Book an Appointment

ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രണത്തിലാക്കണം

8 March 2026
ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രണത്തിലാക്കണം
8 March 2026
എന്താണ് ഉയർന്ന രക്തസമ്മർദ്ദം?

ഹൃദയത്തിൽ നിന്നും രക്തം പമ്പ് ചെയ്യുമ്പോൾ ധമനിയുടെ ഭിത്തിയിലുണ്ടാകുന്ന മർദ്ദമാണ് രക്തസമ്മർദ്ദം (ബ്ലഡ് പ്രഷർ). കൂടിയ മർദ്ദത്തെ സിസ്റ്റോളിക് മർദ്ദം എന്നും കുറഞ്ഞതിനെ ഡയസ്റ്റോളിക് മർദ്ദം എന്നും വിളിക്കുന്നു. സാധാരണ രക്തസമ്മർദ്ദത്തിന്റെ അളവ് 120 / 80 മില്ലിമീറ്റർ മെർക്കുറി ആണ്. പക്ഷേ 140 / 90 മില്ലിമീറ്റർ മെർക്കുറി അല്ലെങ്കിൽ അതിലും കൂടുതലായാൽ അതിനെ ഉയർന്ന രക്തസമ്മർദ്ദം (ഹൈ ബി.പി) എന്ന് പറയുന്നു. മൂന്ന് വ്യത്യസ്ത അവസരങ്ങളിൽ ഈ അളവ് കണ്ടാൽ രോഗം സ്ഥിരീകരിക്കാം.

എന്തിനാണ് ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കുന്നത്?

രക്തസമ്മർദ്ദം കൂടുതലാണെങ്കിൽ ഹൃദയഭിത്തികൾ കട്ടിയാകും. പിന്നീട് ഹൃദയപരാജയം, ഹാർട്ട് അറ്റാക്ക്, അല്ലെങ്കിൽ ആകസ്മിക മരണം പോലുള്ള ഗുരുതര പ്രശ്നങ്ങൾ സംഭവിക്കാം.

രക്തക്കുഴലുകൾക്ക് അമിത സമ്മർദ്ദം സഹിക്കാനാകാതെ അവ വീർത്ത് (Aneurysm) ഉണ്ടാകുകയോ, ഭിത്തിയിൽ വിള്ളൽ ഉണ്ടാകുന്ന (Dissection) അവസ്ഥയിലേക്കോ, അല്ലെങ്കിൽ പൊട്ടലിലേക്ക് (Hemorrhage) നയിക്കുകയോ ചെയ്യാം. ഇത് പക്ഷാഘാതത്തിനും വൃക്കകളുടെ പ്രവർത്തന തകരാറിനും കാരണമാകാം.

തലവേദനയോ തലകറക്കമോ ഇല്ലെങ്കിലും ഉയർന്ന രക്തസമ്മർദ്ദം ശരിയായി ചികിത്സിച്ചാൽ അതുമായി ബന്ധപ്പെട്ട മിക്ക രോഗങ്ങളും ഒഴിവാക്കാൻ കഴിയും. ലക്ഷണങ്ങൾ ഇല്ലാത്തതിനാലാണ് ഇതിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്.

ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമെന്ത്?

രക്തസമ്മർദ്ദമുള്ളവരിൽ ഏകദേശം 90 ശതമാനവും എസ്സൻഷ്യൽ (പ്രൈമറി) ഹൈപ്പർടെൻഷൻ ആണ്. പാരമ്പര്യം, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, വ്യായാമക്കുറവ്, ഉപ്പിന്റെ അമിത ഉപയോഗം, പുകവലി, അമിത മദ്യപാനം എന്നിവ പ്രധാന കാരണങ്ങളാണ്.

മറ്റുള്ള 10 ശതമാനം ആളുകളിൽ ചില പ്രത്യേക രോഗങ്ങൾ മൂലം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാം. വൃക്കരോഗങ്ങൾ, ഹോർമോൺ അസുഖങ്ങൾ, രക്തക്കുഴലുകളുടെ രോഗങ്ങൾ, കൂടാതെ അമിതവണ്ണം മൂലമുള്ള സ്ലീപ് അപ്നിയ എന്നിവ ഇതിൽപ്പെടുന്നു. രോഗത്തിന്റെ മൂലകാരണം കണ്ടെത്തി ചികിത്സിച്ചാൽ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ സാധിക്കും.

കുട്ടികളിലെ രക്തസമ്മർദ്ദത്തിന് കാരണമെന്ത്?

രക്തസമ്മർദ്ദം മുതിർന്നവരെ മാത്രമേ ബാധിക്കൂ എന്നൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ ഇന്നത്തെ ജീവിതശൈലി മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും കുട്ടികളിലും രക്തസമ്മർദ്ദം വർധിക്കുന്നതായി കാണപ്പെടുന്നു.

കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് സാധാരണ രക്തസമ്മർദ്ദത്തിന്റെ അളവുകൾ വ്യത്യസ്തമാണ്. കൗമാരപ്രായത്തിലുള്ള കുട്ടികളിൽ മുതിർന്നവരുടേതിന് സമാനമായ അളവുകൾ കാണാം.

ചില പ്രത്യേക രോഗാവസ്ഥകളുള്ള കുട്ടികളിൽ രക്തസമ്മർദ്ദം കൂടുതലായി കാണപ്പെടുന്നു. പോഷകാഹാരക്കുറവ്, അമിതവണ്ണം, വ്യായാമക്കുറവ് എന്നിവയും ഇതിന് കാരണങ്ങളാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടു തന്നെ കുട്ടികളിലെ ഉയർന്ന രക്തസമ്മർദ്ദം ഒരു പരിധിവരെ നിയന്ത്രിക്കാം.

മരുന്നുകളില്ലാതെ എങ്ങനെ നിയന്ത്രിക്കാം?
  • ദിവസേന ഉപയോഗിക്കുന്ന ഉപ്പിന്റെ അളവ് കുറയ്ക്കുക (10 ഗ്രാം മുതൽ ഏകദേശം 4 ഗ്രാമായി).
  • അച്ചാർ, പപ്പടം, ഉപ്പുമാങ്ങ, ഉണക്കമീൻ പോലുള്ള ഉപ്പുകൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക.
  • പൊണ്ണത്തടി നിയന്ത്രിക്കുക.
  • മാനസിക സമ്മർദ്ദം കുറയ്ക്കാൻ മെഡിറ്റേഷൻ അല്ലെങ്കിൽ ധ്യാനം ചെയ്യുക.
  • നടത്തം, നീന്തൽ, സൈക്ലിംഗ് പോലുള്ള സ്ഥിരമായ വ്യായാമങ്ങൾ ചെയ്യുക.
Prof. Dr. Raju George

Prof. Dr. Raju George

MBBS, DNB , MD (General Medicine), DM (Cardiology)
Senior Consultant - Cardiology

Affordable Treatment

Affordable Treatment

We provide the most affordable treatment in the health sector.

Holistic Care

Holistic Care

Full-fledged Modern medicine, Ayurveda and Homoeopathy under one roof

Critical Medical Care

Critical Medical Care

Critical medical care for people who have life-threatening injuries and illnesses.