പെട്ടെന്നു കുഴഞ്ഞു വീണുള്ള മരണം, സി.പി.ആർ നൽകുന്നതിന്റെ പ്രാധാന്യം.

പെട്ടെന്നു കുഴഞ്ഞു വീണുള്ള മരണങ്ങൾ ഇപ്പോൾ സാധാരണയായി മാറുകയാണ്. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനിടയിലും ജിംനേഷ്യത്തിൽ വ്യായാമത്തിൽ ഏർപ്പെടുമ്പോഴും നൃത്തപരിപാടികളിൽ പങ്കെടുക്കുന്നതിനിടയിലും മറ്റും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാം കണ്ടു. ചെറുപ്പക്കാരും ഇത്തരത്തിൽ മരണത്തിന് കീഴ്പ്പെടുന്നത് ഏവരിലും ഞെട്ടലുണ്ടാക്കുകയും ചെയ്യുന്നു. കൃത്യസമയത്ത് വേണ്ട രീതിയിലുള്ള രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാതെ വരുന്നതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നതിനു കാരണമാകുന്നത്. ഈ സാഹചര്യത്തിലാണ് ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്) എന്ന പരിശീലനത്തിന്റെ പ്രാധാന്യം ഏവരും മനസിലാക്കേണ്ടത്.
ഒരാൾ കുഴഞ്ഞു വീഴുന്നത് കണ്ടാൽ എന്താണ് പെട്ടെന്ന് ചെയ്യാൻ സാധിക്കുന്നത് എന്ന് നോക്കാം. കുഴഞ്ഞു വീണ ആൾ അബോധാവസ്ഥയിലാണെന്നു കണ്ടെത്തിയാൽ വീണു കിടക്കുന്ന സ്ഥലം സേഫ് ആണോ എന്ന് ആദ്യം ഉറപ്പാക്കണം. തുടർന്ന് ആദ്യം ഷോൾഡർ ഭാഗത്ത് തട്ടി ഉച്ചത്തിൽ വിളിച്ചു നോക്കണം.വീണു കിടക്കുന്ന ആൾ പ്രതികരിക്കുന്നില്ല എങ്കിൽ അദ്ദേഹത്തിന്റെ കഴുത്തിൽ പിടിച്ചു കരോട്ടിട് പൾസ് 5 മുതൽ 10 സെക്കന്റ് വരെ പരിശോധിക്കണം. പൾസിന്റെ അഭാവം കണ്ടെത്തിയാൽ ഉടൻ സി.പി.ആർ (കാർഡിയോ പൾമണറി റിസസിറ്റേഷൻ) ഉടൻ ആരംഭിക്കണം. ഹൃദയസ്തംഭനമുള്ള ഒരാളുടെ ജീവൻ രക്ഷിക്കാനുള്ള മാർഗമാണിത്. കുഴഞ്ഞു വീണു കിടക്കുന്ന ആളുടെ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ അവരുടെ ഹൃദയം പുനരാരംഭിക്കാനും അല്ലെങ്കിൽ അവരുടെ രക്തചംക്രമണം നിലനിർത്താനുമുള്ള ശ്രമമാണിത്. പരിശീലനം ലഭിച്ചാൽ ആർക്കു വേണമെങ്കിലും നിസാരമായി ചെയ്യാവുന്ന രക്ഷാപ്രവർത്തനമാർഗം കൂടിയാണിത്.
സി.പി.ആർ എങ്ങനെ നൽകാം.
വീണു കിടക്കുന്ന ആളുടെ നെഞ്ചിന്റെ മധ്യഭാഗത്ത് മിനിറ്റിൽ 100 മുതൽ 120 തവണ വരെ സി.പി.ആർ നൽകാം. നിങ്ങളുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് ഉള്ളം കൈകൊണ്ട് വീണു കിടക്കുന്ന ആളുടെ നെഞ്ചിൽ അമർത്തിയാണ് സി.പി.ആർ നൽകേണ്ടത്. നിങ്ങളുടെ ശരീരഭാരത്തിന്റെ ബലം ഉപയോഗിച്ച് വേണം കംപ്രഷൻ നൽകേണ്ടത്. ഓരോ തവണയും രണ്ടിഞ്ച് താഴേക്ക് തള്ളുകയും ഉയർത്തുകയും ചെയ്യുക. അടുത്ത് എവിടെയെങ്കിലും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (എഇഡി) ലഭ്യമാകാൻ സാധ്യതയുണ്ടെങ്കിൽ ഇത് ഉപയോഗിച്ചും രക്ഷാപ്രവർത്തനം നടത്താവുന്നതാണ്.
സി.പി.ആർ നൽകാൻ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിൽ ഓരോ 30 തവണ കംപ്രഷൻ നൽകിയ ശേഷം കൃത്രിമ ശ്വാസോച്ഛാസവും നൽകണം. വീണു കിടക്കുന്ന ആളുടെ മൂക്ക് അടച്ചുപിടിച്ചു കൊണ്ട് തല അൽപ്പം പിന്നിലേക്ക് ചെരിച്ച് താടി മുകളിലേക്ക് ചരിക്കുക.അവരുടെ വായയുടെ മുകളിൽ വായ അടച്ച് സാധാരണ രീതിയിൽ ശ്വാസം ഊതി നൽകുകയാണ് വേണ്ടത്. വീണു കിടക്കുന്ന ആളുടെ നെഞ്ച് മുകളിലേക്ക് വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും വേണം. നിശ്വാസവായുവിൽ കൂടി നൽകുന്ന ഓക്സിജൻ മതിയാകും ചിലപ്പോൾ വീണു കിടക്കുന്ന ആളുടെ ജീവൻ തിരികെ ലഭിക്കാൻ. രണ്ട് തവണ ഇങ്ങനെ ചെയ്ത ശേഷം വീണ്ടും സി.പി.ആർ തുടരുക.
ആംബുലൻസോ മറ്റ് ആശുപത്രി സൗകര്യങ്ങളിലേക്ക് എത്തിക്കുന്നതു വരെയൊ സി.പി.ആർ തുടരേണ്ടതാണ്. ബേസിക് ലൈഫ് സപ്പോർട്ടിന്റെ പ്രാധാന്യം ഓരോ വ്യക്തിയും മനസിലാക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതുണ്ട്.
