സ്ട്രോക്കിനെ ചെറുക്കാം – അറിവും ജാഗ്രതയും വേണം

ഒരാളുടെ ജീവിതം നിമിഷങ്ങൾക്കുള്ളിൽ മാറിമറിയാൻ ഇടയാക്കുന്ന രോഗമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. രക്തയോട്ടത്തിലെ തടസ്സം മൂലം തലച്ചോറിൽ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവ പക്ഷാഘാതം എന്ന് പറയുന്നത്. സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരിലാണു സ്ട്രോക്ക് കണ്ടുവരുന്നത്. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ യുവാക്കളിലും ഇതു വ്യാപകമാണ്. അമിതമായ രക്തസമ്മർദമാണു പ്രധാന കാരണം. ഏഷ്യയിൽ പക്ഷാഘാതം വരുന്നവരിൽ അഞ്ചു പേരിൽ ഒരാൾ 45 വയസ്സിനു താഴെയായിരിക്കുമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. യുവാക്കളിൽ മസ്തിഷ്കാഘാതം മൂലമുള്ള മരണം കുറവാണ്. മറ്റ് അവയവങ്ങൾക്ക് തകരാറില്ലാത്തതിനാൽ ഏറെ നാൾ ജീവിച്ചിരിക്കും. കൃത്യമായ തുടർചികിത്സകൾ ഇവർക്ക് ആവശ്യമാണ്.
ജീവിതശൈലിയിലെ മാറ്റങ്ങൾ സ്ട്രോക്കിന് കാരണങ്ങൾ
താഴെ പറയുന്നവ സ്ട്രോക്കിലേക്ക് വേഗം നയിക്കും:
- ഉയർന്ന രക്തസമ്മർദ്ദം
- പ്രമേഹം, കൊളസ്ട്രോൾ
- ജനിതക കാര്യങ്ങൾ
- പൊണ്ണത്തടി
- പുകവലി
തലച്ചോറിലെ രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിക്കുക, രക്തക്കുഴലുകൾക്കുണ്ടാകുന്ന തകരാർ മൂലമുള്ള രക്തസ്രാവം, തലച്ചോറിന് ചുറ്റുമുള്ള സ്ഥലത്ത് രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥ എന്നിവയാണ് സ്ട്രോക്കിലേക്ക് നയിക്കുന്നത്. രക്തക്കുഴൽ അടയുന്ന ഇസ്കിമിക് സ്ട്രോക്കുകളിൽ 20-25 ശതമാനം സ്ട്രോക്കുകളും വലിയ രക്തധമനികളുടെ തടസ്സം അഥവാ ചുരുക്കം മൂലമാണ്. മറ്റു രോഗികളിൽ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് രക്തക്കട്ട പോകുന്നത് മൂലമോ ഹൃദയമിടിപ്പിന്റെ താളക്രമത്തിലെ തകരാറുകളോ ഹൃദ്രോഗമോ മൂലമോ ആകാം. 20-25 ശതമാനം സ്ട്രോക്കുകൾ തലച്ചോറിലെ ചെറിയ രക്തക്കുഴലുകളുടെ തടസം മൂലമാണെന്നും ഇത് പ്രമേഹരോഗികളിലും രക്താതിമർദ്ദരോഗികളിലും സാധാരണയാണെന്നും കാണപ്പെടുന്നു.
രോഗസാധ്യതയിലേക്ക് നയിക്കുന്ന ശീലങ്ങൾ
സ്ട്രോക്ക് ഒരു പരിധിവരെ ജീവിതശൈലി രോഗമാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, വ്യായാമക്കുറവ്, മദ്യപാനം, പുകവലി എന്നിവ സ്ട്രോക്കിലേക്ക് നയിക്കുന്നു. ഉയർന്ന അളവിൽ ഉപ്പ്, അന്നജം, കൊളസ്ട്രോൾ എന്നിവയടങ്ങിയ ആഹാരരീതി, കൂടാതെ ശാരീരിക പ്രവർത്തനക്കുറവ് എന്നിവയും പ്രധാന കാരണങ്ങളാണ്.
പ്രായപൂർത്തിയായ ഒരാൾ ആഴ്ചയിൽ ചുരുങ്ങിയത് രണ്ടര മണിക്കൂറെങ്കിലും വ്യായാമത്തിൽ ഏർപ്പെടണം. പുകവലിയും മദ്യപാനവും രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ തുടങ്ങിയവയും സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്നു.
യങ് സ്ട്രോക്ക്
45 വയസിന് താഴെയുള്ളവരിലും സ്ട്രോക്ക് വർധിച്ചു വരുന്നു. തെറ്റായ ഭക്ഷണരീതി, ഫാസ്റ്റ് ഫുഡ്, വ്യായാമമില്ലായ്മ, പുകവലി, മാനസിക പിരിമുറുക്കം എന്നിവ പ്രധാന കാരണങ്ങളാണ്. ഹൃദയത്തിലെ പമ്പിംഗ് കുറവ്, വാൽവ് സംബന്ധമായ പ്രശ്നങ്ങൾ, കാർഡിയോമയോപ്പതി എന്നിവയും യങ് സ്ട്രോക്കിന് കാരണമാകാം.
ഇസ്കിമിക് സ്ട്രോക്കും ഹെമറാജിക് സ്ട്രോക്കും
രണ്ട് പ്രധാന തരത്തിലുള്ള സ്ട്രോക്കുകളാണ് ഇവ. തലച്ചോറിലെ രക്തക്കുഴൽ കൊഴുപ്പ് മൂലം അടയുന്നത് ഇസ്കിമിക് സ്ട്രോക്കാണ്, ഇത് 80 ശതമാനം കേസുകളിലുമാണ് കണ്ടുവരുന്നത്. തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം ഹെമറാജിക് സ്ട്രോക്കാണ്, ഇത് 20 ശതമാനം കേസുകളിലാണുണ്ടാകുന്നത്. സ്കാനിംഗ് മുഖേന ഏത് തരത്തിലുള്ള സ്ട്രോക്ക് ആണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് ചികിത്സ നിർണ്ണയിക്കുന്നത്.
സ്ട്രോക്കിന്റെ വരവ് അറിയാം – BE FAST
സ്ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനുള്ള പ്രധാന മാർഗം BE FAST ആണ്:
- B – Balance: ശരീരത്തിന്റെ സന്തുലനം നഷ്ടപ്പെടുക, തലവേദന, തലകറക്കം.
- E – Eyes: കാഴ്ച മങ്ങുക, അൽപനേരം മാത്രം അനുഭവപ്പെടുന്ന കാഴ്ച മങ്ങൽ.
- F – Face: മുഖവ്യത്യാസം, ചിരിക്കുമ്പോൾ മുഖം കോടുക.
- A – Arm: കൈകൾക്ക് തളർച്ച, ബലഹീനത, പിടി മുറുക്കാൻ സാധിക്കാതിരിക്കുക.
- S – Speech: സംസാരബുദ്ധിമുട്ട്, വാക്കുകൾ കുഴക്കൽ.
- T – Time: എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.
ഗോൾഡൻ അവർ
സ്ട്രോക്ക് സംഭവിച്ച ശേഷം 4-5 മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിച്ചാൽ ഫലപ്രദമായ ചികിത്സ ലഭിക്കും. സ്കാനിംഗിലൂടെ രക്തസ്രാവമാണോ ബ്ലോക്കാണോ എന്ന് തിരിച്ചറിയുകയും, അനുയോജ്യമായ ചികിത്സകൾ (ഇൻജക്ഷൻ മുഖേന രക്തകട്ട അലിയിക്കൽ അല്ലെങ്കിൽ കത്തീറ്റർ വഴിയുള്ള നീക്കം) നടത്തുകയും ചെയ്യും.
ട്രാൻസ് ഇസ്കമിക് അറ്റാക്ക് (TIA)
സ്ട്രോക്കിന് മുമ്പായി വരുന്ന മുന്നറിയിപ്പാണ് ട്രാൻസ് ഇസ്കമിക് അറ്റാക്ക്. രക്തപ്രവാഹത്തിലെ താൽക്കാലിക തടസ്സം മൂലം ചില ശരീരഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ തടസ്സം സംഭവിക്കുന്നു. ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിലെത്തണം.
സ്ട്രോക്ക് രോഗ നിർണയത്തിനുള്ള പരിശോധനകൾ
- രക്തപരിശോധന
- എം.ആർ.ഐ, സി.ടി. സ്കാൻ
- സെറിബ്രൽ ആൻജിയോഗ്രാം
- കരോട്ടിഡ് ഡോപ്പ്ലർ
- ഇലക്ട്രോ കാർഡിയോഗ്രാം
- എക്കോ കാർഡിയോഗ്രാം
സ്ട്രോക്ക് വന്ന് കഴിഞ്ഞാൽ
സ്ട്രോക്ക് ബാധിച്ച രോഗികളിൽ 40–60 ശതമാനം പേർക്ക് സ്ഥിരമായ ശാരീരിക വൈകല്യങ്ങൾ കാണപ്പെടാറുണ്ട്. ന്യൂറോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ ഏകോപിതമായ ചികിത്സ ആവശ്യമാണ്. പുനരുജ്ജീവനം ആശുപത്രിയിൽ തുടങ്ങി വീട്ടിൽ തുടർന്നുകൊണ്ടുപോകേണ്ട പ്രക്രിയയാണ്.
