പാർക്കിൻസൺസ് രോഗം, ചികിത്സയ്ക്കൊപ്പം വേണം പരിചരണവും

പാർക്കിൻസൺസ് രോഗം: കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ
പാർക്കിൻസൺസ് രോഗം സാധാരണയായി 50 വയസ്സിനു മുകളിലുള്ളവരിലാണ് കാണപ്പെടുക. ചുരുക്കം ചിലരിൽ നേരത്തെയും രോഗം ബാധിക്കുന്നുണ്ട്. കൃത്യമായ ചികിത്സയും മാനസിക പിന്തുണയും പരിചരണവും ഉറപ്പാക്കിയാൽ പാർക്കിൻസൺസ് രോഗിയെ സാധാരണ നിലയിൽ ജീവിക്കുന്നതിനു പ്രാപ്തരാക്കാൻ സാധിക്കും. ചികിത്സ പോലെ തന്നെ പ്രധാനമാണ് രോഗിക്കു നൽകുന്ന സാമൂഹിക ഇടപെടലുകളും.
എന്താണ് പാർക്കിൻസൺസ് രോഗം?
ശരീരത്തിൽ ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്ത് ചില കോശങ്ങൾ നശിക്കുകയും ഇതിന്റെ ഭാഗമായി ഡോപമിൻ എന്ന രാസവസ്തുവിന്റെ ഉൽപാദനം കുറയുന്നതാണ് പാർക്കിൻസൺസ് രോഗത്തിന്റെ കാരണം.
പ്രധാന ലക്ഷണങ്ങൾ
- വിറയൽ
- പേശികളുടെ മുറുക്കം
- ജോലിയിലെ വേഗക്കുറവ്
- സന്തുലനം നഷ്ടമാകുക
- സംസാരവും എഴുത്തും കുറയുക
സാധാരണയായി കൈകളിൽ നേരിയ വിറയൽ പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗത്തിന്റെ തുടക്കം. കാലക്രമേണ ഇത് പുരോഗമിക്കുകയും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. രോഗികളുടെ ശബ്ദം കുറയാനും സാധ്യതയുണ്ട്.
രോഗം മൂർച്ഛിക്കുമ്പോൾ
രോഗം മൂർച്ഛിക്കുന്നത് അനുസരിച്ച് മറവി, വിഷാദം, അകാരണമായ ഭയം, സംശയങ്ങൾ, ഉറക്കം കുറയുക, മലമൂത്രവിസർജനത്തിനു തടസ്സം എന്നിവയും ഉണ്ടാകാം.
അപകടസാധ്യത കൂട്ടുന്ന ഘടകങ്ങൾ
- പ്രായം
- ജനിതകകാരണങ്ങൾ
- കീടനാശിനികൾ, വിഷവസ്തുക്കൾ പോലുള്ള രാസവസ്തുക്കളുമായി പതിവായുള്ള സമ്പർക്കം
- തലയ്ക്ക് തുടർച്ചയായി ഏൽക്കുന്ന പരുക്കുകൾ
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധന നടത്തണം.
പാർക്കിൻസൺസ് രോഗികൾ ശ്രദ്ധിക്കേണ്ടത്
രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുകയാണ് പ്രധാനം. മരുന്നുകളാണ് പ്രാഥമിക ചികിത്സ. രോഗത്തിന്റെ മൂർച്ഛയനുസരിച്ച് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന ശസ്ത്രക്രിയയിലൂടെ തലച്ചോറിന്റെ ഭാഗങ്ങളിൽ ഇലക്ട്രോഡുകൾ സ്ഥാപിക്കുന്ന ചികിത്സയുണ്ട്. ശാരീരിക പ്രശ്നങ്ങൾ മാറ്റുന്നതിനായി ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയും ആവശ്യമായി വരും.
ജീവിതശൈലി മാറ്റങ്ങൾ
- ഉറക്കം കൃത്യമാക്കുക
- പോഷകാഹാരങ്ങൾ കഴിക്കുക
- വ്യായാമം പതിവാക്കുക
രോഗിക്ക് മാനസികാരോഗ്യം പ്രധാനമായതിനാൽ ആത്മവിശ്വാസം പകർന്നു നൽകാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കുകയും വേണം.
