വാർധക്യത്തിലെ വീഴ്ച ഒഴിവാക്കാം : സുരക്ഷിതമായ വീടിനുള്ള ടിപ്‌സ്
19 January 2026

വാർധക്യത്തിലെ വീഴ്ച ശേഷിക്കുന്ന ജീവിതത്തിന്റെ മുഴുവൻ ഗുണമേന്മയെയും ഗുരുതരമായി ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്. വാർധക്യത്തിൽ വീഴാതെ ശ്രദ്ധിക്കുകയാണു പ്രധാനം. അതിന് വീടുകളിൽ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീഴ്ചയെ പ്രതിരോധിക്കാൻ വീടൊരുക്കേണ്ടത് എങ്ങനെയാണ്? ടിപ്‌സ് അറിയാം
വീഴ്ചയെ പ്രതിരോധിക്കാൻ വീടുകളിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
- തെന്നി വീഴാൻ ഇടയാക്കാത്ത തരത്തിലുള്ള ഫ്ലോർ ടൈലുകൾ ഉപയോഗിക്കുക. വുഡൻ ഫ്ലോറുകൾ അത്ര അപകടകരമല്ല.
- മുതിർന്ന മാതാപിതാക്കൾ ഉള്ളവർ വീടു പണിയുമ്പോൾ പടികൾ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പടികൾ കയറേണ്ടാത്ത മുറികൾ പ്രായമായവർക്കു നൽകുക.
- തട്ടി വീഴുന്ന തരത്തിലുള്ള സാധനങ്ങൾ തറയിൽ നിന്ന് ഒഴിവാക്കുക. ഉദാ. അരികുകൾ മടങ്ങിയ ചവിട്ടികൾ, കേബിൾ വയറുകൾ പോലുള്ളവ. പ്രായമായവരുടെ മുറിയിൽ ആവശ്യമുള്ള സാധനങ്ങൾ മാത്രം മതി.
- പ്രായമായവരുടെ കിടക്കയുടെ ഉയരം കുറയ്ക്കാം. ആവശ്യമെങ്കിൽ സൈഡ് റെയിൽ ഉപയോഗിക്കാം.
- പ്രായമായവർ ഉണർന്നു എന്നു മനസ്സിലാക്കുന്നതിന് അലാം സെൻസറുകൾ ഉപയോഗിക്കാം.
- ബാത്റൂമിൽ ആന്റി സ്കിഡ് ഫ്ലോർ ടൈലുകൾ നൽകാം. കമ്മോഡിൽ ഇരിക്കുന്നതിനും എഴുന്നേൽക്കുന്നതിനും ഹാൻഡ് റെയിലോ റോപ്പുകളോ ഉപയോഗിക്കാം.
- ആവശ്യമായ വെളിച്ചം മുറിയിൽ ഉണ്ടാകണം. ഫ്ലോർ ലാംപുകൾ രാത്രിയിൽ ആവശ്യമായ പ്രകാശം നൽകും.
- കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നവർക്കു ഡയപ്പറുകൾ ഉപയോഗിക്കാം. പെട്ടെന്ന് എഴുന്നേൽക്കാതെ, കട്ടിലിൽ കുറച്ച് നേരം ഇരുന്ന് പതിയെ എഴുന്നേൽക്കുന്നത് തലചുറ്റൽ ഒഴിവാക്കാൻ സഹായിക്കും. ഇതിലൂടെ പോസ്ചറൽ ഹൈപ്പർടെൻഷൻ ഒഴിവാക്കാം.
- പ്രായമായവർ ബാത്ത്‌റൂം അകത്തു നിന്നു ലോക്കു ചെയ്യുന്നത് ഒഴിവാക്കുക. വീണാൽ മറ്റുള്ളവർക്കു സഹായിക്കാൻ ഇതു ബുദ്ധിമുട്ടാകും.
- അനുയോജ്യവും തെന്നാത്തതുമായ ചെരിപ്പുകൾ ധരിക്കുക. കാലിൽ ഇടുന്നതിന് ആന്റി സ്കിഡ് സോക്സുകൾ ഇന്നു ലഭ്യമാണ്.
- വീടിനുള്ളിലെ സ്റ്റെപ്പുകളിൽ ലാംപുകളും ഹാൻഡ് റെയിലും ഘടിപ്പിക്കുക. തറയിൽ വെള്ളമോ എണ്ണയോ വീഴാതെ പ്രത്യേകം ശ്രദ്ധിക്കുക.
- സ്റ്റൂളിട്ടു മുകളിൽ നിന്നു സാധനമെടുക്കുമ്പോൾ വീഴ്ച പതിവാണ്. പകരം സുരക്ഷിതമായ, ഉറപ്പുള്ള സ്റ്റെപ് ലാഡർ ഉപയോഗിക്കാം. അല്ലെങ്കിൽ മറ്റുള്ളവരുടെ സഹായം തേടാം. നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വാക്കിംഗ് സ്റ്റിക്കോ വാക്കറോ ഉപയോഗിക്കാം.
