വൻ കുടൽ അർബുദം: പ്രതിരോധം സാധ്യമാണോ?
‘‘വീട്ടുകാരുടെ മനസ്സമാധാനത്തിനു വേണ്ടിയാണു ഞാൻ വന്നത്. ഇത് അർശ്ശസ് (മൂലക്കുരു) ആണെന്ന് എനിക്ക് തോന്നുന്നു’’– പരിശോധനയ്ക്കെത്തിയ ആ അൻപതുകാരൻ ആമുഖമായി പറഞ്ഞത് ഇതായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി മലത്തിൽ രക്തം കുറഞ്ഞ അളവിൽ പോകുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. പ്രകടമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. സാധാരണ കുടുംബത്തിലെ ഗൃഹനാഥനായ അദ്ദേഹത്തിനായിരുന്നു വീടിന്റെ മുഴുവൻ ഉത്തരവാദിത്തം. രോഗ ലക്ഷണങ്ങൾ അവഗണിച്ചുവെങ്കിലും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ചികിൽസ തേടിയത്. പ്രാഥമിക പരിശോധനയ്ക്കു ശേഷം കൊളോണോസ്കോപ്പി (Colonoscopy – വൻകുടലിൽ ക്യാമറ കടത്തിയുള്ള പരിശോധന) നിർദേശിച്ചു. മടിയോടെയാണ് അദ്ദേഹം പരിശോധനയ്ക്കു സമ്മതിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാകും കാരണമെന്ന് ഞാൻ ഉൗഹിച്ചു. പരിശോധനയിൽ അദ്ദേഹത്തിന് വൻ കുടലിൽ കാൻസറാണെന്ന് (Colon Cancer) കണ്ടെത്തി. കോളൻ കാൻസറിന്റെ അവസാന ഘട്ടത്തിലായിരുന്നതിനാൽ ഉടനെ ചികിൽസ ആരംഭിച്ചു. വളരെ സങ്കീർണമായ ശസ്ത്രക്രിയയും തുടർന്ന് റേഡിയേഷനും നടത്തി. ചികിൽസ ഫലപ്രദമായി മുന്നേറുമ്പോഴും എന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു – “ആദ്യ ഘട്ടത്തിൽ ചികിൽസ തേടിയിരുന്നുവെങ്കിൽ ഇത്രയും ബുദ്ധിമുട്ട് നേരിടേണ്ടതായി വരുമായിരുന്നോ?’’. ഇല്ലെന്നു നിസ്സംശയം പറയാം. അത്യാധുനിക രോഗനിർണയ പരിശോധനകൾ കയ്യെത്തും ദൂരത്തു ലഭ്യമാകുമ്പോൾ, പരിശോധന നടത്തി രോഗത്തെ പ്രതിരോധിക്കുകയല്ലേ അഭികാമ്യം.
കാൻസർ എന്നു കേൾക്കുമ്പോൾ അതെനിക്ക് വരുമോ എന്ന ചിന്തയാകും മനസ്സിൽ തെളിയുക. ആർക്കും കാൻസർ വരാമെന്നു മനസ്സിലാക്കുക. മറ്റേതൊരു രോഗത്തെയും പോലെ കാൻസറിനും ചികിൽസയുണ്ടെന്ന ബോധ്യമാണ് വേണ്ടത്. അടുത്ത കാലത്തായി സാധാരണ കണ്ടുവരുന്ന കാൻസറാണ് കുടലിനെ ബാധിക്കുന്ന കാൻസർ. കോളൻ കാൻസറിന്റെ രോഗ ലക്ഷണൾ അടുത്തറിഞ്ഞാൽ ചികിൽസ തേടാനുള്ള വിമുഖത ഒരുപരിധി വരെ മാറുമെന്നാണ് പ്രതീക്ഷ.
എന്താണ് വൻകുടൽ കാൻസർ?
വൻകുടലിൽ (Large intestine) വളരുന്ന അർബുദമാണ് കോളൻ കാൻസർ (Colon Cancer). മനുഷ്യ ശരീരത്തിൽ ഏകദേശം രണ്ടു മീറ്റർ നീളമുള്ള വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ കാൻസർ (Colon Cancer) കൂടുതലായും കണ്ടു വരുന്നത്. വികസിത രാജ്യങ്ങളിൽ കുടൽ ക്യാൻസർ വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. നമ്മുടെ നാട്ടിലും ഈ അർബുദത്തിന്റെ തോത് വർധിച്ചു വരുന്നതായാണ് കണക്കാക്കുന്നത്.
കുടൽ കാൻസറിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
മറ്റു പല കാൻസറുകളെയും പോലെ കുടൽ കാൻസർ ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഈ സമയത്ത് പരിശോധനയ്ക്കായി രോഗി ആശുപത്രിയിൽ സാധാരണയായി എത്താറുമില്ല. പലപ്പോഴും രോഗം മൂർച്ഛിച്ച ശേഷമായിരിക്കും രോഗലക്ഷണങ്ങൾ കാണുന്നത്.
താഴെ പറയുന്നവയാണ് സാധാരണ രോഗലക്ഷണങ്ങൾ
1. മലബന്ധം 2. വയറിളക്കം 3. മലബന്ധവും വയറിളക്കവും മാറിമാറി വരുക. 4. വേദന 5. ആന്തരിക രക്തസ്രാവം (മലത്തിൽ കലർന്ന് രക്തം പോകുന്നതായി കാണുന്നു) 6. കുടലിന് തടസ്സം വരിക 7. ഭാരം കുറയുക. 8. കലശലായ ക്ഷീണം, ഉന്മേഷക്കുറവ് 9. ശരീരത്തിൽ രക്തക്കുറവ് അനുഭവപ്പെടുക
കുടൽ കാൻസർ ചികിത്സിച്ചു ഭേദപ്പെടുത്താനാകുമോ?
തീർച്ചയായും സാധ്യമാണ്. സാധാരണയായി കുടൽ ക്യാൻസർ കുടലിൽ ചെറിയ തടിപ്പുകളായാണ് തുടങ്ങുന്നത്. ഇത് പതുക്കെ വളർന്ന് ഒരു വലിയ മുഴയായി, കാൻസറായി മാറുന്നു. കുടലിൽ കാൻസറിനു കാരണമായ ചെറിയ മുഴകളെ പോളിപ്പ് (Polyp) എന്നു വിളിക്കുന്നു. ഈ അവസ്ഥയിൽ നമുക്ക് വളരെ ലളിതമായ ചികിത്സ കൊളോണോസ്കോപ്പി പോളിപക്ടോമി (colonoscopy, polypectomy) എന്നിവയിലൂടെ പോളിപ് നീക്കം ചെയ്യാം. ഇത് മൂലം കുടൽ കാൻസർ വരാതെ തടയുകയും ചെയ്യാം.
എന്താണ് പോളിപ്പ് ?
കുടലിൽ വളരുന്ന ചെറിയ തടിപ്പുകൾ ആണ് പൊതുവേ പോളിപ്പ് എന്ന് അറിയപ്പെടുന്നത്. സാവധാനം ഈ പോളിപ്പ് വളർന്നാണ് ഏറെക്കുറെ എല്ലാ കുടൽ അർബുദവും ഉണ്ടാകുന്നത്. പോളിപ്പ് എന്ന അവസ്ഥയിൽ കുടൽ കാൻസറിന് കാരണമായ തടിപ്പുകൾ കണ്ടെത്തിയാൽ പോളിപക്ടോമി എന്ന ചികിത്സയിലൂടെ കുടൽ കാൻസർ വരാതെ തടയാം.
എങ്ങനെ പോളിപ്പ് കണ്ടെത്താം ?
എൻഡോസ്കോപ്പി (endoscopy) പരിശോധനയിലൂടെ പോളിപ്പ് കണ്ടെത്താം. വൻ കുടലിന്റെ എൻസ്കോപ്പിയെ കൊളോണോസ്കോപ്പി (colonscopy) എന്നു വിളിക്കാം. ക്യാമറ ഘടിപ്പിച്ചു കുഴലിന്റെ സഹായത്തോടെ വൻകുടലിന്റെ മുഴുവൻ നേർകാഴ്ച ഇന്ന് സാധ്യമാണ്. ഇതിനെയാണ് കോളൻസ്കോപ്പി എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. മലദ്വാരത്തിലൂടെയാണ് ക്യാമറ ഘടിപ്പിച്ച ട്യൂബ് ഉള്ളിൽ കയറ്റുന്നത്. തുടർന്ന് ഏകദേശം രണ്ടു മീറ്റർ വരുന്ന വൻകുടൽ മുഴുവൻ പരിശോധിക്കുന്നു. തടിപ്പുകൾ, മുഴകൾ തുടങ്ങിയവ കോളൻസ്കോപ്പിയിൽ വളരെ വ്യക്തമായി കാണാം.
എന്താണ് പോളിപക്ടോമി?
കൊളോണോസ്കോപ്പി വഴി കുടലിലെ പോളിപ്പ് നീക്കം ചെയ്യുന്ന ചികിത്സാ രീതിയാണ് പോളിപക്ടോമി. ഇങ്ങനെ നീക്കം ചെയ്യുന്ന പോളിപ്പ് പതോളജി ബയോപ്സി പരിശോധനയ്ക്കായി അയയ്ക്കുന്നു. പോളിപക്ടോമി ചികിത്സ വളരെ ലളിതമാണ്. ഇതു വഴി നമുക്ക് വയർ കീറി ഉള്ള ശസ്ത്രക്രിയ ഒഴിവാക്കാൻ സാധിക്കും. ഈ ചികിത്സക്ക് അധികം വിശ്രമം ആവശ്യം ഇല്ല.
കൊളോണോസ്കോപ്പിയും പോളിപക്ടോമിയും സുരക്ഷിതമാണോ ?
ആധുനിക വൈദ്യശാസ്ത്ര ശാഖയിൽ വളരെയധികം പുരോഗമിച്ച ചികിത്സാ രീതിയാണ് എൻഡോസ്കോപ്പി. നൂതനമായ എൻഡോസ്കോപ്പികൾ വളരെ സുരക്ഷിതമാണ്. വളരെ അപൂർവ്വം മാത്രമാണ് കൊളോണോസ്കോപ്പി മുഖേന ചില പാർശ്വഫലങ്ങൾ രോഗിക്ക് ഉണ്ടാകുന്നത്. അതുപോലെ പോളിപക്ടോമി വളരെ ചെലവു കുറഞ്ഞ സുരക്ഷിതമായ ഒരു ചികിത്സാ രീതിയാണ്. പോളിപക്ടോമി വഴി നമ്മൾ സർജറി ഒഴിവാക്കുകയാണ്. അപൂർവമായി വരുന്ന രക്തസ്രാവവും കുടലിൽ വരുന്ന പൊട്ടലുമാണ് (Bleeding and perforation) ആണ് പോളിപക്ടോമി ചികിൽസയിലെ വെല്ലുവിളി
ആർക്കാണ് പോളിപ്പ് കണ്ടെത്താൻ കൊളോണോസ്കോപ്പി വളരെ പ്രയോജനം ചെയ്യുന്നത് ?
അൻപതു വയസ്സിനു മുകളിൽ പ്രായമുള്ള ആളുകൾക്ക് പോളിപ്പ് നിരീക്ഷണത്തിനായുള്ള കൊളോണോസ്കോപ്പി പ്രയോജനം ചെയ്യും.. ഇതു കൂടാതെ പാരമ്പര്യമായി കുടൽ കാൻസറിന് സാധ്യതയുള്ള വ്യക്തികൾ, നേരത്തെ പോളിപ്പ് വന്നവർ, മുൻപു കുടൽ കാൻസറിനു ചികിത്സിച്ചവർ, മലം, ബ്ലഡ് ടെസ്റ്റ് പോസിറ്റീവ് ആയവർ തുടങ്ങിയവരും നിർബന്ധമായും പോളിപ്പ് നിരീക്ഷണത്തിനുള്ള കൊളോണോസ്കോപ്പി ചെയ്യണം.
ചുരുക്കം
ഇന്ന് വൻകുടൽ കാൻസർ പ്രതിരോധിക്കാൻ സാധ്യമായ രോഗമാണ്. കൊളോണോസ്കോപ്പി എന്ന രോഗ നിർണയ പരിശോധന വഴി നേരത്തേ പോളിപ്പ് കണ്ടെത്തി രോഗ പ്രതിരോധം സാധ്യമാണ്.