ഈ വേദന ‘ഗ്യാസ്’ എന്നു പറഞ്ഞ് തള്ളരുത്; ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്, അറിയണം ഈ വ്യത്യാസങ്ങൾ

രാത്രി ഭക്ഷണം കഴിച്ച ശേഷം വയറിന്റെ മുകൾഭാഗത്തും നെഞ്ചിലും അസ്വസ്ഥതകൾ വന്നപ്പോൾ ആ എഴുപതുകാരൻ പറഞ്ഞു– ‘‘ഇതെല്ലാം ഗ്യാസിന്റെ പ്രശ്നമാണ്’’. ഗ്യാസിന്റെ ഗുളികകൾ ചിലത് എടുത്തു കഴിക്കുകയും ചെയ്തു. ‘‘ആശുപത്രിയിൽ പോകണോ’’– ഭാര്യ ചോദിച്ചു. ‘‘അതൊന്നും വേണ്ട. ഇതൊക്കെ ഇടയ്ക്കിടയ്ക്കു വരുന്നതല്ലേ. ഒന്നുറങ്ങിയാൽ എല്ലാം മാറും.’’
രാവിലെ ചായ കൊടുക്കാൻ ഭാര്യ ചെല്ലുമ്പോൾ മരിച്ചുകിടക്കുന്ന ഭർത്താവിനെയാണു കണ്ടത്. ഗ്യാസ് ആണെന്നു വിചാരിച്ച് ഹൃദ്രോഗത്തെ അവഗണിച്ചതിന്റെ ഫലമായിരുന്നു അത്.
ഗ്യാസ് എന്ന അസുഖത്തെക്കുറിച്ച് വളരെയധികം തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. ഗ്യാസ് രോഗികൾക്ക് ശ്വാസകോശത്തിന്റെ ഭാഗത്തോ സന്ധികളിലോ വേദനയോ ബുദ്ധിമുട്ടോ അനുഭവപ്പെടാറില്ല. പലരും ധരിച്ചിരിക്കുന്നത് സന്ധികളിലെ വേദന, നടുവേദന, കഴുത്തിനു വേദന, കൈകൾക്കുള്ള വേദന തുടങ്ങിയവയെല്ലാം ഗ്യാസിന്റെ പ്രശ്നം മൂലമാണെന്നാണ്.
ഗ്യാസ് എന്നൊരു പദം തന്നെ ആധുനിക വൈദ്യശാസ്ത്രത്തിൽ രോഗത്തിന്റെ പേരായി പറയുന്നില്ല. ഡിസ്പെപ്സിയ എന്നാണ് ആധുനിക വൈദ്യശാസ്ത്രം ഗ്യാസിന്റെ അസുഖത്തെ വിളിക്കുന്നത്. മുകൾവയറ്റിൽ വീർത്തുകെട്ടി വരിക, മുകൾവയറ്റിൽ വേദന വരിക തുടങ്ങിയവയ്ക്ക് പൊതുവേ പറയുന്ന പേരാണ് ഡിസ്പെപ്സിയ. ഡിസ്പെപ്സിയ ഒരു രോഗലക്ഷണമായി കണക്കാക്കാം. ഇതു വന്നു കഴിഞ്ഞാൽ ശരിയായ രീതിയിലുള്ള പരിശോധനകൾ നടത്തണം.
അറിയണം, ഈ വ്യത്യാസങ്ങൾ
ഹൃദ്രോഗികൾക്ക് സാധാരണയായി ഹൃദയത്തിന്റെ വശത്തു തന്നെയാണു വേദന വരുന്നത്. നെഞ്ചിൽ ഭാരം കയറ്റിവച്ചിരിക്കുന്നതു പോലെയുള്ള തോന്നൽ ഉണ്ടാകും. കലശലായ വേദനയായിരിക്കും. താനിപ്പോൾ മരിച്ചുപോകുമെന്ന തോന്നൽ അവർക്കുണ്ടാകും. താടി ഭാഗം തൊട്ട് പൊക്കിളിനു മുകൾ ഭാഗം വരെ എവിടെ വേണമെങ്കിലും ഹൃദ്രോഗവുമായി ബന്ധപ്പെട്ട വേദന വരാം. ഇടതുവശത്തെ ഉള്ളംകയ്യിലേക്ക് ചിലപ്പോൾ ഈ വേദന വ്യാപിച്ചെന്നും വരാം. രോഗി വിയർക്കും, പരവേശമുണ്ടാകും.
എന്നാൽ ഗ്യാസിന്റെ അസുഖത്തിന് ഇങ്ങനെയുള്ള ലക്ഷണമല്ല ഉണ്ടാകുക. വയർ വീർത്തുകെട്ടി വരികയാണു ചെയ്യുക. ചിലപ്പോൾ ഓക്കാനമുണ്ടാകും. വയറിന്റെ മുകൾഭാഗത്ത് എരിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതെല്ലാമാണ് ഗ്യാസിന്റെ അസുഖത്തിന്റെ ലക്ഷണങ്ങൾ.
ആസിഡ് റിഫ്ലക്സ് ഡിസീസ് എന്ന രോഗം മൂലവും നെഞ്ചിന്റെ ഭാഗത്തു വേദന വരാം. നെഞ്ചിന്റെ ഭാഗത്തു വേദന വന്നാൽ അത് ഗ്യാസിന്റെ പ്രശ്നമാണെന്നു പറഞ്ഞ് പരിശോധനകൾക്കു മുതിരാതിരിക്കരുത്. ഹൃദ്രോഗം കൊണ്ടല്ല ഈ വേദന എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ലക്ഷണങ്ങൾ തീവ്രമായിരിക്കുമ്പോൾ അതു വേർതിരിച്ചറിയുക സാധാരണക്കാർക്കു ബുദ്ധിമുട്ടാണ്. ഇതിന് ഡോക്ടറുടെ സേവനം തേടുകതന്നെ വേണം.
പരിശോധന വേണം
ഡിസ്പെപ്സിയ കൊണ്ട് ഒരിക്കൽ പോലും രോഗി മരിക്കുന്നില്ല. അപ്പോൾ പിന്നെ ഡിസ്പെപ്സിയ വന്നാൽ ഞാൻ എന്തിനു ടെസ്റ്റുകൾ ചെയ്യണം എന്നു ചിന്തിക്കുന്നവർ ഒട്ടേറെയുണ്ട്. എന്നാൽ മറ്റു രോഗങ്ങളുടെ കാരണമായി ഡിസ്പെപ്സിയ വരാം. അൾസർ, ലിവർ രോഗങ്ങൾ, ഗോൾബ്ലാഡറിന്റെ അസുഖം, കുടലിനുണ്ടാകുന്ന രോഗം തുടങ്ങിയവ ഡിസ്പെപ്സിയ മൂലമുണ്ടാകാം. ഈ രോഗങ്ങൾ ഇല്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതുണ്ട്. വയറിൽ കാൻസർ ഇല്ല എന്ന് ഉറപ്പാക്കുന്നതിനും പരിശോധന നടത്തണം.
ഡിസ്പെപ്സിയ ഒരു ജീവിതശൈലീരോഗമാണ്. ചിട്ടയായ ഭക്ഷണക്രമത്തിലൂടെ ഇതിനെ വരുതിയിൽ നിർത്താം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക, കൃത്യസമയത്ത് ആഹാരം കഴിക്കുക, വിശന്നിരിക്കാതിരിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഈ രോഗത്തെ നിയന്ത്രിക്കാം.
അതേസമയം, ഈ രോഗത്തെ ലഘൂകരിച്ചു കാണുകയുമരുത്. ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്താൻ മടിക്കരുത്.
അമിതമായ ആശങ്കയുള്ള ചിലർ ഡിസ്പെപ്സിയയുടെ ലക്ഷണങ്ങൾ കാണുമ്പോൾ കൂടെക്കൂടെ ആശുപത്രിയിൽ പോയി ഹൃദ്രോഗത്തിന്റെ പരിശോധന നടത്തുന്ന സംഭവങ്ങളുമുണ്ട്. ഒന്നോ രണ്ടോ തവണ പരിശോധന നടത്തിയിട്ടും ഹൃദ്രോഗമില്ലെന്നു തെളിഞ്ഞാൽ പിന്നീട് ഡിസ്പെപ്സിയയുടെ ലക്ഷണങ്ങൾ കണ്ടു പേടിച്ചു വീണ്ടും പരിശോധന നടത്തണമെന്നില്ല.