കത്തുന്ന വേനൽചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും 3-4 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കുടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരം​ഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്. ശക്തമായ വെയിൽ ഏറ്റാൽ ശരീരത്തിന്റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമ്മത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദ്ദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞു പോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോ​ഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

വേനൽക്കാലത്ത് സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തു നിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോട് കൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽ കൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണ്ണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോ​ഗിക്കണം. കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്റ്മെന്റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം.

കൂടാതെ സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിം​ഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തു നിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുന്ന നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിം​ഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസക്രീൻ ഉപയോ​ഗിക്കുകയോ ശരീരം പൂർണ്ണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിം​ഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോ​ഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസക്രീൻ എന്നിവ ഉപയോ​ഗിച്ച ശേഷവും ടാനിം​ഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിം​ഗ് എന്ന ലേസർ ചികിത്സാമാർ​ഗത്തിലൂടെ ടാനിം​ഗ് കുറയ്ക്കാവുന്നതാണ്.

Protect yourself from sunstroke, UV allergy and tanning this summer. Expert dermatology tips from Mar Sleeva Medicity Palai, Kottayam.

ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ വൈകിട്ടു 3 വരെയുള്ള സമയത്ത് വെയിൽ കൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ​ജാ​​​ഗ്രത പുലർത്തേണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാകിരിക്കാൻ ​ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോ​ഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺ​​​ഗ്ലാസ്സ് ഉപയോ​ഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം. ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽ നിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോ​ഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോ​ഗിക്കണം. സൺസ്ക്രീൻ ഉപയോ​ഗിക്കുന്നവർ 3-4 മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോ​ഗിക്കണം. മിനിമം എസ്.പി.എഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോ​ഗിക്കേണ്ടത്. പുറത്തു പോകുന്നതിന്റെ 20 മിനിറ്റ് മുൻപ് എങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാ​ഗങ്ങളിലും സൺസ്ക്രീൻ ഉപയോ​ഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേ​ഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.