കരൾവീക്ക രോഗം വർധിക്കുന്നു. കരുതൽ വേണം കരളിനും!

കരൾരോഗങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് സമൂഹത്തിൽ വളരെയധികം വർധിച്ചു വരികയാണ്. കരൾവീക്കം (സിറോസിസ്), കരളിലെ അർബുദം എന്നിവയാണ് കരൾ രോഗങ്ങളിൽ പ്രധാനം. മദ്യപാനമാണ് കരൾവീക്കത്തിന് പ്രധാനമായ കാരണങ്ങളിൽ ഒന്ന് എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ മറ്റു പല കാരണങ്ങളാലും ഫാറ്റിലിവർ സമൂഹത്തിൽ നിരവധി ആളുകളെ ബാധിക്കുന്നതായി കാണപ്പെടുന്നു.
ഫാറ്റിലിവർ എന്ന രോഗത്തിന് പ്രത്യേക രോഗലക്ഷണങ്ങൾ കാണണമെന്നില്ല. എന്നാൽ കരളിൽ വർധിച്ച അളവിലുള്ള കൊഴുപ്പിന്റെ സാന്നിധ്യം ആരോഗ്യത്തിൽ ദൂരവ്യാപകമായ പ്രതിസന്ധികൾ സൃഷ്ടിക്കാം. പലരിലും ഫാറ്റിലിവർ പിന്നീട് കരൾവീക്കത്തിനും കരളിലെ കാൻസറിനും കാരണമാകാറുണ്ട്. കൂടാതെ അസാമാന്യമായ പ്രമേഹം, അമിത രക്തസമ്മർദ്ദം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങളും ഫാറ്റിലിവർ രോഗികളിൽ കണ്ടുവരുന്നു.
സമൂഹത്തിൽ ഏകദേശം 50 ശതമാനം ആളുകൾക്ക് ഫാറ്റിലിവർ കാണപ്പെടുന്നുവെന്ന കണക്കുകൾ ഭാവിയിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് സൂചിപ്പിക്കുന്നു. ഈ അവസ്ഥയെക്കുറിച്ച് സമൂഹം ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
ഫാറ്റിലിവർ നേരത്തെ തിരിച്ചറിയേണ്ടത് എന്തുകൊണ്ട്
ലക്ഷണമില്ലാതെ നിലനിൽക്കുന്ന ഫാറ്റിലിവർ നേരത്തെ തിരിച്ചറിയാൻ ലളിതമായ ലിവർ ഫങ്ഷൻ ടെസ്റ്റ് (LFT) ആവശ്യമാണ്. കൂടാതെ അൾട്രാസോണോഗ്രാഫി വഴിയും രോഗം കണ്ടെത്താം. ശരിയായ വ്യായാമവും ശുചിത്വപരമായ ഭക്ഷണക്രമവും പാലിച്ചാൽ ഭാവിയിൽ ഉണ്ടാകാവുന്ന കരൾവീക്കം, കരൾ കാൻസർ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ഫാറ്റിലിവർ നിയന്ത്രണത്തിലാക്കുന്നത് പ്രമേഹം, അമിത രക്തസമ്മർദ്ദം, അമിതവണ്ണം, കൊളസ്ട്രോൾ മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങൾ എന്നിവ തടയാനും സഹായകമാണ്.
കരൾ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ
- മഞ്ഞപ്പിത്തം (ചർമ്മവും കണ്ണുകളും മഞ്ഞനിറം)
- മൂത്രത്തിന്റെ നിറംമാറ്റം
- വയറുവേദന
- വയറ്റുവീക്കം
- കാലുകളിൽ വീക്കം
- ചൊറിച്ചിൽ
- അമിത ക്ഷീണം
- തുടർച്ചയായ ഛർദ്ദി അല്ലെങ്കിൽ ഓക്കാനം
- വിശപ്പില്ലാത്തത്
കരളിന്റെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ട കാര്യങ്ങൾ
- കൊഴുപ്പും മധുരവും കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക
- എണ്ണയിൽ വറുത്ത ആഹാരങ്ങൾ, റെഡ്മീറ്റ്, പ്രോസസ്ഡ് മീറ്റ്, ബേക്കറി പലഹാരങ്ങൾ പരിമിതപ്പെടുത്തുക
- അമിതവണ്ണം ഒഴിവാക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക
- മദ്യപാനം, പുകവലി പൂർണ്ണമായി ഒഴിവാക്കുക
- പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക
- പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക
