Book an Appointment

ശീതീകരിച്ച ഭക്ഷണം: ഗുണങ്ങളും ദോഷങ്ങളും

4 September 2025
ശീതീകരിച്ച ഭക്ഷണം: ഗുണങ്ങളും ദോഷങ്ങളും
4 September 2025

ശീതീകരിച്ച ഭക്ഷണപദാർത്ഥങ്ങൾ വിപണിയിൽ ധാരാളം ലഭ്യമാണ്. ഇവ തിരക്കേറിയ ജീവിതക്രമമുള്ള ഈ കാലത്ത് സൗകര്യപ്രദവും സമയലാഭവും നൽകുന്നതാണ്. പച്ചക്കറികൾ, മത്സ്യം, മാംസം, തുടങ്ങിയ എല്ലാത്തരം ഭക്ഷണ പദാർത്ഥങ്ങളും ശീതീകരിച്ച് ദീർഘകാലം ഉപയോ​ഗിക്കാവുന്നതാണ്.

എന്താണ് ശീതീകരിച്ച ഭക്ഷണം?

വളരെ കുറഞ്ഞ താപനിലയിൽ (മൈനസ് 18 ഡി​ഗ്രി സെൽഷ്യസ് – മൈനസ് 30 ഡി​ഗ്രി സെൽഷ്യസ്) ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്ന ഒരു പ്രിസർവേഷൻ രീതിയാണ് ഫ്രീസിം​ഗ് അഥവാ ശീതീകരണം. ഈ പ്രക്രിയയിലൂടെ ഭക്ഷണത്തിന്റെ പുതുമ നഷ്ടപ്പെടാതെതന്നെ അവയിലുണ്ടാകുന്ന സ്വാഭാവിക രാസപ്രവർത്തനം തടയുന്നതിനും കീടാണുക്കളുടെ വളർച്ച മുരടിപ്പിക്കുന്നതിനും തൽഫലമായി ഭക്ഷണം കേടാകുന്നത് തടയുന്നതിനും സാധിക്കുന്നു.ഭക്ഷണ പദാർത്ഥങ്ങളിലെ ജലാംശം കട്ടിയാകുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. സാധാരണ വീടുകളിൽ കാണുന്ന റഫ്രിജറേറ്റർ, ഫ്രീസർ തുടങ്ങി വളരെ പെട്ടെന്ന് – 18 ഡി​ഗ്രി സെൽഷ്യസ് വരെ എത്തിക്കുന്ന വ്യാവസായിക ഫ്രീസറുകൾ വരെ ഇത്തരത്തിൽ പ്രവർത്തിക്കുന്നു. നൈട്രജൻ, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയവയുടെ സഹായത്താലും വ്യാവസായിക ഫ്രീസിം​ഗ് പ്രവർത്തനങ്ങൾ നടത്താറുണ്ട്.

എന്തൊക്കെയാണ് ശീതീകരണ പ്രക്രിയയുടെ ​ഗുണങ്ങൾ?

പ്രതിരോധമേഖലയിലും ദുരന്തബാധിതമേഖലയിലും വളരെ അധികം ഉപയോഗ സാധ്യതയുള്ളവയാണ്. വിവിധ പഠനങ്ങൾക്കായി മാസങ്ങളോളം യാത്ര ചെയ്യുന്നവരും ശീതീകരിച്ച ഭക്ഷണസാധനങ്ങൾ ഉപയോഗിക്കുന്നു. എല്ലാത്തരം ഭക്ഷണ സാധനങ്ങളും മെനുവിൽ ഉൾപ്പെടുത്താൻ ഇത് സഹായിക്കുന്നു. ഇവയുടെ ഭാരം യഥാർഥ ഭക്ഷണത്തേക്കാൾ കുറവായതുകൊണ്ട് വളരെ എളുപ്പത്തിൽ കൂടൂതൽ അളവിൽ കൊണ്ട് പോകാൻ സാധിക്കുന്നു. വളരെ പെട്ടെന്ന് തന്നെ ഇവ ഭക്ഷ്യയോഗ്യമാക്കാൻ സാധിക്കുന്നു എന്നതും ഒരു മേന്മയാണ്. ഒറ്റപ്പെട്ട ഭൂപ്രദേശങ്ങളിൽ താമസിക്കുന്നവർ മുതൽ ഒറ്റയ്ക്ക് ഫ്ലാറ്റിൽ താമസിക്കുന്ന വയോജനങ്ങൾക്ക് വരെ ശീതീകരിച്ച ഭക്ഷണങ്ങൾ ഉപയോഗപ്രദമാണ്.

പോഷകങ്ങൾ കൂടുതലായി നഷ്ടപ്പെടുന്നില്ല എന്നതും മണത്തിലോ, ഗുണത്തിലോ, രുചിയിലോ വലിയ വ്യത്യാസം വരുന്നില്ല എന്നതും ശീതീകരിച്ച ഭക്ഷണങ്ങൾ കൂടുതൽ പ്രചാരണത്തിനു കാരണമാണ്. പച്ചയ്ക്കും പാചകം ചെയ്തതിനു ശേഷവും ഭക്ഷണം ശീതീകരിക്കാവുന്നതാണ്. ശീതീകരിച്ച റെഡി ടു ഈറ്റ് വിഭവങ്ങൾ സമയലാഭവും വൈവിധ്യവും പ്രധാനം ചെയ്യുന്നു.

സീസൺ കഴിഞ്ഞാലും ഇഷ്ടപ്പെട്ട പച്ചക്കറിയും പഴങ്ങളും ആസ്വദിക്കുന്നതിനും ശീതീകരണ പ്രക്രിയ സഹായിക്കുന്നു. രാസ സംയുക്തങ്ങളുടെ ഉപയോഗമില്ലാതെ തന്നെ ഇവ സംസ്കരിച്ച് സൂക്ഷിക്കാൻ സഹായിക്കുന്ന രീതിയാണ് ശീതീകരണം. മറ്റ് പ്രദേശങ്ങളിലെ തനതായ വിഭവങ്ങളും ഇത്തരത്തിൽ ലോകത്താകമാനമുള്ള ജനതയ്ക്ക് ആസ്വദിക്കാൻ സാധിക്കുന്നു.

ശീതീകരണവും പോഷകങ്ങളും.

സാധാരണയായി ശീതികരിച്ച ഭക്ഷണങ്ങൾ പോഷകങ്ങൾ നിലനിർത്തുന്നു. കാർബോഹൈഡ്രേറ്റ്, മാംസ്യം, കൊഴുപ്പ് എന്നീ പോഷകങ്ങളിൽ മാറ്റം വരുന്നില്ല എങ്കിലും ധാതു ലവണങ്ങൾ, വിറ്റാമിനുകൾ എന്നിവയിൽ ചിലപ്പോൾ നേരിയ കുറവ് വന്നേക്കാം. ഇത് കൂടുതലും പാചകരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില സന്ദർഭങ്ങളിൽ ശീതീകരിച്ച പഴങ്ങളിലും പച്ചക്കറികളിലും കൂടുതൽ പോഷകങ്ങൾ ലഭിക്കുന്നു. കാരണം ഫ്രഷ് ആയ പച്ചക്കറികൾ കൂടുതൽ നാൾ ഇരിക്കുന്തോറും അവയിലെ പോഷകങ്ങൾ നഷ്ടപ്പെടാൻ സാധ്യത കൂടുതൽ ആണ്. അവയുടെ മാതൃസസ്യത്തിൽ നിന്നു വേർപ്പെടുത്തുന്നതു കൊണ്ട്തന്നെ വീണ്ടും പോഷകം നിറയ്ക്കാനും സാധ്യതയില്ല. എന്നാൽ ശീതീകരിച്ച ഭക്ഷണങ്ങളിലും പച്ചക്കറികളിലും അവ ഫ്രീസ് ചെയ്യപ്പെടുന്ന സമയത്തെ പോഷകങ്ങൾ അവയിൽ തന്നെ നിലനിൽക്കുന്നു.ഉപയോ​ഗിക്കുന്ന സമയത്ത് ഇത് പൂർണ്ണമായും നമുക്ക് ലഭിക്കുന്നു.

ഏറ്റവും കൂടുതൽ എളുപ്പത്തിൽ നഷ്ടപ്പെടുന്ന പോഷകം വിറ്റാമിൻ സി -യാണ്. എന്നാൽ ഇത് ഓരോ ഭക്ഷണപദാർത്ഥത്തിൽ വ്യത്യസ്തമാണ്. ശീതീകരിച്ച ഇലക്കറികളിൽ കൂടുതൽ നഷ്ടം ഉണ്ടാകുന്നു. എന്നാൽ കാരറ്റിൽ ഇത് കുറവാണ്. ശീതീകരിക്കാൻ എടുക്കുന്ന സമയം പാചകം ചെയ്യുന്ന രീതി, ഇവയെല്ലാം പോഷകങ്ങളുടെ ലഭ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ശീതികരിച്ച ഭക്ഷണങ്ങൾ സൂക്ഷിക്കുന്ന താപനില വളരെ പ്രധാനപ്പെട്ടതാണ്. ശരിയായ താപനില അല്ലാത്ത പക്ഷം ഫ്രീസർബേൺ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവ ഭക്ഷണത്തിന്റെ സ്വാഭാവികമായ നിറം, രുചി ,ഘടന പോഷകമൂല്യം എന്നിവയിൽ മാറ്റം വരുത്താനും ഭക്ഷണ സാധനങ്ങൾ അഴുകാനും കാരണമാണ്.

എന്തൊക്കെയാണ് ശീതീകരിച്ച ഭ​ക്ഷണത്തിലെ ദോഷങ്ങൾ? ദൂക്ഷ്യവശ്യങ്ങൾ.

എല്ലാ ശീതീകരിച്ച ഭക്ഷണങ്ങളും ഒരുപോലെ ഉള്ളതല്ല. നേരിട്ട് മറ്റ് രാസവസ്തുക്കൾ ഒന്നും ചേർക്കാതെ ശീതീകരിക്കുന്ന ഭക്ഷണം ഉപയോ​ഗ്യമാണെങ്കിലും ഉപ്പ്,പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ ഉപയോ​ഗിച്ച് സംസ്കരിച്ച് ശീതീകരിച്ച ഭക്ഷണങ്ങൾ ഒട്ടും അഭികാമ്യമല്ല. ശീതീകരിച്ച ഭക്ഷണം കഴിക്കുന്നതിലൂടെ മറ്റ് വലിയ പ്രശ്നങ്ങളുമുണ്ട്.

  • പ്രമേഹസാധ്യത : ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ പുതിയതായി സൂക്ഷിക്കാൻ അന്നജം പോലുള്ള പലതരം ചേരുവകൾ ചേർക്കാറുണ്ട്. ഇവ ഭക്ഷണത്തിനു രുചിയും ഘടനയും ചേർക്കാൻ സഹായിക്കുന്നു. ​​ദഹനം നടക്കുന്നതിന് മുൻപ് അന്നജം പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നത് പ്രമേഹസാധ്യത വർധിപ്പിക്കും.
  • ഹൃദ്രോ​ഗസാധ്യത : പായ്ക്ക് ചെയ്തതോ ഫ്രീസ് ചെയ്തതോ ആയ ഭക്ഷ്യവസ്തുക്കളിൽ ട്രാൻസ്ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോ​ഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഈ കൊഴുപ്പ് ശരീരത്തിലെമോശം കൊളസ്ട്രോൾ ( എൽഡിഎൽ ) വർധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോ​ഗത്തിനു കാരണമാകുന്നു. അത്തരം ഭക്ഷ്യവസ്തുക്കളിൽ സോഡിയം കൂടുതലാണ്. ഇത് ശരീരത്തിൽ കൊളസ്ട്രോൾ വർധിപ്പിക്കും.
  • ശരീരവണ്ണം ഇരട്ടിപ്പിക്കുന്നു : ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ കൊഴുപ്പ് വളരെ കൂടതലാണ്. ഈ ഭക്ഷണങ്ങളിലെ കൊഴുപ്പുകളുടെയും കാർബോഹൈഡ്രേറ്റുകളുടെയും അനുപാതം ഏതാണ്ട് ഇരട്ടിയാണ്. അതിനാൽ അവ കലോറി ഉപയോ​ഗം വർധിപ്പിച്ച് നമ്മുടെ ശരീരവണ്ണം ഇരട്ടിപ്പിക്കുന്നു.
  • പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത : ശീതീകരിച്ച ഭക്ഷണം കഴിക്കുന്നത് പാൻക്രിയാറ്റിക് കാൻസറിന് കാരണമാകുമെന്നു ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ശീതീകരിച്ച സോസേജുകൾ ,മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കും. ശീതീകരിച്ച ഈ ഭക്ഷ്യവസ്തുക്കളിൽ പ്രിസർവേറ്റീവുകൾ ഉപയോ​ഗിക്കുന്നതാണ് ഇതിനു കാരണം. ഇത്തരം ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കോൺസിറപ്പ് കാൻസറിനുള്ള പ്രവണത കാണിക്കുന്നതാണ്.
  • രക്തസമ്മർ‌ദ്ദം ഉയർത്തുന്നു : പഠനമനുസരിച്ച് ശീതികരിച്ച ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തസമ്മർദ്ദം ഉയർത്താൻ കാരണമാകും. വളരെയധികം സോഡിയം കഴിക്കുന്നത് ഹൃദയാഘാതം, ഹൃദ്രോ​ഗങ്ങൾ തുടങ്ങിയ മറ്റ് രോ​ഗാവസ്ഥകളുടെ അപകടസാധ്യതയും വർധിപ്പിക്കുന്നു.

റെഡി ടു ഈറ്റ് ഭക്ഷണങ്ങളിൽ പാക്കറ്റിൽ വരുന്ന ശീതീകരിച്ച പാകം ചെയ്ത മാംസം, മത്സ്യം, മുതലായവും വറുക്കാൻ പാകത്തിൽ ലഭിക്കുന്ന മാംസവിഭവങ്ങളും കിഴങ്ങുകളും , പാൽ ഉൽപ്പന്നങ്ങളും, പഴച്ചാറുകളും ഒക്കെ ഇത്തരത്തിൽ ഉള്ളവയാകാം. സംസ്കരിച്ച് ശീതികരിച്ച ഭക്ഷണത്തിൽ രുചി കൂട്ടുന്നതിനായി ചേർക്കുന്ന രാസവസ്തുക്കളും, പ്രിസർവേറ്റീവുകളും ഉള്ളതായി കാണുന്നു. കൃത്രിമ നിറങ്ങളും, ഫ്ലേവറുകളും, അലർജിയും ഉദരരോ​ഗങ്ങൾക്കും കാരണമായേക്കാം. ശീതികരിച്ച സൗകര്യ പലഹാരങ്ങളായ പീറ്റ്സ, പേസ്ട്രി, ഫ്രഞ്ച്ഫ്രൈസ്, നട്സ് തുടങ്ങിയവയിൽ ട്രാൻസ്ഫാറ്റുകൾ കൂടുതൽ അളവിൽ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ ശരീരത്തിൽ കൊളസ്ട്രോൾ വ്യതിയാനങ്ങൾക്കും ഹൃദ്രോ​ഗത്തിനും കാരണമാകുന്നു.

കുഞ്ഞുങ്ങളിൽ ഫ്രോസൺ ഭക്ഷണത്തിന്റെ ദോഷഫലങ്ങൾ

  • പോഷകമൂല്യത്തിന്റെ കുറവ് : കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു. ഇത് കുട്ടികളുടെ ആരോ​ഗ്യകരമായ വളർച്ചെയെ ബാധിക്കുന്നു.
  • ഇമ്യൂൺ സിസ്റ്റം ദുർബലമാക്കുന്നു : ഹോർമോൺ, കൃത്രിമ രാസപദാർത്ഥങ്ങൾ , പ്രിസർവേറ്റീവ് മുതലായവ ഉൾപ്പെടുത്തിയിരിക്കുന്നതു കൊണ്ട് കുട്ടിയുടെ പ്രതിരോധ ശക്തി കുറയാം. ചുരുങ്ങിയ സമയത്തുതന്നെ സ്ഥിരമായ തുമ്മൽ, ചുമ പനി മുതലായ അസുഖങ്ങൾ വരാം.
  • ആഹാരവിഷബാധയുടെ സാധ്യത : ഫ്രോസൺ ഭക്ഷണം ശരിയായി ചൂടാക്കിയില്ലെങ്കിൽ ബാക്ടീരിയായും വൈറസുകളും അതിൽ നിലനിൽക്കും. ഇത് കുട്ടികളിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
  • ദഹനസംബന്ധമായുള്ള പ്രശ്നങ്ങൾ : കെമിക്കൽ ചേർത്തിരിക്കുന്നതും അമിതമായ പ്രോസസ് ചെയ്തതുമായ ഭക്ഷണം കുട്ടികളുടെ ദഹനത്തെ ബാധിക്കാം. മലബന്ധം, വയറിളക്കം, തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
  • തടി കൂടൽ : ഫ്രോസൺ ഭക്ഷണങ്ങൾഅമിതമായ കൊഴുപ്പും, പ‍ഞ്ചസാരയും ഉപ്പും അടങ്ങിയതായിരിക്കും. ഇത് കുട്ടികളിൽ തടി കൂടുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും ( പ്രമേഹം, കൊളസ്ട്രോൾ ) ഉണ്ടാകാനും സാധ്യത കൂടുന്നു.
  • മാനസികാരോ​ഗ്യ പ്രശ്നങ്ങൾ : ചിലപഠനങ്ങൾ പ്രകാരം ഉയർന്ന പ്രോസസ് ചെയ്ത ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് കുട്ടികളിൽ ഒറ്റപ്പെടൽ, ദേഷ്യം പോലുള്ള മാനസിക പ്രശ്നങ്ങൾക്കും കാരണമാകും.

ശീതീകരിച്ച ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പാക്കറ്റിൽ ഉള്ളത് വാങ്ങുമ്പോൾ ലേബൽ വായിക്കണം. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര, എന്നിവ കൂടുതൽ അടങ്ങിയവ ഒഴിവാക്കണം
    • സോഡിയം – ഒരു സേർവിം​ഗിൽ 600 മില്ലി​ഗ്രാം താഴെ സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
    • പൂരിത കൊഴുപ്പ് – 100 കലോറിയിൽ 3.5 ​ഗ്രാമിൽ താഴെ കൊഴുപ്പോ, 4 ​ഗ്രാമിൽ താഴെ പൂരിത കൊഴുപ്പോ ഉള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
    • പഞ്ചസാര ചേർത്തത് – പഞ്ചസാര സോസുകളോ, സിറപ്പുകളോ ഒഴിവാക്കുക.
    • നാരുകളും പ്രോട്ടീനുകളും – ഒരു സേർവിം​ഗിൽ കുറഞ്ഞത് 4 ​ഗ്രാം നാരുകളും 15 ​ഗ്രാം പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ ആണോ എന്ന് ശ്രദ്ധിക്കുക.
  • പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യ ഭക്ഷണങ്ങൾ , ഇറച്ചി, മത്സ്യം എന്നിവയിൽ പോഷകനഷ്ടം ഇല്ലാത്തതിനാൽ ഇവ ഉപയോ​ഗിക്കണം.
  • ശീതീകരിച്ച പച്ചക്കറികൾ, തിളപ്പിച്ചാൽ പോഷകനഷ്ടം, ഉണ്ടാവാൻ സാധ്യതയുണ്ട്. ആവിയിൽ വേവിക്കുന്നതാണ് നല്ലത്
  • ശീതീകരിച്ച ഭക്ഷണങ്ങൾ ഉപയോ​ഗിക്കുമ്പോൾ ആവശ്യത്തിനു മാത്രം എടുത്ത് ചൂടാക്കുകയോ പാകം ചെയ്യുകയോ മാത്രം ചെയ്യുക. ഒരിക്കൽ പുറത്തെടുത്തവ വീണ്ടും ഫ്രിഡ്ജിൽ വയ്ക്കരുത്.
  • ആദ്യം വാങ്ങിയവ ആദ്യം ഉപയോ​ഗിക്കാൻ ശ്രമിക്കണം.
  • ശീതീകരിച്ച ഭക്ഷണം ഫ്രീസറിൽ നിന്നു എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക, ഉരുകിയ ശേഷം പാകം ചെയ്യുന്നതാണ് നല്ലത്. വെള്ളത്തിൽ ഇട്ടാണ് ഉരുക്കന്നതെങ്കിൽ മൈനസിൽ കൂടുതലായുള്ള വെള്ളത്തിൽ ഇടരുത്.
  • ഫ്രീസറിന്റെ വൃത്തി വളരെ പ്രധാനപ്പെട്ടതാണ്.എല്ലാ വിഭവങ്ങളും ഉപയോ​ഗശേഷം ഫ്രീസർ വൃത്തിയാക്കണം.
  • പച്ചക്കറികൾ, പഴങ്ങൾ, ഐസ്ക്രീം, തുടങ്ങിയവ മാംസാഹരത്തിനൊപ്പം, ഫ്രീസ് ചെയ്യുന്നത് നല്ലതല്ല. ഇലക്ട്രിക് പവർ ഓഫ് ആക്കുന്ന സാഹചര്യത്തിൽ ക്രോസ്കണ്ടാമിഷനു സാധ്യത കൂടുതലാണ്.
  • എയർടൈറ്റുകൾ കണ്ടെയ്നറുകളും ഫ്രീസർ ബാ​ഗുകളും ഉപയോ​ഗിക്കാൻ ശ്രമിക്കുക.
  • മുട്ട, മയോണൈസ്, വറുത്ത ഭക്ഷണങ്ങൾ, സാലഡ് എന്നിവ ഫ്രീസ് ചെയ്യരുത്. മയോണൈസ് ഫ്രീസ് ചെയ്യപ്പെടുന്നില്ല. അവ ​ദീർഘനേരം കഴിഞ്ഞ് ഉപയോ​ഗിക്കുന്നത് അപകടകരമാണ്.

 

Jijinu J

Jijinu J

Chief Clinical Dietitian

Affordable Treatment

Affordable Treatment

We provide the most affordable treatment in the health sector.

Holistic Care

Holistic Care

Full-fledged Modern medicine, Ayurveda and Homoeopathy under one roof

Critical Medical Care

Critical Medical Care

Critical medical care for people who have life-threatening injuries and illnesses.