കുട്ടികളിലും യുവാക്കളിലും ക്ഷയരോഗം: കാരണങ്ങളും യാഥാർത്ഥ്യങ്ങളും

“വെറും 22 വയസ്സുള്ള എന്റെ മകനെങ്ങനെ ടിബി വരും?", “മാസങ്ങളായി മാറാത്ത ചുമയുണ്ടായിരുന്ന എന്റെ മൂന്നുവയസ്സുകാരന് ടിബിയാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല…" ഇത്തരം പ്രതികരണങ്ങൾ ഇന്ന് ആശുപത്രികളിൽ പതിവാണ്. ക്ഷയരോഗം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് പ്രായമായവരുടെ ചിത്രമാണ്. എന്നാൽ, ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന ഒരു അണുബാധയാണ് ക്ഷയരോഗം.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ടിബി രോഗികളിൽ വലിയൊരു ശതമാനം ഉൽപ്പാദനശേഷിയുള്ള യുവതലമുറയാണ്. ഇന്ന് വിദ്യാർത്ഥികളിലും പ്രൊഫഷണലുകളിലും കൊച്ചുകുട്ടികളിലും ഈ രോഗം കണ്ടുവരുന്നു. രോഗകാരണമായ മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് ബാക്ടീരിയയ്ക്ക് കാലാകാലങ്ങളായി യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നാൽ നമ്മുടെ ചുറ്റുപാടുകളിലും ജീവിതശൈലിയിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആധുനിക രോഗനിർണ്ണയ മാർഗ്ഗങ്ങളുടെ സഹായത്താൽ കൂടുതൽ കൃത്യമായി ഇന്ന് രോഗം നിർണ്ണയിക്കപ്പെടുന്നുണ്ട്.
എന്താണ് ക്ഷയരോഗം? എന്താണ് ലേറ്റന്റ് ടിബി?
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ക്ഷയരോഗം അഥവാ ടിബി. പ്രധാനമായും ശ്വാസകോശത്തെയാണ് ക്ഷയരോഗം ബാധിക്കുന്നതെങ്കിലും, തലച്ചോറ്, നട്ടെല്ല്, വൃക്കകൾ തുടങ്ങി ശരീരത്തിന്റെ ഏത് ഭാഗത്തെയും ഇത് ബാധിക്കാം. വായുവിലൂടെ പകരുന്ന ഒരു അസുഖമാണിത്. എന്നാൽ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച എല്ലാവർക്കും അസുഖം വരണമെന്നില്ല.
രണ്ടുതരം ക്ഷയരോഗങ്ങൾ
ഉറങ്ങിക്കിടക്കുന്ന ക്ഷയരോഗം (Latent TB) / Tuberculosis Infection: ബാക്ടീരിയ ശരീരത്തിൽ ഉണ്ടെങ്കിലും നിങ്ങൾ രോഗിയാകണമെന്നില്ല. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ ഈ ബാക്ടീരിയകളെ ഒരു മതിൽപോലെ തടഞ്ഞുനിർത്തുകയും അവയെ നിഷ്ക്രിയമാക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ നിങ്ങൾക്ക് യാതൊരു ലക്ഷണങ്ങളും ഉണ്ടാകില്ല എന്ന് മാത്രമല്ല, നിങ്ങളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുകയുമില്ല. എന്നാൽ എപ്പോഴെങ്കിലും പ്രതിരോധശേഷി കുറയുകയാണെങ്കിൽ ഈ ബാക്ടീരിയകൾ സജീവമാകാൻ സാധ്യതയുണ്ട്.
സജീവമായ ക്ഷയരോഗം (Active TB): ബാക്ടീരിയകൾ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ മറികടന്ന് പെരുകാൻ തുടങ്ങുന്ന അവസ്ഥയാണിത്. ഈ സമയത്ത് നിങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുകയും നിങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്ക് അസുഖം പകരുകയും ചെയ്യുന്നു.
ചെറുപ്പക്കാരിലും കുട്ടികളിലും ഈ രോഗം വർദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ
1. പ്രമേഹവും മറ്റ് വൈദ്യശാസ്ത്രപരമായ അവസ്ഥകളും (Clinical Factors)
- ചെറുപ്പക്കാരിലെ പ്രമേഹം: ഇന്ത്യ ഇന്ന് ലോകത്തിന്റെ പ്രമേഹ തലസ്ഥാനമാണ്. പണ്ടൊക്കെ നാല്പതു വയസ്സിന് മുകളിലുള്ളവരിൽ കണ്ടിരുന്ന ടൈപ്പ് 2 പ്രമേഹം ഇന്ന് ഇരുപതുകളിൽ തന്നെ പലരിലും കണ്ടുവരുന്നു. കേരളത്തിലെ ക്ഷയരോഗികളിൽ 44 ശതമാനം പേർക്കും പ്രമേഹമുണ്ട് എന്ന പഠന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. പ്രമേഹം ശ്വേതരക്താണുക്കളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവരിൽ ക്ഷയരോഗം വരാനുള്ള സാധ്യത മൂന്നിരട്ടിയാണ്.
- ബിസിജി വാക്സിന്റെ ഫലം മങ്ങുന്നു: ജനിച്ചയുടനെ നൽകുന്ന ബിസിജി വാക്സിൻ കുട്ടിക്കാലത്ത് അപകടകരമായ ക്ഷയരോഗത്തിൽനിന്നും മികച്ച സംരക്ഷണം നൽകുമെങ്കിലും, കൗമാരപ്രായവും യൗവനവും ആകുമ്പോഴേക്കും ഈ പ്രതിരോധശേഷി വലിയ തോതിൽ കുറയുന്നു.
- കോവിഡിന് ശേഷമുള്ള അവസ്ഥ: കോവിഡ് മഹാമാരിക്ക് ശേഷം പലരുടെയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ വ്യവസ്ഥ വലിയ തോതിൽ ദുർബലമായിട്ടുണ്ട്. ലേറ്റന്റ് ടിബി ഉള്ളവരിൽ ഇത് വളരെ വേഗം അസുഖമായി മാറാൻ കാരണമായി.
- ലഹരിവസ്തുക്കളുടെ ഉപയോഗം: ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷിയെ നശിപ്പിക്കുന്നു.
2. പാരിസ്ഥിതിക കാരണങ്ങൾ (Environmental Factors)
- അടഞ്ഞ ഇടങ്ങളിലെ ജീവിതം: വായുസഞ്ചാരം തീരെയില്ലാത്ത എയർ കണ്ടീഷൻ ചെയ്ത ഐടി ഓഫീസുകൾ, ഹോസ്റ്റലുകൾ, പേയിംഗ് ഗെസ്റ്റ് മുറികൾ എന്നിവിടങ്ങളിലാണ് ഇന്നത്തെ വിദ്യാർത്ഥികളും യുവാക്കളും കൂടുതൽ സമയവും ചെലവഴിക്കുന്നത്. രോഗമുള്ള ഒരാൾ ഇത്തരം മുറികളിൽ ചുമയ്ക്കുമ്പോൾ ടിബി ബാക്ടീരിയകൾ വായുവിൽ ഏറെ നേരം തങ്ങിനിൽക്കുകയും ഒരേ എസിയിലൂടെ വളരെ വേഗം മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നു.
- പുതിയ കാലത്തെ ദുശ്ശീലങ്ങൾ: ഇ സിഗരറ്റ്, വേപ്പിംഗ് എന്നിവയുടെ ഉപയോഗം ചെറുപ്പക്കാരിൽ വ്യാപകമാണ്. ഇത് ശ്വാസകോശത്തിന് വലിയ കേടുപാടുകൾ ഉണ്ടാക്കുകയും ബാക്ടീരിയകൾക്ക് ശ്വാസകോശത്തിൽ എളുപ്പത്തിൽ കടന്നുകയറാൻ വഴിയൊരുക്കുകയും ചെയ്യുന്നു.
3. പ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന ജീവിതശൈലികൾ (Lifestyle Factors)
- സമ്മർദ്ദവും ഉറക്കക്കുറവും: അമിതമായ ജോലിഭാരവും സാമ്പത്തിക പ്രതിസന്ധികളും നിരന്തരമായ മാനസിക സമ്മർദ്ദവും ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. കൃത്യമായ ഉറക്കമില്ലായ്മ കൂടി ചേരുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ സംവിധാനം ദുർബലമാകുന്നു.
- പോഷകങ്ങളുടെ അഭാവം: കലോറി കൂടുതലുള്ളതും എന്നാൽ പോഷകങ്ങൾ കുറഞ്ഞതുമായ ഫാസ്റ്റ് ഫുഡ് ശീലങ്ങൾ മൂലം ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി, സിങ്ക് എന്നിവ ലഭിക്കുന്നില്ല. ഇവയുടെ കുറവ് രോഗങ്ങളെ ചെറുക്കാനുള്ള ശേഷി ഇല്ലാതാക്കുന്നു.
4. കുട്ടികളിലെ വർദ്ധനവ്
- മുതിർന്നവരുമായുള്ള സമ്പർക്കം: കുട്ടികൾക്ക് പ്രധാനമായും ടിബി പകരുന്നത് വീടുകളിലെ മുതിർന്നവരിൽ നിന്നോ ഡേ കെയറുകളിൽ നിന്നോ ആണ്. കുട്ടികളിലെ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ പനിയോ ആസ്ത്മയോ ആയി തെറ്റിദ്ധരിക്കപ്പെടുന്നതിനാൽ രോഗനിർണ്ണയം വൈകാൻ കാരണമാകുന്നു.
അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ
യുവാക്കളിൽ ഈ രോഗം മൂർച്ഛിക്കാൻ പ്രധാന കാരണം ലക്ഷണങ്ങളെ അവഗണിക്കുന്നതാണ്. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ പരിശോധന നടത്തണം:
- രണ്ടാഴ്ചയിലധികം നീളുന്ന ചുമ (പ്രത്യേകിച്ച് കഫത്തിൽ രക്തം കാണുകയാണെങ്കിൽ)
- പെട്ടെന്ന് ശരീരഭാരം കുറയുക
- വിട്ടുമാറാത്ത ചെറിയ പനി (പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ)
- രാത്രിയിൽ വിയർത്തു കുളിക്കുന്ന അവസ്ഥ
- മാറാത്ത ക്ഷീണവും വിശപ്പില്ലായ്മയും
- ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ അനുഭവപ്പെടുന്ന നെഞ്ചുവേദന
ആധുനിക രോഗനിർണ്ണയ രീതികൾ
പഴയകാലത്തെ എക്സ്റേ പരിശോധനകൾക്ക് പുറമെ ഇന്ന് രോഗം വേഗത്തിൽ കണ്ടെത്താൻ ആധുനിക സംവിധാനങ്ങളുണ്ട്. ജീൻ എക്സ്പെർട്ട് അഥവാ സിബിനാറ്റ് (CBNAAT) പരിശോധനയിലൂടെ കഫത്തിൽ നിന്നും വെറും രണ്ടു മണിക്കൂറിനുള്ളിൽ ടിബി ബാക്ടീരിയയെ കണ്ടെത്താനും, മരുന്നുകളോട് പ്രതികരിക്കാത്ത അസുഖമാണോ എന്ന് തിരിച്ചറിയാനും സാധിക്കും. കൂടാതെ ലേറ്റന്റ് ടിബി കണ്ടെത്താൻ സ്കിൻ ടെസ്റ്റ്, ഇഗ്ര (IGRA) ബ്ലഡ് ടെസ്റ്റ് എന്നിവയും ലഭ്യമാണ്.
ചികിത്സയും മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ടിബിയും (MDR TB)
ആറു മുതൽ ഒൻപതു മാസം വരെ നീളുന്ന കൃത്യമായ മരുന്നുകളിലൂടെ പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന അസുഖമാണിത്. എന്നാൽ കുറച്ചുനാൾ മരുന്ന് കഴിക്കുമ്പോൾ ആശ്വാസം തോന്നി സ്വയം ചികിത്സ നിർത്തുന്നതാണ് പലരും ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം. ഇങ്ങനെ ചെയ്യുന്നത് ബാക്ടീരിയകൾക്ക് മരുന്നുകളെ ചെറുക്കാൻ ശേഷി നൽകുകയും, രോഗം വളരെ അപകടകരമായ മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ടിബി (MDR TB) ആയി മാറാൻ കാരണമാകുകയും ചെയ്യുന്നു. ഇതിന്റെ ചികിത്സ 20 മാസത്തോളം നീളുന്നതും വലിയ പാർശ്വഫലങ്ങൾ ഉള്ളതുമാണ്.
രോഗപ്രതിരോധം: നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വായുസഞ്ചാരം ഉറപ്പാക്കുക: വീടുകളിലും ഓഫീസുകളിലും ഹോസ്റ്റലുകളിലും നല്ല വായുസഞ്ചാരം ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗം. അടച്ചിട്ട എസി മുറികളിൽ ദിവസവും ചുരുങ്ങിയത് രണ്ടു തവണയെങ്കിലും ജനാലകൾ തുറന്ന് ശുദ്ധവായു കടത്തിവിടാൻ പ്രത്യേകം ശ്രദ്ധിക്കുക.
- പ്രമേഹം നിയന്ത്രിക്കുക: പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കർശനമായി നിയന്ത്രിക്കണം. കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശോധനകൾ നടത്തുക.
- ചികിത്സ പൂർണ്ണമാക്കുക: രോഗം സ്ഥിരീകരിച്ചാൽ നിർദ്ദേശിക്കപ്പെട്ട മുഴുവൻ കാലയളവിലും മരുന്ന് കഴിക്കുക. കുറച്ചുനാൾ കഴിയുമ്പോൾ ആശ്വാസം തോന്നി സ്വയം മരുന്ന് നിർത്തുന്നത് രോഗം മാറാനല്ല, മറിച്ച് കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് മാറാനാണ് കാരണമാകുക.
- കുടുംബാംഗങ്ങളുടെ പരിശോധന: കുടുംബത്തിൽ ഒരാൾക്ക് അസുഖം സ്ഥിരീകരിച്ചാൽ വീട്ടിലെ എല്ലാവരും, പ്രത്യേകിച്ച് കൊച്ചുകുട്ടികളും പ്രായമായവരും ഉടൻ തന്നെ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
- അനാവശ്യ ഭയം ഒഴിവാക്കുക: രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയവും സാമൂഹിക അകറ്റിനിർത്തലും പൂർണ്ണമായും ഒഴിവാക്കുക. ശരിയായ അറിവും കൃത്യസമയത്തുള്ള ചികിത്സയുമാണ് ഈ രോഗത്തെ തോൽപ്പിക്കാനുള്ള ഏറ്റവും മികച്ച ആയുധം.
എപ്പോഴാണ് പരിശോധന നടത്തേണ്ടത്?
രണ്ടാഴ്ചയിലധികം നീളുന്ന ചുമ, കാരണമില്ലാതെ ശരീരഭാരം കുറയുക, വിട്ടുമാറാത്ത പനി, രാത്രിയിലെ അമിതമായ വിയർപ്പ് എന്നിവയിൽ ഏതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒട്ടും വൈകരുത്. നിങ്ങൾ ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനാണെങ്കിൽ കൂടി ഈ ലക്ഷണങ്ങളെ നിസ്സാരമായി കണ്ട് അവഗണിക്കരുത്. എത്രയും വേഗം കൃത്യമായ പരിശോധനകൾ നടത്തുക. നേരത്തെയുള്ള രോഗനിർണ്ണയം നിങ്ങളുടെ മാത്രമല്ല, നിങ്ങൾക്ക് ചുറ്റുമുള്ളവരുടെയും ജീവൻ രക്ഷിക്കും.
