ആരോഗ്യമുള്ള തലമുറയ്ക്കായി മുലയൂട്ടലിന് മുൻഗണന നൽകാം

ഓഗസ്റ്റ് ഒന്നു മുതൽ ഏഴുവരെ ലോകമെമ്പാടും ലോക മുലയൂട്ടൽ വാരം ആചരിക്കുകയാണ്. ഓരോ വർഷവും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിൽ മുലയൂട്ടലിനുള്ള പ്രാധാന്യം സമൂഹത്തിൽ എത്തിക്കുക എന്നതാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം. 2025-ലെ പ്രമേയം “മുലയൂട്ടലിന് മുൻഗണന: സുസ്ഥിര പിന്തുണാ സംവിധാനങ്ങൾ സൃഷ്ടിക്കുക" എന്നതാണ്. മുലയൂട്ടൽ വിജയിപ്പിക്കാൻ അമ്മയുടെ മാത്രം പ്രയത്നം മതിയാകില്ല; കുടുംബം, ആരോഗ്യസംവിധാനം, തൊഴിലിടം, സമൂഹം എന്നിവയുടെയെല്ലാം കൂട്ടായ പിന്തുണ അത്യാവശ്യമാണ്.
ആധുനിക കാലത്തെ വെല്ലുവിളികളും മുലയൂട്ടലിന്റെ പ്രാധാന്യവും
മാതൃത്വം ഇന്നു നിരവധി വെല്ലുവിളികളിലൂടെയാണു കടന്നുപോകുന്നത്. തിരക്കേറിയ ജീവിതശൈലി, തെറ്റിധാരണകൾ, സാമൂഹിക സമ്മർദങ്ങൾ, തൊഴിൽസ്ഥലങ്ങളിലെ മതിയായ സൗകര്യങ്ങളുടെ അഭാവം, ചില ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം മുലയൂട്ടലിനു തടസ്സമാകാറുണ്ട്. എന്നാൽ, ലോകാരോഗ്യ സംഘടന (WHO) വ്യക്തമായി ശുപാർശ ചെയ്യുന്നത്, കുഞ്ഞു ജനിച്ച് ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം നൽകണമെന്നും, പിന്നീട് രണ്ടു വയസ്സുവരെയെങ്കിലും അനുബന്ധ ആഹാരത്തോടൊപ്പം മുലയൂട്ടൽ തുടരണമെന്നുമാണ്. നിർഭാഗ്യവശാൽ, പല അമ്മമാർക്കും ഇതിന് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ല. ഈ കുറവു നികത്താനാണ് ലോക മുലയൂട്ടൽ വാരം നമ്മെ ഓർമ്മിപ്പിക്കുന്നത്.
മുലയൂട്ടൽ: എപ്പോൾ, എങ്ങനെ തുടങ്ങണം?
സാധാരണ പ്രസവം : സാധാരണ പ്രസവത്തിനു ശേഷം ആദ്യത്തെ ഒരു മണിക്കൂർ കുഞ്ഞിന് ഏറെ വിലപ്പെട്ടതാണ്. 'ഗോൾഡൻ അവർ' എന്നു വിളിക്കുന്ന ഈ സമയത്തു മുലയൂട്ടൽ ആരംഭിക്കുന്നതു കുഞ്ഞിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും, അമ്മയുമായുള്ള വൈകാരിക ബന്ധം ദൃഢമാക്കാനും, തലച്ചോറിന്റെ ശരിയായ വളർച്ചയ്ക്കും നിർണായകമാണ്.
സീസേറിയൻ പ്രസവം : സീസേറിയൻ ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയ്ക്കു മുലയൂട്ടൽ അല്പം വൈകിയേ തുടങ്ങാൻ സാധിക്കൂ. എന്നാൽ, ആരോഗ്യപ്രവർത്തകർ കുഞ്ഞിനെ എത്രയും പെട്ടെന്ന് അമ്മയുടെ ശരീരത്തോടു ചേർത്ത് (Skin-to-Skin Contact) കിടത്താനും സുരക്ഷിതമായ സാഹചര്യത്തിൽ മുലയൂട്ടൽ ആരംഭിക്കാനും സഹായിക്കണം. അമ്മയ്ക്ക് ആവശ്യമായ മാനസിക പിന്തുണയും മുലയൂട്ടൽ സംബന്ധമായ സഹായങ്ങളും (Lactation Support) ഈ ഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്.