ജനിച്ചയുടൻ കുട്ടികൾക്ക് കേൾവി പരിശോധന ആവശ്യമോ?
ഒരു കുഞ്ഞിന്റെ ജനനം ഉളവാക്കുന്ന അളവറ്റ സന്തോഷങ്ങൾക്കും വലുതും ചെറുതുമായ ഒരായിരം സംശയങ്ങൾക്കും മദ്ധ്യേ, നിർബന്ധിതമായി ചെയ്യണമെന്ന് പറയപ്പെടുന്ന നവജാതശിശുവിന്റെ കേൾവി പരിശോധന പലരിലും പല ചോദ്യങ്ങളും ഉയർത്തിയേക്കാം. അവനോ അവളോ ശബ്ദങ്ങൾക്ക് പ്രതികരിക്കുന്നുണ്ടല്ലോ, ഞങ്ങളുടെ ചെറുപ്പത്തിൽ ഇങ്ങനെയൊരു പരിശോധന ഉണ്ടായിരുന്നില്ലല്ലോ, കുടുംബത്തിൽ ആർക്കും കേൾവി തകരാറുള്ളതായി പറഞ്ഞു കേട്ടില്ലല്ലോ? കുഞ്ഞിന് സംസാരിക്കേണ്ട പ്രായമായിട്ടും സംസാരിക്കുന്നില്ലെങ്കിൽ, ശബ്ദങ്ങൾക്ക് പ്രതികരിക്കുന്നില്ലെങ്കിൽ മാത്രം കേൾവി പരിശോധനയെ പറ്റി ചിന്തിച്ചാൽ പോരേ? എന്തിനാണ് യൂണിവേഴ്സൽ ഹിയറിങ് സ്ക്രീനിംഗ് നവജാത ശിശുക്കളിൽ നിർബന്ധമാക്കിയിരിക്കുന്നതു?
കുട്ടിക്കാലം കടന്നുപോകുന്നത് വളരെ ലോലമായ മാനസികമായ ഘട്ടത്തിലൂടെയാണ്. ഈ കാലത്ത് അനുഭവിക്കുന്ന, അല്ലെങ്കിൽ സാക്ഷിയാകേണ്ടി വരുന്ന ചെറിയ ആഘാതങ്ങൾപോലും കുട്ടിക്കാലം കഴിഞ്ഞാലും പിന്തുടരുന്ന സാഹചര്യം പലരും അനുഭവിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ നിന്നും വിടുതൽ നേടുക എന്നത് പലപ്പോഴും വളരെ പ്രയാസകരമാണ്. അതിനാൽ അത്തരം പ്രശ്നങ്ങൾ മൂലം ജീവിതം കൂടുതൽ മോശമാകുന്നതിന് മുൻപ് തന്നെ അത് തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം നൽകാനാകണം. അതിനായി ഇത്തരം പ്രേശ്നങ്ങൾ കണ്ടെത്തി നേരത്തെ തന്നെ ഇടപെടേണ്ട ആവശ്യമുണ്ട്. അങ്ങനെ ഇടപെടാൻ സാധിച്ചാൽ ആ പ്രശ്നം സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കുന്നതിന് സഹായിക്കും.
കേൾവി തകരാറുകൾ പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ്, കുട്ടികളുടെ മാനസികവും ശാരീരീരികവുമായ വളർച്ചയെ വലിയ രീതിയിൽ ബാധിച്ചേക്കാവുന്ന ഒന്ന്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ചു ലോകത്തു മനുഷ്യന് ഏറ്റവും കൂടുതലായി നഷ്ടപെടുന്ന ഇന്ദ്രിയ ശക്തി കേൾവിയാണ്. ലോകജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം കേൾവി നഷ്ടം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെകിലും, ചികിത്സയിൽ ഇതിനു വളരെ താഴ്ന്ന സ്ഥാനമാണ് ലഭിക്കുന്നത്. മുൻകാലങ്ങളിൽ കേൾവി പരിശോധനയ്ക്കു കുഞ്ഞുങ്ങൾ ശബ്ദങ്ങളോട് പ്രതികരിക്കാറാവുന്നതു വരെ കാത്തിരിക്കേണ്ടി വരുമായിരുന്നെങ്കിൽ, ഇന്ന് ജനിച്ചയുടനെയുള്ള ദിവസങ്ങളിൽ തന്നെ പരിശോധനകൾ സാധ്യമാണ്. നവജാത ശിശുക്കളിൽ നടത്തുന്ന ഈ പരിശോധനകൾ സുരക്ഷിതവും, ലളിതവും, വേദനരഹിതവുമാണ്. കൂടാതെ കേൾവിക്കുറവുള്ള കുട്ടികളിൽ, ഈ പരിശോധനകൾ അവരുടെ ഭാവിയിൽ വളരെ നിർണായകമായ മാറ്റങ്ങൾ സാദ്ധ്യമാക്കുന്നവയാണ്. ഒന്നാം മാസത്തിനുള്ളിൽ പരിശോധന, മൂന്നാം മാസത്തിനുള്ളിൽ പ്രശ്നനിര്ണയം, ആറാം മാസത്തിനുള്ളിൽ ഇടപെടൽ എന്നതാണ് അത്യുത്തമം.
തക്കസമയത് കണ്ടുപിടിക്കപെടാതെ പോകുന്ന ചെറിയ കേൾവിത്തകരാറുകൾ സംസാരത്തിലെ വ്യക്തതയെയും, അക്ഷരസ്ഫുടതയെയും ബാധിക്കുമ്പോൾ, പൂർണമായുള്ള കേൾവിക്കുറവ് സംസാരിക്കാനുള്ള കഴിവിനെ തന്നെയും ബാധിക്കും. ഈ കുറവുകൾ കൊണ്ട് അവർ മറ്റുള്ള കുട്ടികളിൽ നിന്ന് ഒറ്റപ്പെടുന്നതും അത് പലതരത്തിലുള്ള പെരുമാറ്റ വൈകല്യങ്ങൾക്കു കാരണമാകുന്നതായും കണ്ടുവരുന്നു. ഇതിനെല്ലാം ഒരു പരിഹാരമെന്നോണം ജനിക്കുന്ന എല്ലാ കുട്ടികളിലും ഹിയറിങ് സ്ക്രീനിങ് (OAE) നടത്തുകയും അതിൽ എന്തെങ്കിലും സൂചനകൾ കണ്ടെത്തുന്ന പക്ഷം വിശദമായ കേൾവി പരിശോധനകൾ (BOA, BERA, ASSR) നടത്തി കേൾവിക്കുറവിന്റെ അളവ് കണ്ടെത്തുകയും ചെയ്യും. ജനനത്തിനു ശേഷം ഏത് പ്രായത്തിലും കേൾവിക്കുറവ് (acquired hearing loss /progressive hearing loss) തുടങ്ങാം എന്നതിനാൽ ജനിച്ചയുടനുള്ള കേൾവി പരിശോധനയിൽ പ്രശ്നങ്ങൾ ഇല്ലെങ്കിലും മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ കേൾവി ശക്തിയിൽ മാറ്റങ്ങൾ വന്നേക്കാം എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. സംശയം തോന്നുന്ന പക്ഷം ഒരു ഓഡിയോളോജിസ്റ്റിന്റെ സഹായം തേടേണ്ടതുമാണ്.
കേൾവിക്കുറവ് പ്രധാനമായും മൂന്നുതരത്തിലുണ്ട്.
- ബാഹ്യകർണ്ണത്തെയോ മദ്ധ്യകർണത്തെയോ ബാധിക്കുന്നത് (Conductive Hearing Loss).
- ആന്തരകർണ്ണത്തെ ബാധിക്കുന്നത് (Sensory neural Hearing Loss).
- മദ്ധ്യകർണത്തിനെയും ആന്തരകർണ്ണത്തെയും ഒന്നിച്ചു ബാധിക്കുന്നത് (Mixed Hearing Loss).
കേൾവിക്കുറവിന്റെ സ്വഭാവത്തിനും തോതിനും അനുസരിച്ചാണ് ശ്രവണ സഹായികളോ (Hearing Aids), കോക്ലിയർ ഇംപ്ലാന്റ്റുകളോ (Cochlear Implants) നിർദ്ദേശിക്കുക. ചെറിയൊരു മെഡിക്കൽ ഇലക്ട്രോണിക് ഉപകരണമാണ് കോക്ലിയർ ഇംപ്ലാന്റ്. ചെവിക്കുള്ളിലെ കേടായ ഭാഗത്തിനു പകരമായി ഇതു പ്രവർത്തിക്കുന്നു. ശ്രവണ സഹായികൾ ശബ്ദങ്ങളുടെ ഉച്ചത വര്ദ്ധിപ്പിക്കുമ്പോൾ, കോക്ലിയർ ഇംപ്ലാന്റ് ചെവിയുടെ ഉൾവശത്തെ കേടായ സെല്ലുകളെ മറികടന്ന് ശബ്ദസൂചികൾ കേൾവി ഞരമ്പുകൾ വഴി തലച്ചോറിലേക്ക് നൽകുകയാണ് ചെയ്യുന്നത്. ഇതു കേൾവി സുഗമമാക്കുന്നു.
ശ്രവണ സഹായി അല്ലെങ്കിൽ കോക്ലിയർ ഇമ്പ്ലാന്റിനൊപ്പം കുട്ടികളുടെ സംസാരശേഷി വികസനത്തിന് ആവശ്യമായ സേവനങ്ങളും (Auditory Verbal Therapy) കുടുംബത്തിന് ലഭ്യമാക്കുന്നു. ഈ സേവനങ്ങൾ കുട്ടികളെ കേൾക്കാനും, സംസാരിക്കാനും, ആശയവിനിമയം നടത്താനും കഴിവുള്ളവരാക്കും. അതുവഴി തന്റെ പ്രായത്തിലുള്ള ഏതൊരു കുട്ടിയെയുംപോലെ കൂട്ടുകൂടാനും കളിക്കാനും പഠിക്കാനും സ്വപ്നം കാണാനും അവർ പ്രാപ്തരാവുന്നു. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയില്ലാത്ത പ്രായത്തിൽ കുട്ടികള്ക്ക് വേണ്ടി മാതാപിതാക്കൾ തീർച്ചയായും എടുത്തിരിക്കേണ്ട ഒരു കരുതലാണ് ഈ പരിശോധനകൾ.