അലർജി; ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ തെറ്റിദ്ധരിക്കപ്പെടുമ്പോൾ

എന്താണ് അലർജി?
അലർജി ഇന്ന് പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. സാധാരണയായി ഹാനികരമല്ലാത്ത ചില വസ്തുക്കളെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ അപകടകരമെന്ന് തെറ്റിദ്ധരിച്ച് പ്രതികരിക്കുന്നതിനാലാണ് അലർജി ഉണ്ടാകുന്നത്. ഈ അനാവശ്യ പ്രതികരണം പല അവയവങ്ങളിലും വിവിധ ലക്ഷണങ്ങളായി പ്രകടമാക്കും.
പ്രതിരോധവ്യവസ്ഥയുടെ (Immune System) ലക്ഷ്യം ശരീരത്തെ ഹാനികരമായ രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഹാനികരമല്ലാത്ത പൊടി, പൂമ്പൊടി, ഭക്ഷണങ്ങൾ, പൂപ്പൽ, മരുന്നുകൾ, വളർത്തുമൃഗങ്ങളുടെ രോമം, പക്ഷികളുടെ തൂവൽ എന്നിവയെ പോലും ശരീരം ഭീഷണിയായി കണക്കാക്കി അലർജി സൃഷ്ടിക്കും. ഇവയെ അലർജൻകൾ എന്നു വിളിക്കുന്നു.
അലർജിയുടെ സാധാരണ ലക്ഷണങ്ങൾ
- തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്
- കണ്ണിൽ ചൊറിച്ചിൽ, കനൽ, കണ്ണുനീർ വരുക
- ചർമത്തിൽ ചൊറിച്ചിൽ, ചുവപ്പ്, ചെറിയ പാടുകൾ
- ശ്വാസതടസം (Asthma ഉള്ളവരിൽ പ്രകടമാകാം)
ഇവ ദൈനംദിന പ്രവർത്തനങ്ങളെയും ഉറക്കത്തെയും ബാധിക്കാം.
House Dust Mite (വീട്ടിനുള്ളിൽ കാണപ്പെടുന്ന പൊടിച്ചെള്ള്) എങ്ങനെയാണ് അലർജിക്ക് കാരണമാകുന്നത്?
അലർജിയുമായി ഏറ്റവും കൂടുതലായി ബന്ധപ്പെട്ടുണ്ടാകുന്ന അലർജനുകളിൽ ഒന്നാണ് House Dust Mite (HDM). വീടിനുള്ളിലെ പൊടിയിൽ ജീവിക്കുന്ന കണ്ണിലൂടെ കാണാനാവാത്ത അതിസൂക്ഷ്മ ജീവികളാണ് Dust Mites. മനുഷ്യരുടെ ചർമ്മത്തിൽ നിന്നും സ്വാഭാവികമായി കൊഴിഞ്ഞുവീഴുന്ന കണങ്ങളാണ് ഇവയുടെ ആഹാരം. തലയിണ, കിടക്ക, സോഫ, കാർപെറ്റ്, കർട്ടൻ, പഴയ പുസ്തകങ്ങൾ, മൃദുവായ കളിപ്പാട്ടങ്ങൾ, അലമാര എന്നിവ Dust Mites കൂടുതൽ കാണപ്പെടുന്ന ഇടങ്ങളാണ്.
HDM Allergy കൂടുതലായി കാണപ്പെടുന്നത്:
- ഈർപ്പം കൂടിയ മുറികളിൽ
- കാർപെറ്റ് വിരിച്ച മുറികളുള്ള വീടുകളിൽ
- ശുചീകരണം വൈകുന്ന ഇടങ്ങളിൽ
- അലർജി അല്ലെങ്കിൽ ആസ്ത്മ കുടുംബചരിത്രമുള്ളവരിൽ
House Dust Mite Allergy എങ്ങനെ കണ്ടെത്തുന്നു
അലർജി സ്ഥിരീകരിക്കുന്നത് പ്രധാനമായും Allergy Testing വഴിയാണ്. ഇത് തൊലിപ്പുറത്തു ചെയ്യുന്ന Skin Prick Test രക്തത്തിൽ ചെയ്യുന്ന Serum IgE Test വഴിയോ ആവാം.
HDM Allergy എങ്ങനെ തടയാം?
A. Environmental Control
- കിടക്കവിരിയും തലയിണവിരിയും കുറഞ്ഞത് നാല് മുതൽ അഞ്ച് ദിവസത്തിലൊരിക്കൽ ചൂടുവെള്ളത്തിൽ കഴുകുക.
- Allergy Cover / Dust Mite Proof Cover ഉപയോഗപ്പെടുത്തുക.
- Sofa, Carpet, Curtain എന്നിവയിൽ പൊടി കൂടാതിരിക്കാൻ സ്ഥിരമായ ശുചീകരണം നടത്തുക. Vacuum Cleaner ഉപയോഗിക്കുന്നത് കൂടുതല് ഫലപ്രദമാണ്.
- മുറിയിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക, സൂര്യപ്രകാശം പ്രവേശിക്കുന്നതും ഈർപ്പനില കുറഞ്ഞതുമാകണം.
- വീടിന്റെ അകത്ത് പൊടി കെട്ടിക്കിടക്കാൻ അനുവദിക്കാതെ ഇരിക്കുക
B. മരുന്നുകൾ
അലർജി ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ആവശ്യമായ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. ഓരോ രോഗിയുടെയും അവസ്ഥ അനുസരിച്ച് ചികിത്സ വ്യത്യസ്തമായിരിക്കും.
C. ഇമ്മ്യൂണോതെറാപ്പി
അലർജിക്ക് കാരണമാകുന്ന പൊടിച്ചെള്ളിലെ പ്രോട്ടീനിനെ നിർദ്ദിഷ്ട അളവിൽ നൽകി സ്വാഭാവികമായ രീതിയിൽ അലർജി കുറയ്ക്കുന്ന ചികിത്സാരീതിയാണ് ഇമ്മ്യൂണോതെറാപ്പി. ഇത് അലർജിയുടെ ദീർഘകാല നിയന്ത്രണത്തിൽ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു.
മാറാതെ എന്നും നിലനിൽക്കുന്ന ഒരു പ്രശ്നമല്ല നിങ്ങളുടെ അലർജി. ശരിയായ നിർണ്ണയം, പരിസ്ഥിതി നിയന്ത്രണം, ചികിത്സ, ജീവിതശൈലി മാറ്റങ്ങൾ എന്നിവയിലൂടെ അലർജിയെ ഫലപ്രദമായി നിയന്ത്രിക്കാനാകും.ക്ഷണങ്ങൾ ആവർത്തിക്കുകയോ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ഇന്നത്തെ വൈദ്യശാസ്ത്രം അലർജി നിയന്ത്രണത്തിനായി വളരെ ഫലപ്രദമായ പരിഹാരമാർഗങ്ങൾ നൽകുന്നുണ്ട്.
