-19 പ്രതിരോധിക്കുന്നതുപോലെ തന്നെ ക്ഷയരോഗവും പ്രതിരോധിക്കാം.

രോഗിയുടെ ശ്വാസകോശത്തിൽ നിന്ന് ചുമക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കലരുന്ന ബാക്ടീരിയ ആരോഗ്യമുള്ള മറ്റൊരു വ്യക്തിയുടെ ശ്വാസകോശത്തിലെത്തുകയും രോഗ കാരണമാവുകയും ചെയ്യാം. എന്നാൽ കോവിഡ്- 19 എന്ന വൈറസ് പെട്ടെന്ന് തന്നെ മറ്റൊരാളിൽ രോഗം പകർത്തുന്നുവെങ്കിൽ ക്ഷയരോഗാണു കൂടുതൽ സമയം, ആഴ്ചകളോ മാസങ്ങളോ, ഒരാളുടെ ശ്വാസകോശത്തിൽ തങ്ങിയതിനുശേഷം നമ്മുടെ രോഗപ്രതിരോധവ്യവസ്ഥയ്ക്ക് ഈ ബാക്ടീരിയ നശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ മാത്രമേ രോഗകാരണമാകുകയുള്ളു. ഈ കാലയളവിൽ (ലാറ്റെന്റ് പീരീഡ്) രോഗവാഹകരായിരിക്കുകയും എന്നാൽ രോഗിയല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് ലാറ്റെന്റ് ടിബി ഇൻഫെക്ഷൻ (Latent TB Infection) എന്ന് പറയും. ആധുനിക പരിശോധനകൾ വഴിയായി ഇന്ന് ഈ അവസ്ഥ കണ്ടെത്താവുന്നതും തുടർചികിത്സകൾ ചെയ്യാവുന്നതുമാണ്. ഇതും രോഗനിയന്ത്രണത്തിന് സഹായിക്കും.

തലച്ചോറ് മുതൽ ത്വക്ക് വരെ ശരീരത്തിലെ ഏത് അവയവത്തെയും ബാധിക്കാമെങ്കിലും ക്ഷയരോഗം ഏറ്റവും കൂടുതലായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. രോഗവ്യാപനം ഉണ്ടാകുന്നതും ശ്വാസകോശ രോഗികളിൽ നിന്നാണ്. അതുകൊണ്ടുതന്നെ രണ്ടാഴ്ചയായി നിൽക്കുന്ന ചുമ, പനി, അമിതമായ ക്ഷീണം, ശ്വാസതടസ്സം, കഫത്തിൽ രക്തം കാണുക, തൂക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതും ഏറ്റവും ലളിതമായി പരിശോധനകൾ (കഫ പരിശോധന, എക്സ്- റേ) വഴി തന്നെ രോഗനിർണ്ണയം നടത്തേണ്ടതും ആവശ്യമാണ്.

കോവിഡ് തുടങ്ങിയ മറ്റു ശ്വാസകോശ അണുബാധകളിലും ഈ ലക്ഷണങ്ങൾ കാണാം. കോവിഡ്-19 വ്യാപനം തുടങ്ങിയ 2020 ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ ക്ഷയരോഗനിർണയത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിലേറെ കുറവ് വന്നു. ലോക്ഡോൺ നിയന്ത്രണങ്ങളും കോവിഡ്-19 ന്റെ ഭയവും കാരണം ധാരാളം രോഗികൾ കൃത്യമായി പരിശോധനകൾ നടത്താത്തതാണ് ഇതിൻറെ പ്രധാന കാരണം. ഇത് രോഗവ്യാപനത്തിന് കാരണമായേക്കാം എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. ക്ഷയരോഗനിർമ്മാർജ്ജനത്തിനായുള്ള രാഷ്ട്രത്തിന്റെ ശ്രമങ്ങളെ ഇത് ദുർബലമാക്കാം.

ക്ഷയരോഗത്തെ ഈ ലോകത്തിൽ നിന്ന് പൂർണമായും നിർമാർജനം ചെയ്യാൻ നമുക്ക് മുന്നിൽ വളരെ കുറച്ചു സമയം മാത്രമേ ഉള്ളൂ. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അജ്ഞതയും അവജ്ഞയും മാറ്റിവെച്ച് തുറന്ന് സംസാരിക്കാനും, രോഗലക്ഷണങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ആരംഭിക്കാനും, മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുവാനും ഇതാണ് ശരിയായ സമയം. കോവിഡ്-19 പഠിപ്പിച്ച പാഠങ്ങൾ ഈ പോരാട്ടത്തിൽ നമ്മെ മുന്നോട്ടു നയിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Dr. Jaisy Thomas
MBBS, MD(Pulmonary Medicine), DTCD
Senior Consultant – Dept. of Pulmonary & Critical Care Medicine
Mar Sleeva Medicity Palai

നിങ്ങളുടെ ചിരി ആരോഗ്യകരമോ?

Posted on

നമ്മുടെ പല്ലുകളും അനുബന്ധ ഭാഗങ്ങളും ആരോഗ്യത്തോടെയിരിക്കാൻ ദന്തപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിനായി ദിവസേന രണ്ടുനേരം പല്ലു തേയ്ക്കുന്നതും അതോടൊപ്പം കൃത്യമായ ഇടവേളകളിലുള്ള ദന്തപരിശോധനയും അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും ദന്ത ആരോഗ്യം എന്ന് പറയുന്നത് പോടുള്ള പല്ലുകൾക്കും മോണരോഗത്തിനും അപ്പുറമാണ്. ദന്താരോഗ്യവും അതുപോലെ ശരീരത്തിൻറെ പരിപൂർണ്ണമായ ആരോഗ്യവും പരസ്പരപൂരകങ്ങളായി നിലകൊള്ളുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ശരിയായ ചികിത്സ തക്കസമയത്ത് ഒഴിവാക്കുന്നത്, വേദനക്കും ക്രമേണ പല്ലുകൾ എടുത്തു കളയേണ്ടി വരുന്ന സാഹചര്യത്തിലേക്കും നയിക്കാം. ഇത് നമ്മുടെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചു എന്ന് വരാം. കൃത്യമായ ദന്തസംരക്ഷണത്തിനു അത്യന്താപേക്ഷിതമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

 • ദിവസവും രണ്ടുനേരം ബ്രഷ് ചെയ്യുക. ഇന്ന് നമ്മുടെ മാർക്കറ്റിൽ വിവിധതരം ടൂത്ത് ബ്രഷുകൾ ലഭ്യമാണ്. ഹാർഡ് / മീഡിയം / സോഫ്റ്റ് /അൾട്രാ സോഫ്റ്റ് എന്നിങ്ങനെ പല വിഭാഗത്തിൽ ഉൾപ്പെടുന്ന ബ്രഷുകൾ അതിനുദാഹരണങ്ങളാണ്. ഹാർഡ് ബ്രഷ് ഉപയോഗിച്ച് ശക്തിയായി പല്ലുതേക്കുന്നതു മൂലം ഇനാമലിനു (Enamel) തേയ്മാനം സംഭവിക്കാം. അതിനാൽ സോഫ്റ്റ് അല്ലെങ്കിൽ മീഡിയം ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക. മുകളിലെ നിരയിലെ പല്ലുകൾ മോണയിൽ നിന്ന് താഴ്ഭാഗത്തേക്കും, താഴത്തെ നിലയിലെ പല്ലുകൾ മോണയിൽനിന്ന് മുകളിലേക്കും എന്നവണ്ണം ബ്രഷ് ചെയ്യുക. ബ്രഷ് ചെയ്യുമ്പോൾ പല്ലുകൾ മുന്നോട്ടും പിന്നോട്ടും (Back and forth motion) തേക്കുന്നത് ശീലമാക്കരുത്. ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക ഫിംഗർ ബ്രഷുകളും ഇപ്പോൾ ലഭ്യമാണ്.
 • പല്ലുകളുടെ ഇടയിൽ വൃത്തിയാക്കുന്നതിനായി ഡെന്റൽ ഫ്ളോസ് (Dental Floss), ഇന്റർഡെന്റൽ ബ്രഷ് ((interdental brush) എന്നിവ ഉപയോഗിക്കുക.
 • ബ്രഷ് ചെയ്തതിനുശേഷം മോണ നല്ലവണ്ണം തിരുമ്മുക.
 • ഫ്ലൂറൈഡ് (Fluoride) അടങ്ങിയ ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് എന്നിവ ഉപയോഗിക്കുന്നത് പല്ലിൽ പോടുകൾ വരുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കും.
 • ആഹാരത്തിലുള്ള ക്രമീകരണം. മധുരപലഹാരങ്ങൾ, പാനീയങ്ങൾ എന്നിവയിൽ നിയന്ത്രണം ചെലുത്തുക.
 • പുകവലി നിറുത്തുകയും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.

പോടുള്ള പല്ല്, മോണരോഗം എന്നിവപോലെ തന്നെ ആളുകളെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് വായ്നാറ്റം അഥവാ ഹാലിറ്റോസിസ് (Halitosis). വിവിധങ്ങളായ കാരണങ്ങൾ മൂലം വായനാറ്റം ഉണ്ടാകാം.

 • വായ തുറന്ന് വെച്ച് ഉറങ്ങുന്ന ശീലം ( Mouth breathing )
 • ശരിയായ ദന്തപരിപാലന നടക്കാത്ത അവസ്ഥ
 • പ്ലാക്ക് (Plaque) അടിഞ്ഞുകൂടുന്നത്
 • മോണപഴുപ്പ് (Pyorrhea)
 • പോടുള്ള പല്ല്
 • പകുതി പുറത്തുവന്ന പല്ല് (Impacted wisdom tooth)
 • വായ്പുണ്ണ്
 • ഉണങ്ങി വരണ്ട വായ് (Dry mouth)
 • ശരിയായി വൃത്തിയായി സൂക്ഷിക്കാത്ത കൃത്രിമ ദന്തം
 • ഭക്ഷണരീതി (ഉള്ളി, വെളുത്തുള്ളി എന്നിവയുടെ അമിത ഉപയോഗം)
 • പുകവലിയും മദ്യപാനവും
 • വായിലെ അർബുദം
 • നാവിൽ ഉള്ള പൂപ്പൽബാധ (candidiasis)
 • ചില മരുന്നുകളുടെ ഉപയോഗം
 • ടോൺസിലൈറ്റിസ്, പ്രമേഹം, വൃക്ക, കരൾ ഉദര ശ്വാസകോശ രോഗങ്ങൾ

കൃത്യമായ ദന്തപരിശോധനയും സ്കെയിലിങ് (Scaling) അഥവാ ക്ലീനിങ്, മൗത്ത് വാഷ്, നാവ് വൃത്തിയാക്കൽ (ബ്രഷിന്റെ പുറക് ഭാഗം ഉപയോഗിച്ച്) എന്നിവ ചെയ്യുന്നതിലൂടെ നമ്മുക്ക് ഒരു പരിധി വരെ ഇത് തടയാം. 90% വ്യക്തികളിലും ദന്താരോഗ്യം വീണ്ടെടുത്താൽ വായ്നാറ്റം ഒഴിവാക്കാൻ പറ്റും. ബാക്കിയുള്ള രോഗികൾ വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്.

Dr. Assir P S
BDS
Consultant – Dept. of Dental, Oral & Maxillofacial Surgery
Mar Sleeva Medicity Palai.

കുട്ടികളിലെ പഠനവൈകല്യം

Posted on

എന്താണ് പഠനവൈകല്യം?

പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നോക്കാവസ്ഥയിലാകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവെലപ്‌മെന്റൽ ഡിസോഡർ സ്ഥിതിയാണ് പഠനവൈകല്യം. സാമാന്യമോ അതിലധികമോ ബുദ്ധിയുള്ള കുട്ടികളിൽ, എഴുതുന്നതിനോ വായിക്കുന്നതിനോ കണക്കു കൂട്ടലുകൾ നടത്തുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെടും വിധം തലച്ചോറിന്റെ പ്രവർത്തനത്തിലോ ഘടനയിലോ നാഡീ വ്യവസ്ഥയിലോ വ്യത്യാസങ്ങൾ കാണപ്പെടുന്നതാണ് ഇതിന്റെ കാരണം.

പഠനവൈകല്യം എപ്പോൾ തിരിച്ചറിയാം?
പ്രീ സ്കൂൾ കാലഘട്ടത്തിലോ സ്‌കൂൾ ജീവിതത്തിന്റെ ആദ്യ പടിയിലോ അക്ഷരങ്ങളോടും അക്കങ്ങളോടും കുട്ടികൾ കാണിക്കുന്ന പ്രത്യേക സമീപനം, കൃത്യമായി എഴുതാൻ സാധിക്കാതെ അക്ഷരങ്ങൾ തിരിച്ചെഴുതുക, അക്ഷരങ്ങൾ വിട്ടു പോകുക, പലതവണ പഠിച്ച അക്ഷരങ്ങളോ വാക്കുകളോ വായിക്കാൻ സാധിക്കാതെ വരിക എന്നിവ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ശ്രദ്ധയിൽപ്പെട്ടേക്കാം. എന്നാൽ പഠനത്തിൽ അനുഭവപ്പെടുന്ന ഈ ബുദ്ധിമുട്ട് പഠനവൈകല്യം ആണെന്നു നിർണ്ണയിക്കാൻ കുട്ടികളിലെ ബുദ്ധിശക്‌തി വ്യക്തമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 6 വയസ്സ് മുതൽ 9 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ഇത് നിര്ണയിക്കേണ്ടത്.

പഠനത്തിലെ പിന്നോക്കാവസ്ഥകളെല്ലാം ലേണിങ് ഡിസെബിലിറ്റി അല്ലെങ്കിൽ പഠനവൈകല്യം ആണോ?

അല്ല. കുട്ടികൾ പഠനത്തിൽ പിന്നോട്ട് പോകാനും വിജയം കൈവരിക്കാൻ സാധിക്കാത്തതിനും പല കാരണങ്ങൾ ഉണ്ട്.
ഇതിൽത്തന്നെ ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോഡർ പോലുള്ള എ ഡി എച്ച് ഡി (ADHD), ഓട്ടിസം, മറ്റു പെരുമാറ്റ വൈകല്യങ്ങൾ, ഭാഷാവൈകല്യം, കുട്ടികളിൽ കാണുന്ന OCD, ഉത്കണ്ഠ, വിഷാദ രോഗം, ഭാഷയെ പ്രകടിപ്പിക്കുവാനോ മനസ്സിലാക്കുവാനോ ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിൽ തലച്ചോറിന്റെ ഘടനയിലോ പ്രവർത്തനത്തിന്റെ ഉള്ള വ്യതിയാനങ്ങൾ എന്നിവയെല്ലാം പഠനത്തിലെ പിന്നോക്കാവസ്ഥക്ക് കാരണമായേക്കാം. കാഴ്ചക്കുറവ്, കേൾവിക്കുറവ്, മോട്ടോർ ഡിസെബിലിറ്റി എന്നിങ്ങനെയുള്ള ശാരീരിക ന്യുനതകളും മറ്റു സാമൂഹിക കാരണങ്ങളും പഠനത്തെ പിന്നോട്ട് കൊണ്ടുപോയേക്കാം.

പഠനവൈകല്യം എങ്ങനെ തിരിച്ചറിയാം?

ആദ്യം തന്നെ ഒരു ശിശുരോഗവിദഗ്ദ്ധനുമായി കൺസൾട്ട് ചെയ്ത് കുട്ടിയുടെ ശാരീരിക ആരോഗ്യ നിലവാരം വിലയിരുത്തണം. പിന്നീട് മാനസികാരോഗ്യ നിലവാര പരിശോധനയും തുടർന്ന് ബുദ്ധിനിലവാരവും വിശദമായ പരിശോധനയിലൂടെ നടത്തുവാൻ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടണം. അവർ തന്നെ കുട്ടിയുടെ പഠനവൈകല്യത്തിന്റെ പ്രത്യേകതകളും കൃത്യമായ അവസ്ഥയും വിശദമായ മനഃശാസ്ത്ര വിശകലനങ്ങളും പരിശോധനയും (ടെസ്റ്റിംഗും അസ്സസ്മെന്റും) നടത്തി നിര്ണയിക്കുന്നതാണ്.

നമ്മുടെ നാട്ടിൽ സംഭവിക്കുന്നതെന്ത്?

ചെറുപ്രായത്തിൽ തന്നെ പഠനവൈകല്യം തിരിച്ചറിയാൻ മാതാപിതാക്കൾക്കോ അധ്യാപകർക്കോ സാധിക്കാത്തതിനാൽ വിദഗ്ദ്ധമായ പരിശോധനയും വിലയിരുത്തലുകളും നടക്കുന്നില്ല. പത്താം ക്ലാസ്സിലോ പ്ലസ് ടു അവസാന പരീക്ഷക്കോ മുൻപ് പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകി ആരുടെയെങ്കിലും സഹായത്തോടെ പരീക്ഷ എഴുതിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലെ ഒരു വര്ഷം കേരളത്തിൽ 20000 – 25000 കുട്ടികളാണ് ഇത്തരത്തിൽ പരീക്ഷ എഴുതുന്നത്. 14 -15 വയസ്സിൽ ഇത്തരം അവസ്ഥ മനസ്സിലാക്കിയാൽ തന്നെ വിദഗ്ദ്ധമായ സമീപനം നൽകി ഉന്നത പഠനത്തിന് ഈ കുഞ്ഞുങ്ങളെ ഒരുക്കാൻ സാധിക്കുകയില്ല. മാത്രമല്ല, പെട്ടന്ന് കുറഞ്ഞ സമയത്തിനുള്ളിൽ നടത്തുന്ന പരിശോധനകൾ പലപ്പോഴും കുട്ടിയുടെ മറ്റു പ്രത്യേക അവസ്ഥകളും, എന്തുതരം ലേണിങ് ഡിസെബിലിറ്റി ആണെന്നും മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരുകയില്ല.

പഠനവൈകല്യം എങ്ങനെ പരിഹരിക്കാം?
 
പഠനവൈകല്യവും അതിന്റെ പ്രത്യേകതരവും അവസ്ഥയും മനസ്സിലാക്കിയാൽ ഉടൻ തന്നെ, അതായത് 6 വയസ്സാകുമ്പോൾ തന്നെ പരിഹാരമാർഗങ്ങൾ സ്വീകരിക്കാൻ തുടങ്ങുന്നതാണ് ഉചിതം. ഓരോ കുട്ടിയുടെയും ഇന്റെർവെൻഷൻ പ്രോഗ്രാം പ്രത്യേകമാണ്. പൊതുവായ ചില മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ പോലും ഇത് ചിട്ടയായി ക്രമീകരിക്കാൻ, പരിശോധന നടത്തുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതാണ് നല്ലത്. തുടർന്ന് വൈകാരികമായോ പെരുമാറ്റപരമായോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുവെങ്കിൽ അവ പരിഹരിക്കണം. വ്യക്തിപരമായി രൂപകൽപന ചെയ്ത (Individual education programme) പരിശീലനം നടത്താൻ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററിന്റെ സഹായം തേടാം. പരിഹാര അധ്യാപനം (Remedial teaching), ബ്രിഡ്ജ് ലേണിങ് പ്രോഗ്രാം, സോഷ്യൽ സ്കിൽ ഡെവലപ്മെന്റ് ഇവയോടൊപ്പം മാതാപിതാക്കൾക്കുള്ള കൗൺസിലിങ്ങും നൽകേണ്ടതാണ്. മാതാപിതാക്കളിൽ ഒരാൾ എങ്കിലും വിദഗ്ദ്ധരുടെ ടീമിനൊപ്പം കുട്ടിയുടെ പഠനകാര്യങ്ങളിലും വളർച്ചാഘട്ടത്തിലും കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്.

അന്തർ ദേശീയ തലത്തിൽ റെസ്പോൺസ് റ്റു ഇന്റെർവെൻഷൻ എന്ന പ്രത്യേക പരിശീലനപദ്ധതിയാണ് ഈ കുട്ടികൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഠനത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഓരോ കുട്ടിക്കും വേണ്ടി തയ്യാറാക്കിയ ത്രീ ടയർ അല്ലെങ്കിൽ മൾട്ടി ടയർ പദ്ധതി വഴി സ്‌കൂളും മാതാപിതാക്കളും ഇന്റെർവെൻഷൻ ടീമും ഇതിൽ പങ്കു ചേരുന്നു. ഓരോ വർഷവും കൃത്യമായ കാലാവധിയിൽ പുരോഗതികൾ വിലയിരുത്തി കുട്ടികളുടെ പ്രത്യേകസിദ്ധികളും അഭിരുചികളും മനസ്സിലാക്കി, വളർച്ചയുടെ വിവിധഘട്ടങ്ങളിൽ അവരെ  ഉയർത്തിക്കൊണ്ടുവരുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന വിധത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഭാഗമാകുന്ന കുട്ടികൾക്ക് ആവശ്യമെങ്കിൽ പരീക്ഷാസമയത്ത് സഹായം തേടാം. എങ്കിലും അവരുടെ ആത്മാഭിമാനം, ആശയവിനിമയ ശേഷി, സാഹചര്യങ്ങളെ നേരിടുന്ന വിധം, ജീവിതനൈപുണ്യം തുടങ്ങിയവയെല്ലാം മികവ് പുലർത്തുന്നതായിരിക്കും.

പഠനവൈകല്യമുള്ള കുട്ടികൾ സാധാരണകുട്ടികളെപ്പോലെയോ ചിലപ്പോൾ അതിലധികമോ ബുദ്ധിനിലവാരം പുലർത്തുന്നതിനാൽ യഥാവിധി ഇവർക്ക് പരിശീലനം നൽകിയാൽ ജീവിതവിജയം കൈവരിക്കുക തന്നെ ചെയ്യും എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.

Sr. Julie Elizebath
M.Sc (Clinical Psychology), M. Phil (Clinical Psychology)
Clinical Psychologist
Mar Sleeva Medicity Palai.

വെരിക്കോസ് വെയ്ൻ

Posted on

എന്താണ് വെരിക്കോസ് വെയ്ൻ?

ഏറെ നേരം നിന്ന് ജോലി ചെയ്യുന്നവരിൽ കൂടുതലായി കണ്ടുവരുന്ന രോഗമാണ് വെരിക്കോസ് വെയ്ൻ.

ചർമ്മത്തിന് തൊട്ടുതാഴെയുള്ള അശുദ്ധരക്തം ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന വെയ്ൻസ് എന്ന രക്തക്കുഴലുകൾ തടിച്ചുവീർത്തും ചുറ്റിപിണഞ്ഞും അശുദ്ധരക്തത്തെ മുകളിലേക്ക് വിടാതെ വരുമ്പോൾ രക്തപ്രവാഹത്തിന്റെ വേഗം കുറയുകയും കെട്ടിനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇങ്ങനെ കെട്ടികിടക്കുന്ന അശുദ്ധരക്തം സമീപകോശങ്ങൾക്ക് നാശവും വീർത്ത് പൊട്ടി വ്രണങ്ങളും അണുബാധയും ഉണ്ടാക്കാൻ സാധ്യതയുണ്ട്.

പ്രസവകാലത്ത് ചില സ്ത്രീകളിൽ വെരിക്കോസ് വെയ്ൻ കാണപ്പെടാറുണ്ട്. ഗർഭകാലത്ത് ശരീരത്തിൽ രക്തത്തിന്റെ അളവ് കൂടാറുണ്ടെങ്കിലും അതനുസരിച്ച് കാലുകളിൽ നിന്ന് ഇടുപ്പിലേക്ക് ഉള്ള രക്തയോട്ടം കൂടാത്തതാണ് ഇതിന് കാരണം.

അതോടൊപ്പം ഗർഭാവസ്ഥയിലെ ഹോർമോൺ മാറ്റങ്ങളും ഇതിലേക്ക് നയിക്കാം. പ്രസവം കഴിഞ്ഞ് ഒരു വർഷം ആകുന്നതോടെ മിക്കവരിലും ഇത് മാറുന്നതായി കാണാം.

പാരമ്പര്യമായും വെരിക്കോസ് വെയ്ൻ കാണപ്പെടാറുണ്ട് കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ മറ്റുള്ളവർക്കും വരാൻ സാധ്യതയേറെയാണ്. അമിതവണ്ണം, വ്യായാമ കുറവ്, തുടർച്ചയായി ഏറെ നേരം നിൽക്കുക എന്നിവയും വെരിക്കോസ് വെയ്ന് കാരണമാകാം.

ലക്ഷണങ്ങൾ

 • രക്തക്കുഴലുകൾ തടിച്ചു ചുരുളുന്നു.
 • കാലുകളിൽ ചിലന്തിവല പോലെ വെയ്‌ൻസ്‌ കാണപ്പെടുന്നു.
 • രക്തക്കുഴലുകൾ നീല പർപ്പിൾ നിറങ്ങളിൽ ആകുന്നു. ആദ്യഘട്ടത്തിൽ നിറവ്യത്യാസം ഉണ്ടാകണമെന്നില്ല. രോഗബാധയുള്ള സ്ഥലത്ത് മുറിവിൽ നിന്നും രക്തസ്രാവം ഉണ്ടാവാം.
 • കണങ്കാലിന്റെ ഭാഗം നീര് വന്ന് വീർക്കുന്നു.
 • കാലുകളിൽ വേദനയും ഭാരക്കൂടുതലും തോന്നുക
 • വെരിക്കോസ് വെയ്ൻ ഉള്ള ഭാഗത്തു കരിവാളിപ്പും പുകച്ചിലും
 • വ്രണങ്ങൾ

പരിശോധനകൾ

രോഗിയെ നേരിട്ട് പരിശോധിക്കുന്നതിലൂടെയും മറ്റ് ടെസ്റ്റുകളിലൂടെയും രോഗം നിർണയിക്കാം. ഡോപ്ലർ വീനസ് അൾട്രാസൗണ്ട്, വീനോഗ്രാം എന്നിവയാണ് സാധാരണ പരിശോധനകൾ.

തടയാൻ ചെയ്യേണ്ടത്

ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ വെരിക്കോസ് വെയ്ൻ ഒരു പരിധി വരെ പ്രതിരോധിക്കും. ഇത് പൂർണ്ണമായി തടയാൻ കഴിയില്ല.

നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കണം. ഇത് വഴി രക്തപ്രവാഹം സുഗമമാവുകയും സിരകളുടെ ആയാസം കുറയുകയും ചെയ്യും.

ശരീരഭാരം ആരോഗ്യകരമായി നിലനിർത്തണം. നാരുകൾ കൂടുതലുള്ളതായ ധാന്യങ്ങൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.

ഉപ്പിന്റെ അളവ് കുറയ്ക്കുക. പരന്ന പ്രതലമുള്ള പാദരക്ഷകൾ ഉപയോഗിക്കുക. ജോലി ചെയ്യുമ്പോൾ ഒരേ പൊസിഷനിൽ ഇരിക്കാതിരിക്കുക. രക്തയോട്ടം വർധിപ്പിക്കുന്ന ലഘുവ്യായാമങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക.

ചികിത്സകൾ

വെരിക്കോസ് വെയ്ൻ രോഗികളിൽ കാലിലെ രക്തയോട്ടം മെച്ചപ്പെടുത്താനും, വേദന കുറയ്ക്കാനും കംപ്രഷൻ സ്റ്റോക്കിങ്സ് ചികിത്സ ഉപയോഗിക്കാറുണ്ട്.

ആധുനിക കംപ്രഷൻ സ്റ്റോക്കിങ്സ് കാലുകളിൽ തുടർച്ചയായി സമ്മർദ്ദം ലഭിക്കത്തക്കവിധം നിർമ്മിക്കപ്പെട്ടതാണ്. കണങ്കാൽ ഭാഗത്തു ഏൽക്കുന്ന സമ്മർദ്ദം സിരകളിലെ രക്തത്തിന്റെ മുകളിലേക്കുള്ള ഒഴുക്കിനെ സഹായിക്കുന്നു.

ശസ്ത്രക്രിയ

ജീവിതശൈലിയിലെ മാറ്റങ്ങളും മറ്റ് മരുന്നുകളും ഫലിക്കാതെ വരുമ്പോഴാണ് ശസ്ത്രക്രിയ നിർദ്ദേശിക്കുന്നത്. ചെറിയ മുറിവുണ്ടാക്കി അസുഖം ബാധിച്ച സിരയെ നീക്കം ചെയ്യുകയാണ് സാധാരണ ചെയ്യുന്നത്.

രോഗബാധയുള്ള സിര മുറിച്ച് പുറത്തേക്ക് വലിച്ചെടുക്കുന്നു. വെയ്ൻ സ്ട്രിപ്പിങ്, ഫ്ലെബക്ടമി എന്നിവയാണ് പ്രധാന ശസ്ത്രക്രിയകൾ.

എൻഡോവെനസ് അബ്ലേഷൻ തെറാപ്പി

റേഡിയോ ഫ്രീക്വൻസി തരംഗങ്ങളോ ലേസറോ ഉപയോഗിച്ചുള്ള ആധുനിക രീതിയാണിത്. അസുഖം ബാധിച്ച ഭാഗത്തു ദ്വാരമുണ്ടാക്കി സിരയിലൂടെ കത്തീറ്റർ കയറ്റി അൾട്രാസൗണ്ട് മെഷീന്റെ സഹായത്തോടെ സിരകൾ കരിച്ചെടുക്കുകയാണ് ഈ പ്രൊസിജ്യരിൽ ചെയ്യുന്നത്.

എൻഡോസ്കോപ്പിക് വെയ്ൻ സർജറി

രോഗം ബാധിച്ച സിരയുടെ സമീപത്തായി ചെറിയ ദ്വാരമുണ്ടാക്കി അതുവഴി എൻഡോസ്കോപ് കടത്തി കൃത്യമായി നിരീക്ഷിച്ചാണ് ഈ സർജറി ചെയ്യുന്നത്.

സ്ക്ളീറോ തെറാപ്പി

സിരകളിലേക്ക് ദ്രാവക രൂപത്തിലുള്ള രാസവസ്തു നേരിട്ട് കുത്തിവെച്ച് അവയെ നിർവീര്യമാക്കുന്ന രീതിയാണിത്. ഗർഭിണികൾ, ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവർ എന്നിവർക്ക് സ്ക്ളീറോ തെറാപ്പി ചെയ്യാറില്ല.

ഇതൊക്കെ ചെയ്താലും മുറിവുകൾ തീരെ ഉണങ്ങുന്നില്ലെങ്കിൽ സ്കിൻ ഗ്രാഫ്റ്റിങ് പോലുള്ള പ്ലാസ്റ്റിക് സർജിക്കൽ ഓപ്പറേഷനുകൾ വേണ്ടി വരാം. എന്നാൽ പോലും പരാജയപ്പെടാനോ പിന്നെയും വ്രണങ്ങൾ വരാനോ ഉള്ള സാധ്യതയുണ്ട്. കംപ്രഷൻ സ്റ്റോക്കിങ്സ് തുടക്കത്തിലേ ഉപയോഗിക്കുന്നത് വഴി സങ്കീർണതകൾ ഒരു പരിധി വരെ തടയാൻ സാധിക്കും.

Dr. Jibin K Thomas 
MBBS, MS (Gen Surgery), FIAGES, FMAS, DIP (MAS), FALS
Consultant – General & Laparoscopic Surgery
Mar Sleeva Medicity Palai

അർട്ടിക്കേറിയ

Posted on

എന്താണ് അർട്ടിക്കേറിയ?

ചുവന്നു തടിച്ച് ചൊറിച്ചിലോടുകൂടിയതും അൽപ്പായുസ്സുള്ളതുമായ പാടുകളാണ് അർട്ടിക്കേറിയ. ഏതു പ്രായക്കാരിലും ഉണ്ടാകാവുന്ന ഇത് ചർമ്മത്തിലുണ്ടാകുന്ന ഒരു തരം അലർജിയാണ്.

രോഗലക്ഷണങ്ങൾ

 • ചുവന്നു തടിച്ച, ചൊറിച്ചിലോടുകൂടിയ പാടുകൾ
 • മിനിറ്റുകൾ മുതൽ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഇവ അപ്രത്യക്ഷമാകും
 • അപൂർവ്വമായി ആസ്ത്മ/ ശ്വാസം മുട്ടൽ പോലെ ബുദ്ധിമുട്ടുണ്ടാക്കാവുന്ന അവസ്ഥയും (ആൻജിയോ എഡീമ), ഗുരുതരമായ അനാഫൈലാക്സിസ് എന്ന അവസ്ഥയും അർട്ടിക്കേറിയ മൂലം ഉണ്ടാകാം.

രോഗകാരണം

ഹിസ്റ്റമിൻ പോലെയുള്ള കെമിക്കലുകൾ ശരീരത്തിലും രക്തക്കുഴലുകളിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് അർട്ടിക്കേറിയക്കു കാരണമാകുന്നത്. പല കാരണങ്ങൾ കൊണ്ട് ഈ കെമിക്കലുകൾ നമ്മുടെ ശരീരത്തിൽ കടന്നു കൂടാം.

 • ഭക്ഷണപദാർത്ഥങ്ങൾ
 • മരുന്നുകൾ
 • വിര, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയ ഇന്ഫെക്ഷനുകൾ
 • ചെടികൾ, പൂമ്പൊടികൾ
 • ഫിസിക്കൽ അർട്ടിക്കേറിയ- തണുപ്പ്, ചൂട്, വെയിൽ, ചർമ്മത്തിൽ ശക്തമായി ഉരക്കുന്നത് (ഡെർമോഗ്രാഫിസം), വ്യായാമം മുതലായവ കൊണ്ട് ഉണ്ടാകുന്ന അർട്ടിക്കേറിയ.

ഇത് കൂടാതെ മറ്റുപല അസുഖങ്ങൾകൊണ്ടും അർട്ടിക്കേറിയ ഉണ്ടാകാം. കൂടുതൽ പേരിലും അർട്ടിക്കേറിയക്ക് ഒരു കാരണവും കണ്ടെത്താനാവാറില്ല (ഇഡിയോപ്പതിക് അർട്ടിക്കേറിയ).

അർട്ടിക്കേറിയയുടെ കാരണം എങ്ങനെ കണ്ടുപിടിക്കാം?

 • ദിവസവും കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ, അന്നന്ന് ചെയ്യുന്ന കാര്യങ്ങൾ എന്നിവ ഒരു ഡയറിയിൽ കുറിക്കുക. ഇവ നോക്കി അർട്ടിക്കേറിയ ഉണ്ടാക്കാവുന്ന കാരണങ്ങൾ കണ്ടുപിടിക്കാവുന്നതാണ്.
 • അലർജിക്ക് കാരണമായി തോന്നുന്ന വസ്തുക്കൾ/ ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കി നോക്കുക.

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഒരു ഡോക്ടറെ കാണുക.

 • ചുവന്നു തടിച്ച പാടുകൾ മായാതെ നിൽക്കുമ്പോൾ
 • ചുണ്ടിലും കൺപോളകളിലും ചൊറിച്ചിൽ അധികം ഇല്ലാതെ, എന്നാൽ ചിലപ്പോൾ വേദനയോടു കൂടിയ തടിപ്പ് കണ്ടാൽ ആൻജിയോഎഡീമ (angioedema) എന്ന അലർജി ആവാം. ഇത് ശ്വാസകോശത്തിലേക്ക് പടരാനും ശ്വാസതടസ്സം ഉണ്ടാകാനും കാരണമാകുന്നു.
 • അലർജിയുടെ ഭാഗമായി ശ്വാസംമുട്ടൽ, രക്തസമ്മർദം താഴുക, ചുമ, അബോധാവസ്ഥ എന്നിവ സംഭവിച്ചാൽ അത് അനാഫൈലാക്സിസ് (anaphylaxis) എന്ന അലർജി ആയേക്കാം. ഇത് മരണത്തിനു വരെ കാരണമാകാം.

അർട്ടിക്കേറിയയുടെ ചികിത്സ എന്ത്?

 • അർട്ടിക്കേറിയക്കു കാരണമായ വസ്തു ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചില സാഹചര്യങ്ങളിൽ കാരണം കണ്ടുപിടിക്കാനും അർട്ടിക്കേറിയ പോലുള്ള മറ്റു ചർമ്മരോഗങ്ങൾ അല്ല എന്ന് ഉറപ്പുവരുത്താനും പല ടെസ്റ്റുകൾ നടത്തേണ്ടി വരും.
 • ആന്റിഹിസ്റ്റമിൻ എന്ന മരുന്നുകൾ ആണ് അർട്ടിക്കേറിയക്കു പ്രധാനമായും നൽകുന്നത്. ചില സാഹചര്യങ്ങളിൽ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകളും കൊടുക്കേണ്ടതാണ് വരാം.
 • ആൻജിയോ എഡീമ, അനാഫൈലാക്സിസ് എന്ന അലർജിയുടെ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ആശുപത്രിയിൽ എത്തി ചികിത്സ തേടേണ്ടതാണ്.

Dr. Neethu Mary George
MBBS, MD (Dermatology)
Consultant – Dept. of Dermatology & Cosmetology
Mar Sleeva Medicity Palai

കൊറോണറി ആർട്ടറി ഡിസീസ് (CAD) ചെറുപ്പക്കാരിൽ

Posted on

ലോകത്തേറ്റവും കൂടുതൽ മരണനിരക്കിനും രോഗാവസ്ഥക്കും കാരണം കൊറോണറി ആർട്ടറി രോഗമാണ്. സൗത്ത് ഏഷ്യക്കാരിൽ പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വ്യാപനം 10% ൽ അധികമാണ്. 45 വയസ്സിൽ താഴെയുള്ളവരെയാണ് ചെറുപ്പക്കാർ എന്ന പട്ടികയിൽ ചേർത്തിട്ടുള്ളത്. ചില രാജ്യങ്ങളിൽ 55 നു താഴെ പ്രായമുള്ളവരെയും ഈ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് ചെറുപ്പക്കാരിൽ ഈ രോഗം വന്നാൽ ഭേദമാകാൻ താരതമ്യേന എളുപ്പമാണ്. സൗത്ത് ഏഷ്യാക്കാരിൽ CAD രോഗബാധിതരാകുന്നവരുടെ ശരാശരി പ്രായം 53 വയസ്സും, യൂറോപ്യൻ രാജ്യങ്ങളിൽ 63 വയസ്സുമാണെന്നു വിവിധ പഠനങ്ങൾ തെളിയിക്കുന്നു. ഇന്ത്യക്കാരിൽ ഈ രോഗം വരാനുള്ള സാധ്യത ജീവിതശൈലി, ജനിതക ഘടന, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പുകവലി, അമിതവണ്ണം എന്നിവയുള്ളവരിൽ കൊറോണറി ആർട്ടറി ഡിസീസ് വന്നാൽ അപകടസാധ്യത കൂടുതലാണ്. പുരുഷന്മാർക്ക് കൊറോണറി ആർട്ടറി രോഗം സ്ത്രീകളെക്കാൾ മുമ്പേ പ്രകടമാകുമെങ്കിലും രോഗബാധിതരായവരുടെ മരണനിരക്കിന്റെ കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ മുന്നിലാണ്. ഈ രോഗം കുട്ടിക്കാലത്തിൽ തുടങ്ങി പുരോഗമിക്കുന്ന ഒന്നാണെന്ന് ഇതിനോടകം തന്നെ വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കൊറോണറി ആർട്ടറി ഡിസീസ് ഉണ്ടാകാനുള്ള പരമ്പരാഗത കാരണങ്ങൾ

 • പ്രായം
 • ജെൻഡർ
 • പ്രമേഹം
 • രക്തസമ്മർദ്ദം
 • ഡിസ്ലിപിഡീമിയ
 • അമിതവണ്ണം
 • പുകവലി

ഹൃദ്രോഗത്തിനുള്ള കാരണങ്ങളിൽ ഏറ്റവും സാധാരണവും ചികിൽസിച്ചു ഭേദമാക്കാവുന്നതുമായ അസുഖമാണ് ഹൈപ്പർ കൊളസ്ട്രോളീമിയ. രക്തത്തിൽ അളവിൽ കൂടുതൽ കൊളസ്‌ട്രോൾ കാണപ്പെടുന്ന അവസ്ഥയാണിത്. കൊറോണറി ആർട്ടറി ഡിസീസ് ഉണ്ടാകാനുള്ള കാരണങ്ങളിൽ പരിഹരിക്കാവുന്നവയാണ് പുകവലി, രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, ഡിസ്ലിപിഡീമിയ, മെറ്റബോളിക് സിൻഡ്രോം എന്നിവ. അതേസമയം പ്രായം, ജെൻഡർ, ജനിതക ഘടന എന്നിവ പരിഹരിക്കാനാവാത്ത അപകട സാധ്യതാഘടകങ്ങളുടെ പട്ടികയിൽപ്പെടുന്നു.

കൊറോണറി ആർട്ടറി ഡിസീസ് ഉണ്ടാകാനുള്ള മറ്റു കാരണങ്ങൾ

 • മെഥിയോണിൻ സിന്തേസ് ജീൻ
 • ഹെപ്പാറ്റിക് ലിപേസ് ജീൻ
 • ലൈപ്പോപ്രോട്ടീൻ ലൈപേസ് ജീൻ
 • CETP ജീനിലെ പോളിമോർഫിസങ്ങൾ
 • ലൈപ്പോപ്രോട്ടീൻ എ, ഫൈബ്രിനോജൻ, ഡി-ഡൈമർ
 • കുറഞ്ഞ അളവിലുള്ള ഓസ്റ്റിയോകാൽസിൻ
 • ഹൈപ്പോതൈറോയിഡിസം
 • റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
 • ഹോമോസിസ്റ്റിനീമിയ
 • HAART ചികിത്സ നടത്തുന്ന എച്ച്ഐവി രോഗികൾ
 • ഉയർന്ന അളവിൽ വിറ്റാമിൻ ഡി 2, ഡി 3
 • കൊക്കെയ്ൻ ഉപയോഗം
 • കുട്ടികളിൽ ഉണ്ടാകുന്ന കവാസാക്കി രോഗം
 • പെട്ടന്നുള്ള കൊറോണറി ആർട്ടറി ഡിസെക്ഷൻ
 • ഫാക്ടർ 5 ലൈഡൻ

പ്രീമച്ച്വർ ഗ്രേയിംഗ്

20 വയസ്സിന് മുമ്പ് മുടി നരയ്ക്കുന്നത് CAD മായി ബന്ധപ്പെട്ടിരിക്കുന്നു. സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ CAD ഉള്ളവർക്ക് പ്രീമച്ച്വർ ഗ്രേയിംഗ് വരാനുള്ള സാധ്യത 5.3 മടങ്ങ് കൂടുതലാണ്.

ആർക്കസ് സെനൈലിസ്

കണ്ണുകളുടെ കോർണിയക്കു ചുറ്റും ചാരം, വെളുപ്പ്, നീല എന്നീ നിറങ്ങളിൽ അതാര്യമായി കാണപ്പെടുന്നു. ഇത് ഫോസ്ഫോളിപിഡ്, കൊളസ്ട്രോൾ എന്നിവയുടെ നിക്ഷേപങ്ങൾ മൂലം ഉണ്ടാകുന്നു. ആർക്കസ് സെനൈലിസ് ഉള്ളവർക്ക് ഫാമലിയൽ ഹൈപ്പർ കൊളസ്ട്രീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പ്രീമച്ച്വർ ബാൾഡിങ് (കഷണ്ടി)

പുരുഷന്മാരിലെ കഷണ്ടി CAD മായി ബന്ധപ്പെട്ടിരിക്കുന്നു. സമപ്രായക്കാരെ അപേക്ഷിച്ച് CAD ഉള്ളവർക്ക് പ്രീമച്ച്വർ ബാൾഡിങ് വരാൻ 5 .6 മടങ്ങ് അധിക സാധ്യതയുണ്ട്.

സേൻതോമറ്റ 

കൺപോളകളുടെ ചർമ്മത്തിന് അടിയിൽ ഉണ്ടാകുന്ന കൊളസ്ട്രോളിന്റെ മഞ്ഞനിറത്തിലുള്ള നിക്ഷേപമാണ് സേൻതോമറ്റ. ഇത് ഹൈപ്പർ ലിപ്പീസീമയുമായി ബന്ധപ്പെട്ടിക്കുന്നു.

സ്ത്രീകളിൽ CAD ഉണ്ടാകാനുള്ള കാരണങ്ങൾ

 • ഹൈപ്പർ ഈസ്‌ട്രോജെനീമിയ
 • പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (ഇവർക്ക് പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച കൂടുതലാണ്)
 • പ്രീ എക്ലാംസിയ
 • ഗർഭത്തിന്റെ മൂന്നാമത്തെ ട്രൈമെസ്റ്ററിൽ ഉള്ള രക്തസ്രാവം
 • ഗർഭകാല പ്രമേഹം (ഭാവിയിൽ പ്രമേഹ രോഗി ആയില്ലെങ്കിലും അതെറോസ്‌ക്‌ളിറോസിസുമായി ബന്ധപ്പെട്ടിരിക്കുന്നു)
 • മാസം തികയാതെയുള്ള ശിശുവിന്റെ ജനനം
 • റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
 • ലൂപസ്

പത്തോഫിസിയോളജി

സാധാരണ രീതിയിലുള്ള കൊറോണറി ആർട്ടറി രോഗാവസ്ഥയാണ് 80% ചെറുപ്പക്കാരിലും ഉണ്ടാകുന്നത്. 4% ആളുകൾക്ക് ഹൃദയ രക്‌തധമനികളുടെ അസാധാരണമായ ഘടന കൊണ്ടും 5% ആളുകൾക്ക് മറ്റ് രക്തധമനികളിലെ ബ്ലഡ് ക്ലോട്ട് കൊണ്ടും 5% ആളുകൾക്ക് രക്തം അസാധാരണമായി കട്ടിപിടിക്കുന്ന രോഗാവസ്ഥ കൊണ്ടും 6% ആളുകൾക്ക് കൊറോണറി ആർട്ടറിയുടെ ഇൻഫ്ളമേഷൻ അല്ലെങ്കിൽ സ്പാസം കൊണ്ടും CAD ഉണ്ടാകാം. റേഡിയേഷൻ തെറാപ്പി, മുഴകൾ, ട്രോമ, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയും കാരണങ്ങളായി കാണാക്കാക്കപ്പെടുന്നു.

CAD ന്റെ ക്ലിനിക്കൽ അവതരണം യുവാക്കളിൽ

CAD വരുന്ന യുവാക്കളിൽ മിക്കവർക്കും മുൻപ് നെഞ്ചുവേദനയോ ഹൃദയാഘാതമോ ഹാർട്ട് ഫെയിലിയറോ ഉണ്ടാകാറില്ല. 2/3 പേർക്ക് ഇസിജി യിൽ വ്യത്യാസമില്ലാത്ത ഹൃദയാഘാതം ഉണ്ടാകുമ്പോൾ ബാക്കിയുള്ള 1/ 3 പേർക്ക് മാത്രമേ ഇസിജിയിൽ വ്യത്യാസം ഉണ്ടാകാറുള്ളൂ. സാധാരണയായി യുവാക്കളിൽ ഹൃദയത്തിലെ ഏതെങ്കിലും ഒന്നോ രണ്ടോ രക്തധമനികൾക്കേ തടസ്സം ഉണ്ടാകാറുള്ളൂ. അതുപോലെതന്നെ 10% ആളുകൾക്ക് മാത്രമാണ് മൂന്നു രക്തക്കുഴലുകൾക്കും തടസ്സം സംഭവിക്കാറുള്ളത്.

കാർഡിയോ വാസ്ക്കുലാർ ട്രീട്മെന്റിന് ഉപയോഗിക്കുന്ന സാധാരണ മാർഗങ്ങൾ

 • ക്ലിനിക്കൽ പരിശോധന
 • കുടുംബ ചരിത്രം
 • ഗ്ലോബൽ റിസ്ക് സ്കോറിങ്
 • ആജീവനാന്ത അപകടസാധ്യത കണക്കാക്കൽ
 • ഇസിജി
 • എക്കോ
 • സ്ട്രെസ് ഇലെക്ട്രോകാർഡിയോഗ്രഫി
 • മയോകാർഡിൽ പെർഫ്യൂഷൻ ഇമേജിങ്
 • സ്ട്രെസ് എക്കോ കാർഡിയോഗ്രഫി
 • LDL C, HDC C
 • ലിപോ പ്രോട്ടീൻ a
 • ലിപോ പ്രോട്ടീൻ ഫ്രാക്ഷനേഷൻ
 • കൊറോണറി ആൻജിയോഗ്രഫി
 • അൾട്രാസൗണ്ട് ഉപഗോഗിച്ച് കാര്ടിഡ് ഇന്റിമ തിക്‌നെസ്സ്
 • CT കൊറോണറി കാൽസ്യം
 • CT കൊറോണറി ആൻജിയോഗ്രഫി
 • MRI കൊറോണറി ആൻജിയോഗ്രഫി

ഡിജിറ്റൽ അബ്‌ഡോമിനൽ ഡയമീറ്റർ, സ്കിൻ ഫോൾഡ് റേഷ്യോ എന്നിവ CAD പ്രവചിക്കാനുള്ള സൂചകങ്ങളാണ്. ഇത് BMI, വെയിസ്റ് സർകംഫെറൻസ് എന്നിവയെക്കാൾ മികച്ച ഫലം നൽകുന്നു.

ഹൃദയാരോഗ്യത്തിന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിഷ്കർഷിക്കുന്ന 7 കാര്യങ്ങൾ

 • പുകവലിക്കാത്തതിരിക്കുക അല്ലെങ്കിൽ പുകവലി ഉപേക്ഷിച്ചിട്ട് ഒരു വർഷമെങ്കിലും ആയിക്കണം.
 • ബോഡി മാസ്സ് ഇൻഡക്സ് (< 25 kg /m)
 • മതിയായ അളവിൽ വ്യായാമം (>= 150 min / week)
 • ആരോഗ്യകരമായ ഭക്ഷണക്രമം
 • കഴിക്കുന്ന ഉപ്പിന്റെ അളവ് 1. 5 gm / day യിൽ താഴെ
 • മധുരമുള്ള പാനീയങ്ങൾ കുറക്കുക (<= 36 oz / week)
 • മൽസ്യം (>= 200 gm / week)
 • പച്ചക്കറികളും പഴങ്ങളും (>= 500 gm / week)
 • നാരുകൾ അടങ്ങിയ ധാന്യങ്ങൾ (2 servings / day)
 • കൊളെസ്ട്രോൾ ലെവൽ <200 mg/dl
 • BP ലെവൽ <120/ 80 mHg
 • FBS ലെവൽ <100 mg/ dl

പ്രതിരോധ രീതികൾ

ഒരു രോഗത്തിന്റെ ആഘാതം തടയുന്നതിനും കുറക്കുന്നതിനും രണ്ട് രീതിയിലുള്ള പ്രതിരോധ സംവിധാനങ്ങളുണ്ട്.

പ്രൈമറി പ്രിവൻഷൻ

പ്രൈമറി പ്രിവൻഷൻ എന്നത് രോഗം വരുന്നത് തടയാൻ ഒരു വ്യക്തി സ്വീകരിച്ച മുൻകരുതൽ നടപടികളാണ്. ആൻജിയോഗ്രഫി, ബൈപാസ് ശസ്ത്രക്രിയകൾ എന്നിവ മരുന്നുകളാൽ മാറ്റാൻ പറ്റാത്ത കഷ്ടതകൾ കുറക്കുന്നു.

സെക്കണ്ടറി പ്രിവൻഷൻ

ഹൃദ്രോഗം ഉള്ളവർക്ക് ഹൃദയാഘാതം വരാതിരിക്കാനും വന്നാൽ അതിന്റെ ആഘാതം കുറക്കാനും ചെയ്യുന്ന നടപടികളാണ് ഇതിൽ ഉൾപ്പെടുന്നത്.

പ്രൈമറി പ്രിവൻഷൻ കൊണ്ടുദ്ദേശിക്കുന്ന കാര്യങ്ങൾ

 • പുകവലി പാടേ ഉപേക്ഷിക്കുക
 • ആരോഗ്യകരമായ ഭക്ഷണക്രമം
 • വ്യായാമം
 • വണ്ണം കുറക്കുക
 • പ്രമേഹം നിയന്ത്രിക്കുക
 • രക്‌തസമ്മർദ്ദം കുറക്കുക
 • ഹൃദ്രോഗത്തിലേക്ക് വഴിയൊരുക്കുന്നതിനു കാരണമാകുന്ന മറ്റ് അസുഖങ്ങളെ ചികിൽസിക്കുക (eg : കിഡ്‌നി തകരാർ)
 • ശസ്ത്രക്രിയ (ബാരിയാട്രിക് ശസ്ത്രക്രിയ)

സ്റ്റാറ്റിൻ ഉപയോഗിച്ച് പ്രൈമറി/ സെക്കണ്ടറി പ്രിവൻഷൻ

കൊറോണറി ആർട്ടറി രോഗങ്ങൾ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സ്റ്റാറ്റിൻ ഗുളികകൾ വളരെ ഫലപ്രദവും സുരക്ഷിതവുമായ മരുന്നുകളാണ്. ഇവ സമാനതകളില്ലാത്തതാണെന്നു ഇതിനോടകം തന്നെ പഠനങ്ങൾ കാണിച്ചിട്ടുണ്ട്. പ്രൈമറി പ്രിവെൻഷന്റെ ഭാഗമായി രോഗികൾക്ക് സ്റ്റാറ്റിൻ കൊടുക്കണമെന്നുള്ള ശുപാർശകൾ പരക്കെ ഉണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്കും ഹൃദ്രോഗം കണ്ടെത്തിയവർക്കും ഉള്ള ആദ്യ ചികിത്സയാണ് സ്റ്റാറ്റിൻസ്. 30% ഹൃദ്രോഗങ്ങളും സ്റ്റാറ്റിൻ ഗുളികകൾ പ്രതിരോധിക്കുന്നു. ഏറ്റവും അപകടകരമായ കൊളസ്‌ട്രോൾ വകഭേദങ്ങളെപ്പോലും കുറക്കാൻ റോസുവാസ്റ്റാറ്റിൻ മരുന്ന് ഫലപ്രദമായി ഉപയോഗിക്കുന്നു.

ആസ്പിരിൻ കുറഞ്ഞ ഡോസ്

രക്തസ്രാവത്തിന്റെ സാദ്ധ്യതകൾ ഇല്ലാത്ത 40 മുതൽ 70 വരെ പ്രായമുള്ള ആളുകൾക്ക് അതെറോസ്‌ക്‌ളിറോസിസ് കാർഡിയോവാസ്‌ക്യൂലർ ഡിസീസ് തടയാൻ പ്രൈമറി പ്രിവൻഷൻ എന്ന നിലക്ക് കുറഞ്ഞ ഡോസിലുള്ള ആസ്പിരിൻ നൽകാവുന്നതാണ്.

Dr. Krishnan C
MBBS, MS, M.Ch (CTVS)
Senior Consultant – Cardiovascular & Thoracic Surgery
Mar Sleeva Medicity Palai.

മൂത്രാശയ കല്ല് രോഗങ്ങളെ എങ്ങനെ നേരിടാം?

Posted on

മൂത്രാശയവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് കല്ല് രോഗങ്ങൾ. കല്ലുകളുടെ സ്ഥാനം അനുസരിച്ച് അവയെ വൃക്കയിലെ കല്ലുകൾ, മൂത്രവാഹിനിയിലെ കല്ലുകൾ, മൂത്രസഞ്ചിയിലെ കല്ലുകൾ എന്നിങ്ങനെ തരംതിരിക്കാം. കല്ല് രോഗങ്ങൾ വളരെ സാധാരണമാണ്, സമയോചിതമായി കണ്ടെത്തിയാൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഇവ ചികിൽസിച്ചു ഭേദമാക്കാം.  

വിവിധതരം മൂത്രാശയ കല്ലുകൾ

മനുഷ്യ ശരീരത്തിൽ പ്രധാനമായും നാല് തരം കല്ലുകൾ കാണപ്പെടുന്നു – കാൽസ്യം, യൂറിക് ആസിഡ്, സ്ട്രൂവൈറ്റ്, സിസ്റ്റൈൻ. വൃക്കയിലെ കല്ലുകളും യൂറിറ്ററിലെ (കിഡ്‌നിയിൽ നിന്നും മൂത്രസഞ്ചിയിലേക്ക് മൂത്രം വഹിച്ചുകൊണ്ട് പോകുന്ന മൂത്രവാഹിനി) കല്ലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അവ കാണപ്പെടുന്ന സ്ഥാനമാണ്. വൃക്കയിലെ കല്ലുകൾ മൂത്രനാളത്തിലേക്ക് കടന്നാൽ കടുത്ത വേദന ഉണ്ടാക്കും.

വൃക്ക, യൂറിറ്റർ എന്നിവയിൽ   കല്ലുകൾ ഉണ്ടെങ്കിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ

വൃക്കയിലെ കല്ലുകൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാവാം, പക്ഷേ അവ മൂത്രാശയത്തിലേക്ക് നീങ്ങുന്നില്ലെങ്കിൽ തടസ്സങ്ങളും ശക്തമായ വേദനയും ഉണ്ടാകണമെന്നില്ല. വൃക്കയിലെ കല്ലുകൾക്ക് നേരിയ വേദനയുണ്ടാകും. അതേ സമയം യൂറിറ്ററൽ കല്ലുകൾ, വളരെ ചെറിയവക്ക് പോലും കുത്തിവച്ചുള്ള വേദനസംഹാരികൾ ആവശ്യമുള്ളപോലുള്ള കഠിനമായ വേദനയ്ക്ക് കാരണമാകും.

കല്ലുകളുടെ ഉണ്ടെങ്കിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ

 • കൊളുത്തിപിടിക്കുന്ന രീതിയിൽ വയറിന്റെ വശങ്ങളിലായുള്ള വേദന.
 • പല ആവർത്തി മൂത്രമൊഴിക്കണമെന്ന തോന്നലും മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദനയും.
 • മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം.
 • ഓക്കാനം, ഛർദ്ദി
 • പനിയും വിറയലും

വിവിധ രോഗനിർണയ രീതികൾ

വൃക്കയിലെയും യൂറിറ്ററിലെയും കല്ലുകളുടെ രോഗനിർണ്ണയോപാധികൾ താഴെപ്പറയുന്നവയാണ്.

 • റേഡിയോളജി ഇമേജിംഗ് ടെസ്റ്റുകൾ – കല്ലുകളുടെ സാന്നിധ്യം കണ്ടെത്താൻ അൾട്രാസൗണ്ട് സ്കാൻ, എക്സ്-റേ, സിടി സ്കാൻ എന്നിവ ഉപയോഗിക്കുന്നു. എല്ലാത്തരം കല്ലുകളുടെയും എല്ലാ വലുപ്പത്തിലുള്ള കല്ലുകളുടെയും സാന്നിധ്യം കണ്ടുപിടിക്കാൻ അനുയോജ്യമായ സ്കാനാണ് സിടി.
 • മൂത്ര പരിശോധന – മൂത്രത്തിൽ കല്ല് രൂപപ്പെടുന്ന കണങ്ങളുടെ സാന്നിധ്യം കണ്ടെത്താനും അങ്ങനെ മൂത്രാശയത്തിൽ കല്ലുകൾ ഉണ്ടോ എന്ന് മനസ്സിലാക്കാനും സഹായിക്കുന്നു.
 • രക്തപരിശോധന – രക്തത്തിൽ കാൽസ്യം, യൂറിക് ആസിഡ് എന്നിവയുടെ അളവ് കാണിക്കാനും, വൃക്കകളുടെ പൊതുവായ പ്രവർത്തനം നിരീക്ഷിക്കാനും ഇത് സഹായിക്കുന്നു.

വൃക്ക / യൂറിറ്ററൽ കല്ലുകളുടെ ചികിത്സ

കല്ലുകളുടെ ചികിത്സ അവയുടെ വലുപ്പത്തെയും സ്ഥാനത്തെയും ആശ്രയിച്ചിരിക്കുന്നു. ചെറിയ കല്ലുകൾക്ക്, പ്രതിദിനം 2-3 ലിറ്റർ വെള്ളം കുടിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു, അതുവഴി മൂത്രത്തിലൂടെ കല്ല് പുറന്തള്ളപ്പെടും. കല്ല് പുറത്തേക്ക് പോകാനും വേദന കുറയ്ക്കാനും സഹായിക്കുന്ന മരുന്നുകളും ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം.

കല്ലുകൾ വലുതും സങ്കീർണതകൾ നിറഞ്ഞതുമാണെങ്കിൽ, യൂറോളജിസ്റ്റ് ഇനിപ്പറയുന്ന ചികിത്സാ രീതികൾ അവലംബിക്കും.

 • RIRS- റിട്രോഗ്രേഡ് ഇൻട്രാറീനൽ സർജറി – ഇത് വൃക്കയ്ക്കു മുകളിലെ യൂറിറ്ററിക് കല്ലിനുമുള്ള ചികിത്സയുടെ ഏറ്റവും നൂതനമായ ശസ്ത്രക്രിയാ രീതിയാണ് RIRS. കല്ല് പൊടിക്കാൻ മൂത്രാശയത്തിലൂടെ സ്കോപ്പും ലേസറും കടത്തിവിട്ട് കല്ല് പൊടിക്കുന്ന രീതിയാണിത്. വൃക്കയിലെ വലിയ കല്ലുകൾ പോലും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊടിച്ചു നീക്കം ചെയ്യാനാകും. അധികം വേദനയോ, വൃക്കയ്ക്ക് മറ്റൊരു രീതിയിലുള്ള കേടുപാടുകളോ ഇല്ലാതെ രോഗി വേഗത്തിൽ സുഖം പ്രാപിക്കുന്നു. മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ഈ നൂതന ചികിത്സാരീതിക്ക്‌ സൗകര്യമുണ്ടെന്നത് ശ്രദ്ധേയമാണ്.
 • ഷോക്ക് വേവ് ലിത്തോട്രിപ്സി (ESWL) – ഈ പ്രൊസീജിയറിൽ, ലിത്തോട്രിപ്റ്റർ എന്ന യന്ത്രം ഉപയോഗിക്കുന്നു, ഇത് ചർമ്മത്തിലൂടെ അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് കല്ലിനെ ചെറിയ ഘടകങ്ങളായി വിഭജിക്കുന്നു. പൊടിച്ച കഷ്ണങ്ങൾ പിന്നീട് മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകുന്നു.
 • പെർക്കുറ്റേനിയസ് നെഫ്രോലിത്തോടോമി (PCNL) – RIRS അല്ലെങ്കിൽ ESWL വഴി നീക്കം ചെയ്യാൻ സാധിക്കാത്ത വളരെ വലിയ കല്ലുകൾ നീക്കംചെയ്യാൻ ഉപയോഗിക്കുന്ന ഒരു എൻ‌ഡോസ്കോപ്പിക് രീതിയാണിത്. ഈ ശസ്ത്രക്രിയ ജനറൽ അനസ്തേഷ്യയുടെ സഹായത്തോടെയാണ് നടത്തുക.
 • യൂറിറ്റെറോസ്കോപ്പി (URS) – കല്ല് കണ്ടെത്തുന്നതിനായി ഒരു യൂറിറ്റെറോസ്കോപ്പ് മൂത്രനാളിയിലൂടെ കടത്തി വിടുകയും പിന്നീട് മറ്റൊരു ഉപകരണം ഉപയോഗിച്ച് കല്ലുകളെ പൊടിച്ച് നീക്കം ചെയ്യുകയും ചെയ്യുന്ന ചികിത്സാരീതിയാണിത്.

വൃക്കയിലും മൂത്രാശയത്തിലും കല്ലുകൾ രൂപപ്പെടുന്നത് തടയാൻ

ശരീരത്തിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നതിന് ചില ജീവിതശൈലി മാറ്റങ്ങൾ ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കുക, ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെയും, മാംസത്തിന്റെയും ഉപയോഗം കുറയ്ക്കുക, ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക, അതോടൊപ്പം കല്ല് കണ്ടെത്തിയാൽ ഉടനടി വൈദ്യസഹായം സ്വീകരിക്കുക.

Dr. Vijay Radhakrishnan 
MBBS, MS, M.Ch, FMAS, DNB (Urology)
Senior Consultant – Dept. of Urology
Mar Sleeva Medicity Palai

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഫലപ്രദമായി ചികിൽസിക്കാം

Posted on

ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പ്രായമായവരിൽ മാത്രം കാണുന്ന ഒരു അസുഖമാണെന്നാണ് പരക്കെയുള്ള ധാരണ. യഥാർത്ഥത്തിൽ 2 മുതൽ 80 വയസ്സുവരെ പ്രായമുള്ള ഏതൊരാളെയും ബാധിക്കാവുന്ന അസുഖമാണ് ഇത്. സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ജനസംഖ്യയുടെ ഏകദേശം 1% ആളുകളിൽ ഈ രോഗം കണ്ടു വരുന്നു. അതായത് കേരളത്തിൽ ഏകദേശം 3 ലക്ഷം ആളുകളിലും ഇന്ത്യയിൽ ഏകദേശം 1.25 കോടി ജനങ്ങളിലും ഈ അസുഖം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

രോഗ കാരണങ്ങൾ

ഓട്ടോ ഇമ്മ്യൂൺ വിഭാഗത്തിൽപ്പെട്ട (autoimmune disease) ഒരു അസുഖമാണിത്. അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ശരീരത്തിനെതിരെ പ്രവർത്തിക്കുന്ന അവസ്ഥ. ജനിതകപരമായ കാരണങ്ങൾക്ക് പുറമെ പുകവലി, അന്തരീക്ഷ മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ മുതലായവ ഈ അസുഖത്തിന് കാരണമാക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങൾ

സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ടും വേദനയുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ശരീരത്തിലെ ഏത് സന്ധികളെ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കൈകാലുകളിലെ സന്ധികൾ, കൈമുട്ട്, കാൽമുട്ട്, തോൾ സന്ധി തുടങ്ങിയ എല്ലാ സന്ധികളും ഈ പട്ടികയിൽ ഉൾപ്പെടുന്നു. കൈകളിലെ സന്ധികളിലെ ബാധിച്ചാൽ, രാവിലെ എഴുന്നേൽക്കുമ്പോൾ കൈ മടക്കുവാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും (early morning stiffness). വാതിൽ തുറക്കുന്നതിനോ ചപ്പാത്തി കുഴക്കുന്നതിനോ വളരെ ബുദ്ധിമുട്ടായിരിക്കും. കുറച്ചു നേരം മൊബിലൈസ് (mobilize) ചെയ്താൽ ഈ ബുദ്ധിമുട്ട് ചെറുതായി കുറയുകയും എന്നാൽ പൂർണ്ണമായി മാറാതിരിക്കുകയും ചെയ്യും. ഈ അവസ്ഥയിൽ രോഗം കണ്ടുപിടിച്ചാൽ വളരെ ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കും. സാധാരണ സംഭവിക്കുന്നത് ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി വേദനസംഹാരി വാങ്ങിക്കഴിക്കും. അപ്പോൾ വേദന കുറയും പക്ഷെ നീർക്കെട്ട് പോകില്ല. അത് ക്രമേണ സന്ധികളിലെ കാർട്ടിലേജിനെ കാർന്നുതിന്ന് സന്ധികളെ നശിപ്പിക്കുന്നു. അതിനു ശേഷം അത് മറ്റ് അവയവങ്ങളായ കണ്ണ്, ശ്വാസകോശം, ഹൃദയം, ധമനികൾ എന്നിവയെ ബാധിച്ച് മാരകമായിത്തീരുന്നു.

ചികിത്സ

ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ല എന്ന തെറ്റായ ധാരണ നിലവിലുണ്ട്. അത് ശരിയല്ല. ഈ രോഗം കണ്ടുപിടിക്കുന്നതിനുള്ള കാലതാമസ്സമാണ്‌ ചികിത്സയിൽ നേരിടുന്ന മുഖ്യ പ്രശ്നം. ഒരു റൂമറ്റോളജിസ്റ്റിന്റെ സഹായത്തോടെ നേരത്തെ കണ്ടുപിടിച്ചാൽ വളരെ ഫലവത്തായ ഡിസീസ് മോഡിഫയിങ് ആന്റി റുമാറ്റിക് ഡ്രഗ്സ് (disease modifying anti-rheumatic drugs) ഉപയോഗിച്ചു രോഗം നിയന്ത്രിക്കാനും അതുവഴി ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനും സാധിക്കും.

Dr. Basil Paul Kunnathu
MBBS, MD (General Medicine), DM (Rheumatology)
Consultant- Dept. of Rheumatology & Clinical Immunology
Mar Sleeva Medicity Palai

കുട്ടികളിലെ അമിതവണ്ണം എങ്ങനെ തടയാം

Posted on

കുട്ടികളുടെ അമിതവണ്ണം ഒരു ആഗോളപ്രശ്നമായി മാറുകയാണ്. ലോകത്താകമാനം 5 നും 17 നും ഇടയിലുള്ള കുട്ടികളിൽ 10 ശതമാനം അമിതവണ്ണക്കാരാണ്. പ്രായപൂർത്തിയായവരെ അപേക്ഷിച്ച് കുട്ടികളിൽ പൊണ്ണത്തടി മൂലം ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ കുറവാണെങ്കിലും ഭാവിയിൽ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. കൂടാതെ അമിതവണ്ണം കുട്ടികളിൽ മാനസിക സമ്മർദ്ദം, ആത്മവിശ്വാസക്കുറവ്, വിഷാദം എന്നിവയും ഉണ്ടാക്കും. കുട്ടികളിലെ അമിതവണ്ണത്തിന് പലവിധ കാരണങ്ങൾ ഉണ്ട്. വ്യായാമക്കുറവ്, ആഹാരരീതികൾ എന്നിവയാണ് പ്രധാനം. അപൂർവ്വമായി പാരമ്പര്യ തകരാറുകൾ കൊണ്ടും ഹോർമോൺ തകരാറു കൊണ്ടും അമിതവണ്ണം ഉണ്ടാകാം. കുട്ടികളുടെ വണ്ണക്കൂടുതൽ പരിഹരിക്കാൻ ഭക്ഷണത്തിൽ കഠിന നിയന്ത്രണങ്ങൾ വരുത്തുന്നതിനേക്കാൾ കായിക അധ്വാനം കൂട്ടുന്നതാണ് പ്രധാനം. ശരിയായ സമയത്ത് ശരിയായ അളവിൽ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുകയും വേണം.

കുട്ടികൾക്ക് അമിതവണ്ണം എന്തുകൊണ്ട്?

കൊഴുപ്പു കൂടുതലുള്ള ഭക്ഷണം കൂടുതൽ കഴിക്കുന്നത് കുട്ടികൾക്ക് അമിതവണ്ണം ഉണ്ടാക്കും. ബേക്കറി പലഹാരങ്ങളിൽ ചേർക്കുന്ന കൃത്രിമ മധുരം സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമടങ്ങിയതാണ്. ജ്യൂസും പ്രോസെസ്സഡ് ഫുഡുമാണ് അമിത മധുരവും കൊഴുപ്പും ശരീരത്തിലെത്തിക്കുന്നത്. ട്രാൻസ്‌ഫാറ്റ് അടങ്ങിയ ഭക്ഷണം അധികം കഴിക്കുന്നത് ഡിപ്രഷൻ ഉണ്ടാക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷകരമാകും. കൃത്യമായ വ്യായാമവും ഭക്ഷണനിയന്ത്രണവും കൊണ്ടേ അമിതവണ്ണം പരിഹരിക്കാനാവൂ.

കുട്ടികൾ ഡയറ്റിങ് ചെയ്യണോ?

ആവശ്യമുള്ള മറ്റു ഉർജ്ജഘടകങ്ങൾ ഭക്ഷണത്തിലൂടെ നൽകുകയും അധികമായി സംഭരിക്കുന്ന കാർബോഹൈഡ്രേറ്റിനെ വിഘടിപ്പിച്ച് ദുർമേദസ്സ് ഇല്ലാതാക്കുകയുമാണ് ഡയറ്റിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇഷ്ടപ്പെട്ട കുറച്ച് വിഭവങ്ങൾ കഴിച്ചും ഇഷ്ടമില്ലാത്തവ ഒഴിവാക്കിയുമാണ് മിക്കപ്പോഴും കുട്ടികളുടെ ഡയറ്റിങ്. ഇത് അശാസ്ത്രീയമാണ്. വളരുന്ന പ്രായത്തിൽ വേണ്ട എല്ലാ പോഷകങ്ങളും ശരിയായ അളവിൽ തന്നെ കുട്ടികളുടെ ശരീരത്തിലെത്തണം. ഇത് ആരോഗ്യ ജീവിതത്തിന്റെ അടിത്തറയാണ്. തടി കൂടുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ ഭക്ഷണം കുറക്കാതെ വ്യായാമം കൂട്ടുക. ഭക്ഷണം കുറക്കുമ്പോൾ വേണ്ടത്ര പോഷകങ്ങൾ ശരീരത്തിലെത്താതെ വരുന്നത് പഠനത്തെയും ആരോഗ്യത്തത്തെയുമെക്കെ ബാധിക്കും.

വ്യായാമത്തിന്റെ പ്രാധാന്യം

ഉത്സാഹവും പ്രസരിപ്പും ചുറുചുറുക്കുമുണ്ടാക്കാൻ വ്യായാമം അത്യാവശ്യമാണ്. ശരീരത്തിലെത്തുന്ന കാലറി പുറത്തേക്കു പോകുന്നുണ്ടോ എന്നതാണ് പ്രധാനം. എന്ത് കഴിച്ചാലും അത് എരിച്ചു കളയാനുള്ള ജോലികളും ചെയ്യണം. ഈ ബാലൻസാണ് വെയിറ്റ് സ്ഥിരമാക്കുന്നത്. യോഗ, വേഗതയോടു കൂടിയ നടത്തം, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങളോടൊപ്പം കോണിപ്പടി കയറിയിറങ്ങുന്നതും ഗുണകരമാണ്. വളരുന്ന പ്രായമായതിനാൽ കഠിനമായ വ്യായാമങ്ങൾ വേണ്ട.

എത്ര കിലോ വരെ ശരീരഭാരം കുറക്കാം?

വൈദ്യശാസ്ത്രപരമായുള്ള ഭാരം കുറക്കൽ (മെഡിക്കലി മാനേജ്‌ഡ്‌ വെയിറ്റ് ലോസ് പ്രോഗ്രാം) പ്രകാരം ഒരു ദിവസം 500 കാലറിയുടെ കുറവ് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുകയാണ് വേണ്ടത്. ഒരാഴ്ച കൊണ്ട് 3500 കാലറി (500 x 7). അപ്പോൾ ആഴ്ചയിൽ അര കിലോയും മാസത്തിൽ രണ്ടുകിലോയും (500 x 4) അഞ്ചുമാസം കൊണ്ട് പത്തുകിലോയും കുറക്കാം.

ജങ്ക് ഫുഡും മെറ്റബോളിക് ഡിസോഡറുകളും

മധുരവും ഉപ്പും ഏറെയുള്ള, വൈറ്റമിനുകളും പ്രോട്ടീനും മിനറലും ഫൈബറും ശുഷ്കമായ, ഉയർന്ന കാലറി മൂല്യമുള്ള കൊഴുപ്പ് നിറഞ്ഞ ഭക്ഷണമാണ് ജങ്ക് ഫുഡ്. പോഷകഗുണം തുച്ഛം, ദോഷം ഏറെയുണ്ട് താനും.

മിക്ക ജങ്ക് ഫുഡിലും പൂരിത കൊഴുപ്പും കൃത്രിമ മധുരവും ഉണ്ടാകും. ഇവ ചീത്ത കൊളസ്‌ട്രോൾ അഥവാ LDL കൂട്ടും. നല്ല കൊളസ്‌ട്രോൾ ആയ HDL കുറയ്ക്കും. ഇത് അമിതവണ്ണത്തിന് മാത്രമല്ല ടൈപ്പ് 2 ഡയബറ്റിസിനും ഹൃദ്രോഗത്തിനും കാരണമാകും. ശരീരഭാരം കൂടുമ്പോൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും. നടക്കുമ്പോൾ കിതപ്പ്, നട കയറുമ്പോൾ ശ്വാസം മുട്ടൽ പോലുള്ള പ്രയാസങ്ങളും കൂടാം. പല്ലിനു വരുന്ന കേടുകളും ജങ്ക് ഫുഡ് കൊണ്ടാകാം. അമിതമായി പഞ്ചസാരയും കാർബോഹൈഡ്രേറ്റുകളും ഉള്ളിലെത്തുമ്പോൾ ഇവ ദഹിപ്പിക്കാനുള്ള ദഹനരസങ്ങൾ കൂടുതലായി പുറപ്പെടുവിക്കും. ഇത് പല്ലിന്റെ ഇനാമലിനെ ബാധിക്കുകയും കേടും പോടും വരുത്തുകയും ചെയ്യുന്നു. വളരേണ്ട പ്രായത്തിൽ ശരിയായ പോഷണം ലഭിച്ചില്ലെങ്കിൽ വളർച്ചാപ്രശ്നങ്ങൾ ഉണ്ടാകുകയും പ്രതിരോധശേഷി കുറയുകയും ചെയ്യാം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കൂടുതൽ കഴിക്കുന്ന പെൺകുട്ടികൾക്ക് അമിതവണ്ണവും അതിന്റെ ഫലമായി PCOD യുമൊക്കെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. തൈറോയ്ഡ് ഹോർമോൺ കുറക്കുന്ന ഹൈപ്പോതൈറോയിഡിസവും വണ്ണം കൂട്ടുന്ന രോഗാവസ്ഥയാണ്.

അമിതവണ്ണം തടയാൻ ഉള്ള വഴികൾ

കുട്ടികളുടെ ഭക്ഷണത്തിൽ അമിതമായി ഉപ്പ്, മധുരം, പൂരിത കൊഴുപ്പ് എന്നിവ വേണ്ട. ചെറുപ്പം മുതൽ ഈ ശ്രദ്ധ വേണം. എണ്ണയിൽ മുക്കിപ്പൊരിക്കുന്ന പാചകരീതി നല്ലതല്ല. അധികം എണ്ണയില്ലാതെ വറുത്തെടുക്കുന്നതും ബേക്ക് ചെയ്യുന്നതുമാണ് നല്ലത്. ആവിയിൽ വേവിക്കുന്നതും പുഴുങ്ങിയെടുക്കുന്നതും എണ്ണ ഒട്ടും ഉപയോഗിക്കാതെ ഗ്രിൽ ചെയ്യുന്നതും നല്ലതാണ്. ഗോൾഡൻ ബ്രൗൺ നിറമാകും വരെയേ ഗ്രിൽ ചെയ്യാവൂ. കരിഞ്ഞു പോകുന്നത് ആരോഗ്യത്തിനു ദോഷമാണ്. പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും ഒഴിവാക്കി ആരോഗ്യത്തിനുതുകുന്നവ ശീലമാക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ അണ്ടിപ്പരിപ്പ് വർഗ്ഗങ്ങൾ, മത്തി പോലുള്ള ചെറുമൽസ്യങ്ങൾ എന്നിവ മിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പൂരിത കൊഴുപ്പ് കൂടുതലായി അടങ്ങിയ ഇറച്ചികൾ, കൊഴുപ്പു കൂടിയ പാൽ ഉൽപ്പന്നങ്ങൾ, ബേക്കറി പലഹാരങ്ങൾ, ജങ്ക് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കുക. ഭാരം കുറക്കുന്ന സമയത്തും കുറഞ്ഞ ശേഷവും അൽപാൽപമായി ആഹാരം കഴിക്കുന്ന ശീലം കൊണ്ടുവരികയാണ് നല്ലത്. അതിനു ഫ്രീക്വന്റ് സ്‌മോൾ ഫീഡ്സ് എന്ന് പറയുന്നു.

ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാൻ ശ്രദ്ധിക്കണം. അതിന് ദിവസേന 9 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പക്ഷെ ശരീരത്തിന് ദോഷം ചെയ്യുന്ന സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ളവ ഒഴിവാക്കിയിരിക്കണം. പകരം കരിക്കിൻ വെള്ളം, നാരങ്ങാ വെള്ളം, മോരും വെള്ളം തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഫൈബർ ധാരാളം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ഇലവർഗ്ഗങ്ങൾ തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുവാനും ശ്രദ്ധിക്കണം.

Roshni Mary Abraham
M.Sc, FSMD, CDE
Diabetic Educator- Dept. of Endocrinology
Mar Sleeva Medicity Palai

അപകടം പതിയിരിക്കുന്ന രാജവീഥികൾ

Posted on

പുതുവർഷത്തിന്റെ ആദ്യനിമിഷങ്ങളിൽ ജന്മം കൊള്ളുന്ന കുഞ്ഞിന്റെ ചെറുപുഞ്ചിരി കൂടെ ചേർത്ത് സോഷ്യൽ മീഡിയയിൽ തന്റെ ചിത്രം പതിക്കുന്ന ഗൈനെക്കോളജിസ്റ്റിന്റെ മുഖമായിരുന്നു ആ വര്ഷത്തിന്റെ അവസാന മണിക്കൂറുകളിൽ എന്റെയും മനസ്സിൽ. എത്ര സന്തോഷം പകരുന്ന ചിത്രം, അല്ലെ? പക്ഷെ, അത്യാഹിത വിഭാഗത്തിലെ സ്പെഷ്യലിസ്റ് ആയ എനിക്ക് പല പുതുവർഷപ്പിറവികളും സമ്മാനിക്കാറുള്ളത് ആശുപത്രിക്കുള്ളിലെ സങ്കടകരമായ അനുഭവങ്ങളാണ്. പുതുവർഷത്തെ വരവേൽക്കാൻ മദ്യാസക്തിയിൽ ചീറിപ്പായുന്ന യുവത്വത്തിന്റെ അപകടക്കാഴ്ചകൾ. ചിന്തകൾ കാടുകയറിയപ്പോൾ തന്നെ ആംബുലൻസിന്റെ നിലവിളി ശബ്ദം കാഷ്വാലിറ്റിക്കു മുന്നിൽ എത്തിയിരുന്നു. ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനെ മാരകമായി തലക്ക് ക്ഷതം സംഭവിച്ച് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. വളരെ താഴ്ന്ന ബോധാവസ്ഥയിലുള്ള ആ ചെറുപ്പക്കാരനെ വെന്റിലേറ്ററിലാക്കി; മറ്റു പ്രാഥമിക ചികിത്സകളും നൽകി സ്കാനിങ്ങിനു അയക്കുമ്പോൾ സംഭവത്തിന് ദൃക്‌സാക്ഷികളായവർ പറഞ്ഞ കാര്യം ഓർമ്മ വന്നു. ‘അയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല’ എന്ന്. മറ്റു ശരീരഭാഗങ്ങളിൽ ജീവനെടുക്കുന്ന പരിക്കുകൾ ഒന്നും കണ്ടില്ല എങ്കിലും തലക്കേറ്റ ക്ഷതം ഗുരുതരമായിരുന്നു. ഒന്നുകിൽ മരണം അല്ലെങ്കിൽ ശസ്ത്രക്രിയയും ദീർഘനാളത്തെ ആശുപത്രിവാസവും. അതുമല്ലെങ്കിൽ ചലനമറ്റ് അനേകനാളുകൾ കിടക്കയിൽ. ഒന്നോർക്കണം, ഹെൽമെറ്റ് വച്ചിരുന്നു എങ്കിൽ ഒരുപക്ഷെ ഒഴിവാക്കാനാകുമായിരുന്നു ഇവയിൽ പലതും.

കോവിഡ്- 19 എന്ന പകർച്ചവ്യാധി വരുത്തിവച്ച ആഘാതങ്ങളിൽ ലോകമാകെ പകച്ചു നിന്ന ഒരു വർഷമാണല്ലോ കടന്നു പോയത്. ദിനംപ്രതി മരണസംഖ്യ കുതിച്ചുയർന്നപ്പോൾ ലക്ഷങ്ങളുടെ ജീവനാണ് കൊറോണ വൈറസ് അപഹരിച്ചത്. ലോകാരോഗ്യ സംഘടനയും വിവിധ ലോക രാഷ്ട്രങ്ങളിലെ ഗവണ്മെന്റുകളും മരണം എണ്ണി എണ്ണി പറഞ്ഞപ്പോൾ അവയെല്ലാം ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും കൂടി അറിഞ്ഞ നമ്മൾ എല്ലാവരും കൊറോണ വൈറസിനെയും കോവിഡ് 19 എന്ന പകർച്ചവ്യാധിയെയും വല്ലാതെ ഭയപ്പെട്ടു. നമ്മുടെ റോഡുകളിൽ ദിവസവും മരണപ്പെടുന്ന അല്ലെങ്കിൽ അംഗവൈകല്യം സംഭവിക്കുന്ന മനുഷ്യജീവനുകളുടെ കണക്കുകൾ ഇതേ കോവിഡിനെക്കാൾ വളരെ വലുതാണ് എന്ന വസ്തുത നമ്മൾ തിരിച്ചറിയണം. WHO കണക്കുകൾ പ്രകാരം പ്രതിവർഷം 1.3 മില്യൺ മരണങ്ങളാണ് റോഡപകടങ്ങളിൽ സംഭവിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും വഴിയാത്രക്കാരുമാണ് ഇതിൽ ഭൂരിപക്ഷവും. 5 മുതൽ 29 വയസ്സ് വരെയുള്ള ജനസംഖ്യയിൽ ഏറ്റവും കൂടുതൽ മരണകാരണവും റോഡപകടങ്ങളാണ്. 20 മുതൽ 50 മില്യൺ ആളുകൾക്ക് വിവിധ റോഡപകടങ്ങളിൽ പരിക്കേൽക്കുന്നതായാണ് കണക്ക്. റോഡപകടങ്ങളിൽ വരുത്തി വയ്ക്കുന്ന സാമ്പത്തിക ആഘാതം ഇതിലും വലുതാണ്.

Road Traffic Accidents – പ്രധാന കാരണങ്ങൾ

 1. അമിത വേഗത
 2. മദ്യാസക്തിയിലും മറ്റ് ലഹരിയുടെ ആസക്തിയിലും ഉള്ള ഡ്രൈവിംഗ്.
 3. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, ചൈൽഡ് റീസ്ട്രയിന്റ് എന്നിവ ഉപയോഗിക്കാതെയുള്ള യാത്രകൾ.
 4. അശ്രദ്ധമായ ഡ്രൈവിംഗ് (വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് )
 5. റോഡുകളിലെ കുഴികളും മറ്റ് പോരായ്മകളും.
 6. സുരക്ഷിതമല്ലാത്ത വാഹനങ്ങൾ- സീറ്റ് ബെൽറ്റ്, എയർ ബാഗ് എന്നിവയില്ലാതെ അപകടത്തെ തരണം ചെയ്യാൻ ശേഷിയില്ലാത്ത വാഹനനിർമിതി
 7. അപകടം നടന്നശേഷം ചികിത്സ വൈകുന്നത്.
 8. ട്രാഫിക് നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലെ അപാകത.

നമ്മുക്ക് ചെയ്യാവുന്നത് എന്തെല്ലാം

‘Prevention is better than cure’ എന്നാണല്ലോ പറയുന്നത്. റോഡപകടങ്ങൾക്ക് കാരണമായ കാര്യങ്ങളെ കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുവാൻ പരിശ്രമിക്കുക. അശ്രദ്ധവും അമിതവേഗത്തിലും ഉള്ള ഡ്രൈവിംഗ് ഒഴിവാക്കുക. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വാഹനത്തിൽ പ്രവേശിക്കുക. റോഡുകളുടെ പോരായ്മകൾ പലപ്പോഴും ഒരു കാരണമാണെങ്കിലും നല്ല രീതിയിൽ ഉള്ള റോഡുകളിൽ കൂടി അമിതവേഗത്തിൽ യാത്ര ചെയ്യുന്നത് പല അപകടങ്ങളിലും കൂടുതലായി കാണുന്നു എന്ന് മനസിലാക്കുക. വാഹനങ്ങൾ നല്ല രീതിയിൽ മെയിന്റൈൻ ചെയ്യുക. ഹെൽമെറ്റ് വക്കുന്നതും മദ്യപിച്ച വാഹനം ഓടിക്കാത്തതും നിയമപാലകരിൽ നിന്നും രക്ഷപെടാനുള്ള മാർഗങ്ങളായി കാണാതെ, സ്വന്തം ജീവൻ രക്ഷിക്കാനുള്ള അവസരങ്ങളായി കാണണം. ട്രാഫിക് സിഗ്നലുകളും നിയമബോർഡുകളും അനുസരിക്കുക.

അപകടം നടന്നു കഴിഞ്ഞാൽ

എത്രയും വേഗം രോഗിയെ അടുത്തുള്ള ട്രോമാ സെന്ററിൽ എത്തിക്കുന്നതിനോടൊപ്പം തന്നെ അപകടം നടന്ന സ്ഥലത്ത് ചെയ്യുന്ന പ്രാഥമികചികിത്സയും ആശുപത്രിയിലേക്കുള്ള യാത്രയും പ്രധാനമാണ്.

 1. രോഗിയെ അപകടം നടന്ന സ്ഥലത് നിന്നും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക.
 2. ആംബുലൻസിനും വൈദ്യസഹായത്തിനുമായി ഉടനെ ബന്ധപ്പെടുക.
 3. രോഗിയെ ഉച്ചത്തിൽ തട്ടി വിളിക്കുകയോ പ്രഥമശുശ്രൂഷകന്റെ വാക്കുകൾക്ക് കൃത്യമായി പ്രതികരിക്കുന്നുണ്ടോ എന്നും പരിശോധിക്കുക.
 4. രോഗി പ്രതികരിക്കുന്നു എങ്കിൽ ഉടനടി ആശുപത്രിയിലേക്ക് മാറ്റുക. കൂടെ രോഗിയെ മാനസികമായി സമാധാനിപ്പിക്കുക.
 5. രോഗി പ്രതികരിക്കുന്നില്ല എങ്കിൽ കഴുത്തിലെ രക്തധമനികളിൽ (carotid artery) ഹൃദയമിടിപ്പ് സ്പർശിച്ച് അറിയുവാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. (പരമാവധി 10 സെക്കന്റ്).
 6. മിടിപ്പ് കിട്ടുന്നില്ല എങ്കിൽ കൃത്രിമ ശാസോച്വാസം നൽകുക. (30 തവണ നെഞ്ചിൽ അമർത്തി ഹൃദയത്തിന്റെ മിടിപ്പ് പുനസ്ഥാപിക്കുവാൻ പരിശ്രമിക്കുക. 2 തവണ കൃത്രിമ ശ്വാസം നൽകുക. ഈ പ്രവർത്തി രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതുവരെ നിറുത്താതെ തുടരുക) രോഗിയെ വേഗം ആശുപത്രിയിൽ എത്തിക്കുക.
 7. ട്രാൻസ്പോട് ചെയ്യുമ്പോൾ നട്ടെല്ലുകൾ നിവർന്ന് ഇരിക്കാനും ട്രാൻസ്പോട് ചെയ്യുന്നത് കൊണ്ട് നട്ടെല്ലികൾക്ക് ഉണ്ടായേക്കാവുന്ന ക്ഷതങ്ങൾ ഉണ്ടാകാതെയും സൂക്ഷിക്കുക.
 8. അമിത രക്തസ്രാവം ഉള്ള ഭാഗങ്ങൾ ബലത്തിൽ കെട്ടിവെച്ച് ബ്ലീഡിങ് കുറക്കുക.
 9. കൈകാലുകളിലെ ഒടിവുകൾ ദൃഢമായ വസ്തുക്കൾ കൊണ്ട് കെട്ടി സപ്പോർട്ട് ചെയ്യുക.
 10. ഹെൽമറ്റ് എടുത്ത് മാറ്റുമ്പോൾ കഴുത്തിലെ നട്ടെല്ല് വളയാതെ നിവന്നിരിക്കെ തന്നെ മാറ്റുക.
 11. പ്രഥമശുശ്രൂഷകൻ രോഗിയുടെ രക്തം ഉൾപ്പെടെയുള്ള സ്രവങ്ങളുമായി നേരിട്ട് സ്പർശനം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക.
 12. അപകടങ്ങളിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ മരിച്ചവരെയും സാരമായ പരിക്കുകൾ ഇല്ലാത്തവരെയും ഒഴിവാക്കി വേഗത്തിൽ വൈദ്യസഹായം വേണ്ടവരെ ശ്രദ്‌ധിക്കുക.
 13. വേർപെട്ടു പോയ അവയവഭാഗങ്ങൾ നനഞ്ഞ നേർത്ത തുണി കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിൽ ഇട്ട് അത് ഐസ് ബാഗിലാക്കി ആശുപത്രിയിൽ എത്തിക്കുക (ഐസ് ക്യൂബുകളിൽ നേരിട്ടു തൊടുന്നത് ഒഴിവാക്കുക).

യാത്ര പുറപ്പെടുമ്പോൾ പുഞ്ചിരിച്ചു പറഞ്ഞയച്ചവരുടെ കണ്ണുകൾ ഈറനണിയാതെ നോക്കാനും, ഞാൻ ഉൾപ്പെടെയുള്ള ഓരോ ആശുപത്രി ജീവനക്കാരന്റെയും പുതുവർഷങ്ങൾ പുഞ്ചിരിച്ചുകൊണ്ട് തന്നെ ആരംഭിക്കാനും സാധിക്കും വിധം സുരക്ഷിതമാവണം നമ്മൾ ഓരോരുത്തരുടെയും യാത്രകൾ.

ഓർക്കുക “Prevention is better than cure”

Dr. Sreejith R Nair
MBBS, DNB (Emergency Med.)
Consultant- Dept. of Emergency Medicine 
Mar Sleeva Medicity Palai

അബ്ഡോമിനോപ്ലാസ്റ്റി

Posted on

വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും വയറു കുറയ്ക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടവര്‍ക്കുള്ള സര്‍ജറിയിലൂടെയുള്ള പരിഹാരമാര്‍ഗമാണ് അബ്ഡോമിനോപ്ലാസ്റ്റി. അടിവയറ്റില്‍ അടിഞ്ഞുകൂടിയ കൊഴുപ്പും അമിതമായി നിലനില്‍ക്കുന്ന ചര്‍മവും നീക്കം ചെയ്ത് ആകാരവടിവ് വീണ്ടെടുക്കാനുള്ള ചികിത്സാരീതിയാണിത്.  

ഉദരഭാഗത്തെ ചര്‍മ്മാവരണവും അതോടൊപ്പം ദുര്‍ബ്ബലാവസ്ഥയിലുള്ളതോ അല്ലാത്തതോ ആയ ഉദരമാംസപേശിയും അയഞ്ഞുതൂങ്ങുമ്പോഴാണ് അബ്‌ഡോമിനോപ്ലാസ്റ്റിയുടെ ആവശ്യം വേണ്ടിവരിക. ഗര്‍ഭധാരണത്തിന്റേയും പ്രസവത്തിന്റേയും ശേഷമുള്ള ഘട്ടങ്ങളിലാണ് ചര്‍മ്മം ഉദരഭാഗത്ത് അയഞ്ഞുവരുന്നത് സാധാരണഗതിയില്‍ സംഭവിക്കുക. പെട്ടെന്ന് ശരീരഭാരം കുറയുന്നത്, പ്രത്യേകിച്ച് അതിനായി നടത്തുന്ന ശസ്ത്രക്രിയാ ഫലമായും ഇത് സംഭവിക്കാം. ലൈപ്പോസക്ഷന്‍ കൊഴുപ്പിനേയും കൊഴുപ്പുകോശങ്ങളേയും നീക്കം ചെയ്യുക മാത്രമാണ് ചെയ്യുന്നത്.  കൂടുതലായി തൂങ്ങിനില്ക്കുന്ന ചര്‍മ്മം നേരെയാക്കാന്‍ ലൈപ്പോസക്ഷന്‍ മാത്രം കൊണ്ടാകില്ല. അപ്പോഴാണ് അബ്‌ഡോമിനോപ്ലാസ്റ്റി നടത്തേണ്ടിവരുന്നത്.

എപ്പോഴാണ് അബ്ഡോമിനോപ്ലാസ്റ്റി ഒഴിവാക്കേണ്ടത്:

 • ഭാവിയിൽ കൂടുതൽ കുട്ടികളുണ്ടാക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളാണെങ്കിൽ
 • തുടർന്നും ഭാരം കുറയ്ക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ

അബ്ഡോമിനോപ്ലാസ്റ്റി ചെയ്യുന്നതെങ്ങനെ?

 • ജനറൽ അനസ്തേഷ്യ നൽകിയതിന് ശേഷമാണ് അബ്‌ഡോമിനോപ്ലാസ്റ്റി പെർഫോം ചെയ്യുന്നത്.
 • വയറില്‍ ഏതെല്ലാം ഭാഗങ്ങളില്‍ കൊഴുപ്പ് പാളികള്‍ ഉണ്ടെന്ന് വിലയിരുത്തിയ ശേഷമാണ് സര്‍ജറി ചെയ്യുക. അടിവയറ്റിൽ ഒരു വശത്തെ ഹിപ് ബോൺ ൽ നിന്ന് മറ്റേ ഹിപ് ബോൺ വരെ നീണ്ടു നിൽക്കുന്ന മുറിവ് ഉണ്ടാക്കി അതുവഴി കൊഴുപ്പ് പാളികള്‍ നീക്കം ചെയ്യും. കൊഴുപ്പ് പാളികള്‍ നീക്കുന്നതോടെ അമിതമായ തൂങ്ങിനിൽക്കുന്ന ചർമ്മം നീക്കം ചെയ്യുകയും ആവശ്യാനുസരണം പേശികൾ വലിച്ച് ഉറപ്പിച്ച്
  ശക്തമാക്കുകയും ചെയ്യുന്നു. ചര്‍മം വലിച്ച് ഉറപ്പിക്കുമ്പോള്‍ പൊക്കിളിന്റെ സ്ഥാനവും സര്‍ജറിയിലൂടെ മാറ്റിയെടുക്കാറുണ്ട്. ചിലപ്പോൾ ഡ്രെയിനേജ് ട്യൂബുകൾ ചർമ്മത്തിന് കീഴിൽ വയ്ക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവ നീക്കം ചെയ്യുകയും ചെയ്യും. ശസ്ത്രക്രിയയ്ക്കുശേഷം കംപ്രഷൻ ഗാർമെൻറ് ധരിക്കാൻ ശുപാർശ ചെയ്യുന്നു. അതോടൊപ്പം ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഡോക്ടർ തന്നിരിക്കുന്ന നിർദേശങ്ങൾ കര്ശനമായി പാലിക്കേണ്ടതാണ്. സാധാരണയായി നാല് മുതൽ ആറ് ആഴ്ച വരെ ദേഹമനങ്ങി ചെയ്യേണ്ട ജോലികൾ ഒഴിവാക്കേണ്ടതാണ്.
 • അബ്‌ഡോമിനോപ്ലാസ്റ്റി ചെയ്യുന്നതിന് മൂന്നു ആഴ്ച മുൻപ് മുതലെങ്കിലും പുകവലി ഒഴിവാക്കണം.

പാർശ്വഫലങ്ങളും സങ്കീർണതകളും:

 • സർജറി ചെയ്ത ഭാഗത്തു വീക്കവും വേദനയും ഉണ്ടാകുന്നത് സാധാരണയാണ്. വേദനക്കുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശ പ്രകാരം കഴിക്കാം.
 • വേദന, തരിപ്പ്, മുറിവ് എന്നിവ ഏതാനും ആഴ്ചകൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിന്നേക്കാം.

സാധാരണ കാണപ്പെടുന്ന മറ്റു സങ്കീർണ്ണതകൾ:

 • മുറിവിന്റെ പാട്
 • ഹെമറ്റോമ (രക്തസ്രാവം)
 • അണുബാധ
 • സെറോമ (accumulation of fluid)
 • മുറിവ് ഉണക്കുന്നതിൽ കാലതാമസം
 • ചർമ്മത്തിന്റെ നഷ്ടം
 • ചർമ്മത്തിന്റെ നിറത്തിൽ മാറ്റങ്ങൾ
 • ദീർഘനേരം നീണ്ടുനിൽക്കുന്ന വീക്കം
 • ഫാറ്റ് നെക്രോസിസ് (ചർമ്മത്തിൽ ആഴത്തിൽ സ്ഥിതിചെയ്യുന്ന ഫാറ്റി ടിഷ്യു നശിക്കുന്ന അവസ്ഥ)
 • വൂണ്ട് സെപറേഷൻ
 • അസിമെട്രി

ശരിയല്ലാത്ത രക്തചംക്രമണം, പ്രമേഹം, ഹൃദയം/ ശ്വാസകോശം/ കരൾ രോഗങ്ങൾ, പുകവലി എന്നിവയുണ്ടെങ്കിൽ ഇത്തരം സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

അബ്ഡോമിനോപ്ലാസ്റ്റി ചെയ്ത ശേഷം നിലനില്‍ക്കുന്ന മുറിവിന്റെ പാട് അടിവസ്ത്രം ധരിക്കുമ്പോള്‍ തന്നെ മറയ്ക്കപ്പെടുമെന്നതിനാല്‍ അത് സൗന്ദര്യത്തിന് പ്രശ്നമായി മാറാറില്ല. രൂപമാറ്റം ഉണ്ടാകുന്നതുമായി പൊരുത്തപ്പെടാൻ കുറച്ചു സമയം എടുത്തേക്കാം. എന്നാൽ ആത്മവിശ്വാസം നിറക്കുന്ന ഈ മാറ്റങ്ങൾ സാധാരണമാണെന്നു ഓർക്കുക. രൂപം നിലനിർത്തുന്നതിന് ശരിയായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും വളരെ പ്രധാനമാണ് എന്നതും മറക്കരുത്.

Dr. Aashish Sasidharan
Consultant – Plastic Surgery
MBBS, MS (Gen Surgery), M.Ch(Plastic Surgery), DNB (Plastic Surgery), MNAMS
Mar Sleeva Medicity Palai 

ഗർഭാശയമുഴകൾ – അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Posted on

സ്ത്രീകളിൽ ഗർഭാശയത്തിൽ ഏറ്റവും സാധാരണയായി കാണുന്ന മുഴകളാണ് ഫൈബ്രോയ്ഡ്സ്. അഞ്ചിൽ ഒരു സ്ത്രീയ്ക്ക് ഗർഭപാത്രത്തിൽ മുഴകൾ ഉണ്ടാകാം. ഇത് മാസമുറ നിൽക്കുന്നത് വരെ ഉണ്ടാകാനും വളരാനുമുള്ള സാധ്യതയുണ്ട്.

കാരണങ്ങൾ എന്തെല്ലാം?

ഭൂരിഭാഗം സ്ത്രീകളിലും ഇതിന് പ്രതേൃകിച്ച് ഒരു കാരണം ചൂണ്ടികാണിക്കാനാവില്ല. ശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ്. ചില പ്രതേൃക വിഭാഗം സ്ത്രീകളിൽ, അതായത് അമിതവണ്ണം ഉള്ളവർ, വളരെ നേരത്തെ ആർത്തവം തുടങ്ങിയവർ, വളരെ വൈകിയ പ്രായത്തിൽ ആർത്തവം, പൂർണ്ണമായി നിന്നവർ, അമിതമായി മാംസാഹാരം കഴിക്കുന്നവർ എന്നിവരിൽ ഗർഭാശയമുഴകൾ കൂടുതലായി കാണുന്നു. പാരമ്പര്യം – അതായത് അമ്മയ്ക്കോ, സഹോദരങ്ങൾക്കോ മുഴകൾ ഉണ്ടെങ്കിൽ, വരാനുള്ള സാധ്യത കൂടുന്നു.

രോഗലക്ഷണങ്ങൾ എന്തെല്ലാം?

മിക്കവാറും സ്ത്രീകളിൽ വേറെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്ക് സ്കാൻ ചെയ്യുമ്പോഴാണ് ഗർഭാശയത്തിലെ മുഴകൾ കണ്ടുപിടിക്കപ്പെടാറുള്ളത്‌. മിക്കവാറും ഇത് ചെറുതുമായിരിക്കും. ഏറ്റവും പ്രധാന ലക്ഷണം ആർത്തവസമയത്തെ അമിത രക്തസ്രാവം ആണ്. കൂടുതൽ ദിവസം രക്തസ്രാവം ഉണ്ടാകുകയോ, രക്തം കട്ടയായിപോകുന്നതോ ഇതിൽപ്പെടാം. ആർത്തവസമയത്തെ അമിതമായ വയറുവേദന, നടുവുവേദന, വന്ധ്യത, മുഴകൾ മൂത്രസഞ്ചിയെയോ കുടലിനെയോ അമർത്തുന്നതുമൂലമുള്ള മൂത്രതടസ്സം, മലബന്ധം എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

എല്ലാ ഗർഭാശയമുഴകളും ക്യാൻസർ ആണോ?

അല്ല. ഒരു ശതമാനത്തിലും താഴെ സ്ത്രീകളിൽ മാത്രമേ ഗർഭാശയമുഴകൾ ക്യാൻസർ ആയി രൂപാന്തരപ്പെടാറുള്ളു. ഇത് മിക്കവാറും കാണുന്നത് മുഴകൾ പെട്ടെന്ന് വലുതാകുകയോ, മാസമുറ പൂർണ്ണമായി നിന്നതിനു ശേഷം ഗർഭപാത്രമുഴ ഉണ്ടാകുകയോ ചെയ്യുമ്പോഴാണ്.

രോഗനിർണ്ണയം എങ്ങനെ?

അൾട്രാസൗണ്ട് സ്കാൻ ആണ് ഏറ്റവും പ്രധാന പരിശോധന. ഒരുപാട് മുഴകൾ ഉണ്ടെങ്കിലോ, അല്ലെങ്കിൽ മൂത്രസഞ്ചിയെയോ കുടലിനെയോ അമർത്തുന്ന രീതിയിലുള്ള മുഴയാണെങ്കിലോ ചില ചുരുക്കം സാഹചര്യങ്ങളിൽ MRI സ്കാനിന്റെ ആവശ്യം വരാറുണ്ട്.

എല്ലാ മുഴകൾക്കും ഓപ്പറേഷൻ വേണോ?

 • നിങ്ങളുടെ പ്രായം, മുഴയുടെ വലുപ്പം, അവയുടെ എണ്ണം, സ്ഥാനം, അവയുണ്ടാക്കുന്ന രോഗലക്ഷണങ്ങൾ എന്നിവ അനുസരിച്ചാണ് ചികിത്സ.
 • രോഗലക്ഷണങ്ങൾ ഇല്ലാത്ത, വളരെ ചെറിയ മുഴകൾക്ക് ചികിത്സ വേണ്ട. എന്നാൽ വർഷത്തിലൊരിക്കലോ, 6 മാസത്തിലൊരിക്കലോ സ്കാൻ ചെയ്ത് മുഴകൾക്ക് വലുപ്പം കൂടുന്നുണ്ടോ എന്ന് പരിശോധിക്കണം.
 • എന്നാൽ ഇവ വന്ധ്യതയ്ക്ക് കാരണമാകുകയോ, മൂത്രതടസ്സമോ മലബന്ധമോ ഉണ്ടാകുക, അമിതരക്തസ്രാവം കാരണം വിളർച്ച ഉണ്ടാകുക, പെട്ടെന്ന് മുഴയുടെ വലുപ്പം കൂടുക, മാസമുറ നിന്നതിനുശേഷം മുഴകൾ ഉണ്ടാകുക, ഈ സാഹചര്യങ്ങളിൽ ഓപ്പറേഷൻ ചെയ്യുന്നതാണ് ഉത്തമം. മുഴയുടെ സ്ഥാനം, വലുപ്പം എന്നിവ അനുസരിച്ച് താക്കോൽദ്വാര ശസ്ത്രക്രിയയോ വയറു തുറന്നുള്ള ശസ്ത്രക്രിയയോ ചെയ്യാം.
 • ഇനിയും ഒരു ഗർഭധാരണം കൂടി പ്ലാൻ ചെയ്യുന്ന രോഗികളിൽ മുഴ മാത്രമായി നീക്കം ചെയ്യാവുന്നതാണ്. എന്നാൽ രണ്ടോ മൂന്നോ വർഷത്തിന് ശേഷം വീണ്ടും മുഴകൾ വരാനുള്ള സാധ്യത ഇവരിൽ ചിലരിൽ കാണാറുണ്ട്.
 • ഒന്നിലധികം വലിയ മുഴകൾ ഉണ്ട്, മാസമുറ നിൽക്കാറായി, അമിത രക്തസ്രാവമുണ്ട്, ഇനിയൊരു ഗർഭധാരണം പ്ലാൻ ചെയ്യുന്നില്ല, ഇവരിൽ ഗർഭപാത്രം മുഴുവനായും എടുത്ത് മാറ്റുന്നതായിരിക്കും നല്ലത്.

മരുന്ന് കൊണ്ടുള്ള ചികിത്സ

ബ്ലീഡിങ്ങ് കുറയ്ക്കാനോ, വേദന കുറയ്ക്കാനോ ഉള്ള മരുന്നുകളും, മുഴയുടെ വലുപ്പം കുറയ്ക്കാനുമുള്ള മരുന്നുകൾ ലഭ്യമാണ്. എന്നാൽ ഗുളിക നിർത്തിയാൽ മുഴകൾ വീണ്ടും വളരാനുള്ള സാധ്യതയുണ്ട് എന്നത് ഇതിന്റെ ഒരു ന്യൂനതയാണ്.

ഗർഭാശയമുഴ തനിയെ ഇല്ലാതാവുമോ?

മാസമുറ പൂർണ്ണമായി നിന്നതിനുശേഷം ശരീരത്തിൽ ഈസ്ട്രജന്റെ അളവ് വളരെ അധികം കുറയുന്നതിനാൽ മുഴയുടെ വലുപ്പം കുറയുന്നതായും, ചെറിയ മുഴകൾ ഒന്ന് രണ്ടു  വർഷം കൊണ്ട് പൂർണ്ണമായി ഇല്ലാതാകുകയും ചെയ്യുന്നത് കാണാറുണ്ട്. അല്ലാത്തപക്ഷം സ്ത്രീകളിൽ ഒന്നുകിൽ ഇത് അതേ വലുപ്പത്തിൽ കുറെക്കാലം നിൽക്കുകയോ, ചുരുക്കം ചിലരിൽ വലുപ്പം കൂടി രോഗലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യാം.

Dr. Nishu Sugunan – MBBS, MS (OBG)
Consultant – Obstetrics & Gynaecology
Mar Sleeva Medicity Palai.

TACE (Transarterial chemoembolization)

Posted on

ലോകമെമ്പാടുമുള്ള ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് ഏറ്റവും സാധാരണമായ രണ്ടാമത്തെ കാരണം കരൾ ക്യാൻസർ അഥവാ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (എച്ച്സിസി) ആണ്.

ഹെപ്പറ്റോസെല്ലുലാർ കാർസിനോമയിൽ  ധാരാളം രക്തക്കുഴലുകൾ വളരുന്നു. ഈ രക്തക്കുഴലുകൾക്ക് രക്തത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത് ഹെപ്പാറ്റിക് ആർട്ടറിയിൽ നിന്നാണ്, ബാക്കി കരൾ ടിഷ്യുവിന് പോർട്ടൽ സിരയിൽ നിന്ന് രക്തം ലഭിക്കുന്നു. ഇക്കാരണത്താൽ, കരളിൻറെ ബാക്കി ഭാഗങ്ങളെ ബാധിക്കാതെ ട്യൂമറിലേക്കുള്ള രക്ത വിതരണം നിർത്തിവയ്ക്കാൻ ഡോക്ടർമാർക്ക് ഹെപ്പാറ്റിക് ധമനിയെ തടയുന്നതിലൂടെ കഴിയും.

ടിഷ്യൂകളിലേക്കോ അവയവത്തിലേക്കോ രക്ത വിതരണം തടസ്സപ്പെടുത്തുന്നതോ മന്ദഗതിയിലാക്കുന്നതോ ആയ ചികിത്സയാണ്   എംബോളൈസേഷൻ. ഒരു ട്യൂമറിലേക്കുള്ള രക്തപ്രവാഹം തടയാൻ ഇത് ഉപയോഗിക്കുന്നതിനാൽ കാൻസർ കോശങ്ങൾ മരിക്കും. രക്ത വിതരണം തടയാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ട്യൂമറിലേക്ക് കീമോതെറാപ്പി മരുന്നുകൾ നൽകുമ്പോൾ അതിനെ കീമോ എംബോളൈസേഷൻ എന്ന് വിളിക്കുന്നു. കരൾ കാൻസറിനെ ചികിത്സിക്കുന്നതിനായി ഹെപ്പാറ്റിക് ധമനിയെ തടയുന്ന ഒരു പ്രത്യേക തരം കീമോ എംബോളൈസേഷനാണ് ട്രാൻസാർട്ടീരിയൽ കീമോ എംബോളൈസേഷൻ (TACE).

പ്രതിരോധ ഓപ്ഷനുകൾ ഇല്ലാതെ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (എച്ച്സിസി) കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും സാധാരണമായ സമീപനമാണ് TACE.

നിങ്ങളുടെ വയറ്റിൽ ദ്രാവകം ഇല്ല (അസൈറ്റസ് എന്ന് വിളിക്കുന്നു) കൂടാതെ നിങ്ങളുടെ കരളിൽ പോർട്ടൽ സിരയിൽ പ്രശ്നങ്ങളൊന്നുമില്ല,

നിങ്ങൾക്ക് നല്ല കരൾ പ്രവർത്തനം ഉണ്ടെങ്കിൽ മാത്രമാണ് TACE ചെയ്യുന്നത്. നിങ്ങളുടെ കരൾ ക്യാൻസറിനെ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യാൻ കഴിയുന്നില്ലെങ്കിലും TACE ഉപയോഗിച്ച് ഒരു പരിധി വരെ തടയുവാൻ സാധിക്കും. പക്ഷേ ഇത് ലിംഫ് നോഡുകൾ അല്ലെങ്കിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവയിലെ പ്രധാന രക്തക്കുഴലുകളിലേക്ക് വ്യാപിച്ചിട്ടില്ലെങ്കിൽ മാത്രമാണ് ഉപയോഗിക്കുന്നത്. കരൾ മാറ്റിവയ്ക്കലിനായി നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ (“ബ്രിഡ്ജിംഗ്” തെറാപ്പി എന്ന് വിളിക്കുന്നു) കരൾ ട്യൂമർ ചെറുതായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് TACE ചികിത്സ സ്വീകരിക്കാവുന്നതാണ്. 5 സെന്റിമീറ്ററിൽ കൂടുതലുള്ള കരൾ മുഴകളെ ചികിത്സിക്കാൻ ഡോക്ടർമാർ TACE നിർദേശിക്കാം, എന്നാൽ ഈ മുഴകൾ ചുരുക്കാൻ 2 അല്ലെങ്കിൽ 3 ചികിത്സകൾ എടുത്തേക്കാം. കരളിൻറെ രണ്ട് ഭാഗങ്ങളിലും കാൻസർ ഉണ്ടെങ്കിൽ, ഡോക്ടർമാർ ഒരു സമയം ഒരു ലോബിനെ ചികിത്സിക്കും. ഓരോ ലോബിലേക്കും ചികിത്സ സാധാരണയായി ഒരു മാസത്തെ ഇടവേളയിൽ നൽകുന്നതിനാൽ ആദ്യത്തെ TACE ചികിത്സയിൽ നിന്ന് കരകയറാൻ നിങ്ങൾക്ക് സമയമുണ്ട്.

TACE എങ്ങനെ ചെയ്യുന്നു

ഒരു ആശുപത്രിയുടെ ഇമേജിംഗ് വിഭാഗത്തിലാണ് TACE ചെയ്യുന്നത്. വിശ്രമിക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് ഒരു മരുന്ന് ഉപയോഗിച്ച് ഒരു പ്രാദേശിക അനസ്തെറ്റിക് നൽകാം, അല്ലെങ്കിൽ നിങ്ങളെ ഉറക്കാൻ ഒരു പൊതു അനസ്തെറ്റിക് നൽകും.

നിങ്ങളുടെ അരക്കെട്ടിലെ വലിയ രക്തക്കുഴലിലേക്ക് (ഫെമറൽ ആർട്ടറി എന്ന് വിളിക്കുന്ന) നേർത്ത ട്യൂബ് (കത്തീറ്റർ എന്ന് വിളിക്കുന്നു) ഡോക്ടർ സ്ഥാപിക്കുന്നു. കരളിൽ ഹെപ്പാറ്റിക് ധമനിയിൽ എത്തുന്നതുവരെ ഡോക്ടർ ധമനികളിലൂടെ കത്തീറ്റർ മുകളിലേക്ക് നീക്കുന്നു. കത്തീറ്ററിലേക്ക് ഒരു radio-opaque dye കുത്തിവയ്ക്കുകയും കരൾ ട്യൂമറിന് രക്തം നൽകുന്ന ധമനിയുടെ ഇമേജിംഗ് ശാഖകൾ തിരിച്ചറിയുകയും ചെയ്യുന്നു (ആൻജിയോഗ്രാം എന്ന് വിളിക്കുന്നു). ഡോക്ടർ ഈ ധമനികളിലേക്ക് കത്തീറ്റർ നീക്കുന്നു. ട്യൂമറിന് രക്തം നൽകുന്ന ധമനികളിലേക്ക് ഡോക്ടർ ഒരു വസ്തു കുത്തിവയ്ക്കുന്നു ഈ  മെറ്റീരിയൽ ട്യൂമറിന്  രക്തം  നൽകുന്ന  ധമനികളെ തടയുന്നു. ഇങ്ങനെ ഉപയോഗിക്കുന്ന ചില തരം തടയൽ വസ്തുക്കൾ അലിഞ്ഞുപോകുന്നതിനാൽ ധമനികൾ ശാശ്വതമായി തടയപ്പെടില്ല.

TACE നായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മെറ്റീരിയൽ ഒരു ജെലാറ്റിൻ സ്പോഞ്ചാണ്.

കരളിൽ മരുന്നുകൾ സൂക്ഷിക്കുന്ന സമയത്തെ ലിപിയോഡോൾ നീട്ടുന്നു. കീമോതെറാപ്പി മരുന്നുകൾ സ്പോഞ്ചിൽ ഇല്ലെങ്കിൽ, അവ തടയുന്നതിനു മുമ്പ് ധമനികളിലേക്ക് കുത്തിവയ്ക്കുന്നു.

TACE സമയത്ത് കീമോതെറാപ്പി എത്തിക്കുന്നതിനുള്ള ഒരു പുതിയ മാർഗമാണ് DEB-TACE. കീമോതെറാപ്പി മരുന്ന് പ്രതേൃക ബീഡ്‌സ് ഉപയോഗിച്ച് കരളിലെ ധമനികളിലേക്ക് കുത്തിവച്ച ശേഷം ട്യൂമറിനെ ചികിത്സിക്കുന്നതിനായി അവർ പതുക്കെ മരുന്ന് പുറപ്പെടുവിക്കുന്നു. ഈ ബീഡ്‌സ്, സ്പോഞ്ച് ഉപയോഗിക്കുന്നതോ ധമനികളിൽ കീമോതെറാപ്പി മരുന്നുകൾ കുത്തിവയ്ക്കുന്നതോ പോലെ ഫലപ്രദമാണ്. മറ്റ് രീതികളേക്കാൾ DEB-TACE ന് പാർശ്വഫലങ്ങൾ കുറവായിരിക്കാം.

ക്യാൻസർ കരളിന്റെ ഒരു ലോബിൽ മാത്രമാണെങ്കിൽ പോലും അതിൽ ഉണ്ടാകുന്ന ഏതെങ്കിലും മുഴകളെ ചികിത്സിക്കുന്നതിനായി ഡോക്ടർമാർ മറ്റ് ലോബിലേക്ക് ചെറിയ അളവിലുള്ള കീമോതെറാപ്പി നൽകാം.

TACE- ഉപയോഗിക്കുന്ന കീമോതെറാപ്പി മരുന്നുകൾ

TACE നായി ശുപാർശ ചെയ്യുന്ന കീമോതെറാപ്പി  മരുന്നുകൾ ഒറ്റയ്ക്കോ ഒരുമിച്ചോ  ഉപയോഗിക്കാവുന്നവയാണ്:

 • ഡോക്സോരുബിസിൻ (അഡ്രിയാമൈസിൻ)
 • സിസ്പ്ലാറ്റിൻ (പ്ലാറ്റിനോൾ എക്യു)

TACE ന് ശേഷമുള്ള ഫോളോഅപ്പ്

TACE കഴിഞ്ഞ് 2 അല്ലെങ്കിൽ 3 മാസങ്ങൾക്ക് ശേഷം നിങ്ങൾക്ക് ഒരു സിടി സ്കാൻ ഉണ്ടായിരിക്കും. ട്യൂമറുകൾ എത്രമാത്രം ചുരുങ്ങിയിട്ടുണ്ടെന്നും കരളിൽ എന്തെങ്കിലും പുതിയ മുഴകൾ ഉണ്ടോയെന്നും കണ്ടുപിടിക്കാൻ ഡോക്ടർമാർ ഈ ഇമേജിംഗ് പരിശോധന ഉപയോഗിക്കുന്നു.

പലർക്കും മറ്റൊരു TACE നടപടിക്രമം ആവശ്യമാണ്, കാരണം കരൾ മുഴകൾ പലപ്പോഴും 10-16 മാസത്തിനുള്ളിൽ വളരും. TACE ആവശ്യമുള്ളത്ര തവണ ആവർത്തിക്കാനാകും, നിങ്ങൾ ആരോഗ്യവാനായിരിക്കുന്നിടത്തോളം കാലം അത് ചെയ്യാൻ കഴിയും.

പാർശ്വ ഫലങ്ങൾ

കരൾ ക്യാൻസറിനുള്ള TACE പോസ്റ്റ്-എംബോളൈസേഷൻ സിൻഡ്രോമിന് കാരണമായേക്കാം, ഇതിൽ ഉൾപ്പെടുന്ന ഒരു കൂട്ടം ലക്ഷണങ്ങളുണ്ട്:

 • പനി
 • വലതുഭാഗത്തെ വയറിലെ വേദന, വാരിയെല്ലുകൾക്ക് താഴെ
 • ഓക്കാനം, ഛർദ്ദി
 • ക്ഷീണം

TACE വളരെ അപൂർവ്വമായി കാരണമാകുന്ന രോഗങ്ങൾ:

 • കത്തീറ്റർ രക്തകുഴലിലേക്ക് കേറിയ ഭാഗത്തുള്ള ചതവ് അല്ലെങ്കിൽ രക്തസ്രാവം
 • അണുബാധകളെ ചെറുക്കാനുള്ള കഴിവ് കുറയുന്നത്
 • അസാധാരണമായ കരൾ പ്രവർത്തനം
 • ശ്വാസകോശ അണുബാധ (ന്യുമോണിയ എന്ന് വിളിക്കുന്നു)
 • പിത്തസഞ്ചിയിലെ വീക്കം
 • വയറ്റിലെ ദ്രാവകത്തിന്റെ വർദ്ധനവ് (അസൈറ്റസ് എന്ന് വിളിക്കുന്നു)
 • ട്യൂമർ നശിച്ച സ്ഥലത്ത് പഴുപ്പ് ശേഖരം (ഒരു കുരു എന്ന് വിളിക്കുന്നു)

സംഗ്രഹം

TACE ഒരു ചികിത്സയാണ്, ഒരു പരിധി വരെ തടഞ്ഞു നിർത്തുന്ന ഈ ചികിത്സ ഈ രോഗത്തെ പൂർണമായും തുടച്ചു നീക്കാൻ കഴിവുള്ളതല്ല. ഏകദേശം 70 ശതമാനം രോഗികളിലും കരളിൽ പുരോഗതി കാണും.  കരൾ കാൻസറിനെ ആശ്രയിച്ച്, അതിജീവന നിരക്ക്, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്താം.

By,
Dr. Rajesh Antony
Senior Consultant – Interventional Radiology
MBBS, MD, Fellowship in Interventional Radiology (France) & Gastro Intervention (Korea)

കീറ്റോ ഡയറ്റ് – മിഥ്യാധാരണകളും സത്യങ്ങളും

Posted on

ഒരു ശരാശരി മലയാളിയുടെ ഭക്ഷണത്തിലെ പ്രധാനഘടകം കാർബോഹൈഡ്രേറ്റ് അഥവാ അന്നജമാണ്‌. അത് പ്രഭാതഭക്ഷണമോ, ഉച്ചഭക്ഷണമോ, അത്താഴമോ ആയാലും  ഈ അന്നജത്തെ മാറ്റി നിർത്തി വെറും 5% മാത്രം ഉൾപ്പെടുത്തി പ്രധാനമായും കൊഴുപ്പേറിയ ഭക്ഷണങ്ങൾ 75% വും 20% മാംസ്യവും ഉൾപ്പെടുത്തുന്ന ലോ കാർബോഹൈഡ്രേറ്റ് ഹൈഫാറ്റ് ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്.

അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ദഹനപ്രക്രിയ വഴി ഗ്ലൂക്കോസ് ആണ് ശരീരത്തിന് വേണ്ട ഊർജം നൽകുകയും ചെയ്യുന്നത്. എന്നാൽ കീറ്റോ ഡയറ്റിൽ നമ്മുടെ ശരീരത്തിൽ അടിയുന്ന അല്ലെങ്കിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കൊഴുപ്പ് ദഹനപ്രക്രിയ വഴി ഉൽപ്പാദിപ്പിക്കുന്ന കീറ്റോൺസ് ആണ് ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നത്.

പെട്ടെന്നുള്ള ശരീരഭാരം കുറയൽ എന്നതാണ് കീറ്റോ ഡയറ്റ് ഭക്ഷണക്രമത്തിലൂടെ പറയപ്പെടുന്ന പ്രധാന ആകർഷണം. കൊളസ്‌ട്രോൾ നിയന്ത്രണം, ഫാറ്റിലിവർ നിയന്ത്രണം, അൽഷിമേഴ്സ് അസുഖത്തിന്റെ നിയന്ത്രണം എന്നിവയ്ക്കും കീറ്റോ ഡയറ്റ് സഹായകമാകുന്നു.

ശരീരത്തിൽ അന്നജം എത്താത്ത സാഹചര്യത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുകയില്ല. ഇൻസുലിൻ ആണ് ശരീരത്തിൽ ഗ്ലൂക്കോസിന്റേയും കൊഴുപ്പിന്റെയും അളവ് ശരീരത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഇതുകൊണ്ടു തന്നെ പുതിയ സ്റ്റോറുകൾ ശരീരത്തിൽ ഉണ്ടാവാതെ വരുന്നു.

തലച്ചോറിന്റെ പ്രധാന ഊർജം ഗ്ലൂക്കോസ് ആണ്. ഇത് കൊണ്ട് തന്നെ കീറ്റോ ഡയറ്റ് ആരംഭിക്കുന്നവർക്ക് പലവിധ ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്. ആദ്യ ദിവസങ്ങളിൽ തലചുറ്റൽ, തലവേദന, മനം പുരട്ടൽ, ക്ഷീണം ഇവയൊക്കെ ഉണ്ടാവുന്നു. ഈ അവസ്ഥയെ കീറ്റോ ഫ്ലൂ  എന്ന് പറയുന്നു. കീറ്റോ ഡയറ്റ് ആരംഭിച്ച് 3 മുതൽ 4 ആഴ്ചകൾ വരെ ഈ  കീറ്റോ  ഫ്ലൂ പലരിലും കാണപ്പെടുന്നു.കൊഴുപ്പിന്റെ അളവ് എത്ര കൂടിയാലും കുഴപ്പമില്ല എന്ന രീതിയിലുള്ള പല പ്രചാരണങ്ങളും ഇന്ന് നടക്കുന്നു. ഓരോ വ്യക്തിയുടെയും ശരീരം അന്നജത്തിനോടും കൊഴുപ്പിനോടുമൊക്കെ പ്രതികരിക്കുന്നത് വ്യത്യസ്ത രീതികളിലായിരിക്കും. ചിലർ എത്ര മാത്രം കൊഴുപ്പ് കുറച്ച് ഉപയോഗിച്ചാലും എത്ര മാത്രം, വ്യായാമം ചെയ്താലും കൊളസ്‌ട്രോൾ കുറയാറില്ല. ഇങ്ങനെയുള്ളവർ അന്നജം കുറച്ച് കൊഴുപ്പ് കൂടുതലായി ഉപയോഗിച്ചാൽ പെട്ടെന്നുള്ള ഹൃദയസ്തംഭനം, മസ്തിഷ്‌കാഘാതം എന്നിവ ഉണ്ടായേക്കാം.

മാംസ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിനാൽ പ്രോട്ടീൻ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് മൂലം രക്തം, മൂത്രം എന്നിവ അസിഡിക് ആവുകയും യൂറിക് ആസിഡിന്റെ അളവ് കൂടി മൂത്രാശയ കല്ല് ഉണ്ടാവാനുള്ള സാധ്യതകൾ കൂടുകയും ചെയ്യുന്നു.

ചുവന്ന മാംസങ്ങളുടെ ഉപയോഗം കാൻസർ പോലെയുള്ള അസുഖങ്ങൾക്ക് കാരണമാവാം.  

ശരീരത്തിൽ അസിഡിറ്റി കൂടുന്നതിനാൽ ശരീരത്തിൽ നിന്ന് കാൽസ്യം കൂടുതലായി നഷ്ടപ്പെടുകയും ഇത് എല്ലുകളുടെ കട്ടി കുറയ്ക്കുന്ന ഒരു അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. പെട്ടെന്നുള്ള ഒടിവുകൾക്ക് ഇത് കാരണമാവുന്നു.

 കീറ്റോ ഡയറ്റിൽ നാരുകളുടെ ഉപയോഗം വളരെ കുറവായതിനാൽ മലശോധന കൃത്യമായി നടക്കാതെ വരികയും ഇത് കുടൽ കാൻസർ, മലബന്ധം പോലെയുള്ള ദോഷഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ നാരുകൾ തന്നെ കുടലിലെ നല്ല അണുക്കളുടെ വളർച്ചയ്ക്ക് സഹായിക്കുന്നത് എന്നതിനാൽ തന്നെ അവയുടെ അഭാവം ദഹനപ്രക്രിയയെയും പ്രതികൂലമായി ബാധിക്കുന്നു.

ധാതുക്കളുടെയും ലവണങ്ങളുടെയും അഭാവം കൂടുതലായി കാണപ്പെടുകയും അവയുടെ അപര്യാപ്തത രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

കീറ്റോ ഡയറ്റ് ഭക്ഷണക്രമം അപസ്മാരം എന്ന അസുഖത്തിന് നല്ല പരിഹാരം തന്നെയാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സക്കായി ഉപയോഗിക്കണമെങ്കിൽ ശ്രദ്ധിക്കുക. ഒരു ഡോക്ടറുടെ നിർദേശപ്രകാരം പൂർണ്ണമായും രക്തപരിശോധനകൾ നടത്തി നമ്മുടെ ശരീരം കീറ്റോ ഡയറ്റ് പാലിക്കാൻ തയ്യാറാണെന്ന് ഉറപ്പു വരുത്തുക. ഒരു കുടുംബത്തിലെ പോലും ഓരോ വ്യക്തിയിലും കീറ്റോ ഡയറ്റ് പാലിക്കുമ്പോൾ രക്തത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ പലവിധമായിരിക്കും. അതുകൊണ്ട് തന്നെ മറ്റൊരു വ്യക്തിക്ക് കീറ്റോ ഡയറ്റ് ഫലപ്രദമായി എന്നതുകൊണ്ട് എനിക്കും അങ്ങനെ ആവും എന്ന് വിശ്വസിക്കാതിരിക്കുക.

നമ്മുടെ ആഹാരത്തിൽ ആരോഗ്യപരമായ മാറ്റങ്ങൾ വരുത്തുന്നത് വഴി ശരീരഭാരം നിയന്ത്രിക്കുകയും കുറയ്ക്കുകയും ചെയ്യുക. ഇത് തന്നെയാണ് ആരോഗ്യപരമായ രീതി എന്ന് മറക്കാതിരിക്കുക.

പ്രമേഹരോഗത്തിന് വിദഗ്ധചികിത്സ

Posted on

ലോകത്ത്‌ പത്തിൽ ഒരാൾക്ക് പ്രമേഹമുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ലോക പ്രമേഹദിനമാണ് നവംബർ 14. ജീവിതശൈലിയിലെ മാറ്റങ്ങൾക്കൊണ്ടുണ്ടാകുന്ന പ്രമേഹത്തെ നിയന്ത്രണത്തിലാക്കാനും സാധാരണ ജീവിതം നയിക്കാനും ഇന്ന് ആരോഗ്യരംഗത്തു നൂതന ചികിത്സാരീതികളും സംവിധാനങ്ങളും ലഭ്യമാണ്.

കോട്ടയം പാലായിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രമേഹരോഗ ചികിത്സക്കായി മികച്ച വിഭാഗവും സേവനങ്ങളും ലഭ്യമാണ്. ആശുപത്രിയിലെ കോംപ്രിഹെൻസീവ് ഡയബറ്റിക് ഹെൽത്ത് ചെക്കപ്പിലൂടെ പ്രമേഹം കണ്ടുപിടിക്കുവാനും നിയന്ത്രിക്കുവാനും സാധിക്കും. ചികിത്സ മാത്രമല്ല, ചികിത്സയ്‌ക്കൊപ്പം ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ലഭിക്കേണ്ട പോഷകങ്ങളെക്കുറിച്ചു രോഗിയെ ബോധവൽക്കരിക്കുകയും രോഗിക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.

മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോ. ഗീതു ആന്റണിയുടെ നേതൃത്വത്തിൽ എൻഡോക്രൈനോളജി & ഡയബറ്റിസ് ഡിപ്പാർട്ടുമെന്റ് പ്രമേഹ രോഗത്തിനുള്ള മികച്ച ചികിത്സ നൽകുന്നു. അതോടൊപ്പം പരിചയ സമ്പന്നരായ ഡയറ്റീഷ്യന്റെയും ഡയബറ്റിക് എഡ്യൂക്കേറ്ററുടെയും സേവനവും മെഡിസിറ്റിയിൽ ലഭ്യമാണ്.

പ്രമേഹരോഗികൾക്കൊപ്പം

പ്രമേഹവുമായി ബന്ധപ്പെട്ട് കണ്ണുകൾക്കും വൃക്കകൾക്കും മറ്റുമുണ്ടാകുന്ന പ്രശ്നങ്ങൾക്കും ആശുപത്രിയിൽ ചികിത്സ നൽകുന്നുണ്ട്. റെറ്റിനോപ്പതി സ്‌ക്രീനിംഗും അതിനുശേഷമുള്ള ചികിത്സകളും തുടങ്ങി രോഗിക്ക് ആശ്വാസമേകാൻ വേണ്ട സംവിധാനങ്ങളെല്ലാം ഇവിടെ സുസജ്ജമാണ്. വൃക്കരോഗം വരാതെ തടയാനും വന്നാൽ ചികിത്സിക്കാനുമുള്ള വിദഗ്ധരും മാർ സ്ലീവാ മെഡിസിറ്റിയിലുണ്ട്.

പ്രമേഹരോഗികളുടെ കൽ, പാദം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നുള്ളവർക്ക് പോഡിയാട്രി വിഭാഗവുമുണ്ട്. സർജറി ആവശ്യമുള്ളവർക്ക് പ്ലാസ്റ്റിക് സർജറി, ജനറൽ സർജറി വിഭാഗങ്ങളുമുണ്ട്. ഇതുകൂടാതെ ഫിസിയോതെറാപ്പി ആവശ്യങ്ങൾക്കായും സേവനങ്ങൾ നൽകുന്നുണ്ട്.

പ്രമേഹരോഗികൾക്കുണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങൾക്കുവേണ്ട എല്ലാത്തരം ചികിത്സയും അസുഖം കണ്ടുപിടിക്കാനാവശ്യമായ നൂതന സംവിധാനങ്ങളും കൊണ്ട് സുസജ്ജമാണ് മാർ സ്ലീവായിലെ കാർഡിയാക് വിഭാഗം. നൂതന പരിശോധനകളെല്ലാം ചെയ്യാൻ സാധിക്കുന്ന എല്ലാ സംവിധാനത്തോടെ 24 മണിക്കൂറും കാർഡിയോളജിസ്റ്റിന്റെ സേവനം ഇവിടെ ലഭ്യമാണ്.

കുട്ടികളിലെ പ്രമേഹം

കുട്ടികളിൽ കണ്ടുവരുന്ന ടൈപ്പ് 1 പ്രമേഹത്തിനുള്ള ചികിത്സാ സൗകര്യങ്ങൾ മെഡിസിറ്റിയിലുണ്ട്. നിയോനറ്റോളജിസ്റ്റ്, പീഡിയാട്രിഷൻ, പീഡിയാട്രിക്   ക്രിട്ടിക്കൽ കെയർ കൺസൽട്ടന്റ് എന്നിവരെല്ലാമുള്ള ഒരു പീഡിയാട്രിക് ഡിപ്പാർട്ടുമെന്റാണ് മെഡിസിറ്റിയിലുള്ളത്. സുസജ്ജമായ ഐസിയു സംവിധാനങ്ങൾ ഏറ്റവും നല്ല ചികിത്സയും ശ്രദ്ധയും ഉറപ്പു നൽകുന്നു. പ്രമേഹം ബാധിച്ച കുട്ടികൾക്കായുള്ള ഇൻസുലിൻ പമ്പ് തെറാപ്പി അടക്കമുള്ള എല്ലാതരം ഇൻസുലിൻ ചികിത്സകളും ഇവിടെയുണ്ട്.

ഗർഭകാലത്തെപ്രമേഹം

ഗർഭകാലത്തു സ്ത്രീകളിലുണ്ടാകുന്ന പ്രമേഹം ചിലരിലെങ്കിലും ആശങ്കയുണ്ടാക്കിയേക്കാം. ഗർഭകാല പ്രമേഹത്തെ ആത്‌മവിശ്വാസത്തോടെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ സേവനം. പ്രമേഹമുള്ള ഗർഭിണികൾക്ക്‌ ശരിയായ രീതിയിലുള്ള പോഷകങ്ങൾ കിട്ടുന്നുണ്ടോ എന്നറിയാനുള്ള നൂട്രിഷണൽ അസെസ്മെന്റ് ഇവിടെ ചെയ്യാവുന്നതാണ്. ഡയബറ്റിക് ക്ലിനിക്കിൽ ഗർഭിണികൾക്കായുള്ള പ്രതേൃക ചികിത്സകളും പരിശോധനകളും ലഭ്യമാണ്.

അമിതവണ്ണം നിയന്ത്രിക്കാൻ

പ്രമേഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ഒബിസിറ്റി അഥവാ അമിതവണ്ണം. ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാണ് ഇവിടുത്തെ വെയിറ്റ് റിഡക്ഷൻ പ്രോഗ്രാമുകൾ. വിദഗ്ധരായ നൂട്രിഷനിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും സഹായവും ഇതിലൂടെ ലഭിക്കും. അമിതവണ്ണം നിയന്ത്രിക്കുന്നതിന് ഓപ്പറേഷൻ നടത്താനുള്ള സൗകര്യവുമുണ്ട്. ഒബിസിറ്റി ക്ലിനിക്, ബരിയാട്രിക് സർജറി, ഡോ. മഞ്ജുരാജ് കെ.പി യുടെ നേതൃത്വത്തിൽ എൻഡോക്രൈനോനോളജി എന്നീ വിഭാഗങ്ങൾ പ്രമേഹരോഗികളെ ശ്രദ്ധയോടെ പരിപാലിക്കാൻ മെഡിസിറ്റിയിൽ പ്രവർത്തിക്കുന്നു.

ടെർഷ്യറി കെയർ ആശുപത്രി

സാധാരണക്കാരന് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ എന്ന ലക്ഷ്യത്തോടെ നാല്പതിലധികം സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമായി ആരംഭിച്ചതാണ് മാർ സ്ലീവാ മെഡിസിറ്റി പാലാ. ചികിത്സാരംഗത്തു ഉന്നതനിലവാരം പുലർത്തുന്ന ടെർഷ്യറി കെയർ തലത്തിൽ രൂപകൽപന ചെയ്ത ഈ ആശുപത്രി ഒരു വർഷംകൊണ്ട് സമീപത്തും വിദൂരത്തുമുള്ള നിരവധി ആശുപത്രികളുടെ വിശ്വസനീയ റഫറൽ ആശുപത്രിയായി ഉയർന്നു കഴിഞ്ഞു.

ശുചിയായി പരിപാലിക്കപ്പെടുന്ന ചുറ്റുപാടുകൾ,  സേവന സന്നദ്ധരായ സ്റ്റാഫ് അംഗങ്ങൾ, ഉന്നത വിദ്യാഭ്യാസവും നിരവധി വർഷങ്ങളുടെ പ്രവർത്തി പരിചയവുമുള്ള ഡോക്ടർമാരുടെ സേവനം, അത്യാധുനിക ചികിത്സാ ഉപകരണങ്ങളുടെ സാങ്കേതിക മികവ്, സർവ്വസജ്ജമായ അത്യാഹിത – തീവ്രപരിചരണ വിഭാഗങ്ങൾ, അതിനൂതനവും സങ്കീർണവുമായ ശസ്ത്രക്രിയകൾ ഉൾപ്പടെ എല്ലാത്തരം ചികിത്സയുടെയും ലഭ്യത എന്നിങ്ങനെ ഒരു കൂട്ടം പ്രതേൃകതകൾ മാർ സ്ലീവാ മെഡിസിറ്റിക്ക് മാത്രമായുണ്ട്. കേരളത്തിലെ ഏറ്റവും നിലവാരമുള്ള കാത് ലാബ്, 128 സ്ലൈസ് സിടി സ്കാൻ , 3 തെസ്‌ലാ എം ആർ  ഐ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമാ കെയർ, 150 ഇന്റെൻസീവ് കെയർ ബെഡുകൾ, അവയവം മാറ്റിവയ്ക്കൽ ഉൾപ്പടെയുള്ള ശസ്ത്രക്രിയകൾ ചെയ്യാവുന്ന അത്യാധുനിക ഉപകരണങ്ങൾ ഉള്ള 11 ഓപ്പറേഷൻ തീയറ്ററുകൾ, ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡിന്റെ ഉപയോഗം എന്നീ സൗകര്യങ്ങൾ മാർ സ്ലീവാ മെഡിസിറ്റിയെ ലോകോത്തര നിലവാരമുള്ളതാക്കുന്നു. അലോപ്പതി ചികിത്സക്കു പുറമെ ആയുർവേദ – ഹോമിയോ ചികിത്സകളും ഇവിടെ ലഭ്യമാണ്. ആയുർവേദ – ഹോമിയോ വിഭാഗങ്ങളിലും കിടത്തി ചികിത്സയുണ്ട്.

ഓപി സൗകര്യം

നാല്പതിലധികം വിഭാഗങ്ങളിലായി 130 – ഓളം കൺസൽട്ടന്റ് ഡോക്ടർമാർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഓപി പ്രവർത്തിക്കും. ഈവെനിംഗ് ഓപികളും ക്രമീകരിച്ചിട്ടുണ്ട്. വെബ്സൈറ്റ് വഴി ഏതു ഡോക്ടറുടെയും കൺസൽറ്റേഷൻ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ബുക്ക് ചെയ്യാനും ഓപി സ്റ്റാറ്റസ് അറിയാനും സാധിക്കുന്ന മൊബൈൽ ആപ്പ് ഗൂഗിൾ  പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Dr. Geethu Antony
MBBS, MD (AIIMS), DM (Endocrinology, CMC Vellore)
Consultant – Endocrinology
Mar Sleeva Medicity Palai

“ലൂപസ്” രോഗത്തെ തിരിച്ചറിയാം

Posted on

‘ലൂപസ് അഥവാ Systemic Lupus Erythematosus (S.L.E)’ എന്ന രോഗം ഓട്ടോ ഇമ്യൂൺ വിഭാഗത്തിൽ വരുന്ന മാരകമായ രോഗങ്ങളിൽ ഒന്നാണ്. നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഘടകങ്ങൾ നമ്മുടെ ശരീരകോശങ്ങളെ തന്നെ നശിപ്പിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂൺ രോഗം (Auto Immune Disease). മുഖത്ത് ചെന്നായ കടിച്ചതുപോലെയുള്ള ചുവന്ന പാടുകൾ കാണപ്പെടുന്നതിനാലാണ് ഈ രോഗത്തിന് ലൂപസ് എന്ന പേരുണ്ടായത്.

രോഗകാരണം

ജനിതകപരമായ ഘടകങ്ങളും പരിസ്ഥിതി സംബന്ധമായ ഘടകങ്ങളും ഈ രോഗത്തിന് കാരണമാകുന്നുണ്ട്. ലൂപസ് ബാധിക്കുവാൻ സാധ്യതയുള്ള ഇരുപതിലധികം ജീനുകൾ ഇതുവരെ കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ട്. ഈ ജീനുകൾ ഉള്ള വ്യക്തികൾ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ കൂടുതലായി ഏൽക്കേണ്ടിവരുമ്പോൾ ഈ രോഗത്തിന് അടിമപ്പെടുവാൻ സാധ്യതയേറുന്നു.

രോഗലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ പല രോഗികളിലും വ്യത്യാസപ്പെട്ടിരിക്കും. സാധാരണ കാണുന്ന ലക്ഷണങ്ങൾ:- വിട്ടുമാറാത്ത പനി, അമിതമായ ക്ഷീണം, വായിൽ ഉണ്ടാകുന്ന വ്രണങ്ങൾ, സന്ധി വേദന, പേശി വേദന, മുഖത്തും കവിളിലും ഉണ്ടാകുന്ന ചുവന്ന പാടുകൾ ( സൂര്യപ്രകാശം ഏൽക്കുമ്പോൾ ഇത് കൂടുതൽ പ്രകടമാകുന്നു ), അമിതമായ മുടി കൊഴിച്ചിൽ എന്നിവയാണ്. കിഡ്നി, ഹൃദയം, ശ്വാസകോശം, തലച്ചോറ്, കണ്ണ് തുടങ്ങി ശരീരത്തിലെ ഏത് അവയവത്തെയും ഈ രോഗം ബാധിക്കാവുന്നതാണ്. ഏത് ശരീരഭാഗത്തെയാണ് ഈ രോഗം ബാധിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി രോഗലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.

രോഗനിർണ്ണയം

ഒരേ ഒരു പരിശോധന കൊണ്ട് മാത്രം ഈ രോഗം നിര്ണയിക്കുവാൻ ബുദ്ധിമുട്ടാണ്. രോഗിയെ നേരിൽ കണ്ട് പരിശോധിക്കുന്നതിനോടൊപ്പം രക്ത പരിശോധനയിലൂടെയും രോഗലക്ഷണങ്ങൾ വിശദമായി വിശകലനം ചെയ്തുമാണ് രോഗനിർണ്ണയം നടത്തേണ്ടത്. വൈകിയ രോഗനിർണ്ണയവും തെറ്റായ ചികിത്സയും ഒരേ പോലെ അപകടകരമാണ് – മരണം വരെ സംഭവിക്കാം.

ചികിത്സ

ഇപ്പോൾ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ചികിത്സയുടെ പ്രധാന ലക്ഷ്യം രോഗത്തെ നിയന്ത്രിക്കുക, ആന്തരിക അവയവങ്ങളെ ബാധിക്കുന്നത് തടയുക എന്നതാണ്. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്താൽ നിയന്ത്രിച്ചു നിർത്താവുന്ന രോഗമാണിത്.

Dr. Basil Paul Kunnathu
MBBS, MD (General Medicine), DM (Rheumatology)
Consultant – Rheumatology
Mar Sleeva Medicity Palai

error: Content is protected !!