മാനസിക സമ്മർദ്ദവും, രക്തസമ്മർദ്ദവും ഹൃദയാരോഗ്യത്തിന് ദോഷം

ജോലിത്തിരക്കു കാരണം പലരിലും മാനസിക സമ്മർദ്ദം കൂടുകയും ഉറക്കം ശരിയാകാതിരിക്കുകയും ചെയ്യുന്നു. ഡോക്ടർമാർക്കരികിൽ ഈ ബുദ്ധിമുട്ടുകൾ പറഞ്ഞ് വരുന്ന യുവാക്കൾ ഉൾപ്പെടെയുള്ളവർ നിരവധിയാണ്. ഇത്തരം അമിത ടെൻഷനും രക്തസമ്മർദ്ദവും പലരുടെയും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ അവസ്ഥകൾ കുറച്ചില്ലെങ്കിൽ ക്രമേണ രോഗത്തിലേക്ക് എത്തുമെന്നതിനാൽ ഇവ നിയന്ത്രിച്ചു നിർത്തേണ്ടത് അനിവാര്യമാണ്.
ടെൻഷൻ രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്നത് എങ്ങനെ?
തുടർച്ചയായി സ്ട്രെസ്സ് അനുഭവിച്ചു ജോലി ചെയ്യുമ്പോഴോ മറ്റ് കാരണങ്ങൾ കൊണ്ടോ പതിവായി ഇത്തരം അവസ്ഥകളിൽ ആകുകയാണെങ്കിൽ ശരീരത്തിൽ അഡ്രിനലിൻ, കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ പുറപ്പെടുവിക്കും. ക്രമേണ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും താൽക്കാലികമായി ഉയരുന്നതിനു ഇത് കാരണമാകും. പതിവായി ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ രക്തസമ്മർദ്ദത്തിനു അടിമപ്പെടാൻ സാധ്യതയേറെയാണ്. കൂടാതെ തലവേദന, ക്ഷീണം, ദഹനപ്രക്രിയകൾ താളം തെറ്റി വയറിൽ അസ്വസ്ഥത, രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുക തുടങ്ങിയ പലവിധ പ്രശ്നങ്ങൾക്കും ഇത് കാരണമാകാറുണ്ട്.
അമിത ചിന്തകളും അനാവശ്യശീലങ്ങളും
കടുത്ത ഉത്കണ്ഠ ഉള്ളവർ ഇതിൽ നിന്നു രക്ഷനേടാൻ മറ്റ് മാർഗങ്ങളിലേക്ക് തിരിയാറുണ്ട്. പ്രധാനമായും ഭക്ഷണശൈലിയിൽ വരുന്ന മാറ്റങ്ങളാണ് ശ്രദ്ധേയം. ഉപ്പ് കൂടിയതും അച്ചാർ, പപ്പടം, ഉണക്കമീൻ തുടങ്ങിയ ഭക്ഷണം കഴിക്കുന്നതും രക്തസമ്മർദ്ദം ഉയർത്തും. ടെൻഷൻ മാറ്റാൻ മദ്യപാനത്തിലേക്ക് തിരിയുന്നവർക്കും പ്രഷർ വർധിക്കും. അതുപോലെ ചിലർ പുകവലിയിലൂടെ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നതും അപകടകരമാണ്. പ്രഷർ വർധിപ്പിക്കുന്നതിനു പുകവലി മുഖ്യകാരണമാണ്.
മാനസിക സംഘർഷത്തെ തുടർന്നു വ്യായാമം മടിപിടിച്ച് ഒഴിവാക്കുന്നതും ശരീരത്തിൽ ക്ഷീണം കൂട്ടുകയും മറ്റ് അസുഖങ്ങളിലേക്കു നയിക്കുകയും ചെയ്യും. ദീർഘകാലമായി സ്ട്രെസ്സ് അനുഭവിക്കുന്നവർക്കും രക്തസമ്മർദ്ദം കൂടി ഹൃദയം, രക്തക്കുഴലുകൾ, വൃക്ക എന്നിവയുടെ രോഗത്തിനു വഴിതെളിക്കും. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
സമ്മർദ്ദം കുറച്ച് ആരോഗ്യം സംരക്ഷിക്കാം
ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
- വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കൊഴുപ്പു കൂടിയതുമായ ഭക്ഷണങ്ങൾ കുറയ്ക്കുക.
- ഉപ്പ് കുറയ്ക്കുക.
- പഴങ്ങൾ പച്ചക്കറികൾ കൂടുതൽ കഴിക്കുക.
- വെള്ളം ആവശ്യത്തിനു കുടിക്കുക.
യോഗ, ധ്യാനം
- ദിനവും 15 മിനിറ്റെങ്കിലും വീതം ധ്യാനം, യോഗ എന്നിവ ശീലമാക്കുക.
- ശ്വാസം എടുത്തും വിട്ടും മനസ്സിനെ നിയന്ത്രണത്തിലാക്കുക.
- സംഗീതം കേൾക്കുക, വായന തുടങ്ങിയ ഇഷ്ടപ്പെട്ട കാര്യങ്ങളിൽ വ്യാപൃതരാകുക.
- പ്രകൃതിയോട് ഇടപഴകാൻ സമയം കണ്ടെത്തുക.
ജീവിത ശൈലി മാറ്റുക
- ദിനവും കുറഞ്ഞത് 30 മിനിറ്റ് നടക്കുക അഥവാ വ്യായാമം ചെയ്യുക.
- 6 മണിക്കൂർ എങ്കിലും ദിനവും ഉറക്കം ശീലമാക്കുക.
- എല്ലാ കാര്യങ്ങളിലും സമയക്രമം പാലിക്കുക.
ഒഴിവാക്കേണ്ട കാര്യങ്ങൾ
- പുകവലി നിർത്തുക.
- മദ്യപാനം ഒഴിവാക്കുക.
- ചായ കാപ്പി അമിത ഉപയോഗം നിയന്ത്രിക്കുക.
ആരോഗ്യപരമായി ശ്രദ്ധിക്കേണ്ടത്
- ബ്ലഡ് പ്രഷർ നിരന്തരം പരിശോധിക്കുക.
- ആവശ്യമെങ്കിൽ മനഃക്ലേശം കുറയ്ക്കാൻ കൗൺസലിംഗ് തേടുക.
സംഗ്രഹം
ജോലിയിലും കുടുംബജീവിതത്തിലും ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ഒഴിവാക്കേണ്ടത് ശരീരത്തിന്റെ നല്ല ആരോഗ്യം നിലനിർത്തുന്നതിനു അത്യാവശ്യമാണ്. ശരിയായ ജീവിതശൈലിയും, നിയന്ത്രണ രീതികളും, ആവശ്യമുള്ളപ്പോൾ വിദഗ്ധരുടെ സഹായവും തേടി ഇത്തരം പ്രതിസന്ധികൾ പൂർണ്ണമായി ഒഴിവാക്കണം. കാരണം നല്ല മാനസികാരോഗ്യം നിലനിർത്തുന്നത് നല്ല ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനുള്ള പ്രധാന കാര്യമാണ്.
