ഓട്ടിസിന്റെ ആരംഭ ലക്ഷണങ്ങള്‍ തുടങ്ങുമ്പോൾ

ഓട്ടിസത്തിന്റെ ആരംഭ ലക്ഷണങ്ങൾ തുടങ്ങുന്ന നിമിഷം മുതൽ, മൂന്നാം വയസ്സിൽ “ഓട്ടിസം” എന്ന പേരിൽ വിളിക്കപ്പെടുന്നതിന് മുൻപ് സംശയത്തിന്റെ ആദ്യ കരിനിഴൽ വീഴുന്ന സമയത്ത് തന്നെ ശ്രദ്ധ ആരംഭിക്കണം. ശൈശവത്തിന്റെ ആദ്യ മാസങ്ങളിൽ, പ്രത്യേകിച്ച് അഞ്ചാം മാസത്തിൽ, ഡെൻവർ ബേസ്ഡ് ഏർലി ഇന്റർവെൻഷൻ എന്ന ആധുനിക രീതിയിലൂടെ ഓട്ടിസുമായി ബന്ധപ്പെട്ട എല്ലാസംശയങ്ങളും വ്യക്തമാക്കാൻ കഴിയും.
“ഓട്ടിസം എളുപ്പത്തിൽ ചികിത്സിച്ച് സുഖപ്പെടുത്താം” എന്ന തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങളിൽ വീഴരുത്. കാരണം, ഇന്ന് ഓട്ടിസം എന്ന് കരുതപ്പെടുന്ന പല അവസ്ഥകളും യഥാർത്ഥത്തിൽ ക്ലാസിക് ഓട്ടിസം അല്ല. അവ ഓട്ടിസം പോലെ തോന്നുന്ന, ചികിത്സിക്കാൻ താരതമ്യേന എളുപ്പമുള്ള, മറ്റ് അവസ്ഥകളായിരിക്കും. ക്ലാസിക് ഓട്ടിസത്തെ അതിവേഗം മാറ്റാൻ സാധിക്കില്ല. അതിന് കൂടുതൽ ശ്രദ്ധയും കാലയളവും വേണ്ടിവരും. മൈൽഡ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എ.എസ്.ഡി.), മോഡറേറ്റ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എ.എസ്.ഡി.) എന്ന് കേട്ടാൽ പേടിക്കാതെ തന്നെ വിദഗ്ധരുടെ അഭിപ്രായം തേടണം. ഏതുതരം ലക്ഷണങ്ങളായാലും ശൈശവത്തിന്റെ ആദ്യ മാസങ്ങളിൽ കണ്ടെത്തിയാൽ ചികിത്സ കൂടുതൽ എളുപ്പവും ഫലപ്രദവുമായിരിക്കും.
അഞ്ചാം മാസത്തിലെ കഴിവുകൾ പരിശോധിക്കുന്നത് കുഞ്ഞിന്റെ ഭാവി കഴിവുകളെക്കുറിച്ച് അറിയാനുള്ള ഒരു അവസരമാണ്. ജീവിതത്തിൽ പിന്നീട് ഒരിക്കലും ലഭിക്കാത്ത ഒരു സുവർണ്ണാവസരം. ലളിതവും ചെലവുകുറഞ്ഞതുമായ ഈ ‘ടെസ്റ്റുകൾ ഇല്ലാത്ത പരിശോധന’ സെറിബ്രൽ പാൾസി, ഓട്ടിസം ഉൾപ്പെടെയുള്ള വികസന തടസ്സങ്ങളുടെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
രണ്ടാം വയസ്സ് എന്ന് പറയുന്നത് കുട്ടികളിലെ വൈജ്ഞാനിക വികസനത്തിന്റെ ഏറ്റവും സജീവമായ ഘട്ടമാണ്. കുഞ്ഞിന്റെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന ചില കഴിവുകൾ രണ്ടാം വയസ്സിൽ തന്നെ ശ്രദ്ധിക്കണം.
ഈ പ്രായത്തിൽ പ്രധാനമായും നാല് അടിസ്ഥാന കഴിവുകൾ പരിശോധിക്കേണ്ടതുണ്ട്.
1. സ്പൂൺ ഉപയോഗിച്ച് കഴിക്കാൻ തുടങ്ങുന്നു
2. രണ്ട് വാക്കുകൾ ചേർത്ത് ഉപയോഗിക്കുന്നു
3. രണ്ട് കാര്യങ്ങൾ ഉൾക്കൊണ്ട നിർദ്ദേശങ്ങൾ പാലിക്കുന്നു
4. രണ്ട് വയസ്സ് കഴിയുമ്പോൾ മറ്റുകുട്ടികളുമായി ചേർന്ന് കളിക്കാൻ തുടങ്ങുന്നു
ഇവ രണ്ട് കാര്യം യോജിപ്പിച്ച് ചെയ്യാനുള്ള കഴിവുകളാണ്, കൂടാതെ ചലനം, ആശയവിനിമയം, വൈജ്ഞാനികം, സാമൂഹികം എന്നീ നാല് മേഖലകളിലെ വികസനത്തെ സൂചിപ്പിക്കുന്നു.
മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. ഗർഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളിലാണ് കുഞ്ഞിന്റെ ജനനാനന്തര ജീവിതത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നത്. ഈ തയ്യാറെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ചില വികസന വൈകല്യങ്ങൾ ഉണ്ടായേക്കാം. ആറാഴ്ച മുൻപ് വരെ ജനിച്ചവർക്ക് പിരുപിരുക്കം, ശ്രദ്ധക്കുറവ്, സംസാര പ്രശ്നങ്ങൾ, പഠന തടസ്സങ്ങൾ തുടങ്ങിയവ ഉണ്ടാകാം. എട്ടാഴ്ചയോ അതിലധികമോ മുൻപ് ജനിച്ചവർക്ക് കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽത്തന്നെ ഇവർക്ക് മുൻകാല പരിശോധനകളും പ്രത്യേക പരിചരണവും ഉറപ്പാക്കണം.
“എല്ലാം ശരിയാകും” എന്ന വിശ്വാസം നല്ലതാണെങ്കിലും ഒന്നും ചെയ്യാതെ കാത്തുനിൽക്കുന്നത് ചിലപ്പോൾ ദുഖകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. “കുഞ്ഞല്ലേ, ശരിയായിക്കോളും”, “പിന്നെ സംസാരിക്കും”, “അപ്പൂപ്പൻ പറഞ്ഞത് 5 വയസ്സായപ്പോഴാണ് സംസാരിച്ചതെന്ന്” എന്നിങ്ങനെ പറഞ്ഞ് സമയം കളയരുത്. പല കുട്ടികളും താനേ ശരിയായേക്കാം, പക്ഷേ എല്ലാ കുഞ്ഞുങ്ങളും അങ്ങനെതന്നെയായിരിക്കും എന്നതിൽ ഉറപ്പില്ല. കുട്ടികൾക്ക് വേണ്ട സമയത്ത് വേണ്ട സഹായം നൽകാത്തതിന്റെ ഫലമായി നമ്മുടെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലേക്ക് വരുന്നവർ വളരെ കൂടുതലാണെന്ന് ഓർമ്മിക്കുക.
കുട്ടികളിലെ ചില പെരുമാറ്റ വ്യത്യാസങ്ങൾ ‘സെൻസറി കറി’ പോലെ ആണ്. അടുക്കളയിൽ ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന കറി പലപ്പോഴും രുചികരമാകാതെ പോകുന്നതുപോലെ, കുഞ്ഞിന്റെ തലച്ചോറിലേക്ക് ലഭിക്കുന്ന എട്ട് സെൻസേഷനുകളും ശരിയായ അനുപാതത്തിൽ ക്രമീകരിക്കപ്പെടാതെ വന്നാൽ ചില പെരുമാറ്റ വ്യത്യാസങ്ങൾ ഉണ്ടാകും. തലച്ചോറിന് ചില സെൻസേഷനുകൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമ്പോൾ കുട്ടികൾ അത് നിറവേറ്റാൻ തല്ലുക, ഓടുക, ചാടുക, കടിക്കുക, തുപ്പുക എന്നിങ്ങനെ ചില പെരുമാറുകൾ കാണിക്കും. എന്നാൽ ഈ സെൻസറി ക്രമീകരണം ശരിയാക്കി നൽകിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാകും.
കുഞ്ഞ് വേണ്ട സമയത്ത് മുട്ടുകുത്തി നടന്നിരിക്കണം. ഇത് ഒരു ചെറിയ കാര്യമല്ല. കുഞ്ഞിന്റെ തലച്ചോറിന്റെ രണ്ട് വശങ്ങളും ഏകോപിപ്പിക്കുന്നതിനും പിന്നീട് ആവശ്യമായ നിരവധി കഴിവുകൾ രൂപപ്പെടുന്നതിനും ഇത് സഹായിക്കുന്നു. നടക്കുക, സംസാരിക്കുക, വായിക്കുക, എഴുതുക എന്നതൊക്കെ തലച്ചോറിന്റെ രണ്ട് വശങ്ങളും ചേർത്ത് ചെയ്യേണ്ട പ്രവർത്തനങ്ങൾ ആണ്. അതിനാൽ കുഞ്ഞ് മുട്ടുകുത്താതെ നേരിട്ട് നടന്നാലോ, മുട്ടുകുത്താതെ ഇരുന്ന് നിരങ്ങിയാലോ, ശരിയായ കാലയളവിൽ ഈ ഘട്ടം പൂർത്തിയാകാതെ വന്നാൽ പ്രത്യേക ശ്രദ്ധ വേണം.
