വേനലും വിട്ടുമാറാത്ത ചുമയും – ശ്രദ്ധ വേണം!

വൈറൽ പനി മാറിയിട്ടും ചുമ മാറുന്നില്ലേ? ഏറ്റവും കൂടുതൽ ആളുകളെ പ്രയാസത്തിലാക്കുന്ന ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് വിട്ടുമാറാത്ത ചുമ. ചെറിയ വൈറൽപനിയോട് ഒപ്പമാണ് മിക്കവർക്കും ചുമ തുടങ്ങുന്നത്. എന്നാൽ പനിയും തൊണ്ടവേദനയും ജലദോഷവും മാറി ആഴ്ച്ചകൾ പിന്നിട്ടാലും ചുമ തുടരുകയാണ്. ഇതൊടൊപ്പം വേനൽക്കാല ശ്വാസകോശ പ്രശ്നങ്ങളും ഉണ്ടാകുന്നതിനാൽ ഈ അവസ്ഥ കൂടുതൽ ശ്രദ്ധ അർഹിക്കേണ്ടതാണ്. വൈറൽ പനിക്കു ശേഷം നീണ്ടു നിൽക്കുന്ന ചുമയ്ക്ക് PROLONGED POST VIRAL COUGH എന്ന് പറയാം. സാധാരണയായി ഇത് മൂന്നു മുതൽ എട്ട് ആഴ്ച്ച വരെ നീണ്ടു നിൽക്കാം. എട്ട് ആഴ്ച്ചയ്ക്കും അപ്പുറത്തേക്കും ചുമ മാറാതെ നിൽക്കുകയാണെങ്കിൽ അത് ക്രോണിക് കഫ് എന്ന ദീർഘകാലമായുളള പ്രത്യേക ശ്രദ്ധ അർഹിക്കേണ്ട കാര്യമാണ്.
നീണ്ടു നിൽക്കുന്ന ചുമയ്ക്ക് കാരണങ്ങൾ പലതാണ്.
വൈറസ് ശ്വാസനാളത്തെ ബാധിച്ചാൽ ശ്വാസനാളത്തിന്റെ ഉൾചർമ്മം (MUCOSA) വളരെ സെൻസിറ്റീവ് ആയിമാറുന്നു. ചെറിയപൊടി, തണുപ്പ്, കാലാവസ്ഥ വ്യതിയാനം, ശ്വാസനാളിയെ അസ്വസ്ഥതപ്പെടുത്തുന്ന വസ്തുക്കൾ ( പുക, പൊടി, സുഗന്ധദ്രവ്യങ്ങൾ ) തുടങ്ങിയവയെല്ലാം ചുമയ്ക്ക് കാരണമാകാം. ചിലരിൽ താൽക്കാലികമായെങ്കിലും ആസ്ത്മ പോലെയുള്ള അവസ്ഥ ( BRONCHIAL HYPER REACTIVITY) ഉണ്ടാകുന്നു. ഇതൊടോപ്പം കാലാവസ്ഥ വ്യതിയാനമനുസരിച്ച് ചുമ കൂടാം. ഇത് സീസണൽ ചുമ ആണ്.
വേനൽക്കാലത്ത് ചുമ കൂടാനുള്ള കാരണങ്ങൾ എന്തൊക്കെ ?
പൊടിയും വായുമലിനീകരണവും – വേനലിൽ അന്തരീക്ഷം വരണ്ടതായതിനാൽ പൊടി കൂടുതലാകും. ഇത് ശ്വാസനാളിയെ അസ്വസ്ഥതപ്പെടുത്തും.
എയർകണ്ടീഷണർ ഉപയോഗം – തീവ്രമായ തണുത്ത വായു, കൂടുതൽ സമയം ഏൽക്കുന്നത് ശ്വാസനാളിയിലെ ഉൾചർമ്മത്തെ വരണ്ടതാക്കി ചുമയ്ക്ക് കാരണമാകാം.
അപ്രതീക്ഷിത താപനിലമാറ്റം – ചൂടിൽ നിന്ന് പെട്ടെന്ന് തണുത്ത മുറിയിലേക്ക് പ്രവേശിക്കുന്നതോ തണുത്ത പാനീയങ്ങൾ കുടിക്കുന്നതും ചുമയ്ക്ക് കാരണമാകാം.
അലർജി – വേനൽക്കാലത്ത് POLLEN ALLERGY പൂക്കളുടെയും പുല്ലിന്റെയും പരാഗകണങ്ങൾ മൂലമുള്ള അലർജി കൂടാം. ഇത് ആസ്തമയ്ക്കും കാരണമാകും.
നിർജലീകരണം – വെള്ളത്തിന്റെ കുറവ് ശ്വാസനാളത്തെ വരണ്ടതാക്കി ചുമയ്ക്ക് കാരണമാക്കാം.
ചുമ നിയന്ത്രിക്കാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.
- പൊടി, പുക,അഗർബത്തി, കൊതുകുതിരി, സൂഗന്ധദ്രവ്യങ്ങൾ തുടങ്ങി ശ്വാസനാളിയെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കുക.
- കൂടുതൽ തണുത്ത വസ്തുക്കൾ ഒഴിവാക്കുക
- ആവശ്യത്തിന് വെള്ളം കുടിക്കുക
- അമിതമായ ചൂടും അമിതമായ തണുപ്പും പാടില്ല
- ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണവും വിശ്രമവും ആവശ്യമാണ്.
- ഡോക്ടറുടെ നിർദേശത്തിനു അനുസരിച്ചുള്ള ചികിത്സമാത്രം ചെയ്യുക
- അനാവശ്യമായി ആന്റിബയോട്ടിക്കുകൾ എടുക്കരുത്. വൈറൽ പനിയ്ക്ക് ശേഷമുള്ള ചുമയ്ക്ക് അത് പലപ്പോഴും ആവശ്യമില്ല.
വൈദ്യസഹായം തേടേണ്ടത് എപ്പോൾ ?
വേനൽക്കാല ചുമ സാധാരണയായി ഭീഷണി ഇല്ലാത്തതും സ്വയം കുറയാവുന്നതും ആണ്. എന്നാൽ ലക്ഷണങ്ങൾ നീണ്ടു നിൽക്കുകയോ മറ്റ് ലക്ഷണങ്ങൾ ഉണ്ടാകുകയോ ചെയ്താൽ ചികിത്സ തേടേണ്ടതാണ്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
- രണ്ട് ആഴ്ച്ചയിലധികം നിൽക്കുന്ന ചുമ
- കഫത്തിൽ രക്തമയം, പഴുപ്പ്
- ശ്വാസതടസ്സം
- ശരീരഭാരം കുറയുക
- പനി തുടരുക
- അമിതമായ ക്ഷീണം
വൈറൽ ചുമയുടെ ചികിത്സ എന്താണ്
ചുമ നിയന്ത്രിക്കുന്ന മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാം. ചിലർക്ക് വൈറസിന് എതിരെയുള്ള ( ആൻ്റിവൈറൽ മരുന്നുകളും ) ബാക്ടീരിയകൾക്ക് എതിരെയുള്ള ആന്റി ബാക്ടീരിയൽ മരുന്നുകളും ആവശ്യമായി വന്നേക്കാം. ആസ്തമ പോലെയുള്ള BRONCHIAL HYPERREACTIVITY ഉള്ളവർക്ക് താൽക്കാലികമായി ഇൻഹേലർ മരുന്നുകളും ഫലപ്രദമാകാറുണ്ട്. കൃത്യമായി ശ്രദ്ധിക്കുകയും ശരിയായി നിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ വേനൽക്കാല ചുമ നിയന്ത്രണ വിധേയമാക്കാൻ സാധിക്കും.
