സ്തനാർബുദം – അറിവാണ് പ്രതിരോധത്തിന്റെ ആദ്യപടി

സ്തനാർബുദം ഇന്ന് ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിൽ ഒന്നാണ്. സമയബന്ധിതമായി കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണിത്. പക്ഷേ കൃത്യമായ ബോധവൽക്കരണത്തിന്റെ അഭാവം മൂലം രോഗം പലപ്പോഴും വൈകിയാണ് തിരിച്ചറിയുന്നത്.
എന്താണ് സ്തനാർബുദം?
സ്തനത്തിലെ കോശങ്ങളുടെ വളർച്ച നിയന്ത്രണം വിട്ട് അസാധാരണമായി വളരുമ്പോളാണ് സ്തനാർബുദം ഉണ്ടാകുന്നത്. ഈ കോശങ്ങൾ സമീപഭാഗങ്ങളിലേക്കോ മറ്റ് ഭാഗങ്ങളിലേക്കോ പടരാനും സാധ്യതയുണ്ട്.
കാരണങ്ങൾ
സ്തനാർബുദത്തിന് മോഡിഫയബിൾ കാരണങ്ങളും നോൺ മോഡിഫയബിൾ കാരണങ്ങളുമുണ്ട്. പൊണ്ണത്തടി, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ്, കുട്ടികൾ ഇല്ലാതിരിക്കുന്നത്, മൂലയൂട്ടൽ കാലാവധി ചുരുക്കുക, മദ്യപാനം, ഹോർമോൺ ചികിത്സ എന്നിവയാണ് മോഡിഫയബിൾ കാരണങ്ങൾ.
60% – 70% നോൺ മോഡിഫയബിൾ (തടയാനാകാത്ത കാരണങ്ങൾ) കാരണങ്ങളാണ്. പ്രായം കൂടുന്നതനുസരിച്ച് സാധ്യത കൂടുന്നു, നേരത്തെ തുടങ്ങുന്ന ആർത്തവം, വൈകി വരുന്ന ആർത്തവ വിരാമം, കുടുംബത്തിൽ ആർക്കെങ്കിലും ബ്രസ്റ്റ്, ഓവേറിയൻ കാൻസർ ഉണ്ടെങ്കിൽ എന്നിവയാണ് ഇത്തരത്തിലുള്ള കാരണങ്ങൾ. ബി.ആർ.സി.എ 1, ബി.ആർ.സി.എ 2 എന്ന ജീനുകളുടെ തകരാർ മൂലമാണ് പാരമ്പര്യമായി കാൻസർ ഉണ്ടാവുന്നത്. ബി.ആർ.സി.എ ടെസ്റ്റിലൂടെ സ്തനാർബുദങ്ങളുണ്ടാകുന്ന സാധ്യത മുൻകൂട്ടി മനസിലാക്കി, അത് തടയാൻ സാധ്യത കൂടുതലായിരുന്നാലും, നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുന്നത് പ്രധാനമാണ്.
സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ
- സ്തനങ്ങളിലോ കക്ഷത്തിലോ ഉണ്ടാകുന്ന മുഴകൾ
- നാരങ്ങയുടെ തൊലിപോലെ സ്തനത്തിന്റെ ചർമ്മത്തിൽ അനുഭവപ്പെടുന്ന വ്യത്യാസം
- മുലക്കണ്ണ് ഉള്ളിലോട്ട് വലിഞ്ഞ് പോകുക
- സ്തനങ്ങളിൽ പാൽപോലെയോ രക്തമയമായോ സ്രവം വരുക
- കൂടിയ സ്റ്റേജുകളിൽ മഞ്ഞപ്പിത്തം, പുറംവേദന, തലവേദന
സെൽഫ് ബ്രസ്റ്റ് എക്സാമിനേഷൻ (സ്വയം പരിശോധന) – എങ്ങനെ ചെയ്യാം
- സ്റ്റെപ്പ് ഒന്ന്: സ്തനങ്ങളുടെ കൃത്യമായ ഘടന കണ്ണാടിയുടെ സഹായത്തോടെ പരിശോധിക്കുക. സ്തനങ്ങളിൽ നിറവത്യാസം, രൂപമാറ്റം, മുഴകൾ, ചുവന്ന പാടുകൾ, തിണർപ്പുകൾ, കക്ഷങ്ങളുടെ ഭാഗത്ത് വീക്കം എന്നിവയുണ്ടോ എന്ന് പരിശോധിക്കണം. നിപ്പിളുകൾ ഉള്ളിലേക്ക് വലിഞ്ഞു നിൽക്കുന്നതും അപകടസൂചനയാണ്.
- സ്റ്റെപ്പ് രണ്ട്: മുകളിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിച്ച ശേഷം കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തുക. എന്തെങ്കിലും വ്യത്യാസം സംഭവിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
- സ്റ്റെപ്പ് മൂന്ന്: നിപ്പിളിലൂടെ അസാധരണമായി വെള്ളം പോലെയോ മുലപ്പാൽ പോലെയോ പുറത്തേക്ക് വരുന്നുവെങ്കിൽ ജാഗ്രത വേണം. മഞ്ഞ നിറത്തിലോ രക്തം പോലെയോ തോന്നിപ്പിക്കുന്ന ദ്രാവകങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കണം.
- സ്റ്റെപ്പ് നാല്: ഒരു കൈ തലയ്ക്ക് മുകളിൽ ഉയർത്തിയ ശേഷം മറ്റേ കൈ ഉപയോഗിച്ച് സ്തനങ്ങളിൽ തടവി നോക്കണം. അസ്വാഭാവികമായ മുഴകളോ ഏതെങ്കിലും ഭാഗം കട്ടിയായി നിൽക്കുന്നതോ ശ്രദ്ധയിൽപെട്ടാൽ സൂക്ഷിക്കണം. അടുത്ത കൈ ഉയർത്തി മറുഭാഗവും പരിശോധിക്കണം.
- സ്റ്റെപ്പ് അഞ്ച്: മലർന്ന് കിടന്ന ശേഷം വലതുകൈ ഉയർത്തി ഇടത് കൈ കൊണ്ട് വലതുവശത്തെ സ്തനത്തിന് മുകളിൽ തടവി നോക്കുക. കട്ടിയുള്ളതോ ഉൾവശത്ത് മുഴകൾ പോലുള്ള ഭാഗങ്ങളോ തോന്നിയാൽ ശ്രദ്ധിക്കണം. ഇടതു കൈ ഉയർത്തിയ ശേഷം ഇടതു വശത്തെ സ്തനവും പരിശോധിക്കണം.
വൈദ്യപരിശോധന തേടേണ്ട ഘട്ടങ്ങൾ
- സ്തനങ്ങളിലോ കക്ഷകളിലോ മുഴകൾ കാണുമ്പോൾ
- സ്തനങ്ങളിലോ നിപ്പിളുകളിലോ വേദന അനുഭവപ്പെടുമ്പോൾ
- സ്തനത്തിന്റെ ചർമത്തിൽ ചെറിയ കുരുക്കുകൾ പോലുള്ള മാറ്റങ്ങൾ കാണുമ്പോൾ
- സ്തനങ്ങളിൽ കട്ടിയോ വീക്കമോ അനുഭവപ്പെട്ടാൽ
- നിപ്പിള്‍ സ്ത്രീകള്‍ ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടെങ്കിൽ
- ഗർഭിണികളോ മുലയൂട്ടുന്നവരോ അല്ലാത്തവരോ സ്ത്രീകളുടെ സ്തനത്തിൽ പാൽപോലെയോ രക്തമയമായോ ഡിസ്ചാർജ് കാണുമ്പോൾ
ശ്രദ്ധപുലർത്തിയാൽ ഭയപ്പെടണ്ട. സ്തനാർബുദം ഭയപ്പെടേണ്ട രോഗമല്ല. നേരത്തെ കണ്ടെത്തിയാൽ ചികിത്സയിലൂടെ വേഗം തിരിച്ചെത്താം. സ്ത്രീകൾ സ്വയം പരിശോധനയും വർഷത്തിൽ ഒരിക്കലെങ്കിലും മെഡിക്കൽ പരിശോധന നടത്തുന്നതും ജീവിതചര്യയുടെ ഭാഗമാക്കുക. ആധുനിക മെഡിക്കൽ രംഗത്ത് സ്തനാർബുദത്തിന് ഏറെ ഫലപ്രദമായ ചികിത്സകളും ലഭ്യമാണ്.